അന്നും അവര്‍ ഗുരുവിനെത്തേടി യാത്ര തിരിച്ചു. തടാകക്കരയില്‍ നിന്ന പുരുഷാരം ഒരു പടകല്ലാതെ, യേശുവിനെയോ ശിഷ്യന്മാരെയോ കാണാഞ്ഞിട്ട്, കിട്ടിയ ചെറുപടകുകളില്‍ യേശുവിനെ തിരഞ്ഞ് യാത്ര തുടര്‍ന്നു. ഗുരുവിനെ കാണാത്തതിലുള്ള ആകുലതയും കാണുവാനുള്ള ആകാംക്ഷയും അവരുടെ യാത്രക്ക് തിടുക്കം കൂട്ടി. ഒടുക്കം, കഫര്‍ന്നഹൂമില്‍ വെച്ചാണ് ആ സമാഗമം ഉണ്ടായത്. ഗുരുവിനെ കണ്ടെത്തിയതിലുള്ള സന്തോഷം അവരെ കുറച്ചൊന്നുമല്ല സന്തോഷപൂരിതമാക്കിയത്. അതുവരെ ഉള്ളില്‍ അടക്കി വെച്ച വികാരവിക്ഷോഭങ്ങളെല്ലാം അണപൊട്ടിയൊഴുകിയെന്നോണം അവര്‍ ചോദിച്ചു തുടങ്ങി. ഗുരോ, അങ്ങ് എവിടെയായിരുന്നു? എപ്പോഴാണ് ഇവിടെ എത്തിയത്? ചോദ്യത്തിന്റെ അര്‍ത്ഥവും ഉദ്ദേശ്യവും മനസ്സിലാക്കിയ ഗുരു മൊഴിഞ്ഞു തുടങ്ങി. നിങ്ങള്‍ അടയാളം കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടത്രേ എന്നെ അന്വേഷിക്കുന്നതു. നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവര്‍ത്തിപ്പിന്‍; അതു മനുഷ്യപുത്രന്‍ നിങ്ങള്‍ക്കു തരും (യോഹ:6:26,27). ഗുരുവില്‍ നിന്നും അനേകം പ്രഭാഷണങ്ങളും ഉപമകളും കേട്ടിട്ടുള്ളവരാണ് ഇവരില്‍ പലരും. അടയാളങ്ങളും അത്ഭുതങ്ങളും അവര്‍ കണ്ടിട്ടുണ്ട്. ഗുരു ശബ്ദത്തിനു മുന്നില്‍ അനേകം രോഗികള്‍ സൗഖ്യമാകുന്നതും ഭൂതഗ്രസ്തര്‍ക്ക് വിടുതല്‍ ലഭിക്കുന്നതിനും അവര്‍ സാക്ഷികളായിട്ടുണ്ട്. കാറ്റും കടലും കൂടെ ഗുരുവിനെ അനുസരിക്കുന്ന കാഴ്ചയും അവരുടെ കണ്‍മുമ്പില്‍ നിന്നും ഇനിയും മാഞ്ഞിട്ടില്ല. ഗുരുവിന്റെ വായില്‍ നിന്നും പുറപ്പെട്ടിട്ടുള്ള ലാവണ്യ വാക്കുകള്‍ അവരെ കോരിത്തരിപ്പിച്ചിട്ടുണ്ട്. പക്ഷേ ഈ പ്രാവശ്യം ഗുരു വചനങ്ങള്‍ ഒരു തീയമ്പു കണക്കെയാണ് അവരുടെ ഹൃദയത്തില്‍ ആഴ്ന്നിറങ്ങിയത്. ഗുരു പറഞ്ഞത് ശരിയാണ്. അപ്പം തിന്നു തൃപ്തരായതുകൊണ്ടാണ് അവര്‍ യേശുവിനെ അന്വേഷിച്ചെത്തിയത്. കഴിഞ്ഞ ദിവസവും ഇതേ പുരുഷാരം ഗുരുവിനെ അന്വേഷിച്ച് എത്തിയിരുന്നു. ഗലീലാക്കടലിന്റെ അക്കരെ കരയില്‍ തിബെര്യാസില്‍ യേശുവും ശിഷ്യന്മാരും പുരുഷാരവും സമ്മേളിച്ചിരുന്നു. അവിടുന്ന് ഈ പുരുഷാരത്തെ 'ഇടയനില്ലാത്ത ആടുകളെപ്പോലെ' കണ്ടിട്ട്, അവരോട് മനസ്സലിഞ്ഞു (മര്‍ക്കോ:6:34). അവരിലെ രോഗികളെ സൗഖ്യമാക്കുകയും അവരോട് ദൈവരാജ്യത്തെക്കുറിച്ചു സംസാരിക്കുകയും ചെയ്തു (ലൂക്കോ:9:11). അവര്‍ക്ക് ഇടയന്‍ അഥവാ ഒരു സംരക്ഷകന്‍ ഉണ്ടായിരുന്നില്ല. ഏതു വഴി സഞ്ചരിക്കണമെന്നോ, എവിടെ ഉറങ്ങണമെന്നോ അറിവില്ലാത്ത ഇക്കൂട്ടര്‍ക്ക് അവരുടെ മുമ്പില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചും അറിവുണ്ടായിരുന്നില്ല. അനാഥത്വം അനുഭവിക്കുന്ന ഈ പുരുഷാരത്തെ കണ്ടിട്ടാണ് ക്രിസ്തു മനസ്സലിഞ്ഞത്. അവിടുന്ന് അവരുടെ നാഥനാവുകയായിരുന്നു . വൈകുന്നേരമായപ്പോള്‍ ഗുരു ഫിലിപ്പോസുമായി സംസാരിച്ചു. പ്രഭാഷണമൊക്കെ കേട്ട് ക്ഷീണിച്ചിരിക്കുന്ന പുരുഷാരത്തിന് ഭക്ഷണമെത്തിക്കണം, അത് നിങ്ങള്‍ തന്നെ ക്രമീകരിക്കുകയും വേണം. ശിഷ്യന്മാരുടെ പക്കല്‍ ആകെ ഇരുനൂറ് വെള്ളിക്കാശ് മാത്രമേ ഉള്ളൂ, സ്ഥലം മരുഭൂമിയാണ്, സമയവും ഏറെ വൈകിയിരിക്കുന്നു. പെട്ടെന്ന് ആഹാരമെത്തിക്കുവാനുള്ള യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ല. ഇനി എന്താണ് ചെയ്യേണ്ടതെന്ന സന്ദേഹം അവരെ വരിഞ്ഞു മുറുകി. വിളി കേട്ട് അനുഗമിച്ച അന്നു മുതല്‍ എപ്പോഴും ആശ്വാസമായി തീരാറുള്ള ഗുരുവാണെങ്കില്‍ ഭക്ഷണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ശിഷ്യഗണങ്ങളെ ഏല്പിച്ചു. അപ്പോഴാണ് അന്ത്രെയാസ് ആ കാഴ്ച കണ്ടത്. ഒരു ബാലകന്റെ കൈയ്യിലെ അഞ്ച് യവത്തപ്പവും രണ്ടു മീനും. ഒരു ദിവസത്തെ വഴിച്ചെലവിനുള്ള വക, (പാഥേയം) അവന്‍ കരുതിയിരുന്നു. ചെറിയ കുട്ടിയുടെ പിടിവാശിയൊന്നും കാണിക്കാതെ, ചോദിച്ച ഉടനെ ഒരു മടിയും കൂടാതെ അവന്‍ അന്ത്രെയാസിന്റെ പക്കലേല്പിച്ച ആഹാരം ഗുരുവിന്റെ കൈകളിലെത്തി. അവിടുന്ന് അപ്പവും മീനും എടുത്തു സ്വര്‍ഗ്ഗത്തേക്കു നോക്കി വാഴ്ത്തി, പുരുഷാരത്തിനു വിളമ്പുവാന്‍ ശിഷ്യന്മാരെ ഏല്പിച്ചു (മര്‍: 6:40,41). അവര്‍ പുരുഷന്മാര്‍ മാത്രം അയ്യായിരം പേരുണ്ടായിരുന്നു. അഞ്ചപ്പവും രണ്ടും മീനും കൊണ്ട് അയ്യായിരത്തെ പോഷിപ്പിച്ച ഗുരുവിനെ അത്ഭുതങ്ങള്‍ ചെയ്യുന്ന ഒരു വ്യക്തിയായി മാത്രം കണ്ടതുകൊണ്ടാകണം ഗുരു അവരെ ശാസിച്ചത്. ചില ഭൗതീക അനുഗ്രഹങ്ങളുടെ അടിസ്ഥാനത്തില്‍ ക്രിസ്തുവിനെ പിന്‍പറ്റുവാന്‍ ഇറങ്ങിത്തിരിച്ചവരാണ് ഏറെയും. അങ്ങനെയുള്ളവര്‍ക്ക് ക്രിസ്തുവിനെ സൗഖ്യദായകനോ അത്ഭുതം ചെയ്യുന്ന വ്യക്തിയായോ മാത്രമേ കാണുവാന്‍ കഴിയൂ. മറ്റു ചിലരാകട്ടെ പത്രോസ് ഒരിക്കല്‍ ക്രിസ്തുവിനോട് ചോദിച്ചതു പോലെ ഞങ്ങള്‍ക്ക് എന്തു കിട്ടും? എന്ന് ചോദിച്ചു ഇറങ്ങിത്തിരിക്കുന്നവരാണ്. ഭൗതീകമായ എന്തെങ്കിലും നേട്ടങ്ങള്‍ക്കുവേണ്ടിയല്ല നാം ക്രിസ്തുവിനെ സേവിക്കുന്നത്. അങ്ങനെയുള്ളവര്‍ ഈ ലോകത്തിലെ ധനം, മാനം, സുഖസൗകര്യങ്ങള്‍ എന്നീ നശിച്ചുപോകുന്ന ആഹാരത്തിനു വേണ്ടി ജീവിക്കുന്നവരും നാശത്തിലേക്ക് സഞ്ചരിക്കുന്നവരുമാണ്. യേശുക്രിസ്തുവിനു മാത്രം നല്കുവാന്‍ കഴിയുന്ന ആത്മീക ആഹാരത്തിനായി പ്രവൃത്തിക്കേണം. അതു നിലനില്ക്കുന്നതാണ്, അത് നിത്യമായ ജീവനും പ്രദാനം ചെയ്യുന്നു. അതിന് കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്കുകയാണ് വേണ്ടത്. അവിടുന്ന് സ്വര്‍ഗ്ഗത്തില്‍ നിന്നു ഇറങ്ങി വന്നു, ലോകത്തിനു ജീവന്‍ കൊടുക്കുന്ന ജീവന്റെ അപ്പം ആകുന്നു. അവിടുത്തെ അടുക്കല്‍ വരുന്നവന് വിശക്കയില്ല, വിശ്വസിക്കുന്നവന് ഒരു നാളും ദാഹിക്കുകയുമില്ല.

ലൗലി ജോർജ്, കരിയംപ്ലാവ്.

Written by

Lovely George

Writer, Editor of Kristheeya Sodari Bi-Monthly