
‘അയ്യോ ഞാനോ? എനിക്കൊന്നിനും കഴിവില്ലേ….’
ഈ ചിന്തയുടെ തടങ്കലിൽ സ്വയം കുരുക്കിയിട്ടിരുന്ന വ്യക്തിയായിരുന്നു ഒരുകാലത്തു, റാന്നി വള്ളിയിൽ പ്രെറ്റി ലിജു എന്ന യുവ സഹോദരി. ബിസിനസുകാര നായ ലിജു വി. ജോർജിന്റെ പത്‌നി. മൂന്ന് കുഞ്ഞുങ്ങളുടെ അമ്മ. കാർമേൽ എൻജിനീയറിങ് കോളേജിൽ ലെക്ച്ചറർ ആയി കുറേക്കാലം സേവനം അനുഷ്ടിച്ചു. തുടർന്ന് ജോലി രാജി വെച്ച് ഡോക്ടറൽ പഠനത്തിൽ വ്യാപൃതയാണിപ്പോൾ. ഒപ്പം തന്നെ ഡിജിറ്റൽ മീഡിയയിൽ ആത്മീകമായി യൗവ്വനക്കാരെ പ്രോത്സാഹിപ്പിക്കുന്ന Youth Revolution, Pretty Thoughts തുടങ്ങിയ പേജുകളുടെ രൂപകർത്താവു.
അപ്രതീക്ഷിതമായി തങ്ങളുടെ യുവജനകൂട്ടായ്മയിലുള്ള ചെറുപ്പക്കാർ ചില മുതിർന്നവരിൽ നിന്നും കുറെ വിമർശനങ്ങൾ കേൾക്കേണ്ടിവന്നു. അതിനെ തുടർന്ന് യുവാക്കൾ നിരാശയിൽ വീണു പോയി.
എങ്ങനെ അവരെ ഒന്ന് ആശ്വസിപ്പിക്കും? അങ്ങനെ ചിന്തിച്ചപ്പോഴാണ് ബൈബിളിലെ ഒരു പ്രോത്സാഹന വചനം എല്ലാവർക്കും അയച്ചാലോ എന്ന ആശയം മനസ്സിൽ ഉദിച്ചത്.
സഹോദരി തന്റെ കഥ തുടർന്നു,
“ഗൂഗിളിൽ സെർച്ച് ചെയ്തു. 1 തിമൊഥിയോസ് 4:12 ആണ് ശ്രദ്ധയിൽ പെട്ടത്.
‘ആരും നിന്റെ യൗവനം വിലയില്ലാതാക്കരുത്; വാക്കിലും സ്വഭാവത്തിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും വിശ്വാസികൾക്ക് മാതൃകയായിരിക്കുക.’ ഈ വാക്യത്തിന്റെ ഇംഗ്ലീഷ് തർജ്ജിമയുടെ ഒരു പോസ്റ്റർ തിരഞ്ഞെടുത്തു. അത് യൂത്ത് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. ആ പോസ്റ്റ് എന്റെ സ്റ്റാറ്റസ് ആക്കുവാനും മറന്നില്ല. തെല്ലുനേരത്തിനു ശേഷം നോക്കിയപ്പോൾ ആ യുവസംഘത്തിൽ കൂടുതൽ പേരുടെയും വാട്സാപ്പ് സ്റ്റാറ്റസ് ആയി ഈ പോസ്റ്റർ മാറിയത് കണ്ടു. അതവർക്ക് ഇഷ്ടപ്പെട്ടു എന്നെനിക്കു മനസ്സിലായി. ഒരു പക്ഷെ തളർന്നു പോയ മനസ്സുകളെ തട്ടി ഉണർത്താൻ ഇത്തരം ചിന്തകൾക്ക് കഴിഞ്ഞേക്കും എന്നും എനിക്ക് തോന്നി.
അടുത്ത ദിവസം ഞാൻ മറ്റൊരു പോസ്റ്റർ പരീക്ഷിച്ചു. അതും അവർക്കു പ്രചോദനമായി. പരീക്ഷണം തുടർന്ന് കൊണ്ടേയിരുന്നു. ഈ പോസ്റ്ററുകൾ സ്റ്റാറ്റസുകളായി മിക്കവാറും എല്ലാവരുടെയും ഫോണിൽ സ്ഥാനം പിടിക്കുന്നത് ഞാൻ കണ്ടു. ഈ പോസ്റ്റർ വിതരണ പദ്ധതിക്ക് ഒരു തലക്കുറിയും നൽകി – YOUTH REVOLUTION. അതായിരുന്നു തുടക്കം.”
