പരദേശ പ്രയാണവും പ്രശംസനീയ പടവുകളും.

ആമുഖം: പഴയ നിയമത്തിലെ രണ്ടാമത്തെ ഗ്രന്ഥമാണ് പുറപ്പാട് പുസ്തകം. ഈജിപ്തിലെ അടിമത്വത്തിൽ നിന്നും വിമോചിതരായി കനാൻദേശം ലക്ഷ്യമാക്കി പുറപ്പെട്ട യിസ്രായേൽ ജനത്തിന്റെ ചരിത്രമാണ് ഈ പുസ്തകത്തിലുള്ളത്. അതിനാൽ ‘പുറപ്പാട് ‘ എന്ന പദം കൂടുതൽ അനുയോജ്യമാണ്. മരുഭൂമിയിൽ യഹോവയെ ആരാധിക്കാനുള്ള സഞ്ചരിക്കുന്ന ദൈവാലയ (സമാഗമനകൂടാരം) നിർമ്മിതിയിലൂടെയാണ് പുറപ്പാട് പുസ്തകം അവസാനിക്കുന്നത്.

ഓഡിയോ കേൾക്കാം:

Exodus / Book introduction(Draupathi Johnson)

Download Audio

ഉപയോഗിക്കപ്പെട്ട കരങ്ങൾ

മോശയുടെ കരങ്ങൾ തന്നെയാണ് പുറപ്പാട് പുസ്തകവും എഴുതുവാനായി ദൈവത്താൽ നിയോഗിക്കപ്പെട്ടത്. അതിന് തിരുവെഴുത്തുകളിൽ നിന്നു തന്നെ തെളിവുകൾ ലഭ്യമാണ്. (24:4, 17:14, 34:4).

എഴുതുവാനുള്ള സാഹചര്യം

ഈജിപ്റ്റിന്റെ അടിമത്വത്തിൽ നിന്നും യിസ്രായേൽ ജനം വിടുതൽ പ്രാപിച്ച ചരിത്ര സംഭവത്തെ ആലേഖനം ചെയ്യുക, യാത്രാവിവരണങ്ങളെ രേഖപ്പെടുത്തുക, പത്തു കൽപ്പനയും ധാർമികതയും സമാഗമനകൂടാരവും പ്രാപിച്ചത് എങ്ങനെ, അവ എന്തെല്ലാം എന്ന് വിവരിക്കുക എന്നിവയാണ് ഈ പുസ്തകം രചിക്കുവാനുള്ള കാരണം.
എഴുത്തിന്റെ സംക്ഷേപം

  1. യാക്കോബിന്റെ മിസ്രയിമിലേക്കുള്ള പാലായനം (അദ്ധ്യാ: 1)
  2. മിദ്യാനിലേക്കുള്ള മോശയുടെ പാലായനം (അദ്ധ്യാ: 2-3)
  3. ഈജിപ്റ്റിലേക്കുള്ള മോശയുടെ പാലായനം (അദ്ധ്യാ: 4)
  4. ഈജിപ്റ്റിലെ പരദേശ വാസത്തിന്റെ അവസാന നാളുകൾ (അദ്ധ്യാ: 5-12)
  5. ഈജിപ്റ്റിൽ നിന്നും കനാനിലേക്കുള്ള യിസ്രായേലിന്റെ പാലായനം (അദ്ധ്യാ: 13-40)

സഹോദരിമാർക്കുള്ള സന്ദേശം

  1. യോഖേബേദ് :
    അവകാശമായി കിട്ടിയ കുഞ്ഞിന്റെ ദൈവീക നിയോഗം മനസ്സിലാക്കി കുഞ്ഞിനു വേണ്ട എല്ലാ സംരക്ഷണവും നൽകി സഹോദര സ്നേഹത്തിൽ വളർത്തിയെടുത്തു.
  2. മിര്യാം:
    ബാല്യത്തിലെ കരുതലും യൗവ്വനത്തിലെ ആരാധനയും മിര്യാം കാഴ്ചവെയ്ക്കുന്ന മാതൃകകളാണ്.
  3. ഫറവോന്റെ പുത്രി:
    ദൈവം തന്റെ ലക്ഷ്യങ്ങൾ സാധിപ്പിക്കുവാൻ ആരേയും ഉപയോഗിക്കും എന്നതിന് തെളിവാണ് ഫറവോന്റെ പുത്രി. പിതാവ് ഭയപ്പെട്ട ജനത്തോട് കരുണ കാണിച്ചതിലൂടെ എല്ലാവർക്കും നൻമ ചെയ്യണം എന്നതിന് ഈ മഹിള മാതൃകയാകുന്നു.

പുറപ്പാടിലെ പ്രധാന വ്യക്തികൾ

മോശ, അഹരോൻ, മിര്യാം, അബ്രാം, യോഖേബേദ്, ഫറവോൻ, ഫറവോന്റെ പുത്രി.

[ദ്രൗപദി ജോൺസൺ]