ലഹരിമരുന്നുകൾ കേരളത്തിന്റെ കൗമാരത്തെ തിരിച്ചു കയറാൻ കഴിയാത്തവിധം പിടി മുറുക്കിയിരിക്കുന്നു. ലഹരിയുടെ പിടിയിൽ അമർന്നിരിക്കുന്ന വരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്നത് ഭീതിജനകമാണ്. നമ്മുടെ കുട്ടികളെയും യുവജനങ്ങളെയും ശാരീരിക മായും മാനസികമായും നശിപ്പിക്കുന്ന ലഹരിയുടെ ഉപയോഗവും വിതരണവും ആധുനികലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമാഫിയയുടെ ഉപയോക്താക്കളും ഉപഭോക്താക്കളും വിദ്യാർത്ഥികളാണെന്നുള്ളത് ഏറെ ഞെട്ടിപ്പിക്കുന്ന വാർത്തയാണ്. കേരളം ലഹരിമരുന്നുകളുടെ കേന്ദ്രമായി മാറുന്ന ദയനീയ കാഴ്ചയാണ് സമീപകാലത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കുട്ടികളിലെ ലഹരിയുടെ അമിത ഉപയോഗം മൂലം തകർന്നു വീഴുന്നത് അവരുടെ മാതാപിതാക്കളുടെ വലിയ പ്രതീക്ഷകളാണ്, ഒരു സമൂഹത്തിന്റെ സ്വപ്നങ്ങളാണ്. ഒരു കൗതുകത്തിനു വേണ്ടി തുടങ്ങുന്ന ലഹരിയുടെ ഉപയോഗം കുട്ടികളുടെ മാനസിക നിലയെ തകർക്കുകയും അത് അവരുടെ പഠനത്തെ ബാധിക്കുകയും കുടുംബബന്ധങ്ങളിൽ നിന്നും സാമൂഹികബന്ധങ്ങളിൽ നിന്നും അവർ വഴി മാറി സഞ്ചരിക്കുകയും ചെയ്യുന്നു. സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിമരുന്നുകളുടെ വ്യാപനത്തെ നാം ഗൗരവമായി കാണേണ്ടതുണ്ട്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഉള്ളവരുടെ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഈ വിപത്തിനെ തുടച്ചു നീക്കുവാൻ കഴിയുകയുള്ളൂ. പ്രത്യേകിച്ച് രക്ഷിതാക്കളുടെ നിതാന്ത ജാഗ്രതയും അദ്ധ്യാപകരുടെ അശ്രാന്ത പരിശ്രമവും അനിവാര്യമാണ്.

ലഹരിയുടെ ഉപയോഗവും അതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള വിവരണങ്ങളുമായാണ് ക്രിസ്തീയ സോദരി ഈ ലക്കം വായനക്കാരിലേക്കെത്തുന്നത്. കേരളം ഒന്നടങ്കം ലഹരിക്കെതിരെയുള്ള പോരാട്ടത്തിലാണ്. സംസ്ഥാന സർക്കാരിനോടൊപ്പം ഈ പോരാട്ടത്തിൽ നമുക്കും പങ്കുചേരാം. ഇതിനോടകം ക്രൈസ്തവസഭയിലെ വിവിധ സുവിശേഷസംഘടനകൾ ലഹരിക്കെതിരെ ബോധവത്ക്കരണ സന്ദേശവുമായി അണിനിരന്നിട്ടുണ്ട്. നമ്മുടെ സൺഡേസ്കൂൾ ക്ലാസ്സുകളിലും യുവജനമീറ്റീങ്ങുകളിലും പങ്കെടുക്കുന്ന കുഞ്ഞുങ്ങൾക്ക് ലഹരി ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് നാം പറഞ്ഞു കൊടുക്കണം. സമൂഹത്തെ ബോധവത്ക്കരിക്കാനുള്ള ഉത്തരവാദിത്തം ദൈവമക്കളായ നമുക്കും ഉണ്ട്. മരണത്തിനു കൊണ്ടു പോകുന്നവരെ വിടുവിക്ക; കുലെക്കായി വിറെച്ചു ചെല്ലുന്നവരെ രക്ഷിപ്പാൻ നോക്കുക (സദൃശ:24:11) എന്ന ബൈബിൾ വചനം നമുക്കു മറക്കാതിരിക്കാം.

Written by

Lovely George

Writer, Editor of Kristheeya Sodari Bi-Monthly