പിന്നീടുള്ള ദിവസങ്ങളിലും പ്രെറ്റി ഇത് തുടർന്ന് കൊണ്ടേയിരുന്നു. ഒരു ദിവസം, പോസ്റ്റ് ചെയ്യാൻ നേരമായപ്പോൾ, ആഗ്രഹിച്ച തരത്തിലുള്ള ഉദ്ധരണികൾ ഒന്നും കണ്ടെത്താനായില്ല.. അപ്പോഴാണ് എന്തുകൊണ്ട് ഇത് സ്വന്തമായി തയ്യാറാക്കികൂടാ എന്ന ഒരു ചിന്ത പ്രെറ്റിയുടെ മനസ്സിൽ ഉദിച്ചത്.
“പിന്നെ ഞാൻ ഇടം വലം നോക്കിയില്ല. നേരെ ഫോണിലെ പ്ലേസ്റ്റോർ തുറന്ന്, റിവ്യൂസ് വായിച്ച് നല്ലൊരു ഡിസൈനിങ് ആപ്പ് ഡൗൺലോഡ് ചെയ്തു. പണി ആരംഭിച്ചു.”
ഡിജിറ്റൽ ലോകത്തേക്കുള്ള ചുവടുവെപ്പിനെപ്പറ്റി പറയുമ്പോൾ, ഇന്ന് അനേകർക്ക് പ്രചോദനമായി മാറുന്നതിന്റെ സന്തോഷം ആ വാക്കുകളിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു.
“എന്റെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും ദൈവം എനിക്കോരോ തിരിച്ചറിവുകൾ സമ്മാനിക്കുകയായിരുന്നു. ഞാൻ പങ്കെടുത്ത ഓരോ മോട്ടിവേഷൻ ക്ലാസ്സുകളിലും, ‘എല്ലാവരിലും ഓരോ കഴിവുണ്ടെന്ന്’ മോട്ടിവേറ്റർ പറയുമ്പോഴും ‘നിങ്ങളുടെ താലന്തുകൾ സ്വയം കണ്ടെത്തൂ’ എന്ന് ആഹ്വാനം ചെയ്യുമ്പോഴും , ‘ഇത് എന്നെ സംബന്ധിക്കുന്ന വിഷയമേയല്ല’ എന്ന മട്ടിൽ ഒഴിഞ്ഞു മാറുകയായിരുന്നു പതിവ്. എന്നാൽ ഈ പറഞ്ഞ സംഭവം എന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി.”
തന്റെ ജീവിതവഴികളെപറ്റിയും രൂപം കൊണ്ട വഴിത്തിരിവുകളെപ്പറ്റിയും സഹോദരി പ്രെറ്റി ലിജു ക്രിസ്തീയ സോദരിയോട് വിശദമായി സംസാരിച്ചു.
:: ബാല്യം മുതൽ കല, സാഹിത്യം തുടങ്ങിയവയോടു ഒരു വാസനയുണ്ടായിരുന്നോ?
:: ക്ലാസ്സിൽ ഒരു ശരാശരി വിദ്യാർത്ഥിനി ആയിരുന്നു ഞാൻ. ആരാലും ശ്രദ്ധിക്കപ്പെടാതെ അങ്ങനെയങ്ങു പോകുകയായിരുന്നു, പതിനൊന്നാം ക്ലാസ്സോടെയാണ് ഞാൻ കുറേശെ മുന്നോട്ടു വന്നു തുടങ്ങിയത്.
