സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികാഘോഷ വേളയിലാണ് നാമോരോരുത്തരും. നിഷേധിക്കാനാവാത്ത ഒരുപാട് നേട്ടങ്ങൾ കൈവരിച്ച ഇന്ത്യ ഇന്ന് വികസ്വരരാഷ്ട്രങ്ങളിൽ മുൻപന്തിയിൽ തലയുയർത്തി നിൽക്കുന്നു . സ്വതന്ത്ര ഇന്ത്യ പിന്നിട്ട വഴികളിൽ നേടിയെടുത്ത പ്രധാന നേട്ടങ്ങൾ, നാഴികക്കല്ലുകൾ, നേരിട്ട വെല്ലുവിളികൾ ഏറെയാണ്. വിദേശാധിപത്യത്തിൽ നിന്നും കരകയറുവാൻ പിന്നിൽ അദ്ധ്വാനിച്ചവർ ധാരാളമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായി ഇന്ത്യ നിലകൊള്ളുമ്പോഴും കൊടിയഭീതികളുടെയും മനുഷ്യ പീഢകളുടെയും മദ്ധ്യത്തിലാണ് ഈ സ്വാതന്ത്ര്യം നേടിയെടുത്തത് എന്നത് മറക്കാനാവില്ല.

രാജ്യം അതിന്റെ 75 -ാം വാർഷികം ആഘോഷിക്കുമ്പോൾ രാജ്യത്തിന്റെ 15 -ാം രാഷ്ട്രപതി സ്ഥാനം അലങ്കരിക്കുന്നത് ഒരു വനിതയാണെന്നത് അഭിനന്ദനാർഹമാണ്. രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നതിനു മുമ്പ് ഒരു അധ്യാപികയായിരുന്ന രാഷ്ട്രപതി ദ്രൗപതി മുർമു, 1958 ജൂൺ 20 – ന് ഒഡീഷയിലെ മയൂർഭൻജ് ജില്ലയിൽ ഉപർബേധ ​ഗ്രാമത്തിലെ ഒരു സന്താളി ​ഗോത്രവർ​ഗ്​​ഗ കുടുംബത്തിലാണ് ജനിച്ചത്. റായ്‌രംഗ്‌പൂർ നഗർ പഞ്ചായത്തിന്റെ ചെയർപേഴ്‌സണായും അതേ അസംബ്ലി നിയോജകമണ്ഡലത്തിന്റെ എം.എൽ.എ യായും പ്രവർത്തിച്ചിട്ടുള്ള മുർമു, ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെ ഗവർണ്ണറാവുന്ന ആദ്യ ഒഡീഷ വനിത കൂടെയാണ്. ഒഡീഷയിലെ വാണിജ്യ – ഗതാഗത മന്ത്രിയായും ഫിഷറീസ് ആൻഡ് ആനിമൽ റിസോഴ്‌സസ് ഡവലപ്‌മെന്റ് മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വ്യത്യസ്ത സ്ഥാനമാനങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള ശ്രീമതി മുർമുവിന് ഇന്ത്യ അഭിമുഖീകരിക്കുന്ന ധാരാളം പ്രതിസന്ധികൾക്കു പരിഹാരം കാണുവാൻ കഴിയാതിരിക്കില്ല. പ്രത്യേകിച്ചും സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങൾ. പല സർക്കാരുകൾ മാറി മാറി ഭരിച്ചിട്ടും സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നത് ഖേദകരമാണ്. ഒരു ജനാധിപത്യ രാഷ്ട്രത്തിൽ സ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. മനുഷ്യ നന്മയ്ക്കും സാമൂഹിക മുന്നേറ്റത്തിനുമായി പ്രയോജനപ്പെടുത്തേണ്ട ആധുനിക സാങ്കേതികവിദ്യകൾ സ്ത്രീകളെയും കുട്ടികളെയും ചൂഷണം ചെയ്യുന്നതിനായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. സമൂഹത്തെ ഭയന്ന് നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് മറ്റുള്ളവരോട് തുറന്നു പറയുവാൻ പോലും മടി കാണിക്കുന്ന കുരുന്നുകളെ കാണാതെ പോകരുത്. സാധാരണക്കാരുടെ അടക്കം സമൂഹത്തിന്റെ എല്ലാ മേഖലയിലും ഉള്ളവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുവാൻ നമ്മുടെ നേത്യത്വങ്ങൾക്കു സാധിക്കണം.

സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കുന്ന ഈ വേളയിലെങ്കിലും ഉറച്ച ചില മാറ്റങ്ങൾ സംഭവിക്കട്ടെ എന്നു നമുക്കു പ്രതീക്ഷിക്കാം. നമുക്ക് പ്രാർത്ഥിക്കാം, നമ്മുടെ രാജ്യത്തിന്റെ നിലനിൽപ്പിനുവേണ്ടി.