ഇംഗ്ലീഷ് ഭാഷ അന്നെനിക്കൊരു കീറാമുട്ടിയായിരുന്നു. എന്റെ ഓവറോൾ മാർക്കിനെ പിന്നിലേക്ക് വലിക്കുന്ന വിഷയങ്ങളായിരുന്നു ഹിന്ദിയും ഇംഗ്ലീഷും. അതിനാൽ തന്നെ സാഹിത്യത്തോട് ഒരു ആത്മബന്ധവും ഉണ്ടായിരുന്നില്ല. എഴുത്ത് എന്നത് വിദൂരസാധ്യതയായി പോലും എനിക്ക് തോന്നിയിട്ടുമില്ല. കലാപരമായി പ്രത്യേകിച്ചൊരു കഴിവും എനിക്ക് സ്വയം കണ്ടെത്താനായില്ല താനും. എന്നാൽ കാലം മുന്നോട്ടു പോയപ്പോൾ ഓരോ ഘട്ടങ്ങളിലായി, എന്റെ അഭിരുചികൾ അൽപ്പാൽപ്പമായി രംഗത്ത് വരുവാൻ തുടങ്ങി.
:: ഇത്തരമൊരു ഡിജിറ്റൽ മിനിസ്ട്രി ആരംഭിച്ചപ്പോൾ ലഭിച്ച പ്രതികരണങ്ങൾ?
:: വാട്സാപ്പും മറ്റും നോക്കുന്ന രീതി കുടുംബാംഗങ്ങൾക്കില്ലാതിരുന്നതിനാൽ ഞാൻ ഇത്തരമൊരു പ്രവർത്തിയിൽ ഏർപ്പെട്ടിരുന്നുവെന്നു അവരാരും ദീർഘകാലം അറിഞ്ഞിരുന്നില്ല. പിന്നീട് ഞാൻ എന്റെ ഭർത്താവിന് വ്യക്തിപരമായി അയച്ചു കൊടുക്കാൻ തുടങ്ങി. ചില നാളുകൾക്കു ശേഷമാണു ഞാനാണ് ഇത് തയ്യാർ ആക്കുന്നതെന്നു അദ്ദേഹം മനസ്സിലാക്കിയത്. നല്ല പ്രോത്സാഹനമാണ് അപ്പോൾ ലഭിച്ചത്.
സഭയിലെ യൗവ്വനക്കാരുടെ ഫോണുകളിൽ നിന്ന് അവരുടെ സുഹൃത്തുക്കളിലേക്ക് ‘പ്രോത്സാഹന പോസ്റ്ററുകൾ’ പ്രചരിക്കുവാൻ തുടങ്ങി. അതേപോലെ സഭയിലെ സഹോദരിമാർ ഇതിനെപറ്റി അന്വേഷിക്കുകയും ഇത് ഷെയർ ചെയ്യാൻ എന്നോട് ആവശ്യപ്പെടുകയും ചെയ്തു.
കുടുംബം, സഭ, സുഹൃത്തുക്കൾ.. എല്ലാവരിൽ നിന്നും നല്ല പ്രോത്സാഹനം തന്നെയാണ് എനിക്ക് ലഭിച്ചത്.
:: Pretty Thoughts എന്ന ഇൻസ്റ്റാഗ്രാം പേജിനെ പറ്റി?
:: പെരുനാട് കാർമേൽ എഞ്ചിനീയറിംഗ് കോളേജിൽ ഒരു അദ്ധ്യാപികയായിരുന്നു ഞാൻ. 2019 ജോലി രാജി വച്ചു. എന്നാൽ ജോലിയിൽ നിന്ന് ഇറങ്ങിയതോടെ ഒരു വല്ലാത്ത നിസ്സംഗത.. അത്രയും നാൾ എന്റെ ജീവിതം മുഴുവൻ ജോലിയും അവിടുത്തെ ഇതര പ്രവർത്തനങ്ങളുമായി മുഴകിയിരിക്കുകയായിരുന്നു. പെട്ടെന്ന് എല്ലാം കൈമോശം വന്നത് പോലെ. ഒന്നും ചെയ്യാൻ ഇല്ലാത്തതു പോലെ..
അധ്യാപന കാലത്തു എന്റെ ക്ലാസ്സുകളിലെ അവസാനത്തെ പത്ത് മിനിറ്റുകൾ ജീവിതപാഠങ്ങൾ പകർന്നു നൽകാനായി ഞാൻ എന്നും മാറ്റി വയ്ക്കുമായിരുന്നു. എന്റെ ക്ലാസ്സിന്റെ ഏറ്റവും ആകർഷമായ സമയം അതായിരുന്നുവെന്നു വിദ്യാർത്ഥികളും മറ്റധ്യാപകരും പറയാറുണ്ടായിരുന്നു. ജോലി വിട്ടപ്പോൾ ഞാൻ മൈൻഡ് ലോഗ്സ് (MLOGS) എന്ന പേരിൽ ഇത്തരം ജീവിതപാഠങ്ങൾ ഡയറിയിൽ കുറിക്കാൻ തുടങ്ങി. പാചകം ചെയ്യുമ്പോഴോ, ചെടിക്കു വെള്ളമൊഴിക്കുമ്പോഴോ ഒക്കെയാണ് ഇത്തരം ചിന്തകൾ ഉടലെടുക്കുന്നത്. പിന്നീട് സമയം കിട്ടുമ്പോൾ അത് എഴുതി വെക്കും. ആകസ്മികമായി, സഭയിലെ ഒരു ചേച്ചി, ഇത് കാണുവാനിടയായി. അതെല്ലാം ലേഖനങ്ങളായി പ്രസിദ്ധികരിക്കുവാൻ ചേച്ചി പ്രോത്സാഹിപ്പിച്ചു. എന്നാൽ ലേഖനത്തിലെ പ്രധാന ചിന്ത മാത്രമെടുത്ത് പ്രസിദ്ധീകരിക്കുവാനായിരുന്നു എന്റെ തീരുമാനം. യൂത്ത് റെവല്യൂഷൻ ചെയ്യുന്നതിന്റെ പരിചയവും സഹായകമായി. എന്റെ ഒരു പൂർവ്വവിദ്യാർത്ഥിയാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് എന്ന ആശയം മുന്നോട്ടു കൊണ്ട് വരികയും സഹായിക്കുകയും ചെയ്തത്. അതാണ് Pretty Thoughts ന്റെ ആരംഭം.
കുടുംബം, മക്കൾ, പഠനം, ഏർപ്പെട്ടിരിക്കുന്ന വിവിധ ശുശ്രൂഷകൾ… എപ്പോഴും തിരക്കായിരിക്കുമല്ലോ, ഇതിന്റെ ഇടയിൽ എങ്ങനെയാണു പോസ്റ്റർ ഡിസൈനിങ്ങിനും ആശയ രൂപീകരണത്തിനും ഒക്കെ സമയം കണ്ടെത്തുന്നത്?
പല കാര്യങ്ങളിലും ഒരേ സമയത്തു ഇടപെടുന്ന സ്വഭാവമാണ് എന്റേത്. ഒരു തരം ഞാണിന്മേൽ കളി. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം കൃത്യമായൊരു സമയത്തിരുന്നു ഒന്നും ചെയ്തു തീർക്കാൻ സാധിക്കാറില്ല. ദിവസാന്ത്യമാകുമ്പോഴേക്കും പലതരം ചിന്തകൾ നമ്മുടെ മനസ്സിലൂടെ കയറി ഇറങ്ങുമെല്ലോ.. അത്തരം ചിന്തകളുടെ പോസിറ്റീവ് വശം ചിന്തയിൽ തങ്ങി നിൽക്കും. അങ്ങനെയാണ് പ്രെറ്റി തോട്സ് രൂപം കൊള്ളുന്നത്. യൂത്ത് റെവലൂഷൻ നിർമ്മാണത്തിൽ ഒരു പൂർവ്വ വിദ്യാർത്ഥി ഇപ്പോൾ സഹായി ആണ്. അവസാന മിനുക്കുപണികൾ ഞാൻ ചെയ്യും. ആഴ്ചയിൽ രണ്ട് തവണ യൂത്ത് റെവലൂഷനും പ്രെറ്റി തോട്സ്സും പോസ്റ്റ് ചെയ്യപ്പെടും.
:: തുടരാൻ തന്നെയാണോ പദ്ധതി?
:: ആത്മാർഥമായി പറഞ്ഞാൽ ഇത് നിർത്തിയാലോ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. നാളുകൾ കഴിയും തോറും പോസ്റ്റുകൾ ഒരേ ശൈലിയിലുള്ളതായി മാറി വിരസത സൃഷ്ട്ടിക്കുന്നുവോ എന്ന സംശയവും അതിനു ആക്കം കൂട്ടി. ഒപ്പം ഒരുപാടു കാര്യങ്ങളിലെ പങ്കാളിത്തവും…. അങ്ങനെ ആകെ നിരുത്സാഹപ്പെട്ടിരിക്കുമ്പോഴാണ് പലരുടെയും സന്ദേശങ്ങൾ എന്നെ തേടി എത്തുന്നത്.. ‘ചേച്ചി ഇതെനിക്ക് വേണ്ടി ആയിരുന്നു, ഇത് വളരെയധികം പ്രയോജനപ്പെട്ടു, ഞാൻ വിഷമാവസ്ഥയിലാരുന്നപ്പോഴാണ് ഇത് കണ്ടത്.. ഇതെനിക്ക് ആശ്വാസം നൽകി’ അങ്ങനെയൊക്കെ… ആ സന്ദേശങ്ങൾ എനിക്ക് പുത്തൻ ഉണർവേകി. മറ്റുള്ളവർക്ക് സഹായ ഹസ്തമാകുവാൻ ഇത് കാരണമാകുന്നുണ്ടെങ്കിൽ പിന്നെ ഇനി മുന്നോട്ടു തന്നെ എന്ന് തീരുമാനിച്ചു.
:: മുന്നോട്ടുള്ള യാത്രക്ക് പ്രചോദനം എവിടെ നിന്നാണ്?
:: എന്റെ സ്വർഗീയ പിതാവ് ആണ് മുഖ്യപ്രചോദനം. ചെയ്തിട്ടുള്ള ഓരോ കാര്യങ്ങളിലും കൃത്യമായ ദൈവിക ഇടപെടലുകൾ ഉണ്ടായിരുന്നു. എന്റെ വിചാരങ്ങളും, പ്രവർത്തികളും എല്ലാം ഞാനും എന്റെ പിതാവും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ രൂപപെട്ടവയാണ്. അഞ്ചു വർഷത്തോളം ജോലി ചെയ്യാതിരുന്ന എനിക്ക് പെട്ടന്നൊരു നാൾ ജോലിക്കുള്ള അവസരം ഒരുങ്ങുന്നു, നിരവധി വാതായനങ്ങൾ തുറക്കപ്പെടുന്നു. വലിയ അറിവൊന്നുമില്ലാത്ത ഡിജിറ്റൽ മേഖലയിലേക്ക് ചുവടു വെക്കുന്നു…. ദൈവിക കരുതലും കൃപയും അല്ലാതെ മറ്റെന്താണ് ഇതിനു പിന്നിൽ….?
:: പ്രചോദനം ആയ അനുഭവങ്ങൾ?
:: ഈ പ്രോജെക്ട് ആരംഭിച്ച്, കുറച്ചു നാളുകൾക്കു ശേഷം യാദൃച്ഛികമായി ജോർജ് കോശി അങ്കിളുമായി സംസാരിക്കുകയുണ്ടായി. അദ്ദേഹം ഇതിനെ കുറിച്ച് കൂടുതൽ ചോദിക്കുകയും അഭിപ്രായങ്ങൾ പറയുകയും, അഭിനന്ദിക്കുകയും ചെയ്തു. പിന്നീടൊരു നാൾ അദ്ദേഹമെന്നെ വിളിച്ചു, ഡിജിറ്റൽ മീഡിയയിലെ സുവിശേഷീകരണത്തിന്റെ സാധ്യതയെപറ്റി ദുബായിലുള്ള യൗവ്വനക്കാർക്കിടയിൽ താൻ ക്ലാസുകൾ എടുക്കുന്നുണ്ടെന്നും അതിലൊരു ഉദാഹരണമായി പ്രെറ്റി തോട്ട്സിനെ പ്പറ്റി പറയുന്നുണ്ട് എന്നും സൂചിപ്പിച്ചു. അത് കേട്ടപ്പോൾ എനിക്ക് ആശ്ചര്യവും ആനന്ദവും ഉണ്ടായി. ആ മീറ്റിംഗിൽ എന്റെ അനുഭവം പങ്കു വെക്കുവാൻ ഒരവസരം നൽകുകയും ചെയ്തു. അപ്രതീക്ഷിതമായ ഒരനുഭവമായിരുന്നു അത്. എന്റെ ജീവിതത്തിലെ വലിയൊരു പ്രചോദനമായി ആ സംഭവം തീർന്നു. ആളുകൾ ഇത് കൂടുതലായി ശ്രദ്ധിക്കുന്നുണ്ട് എന്ന് എനിക്ക് ബോധ്യമായി. അത്രയും നാൾ എന്റെ വ്യക്തിപരമായ ഒരു കാര്യം എന്ന് മാത്രമേ ഞാൻ ചിന്തിച്ചിരുന്നുള്ളു.
ഒരിക്കൽ ഒരു പൂർവ്വവിദ്യാർത്ഥിയുടെ വിവാഹ വേളയിൽ അവരോടൊപ്പം ഫോട്ടോ എടുക്കാനായി ചെന്നപ്പോൾ, പരിചയം ഇല്ലാത്ത ഒരു പറ്റം യുവാക്കൾ അവിടെയുണ്ടായിരുന്നു. എന്നെ കണ്ടയുടനെ അന്നത്തെ വരൻ തന്റെ സുഹൃത്തുക്കളെ വിളിച്ചു പരിചപ്പെടുത്തിയത് ഇങ്ങനെയായിരുന്നു. “ഇതാണ് എന്റെ പ്രെറ്റി മിസ്. മിസ്സാണ് നമ്മൾ ഷെയർ ചെയ്യുന്ന യൂത്ത് റവല്യൂഷൻ തയ്യാറാക്കുന്നത്.” തങ്ങൾ അത് മറ്റുള്ളവർക്ക് ഷെയർ ചെയ്യുന്നുണ്ടെന്ന് അവരും ആവേശത്തോടെ പറഞ്ഞു. അതും എനിക്ക് വളരെ സന്തോഷം തന്ന ഒരു അനുഭവമായിരുന്നു.
ആദ്യം എന്റെ കോൺടാക്ട് ലിസ്റ്റിലുള്ള ആളുകൾക്ക് മാത്രമേ ഇത് ഷെയർ ചെയ്യുന്നുണ്ടായിരുന്നുള്ളു . എന്നാൽ പിന്നീട്, എന്റെ പൂർവ്വവിദ്യാർത്ഥികൾക്കും അയച്ചു തുടങ്ങി. അവരിലൂടെ അവരുടെ പ്രിയപ്പെട്ടവരിലേക്കുമൊക്കെ ഇത് എത്താൻ തുടങ്ങി. പതിയെ കടൽ കടന്നു വിദേശനാടുകളിലുള്ളവരുടെ ഫോണുകളിലേക്കും, ഹൃദയങ്ങളിലേക്കും Pretty Thoughts & Youth Revolution എത്തിതുടങ്ങി. ഞാനേറ്റെടുത്തിരിക്കുന്ന ദൗത്യത്തിന്റെ പ്രാധാന്യം എനിക്ക് കൂടുതൽ ബോധ്യമായി.
:: കുടുംബത്തിന്റെ പിന്തുണ?
:: വഴിയിൽ കൂടെ പോകുന്ന കാര്യങ്ങൾ പോലും പിടിച്ച് തലയിൽ വെക്കുന്ന ആൾ എന്ന് എന്നെ നിരവധിപേർ കളിയാക്കാറുണ്ട്. എന്നാൽ വീട്ടുകാരുടെ പൂർണ്ണ പിന്തുണ ഉള്ളത് കൊണ്ട് മാത്രമാണ് ഈ കാര്യങ്ങളിലെല്ലാം ഇടപെടാൻ സാധിക്കുന്നത്. അവർ നൽകുന്ന സ്വാതന്ത്ര്യം അത്രയും വലുതാണ്. ഭർത്താവു ലിജു എന്നിലും എന്റെ താലന്തുകളിലും അർപ്പിച്ചിരിക്കുന്ന വിശ്വാസം വളരെ വലുതാണ്. മക്കൾ ഹെയ്‌സലും നഥാനിയേലും അഡ്രിയെലും നൽകുന്ന പിന്തുണയും ഒപ്പം മാതാപിതാക്കളുടെ പ്രോത്സാഹനവും എനർജി ബൂസ്റ്ററുകൾ തന്നെ.
:: സാങ്കേതിക പാഠവം എങ്ങനെയാണു ആർജ്ജിച്ചത്? സ്ത്രീകൾ ഡിസൈൻ മേഖലയിൽ അധികം ഇടപെടാറില്ലല്ലോ?
:: എഞ്ചിനീയറിംഗ് പഠനവേളയിൽ ഇത്തരം കാര്യങ്ങളിലെല്ലാം എനിക്ക് താല്പര്യമുണ്ടായിരുന്നു. എന്നാൽ പിന്നീടതിനോടുള്ള അഭിനിവേശം കുറഞ്ഞു. അത്യാവശ്യം ജോലികൾക്കായി മാത്രമേ അതിനെ ഉപയോഗിച്ചുള്ളൂ. പക്ഷെ യൂത്ത് റവല്യൂഷൻ, പ്രെറ്റി തോട്സ് തുടങ്ങിയവ ആരംഭിച്ചതോടെ ഡിസൈനിങ്ങും മറ്റും കൂടുതലായി ഞാൻ തന്നെ യൂട്യൂബിലൂടെയും മറ്റും പഠിക്കുവാനും ഉപയോഗിക്കുവാനും തുടങ്ങി. ഇപ്പോൾ സഭയുടെ സൂം മീറ്റിംഗുകളും, അതിനായുള്ള പോസ്റ്റർ നിർമിക്കുന്നതിലുമൊക്കെ പങ്കാളിയാവാൻ എനിക്ക് അവസരം ലഭിച്ചു.
ട്യൂട്ടോറിയൽ എന്ന പേരിൽ സാങ്കേതിക വിഷയങ്ങളെ സംബന്ധിച്ച നിരവധി പഠന വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്. വിരൽതുമ്പിൽ വിജ്ഞാനലോകമുള്ളപ്പോൾ പിന്നെ എന്തിനാണ് സംശയത്തോടു നോക്കി നിൽക്കുന്നത്. പ്രായവും മുൻകാല പരിചയവും ഒന്നും ഇതിനു പ്രശ്നമുള്ള കാര്യങ്ങളല്ല. ഒരു മനസ്സുണ്ടായാൽ മാത്രം മതി.
ഞാൻ വളരെയധികം ആസ്വദിച്ച് ചെയ്യുന്ന കാര്യങ്ങളാണതൊക്കെ.
:: ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ക്രിസ്ത്യൻ കമ്മ്യൂണിക്കേഷന്റെ സാദ്ധ്യതകൾ എന്തൊക്കെയാണ്?
:: സ്ഥലത്തിന്റെ അതിർ വരമ്പുകളില്ലാതെ, വേർതിരിവുകളില്ലാതെ, സാമൂഹിക അകലം ഇല്ലാതെ എല്ലാവരിലേക്കും എത്താൻ ഡിജിറ്റൽ മീഡിയ ഒരു മികച്ച മാധ്യമമാണ്.
ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ ഇല്ലായിരുന്നെങ്കിൽ ഈ കോവിഡ് കാലം എങ്ങനെയുള്ളതാകുമായിരുന്നു? ചിന്തിക്കാൻ തന്നെ ബുദ്ധിമുട്ടല്ലേ? നമ്മുടെ അടുത്തേക്ക് യൗവ്വനക്കാരെ വരുത്തുന്നതിലും എളുപ്പമാണ് അവരുടെ അടുക്കലേക്കു പോകുക എന്നത്.. അവരുമായുള്ള ആശയ വിനിമയത്തിന്റെ മികച്ച ഉപാധിയായാണ് ഡിജിറ്റൽ പ്ലാറ്റുഫോമുകൾ. അവരിഷ്ടപെടുന്ന സാങ്കേതിക വിദ്യയിൽ, അവരുടെ ഭാഷയിൽ അവരോടു ഇടപെടാൻ ആകുമെല്ലോ?
സുവിശേഷീകരണത്തിനു മികച്ചൊരുപാധിയാണ് ഡിജിറ്റൽ മീഡിയ, സാമ്പത്തിക ചിലവുകൾ അധികമില്ലാതെ വീടുകളിൽ തന്നെയിരുന്നു എല്ലാവർക്കും അതിൽ പങ്കാളിയാവാൻ സാധിക്കും.
സോഷ്യൽ മീഡിയയിൽ അപകടസാധ്യതകളുണ്ടെങ്കിലും, നിരവധി ആളുകളിലേക്ക് എത്താനുള്ള ഒരവസരം കൂടിയാണിത്.
:: ഡിജിറ്റൽ മീഡിയയിലൂടെ പങ്കു വെക്കപ്പെടുന്നതിനാൽ ഈ സന്ദേശങ്ങൾ യഥാർത്ഥത്തിൽ ആളുകൾ വേണ്ടത്ര പ്രാധാന്യം നൽകാറുണ്ടോ?
:: അത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഞാൻ നിർമ്മിച്ച ഈ പോസ്റ്ററുകൾ എല്ലാവരിലും എത്തിപെടുന്നതും അവർ പങ്കിടുന്നതും ഒക്കെ വളരെ സന്തോഷമുളവാക്കുന്നതായിരുന്നു. എങ്കിലും ഒരു ദിവസം ഞാൻ ചിന്തിച്ചു. ഇവർ വെറുതെ പങ്കിടുന്നതാണോ? ശരിക്കും വായിക്കുന്നുണ്ടോ? ഇത്തരം ചോദ്യങ്ങൾ എന്നിൽ ഉണർന്നു. എന്നാൽ അതൊന്നു പരീക്ഷക്കണമല്ലോ എന്ന് വിചാരിച്ചു. ഞാൻ ഒരു ദിവസം ഒരു ബൈബിൾ വാക്യത്തിനൊപ്പം തെറ്റായ ഒരു റഫറൻസ് കൊടുത്തു. വളരെ കുറച്ച പേർ മാത്രമേ തെറ്റ് കണ്ട് പിടിച്ചു അതിനോട് പ്രതികരിച്ചുള്ളു. അത് എനിക്കൊരു തിരിച്ചറിവായിരുന്നു. പോസ്റ്ററുകൾ നോക്കുക മാത്രമല്ല, വായിക്കുകയും ധ്യാനിക്കുകയും ചെയ്തതിനു ശേഷം മാത്രമേ ഇത് ഷെയർ ചെയ്യാൻ പാടുള്ളു എന്ന് ഞാൻ അവരോടു പറഞ്ഞു. ഇടയ്ക്കിടയ്ക്ക് ആഹ്വാനങ്ങളും സന്ദേശങ്ങളും ഞാൻ നൽകി തുടങ്ങി. വളരെ ചെറിയ വാക്യങ്ങളിലൂടെ വലിയ ആശയങ്ങൾ കൈ മാറുകയാണ് ഡിജിറ്റൽ മീഡിയയുടെ പ്രധാന മന്ത്രം.
:: ഡിജിറ്റൽ എഴുത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?
:: എന്തിനെയും ഏതിനെയും പറ്റി വിവരങ്ങൾ ലഭിക്കുന്ന സ്ഥലമായി മാറിയിരിക്കുകയാണ് ഗൂഗിൾ. പക്ഷെ അതിൽ പതിയിരിക്കുന്ന അപകടം എന്താണെന്നു വെച്ചാൽ, നമുക്ക് ലഭിക്കുന്ന വിവരങ്ങൾ എത്രമാത്രം ശരിയാണെന്നു അറിയാനായി മാർഗ്ഗമില്ല. ഒപ്പം തന്നെ നമ്മൾ നൽകുന്ന വിവരങ്ങൾ കൃത്യമായിരിക്കണം. ഡിജിറ്റൽ മീഡിയയിൽ ആർക്കും എന്തും എഴുതാം എന്നുള്ളതിനാൽ മറ്റുള്ളവരെ ഇകഴ്ത്താനുള്ള, ഉപദ്രവിക്കാനുള്ള അവസരമായി ഇതുപയോഗിക്കരുത്. ഡിജിറ്റൽ വേദിയെ സദ് വർത്തമാനങ്ങൾ പങ്കു വെക്കുവാനുള്ള ഒരു ഇടമായി വേണം ഇതിനെ കാണാൻ. “
സ്വന്തം സമൂഹത്തിലെ ചെറുപ്പക്കാർ മാത്രമല്ല, ലോകമെങ്ങുമുള്ള അനേകായിരങ്ങൾ ഇന്ന് Youth Revolutionനായും Pretty Thoughtsനായും കാത്തിരിക്കുന്നു. ദൈവത്തിൽ നിന്നും തന്റെ മനസ്സിലേക്ക് സുന്ദര ചിന്തകൾ ചേക്കേറുവാൻ സഹോദരി പ്രെറ്റിയും കാത്തിരിക്കുന്നു.