ഗാനരചന: സിസി സജി, മല്ലശേരി

പറന്നു പറന്നു പറന്നു പറന്നു
പറന്നു പോകും ഞാൻ പ്രാണപ്രിയനടുത്തേക്ക്
ആ പൊന്മുഖം കാണ്മാൻ കണ്ടുകൊതിതീരാൻ

ആകാശമേഘകൾ മാറിത്തരും
ആ നല്ല നിമിഷത്തിൽ എനിക്കുവേണ്ടി
നക്ഷത്രഗോളങ്ങൾ പിന്നിലാക്കി
നാഥന്റെ ചാരേ ഞാൻ എത്തുമല്ലോ

കാൽകരം രണ്ടും താൻ കാട്ടിത്തരും
പുഞ്ചിരി തൂകിടും പൊന്മുഖത്താലേ
കഷ്ടമേറ്റ കാന്തനെ കണ്ടിടുമ്പോൾ
കണ്ണുകൾ ആനന്ദത്താൽ നിറഞ്ഞിടുമേ

കാരിരുമ്പാണികൾ തുളച്ച പാടുകൾ
കണ്ടു ഞാൻ അന്നു നിന്നെ ആരാധിക്കും
ഇത്രമേൽ സ്നേഹിപ്പാൻ അർഹയോ ഞാൻ
മിത്രമായി തീർന്ന എൻ പൊന്നുകാന്തനെ

ശുഭ്രവസ്ത്ര ധാരികളാം ശുദ്ധരുമൊത്ത്
ശോഭിത കിരീടമേന്തി ഞാൻ നിന്നിടും
ശ്രേഷ്ഠമാം പ്രതിഫലങ്ങൾ കണ്ടിടുമ്പോൾ
പാരിലെ നഷ്ട മെല്ലാം നിസാരമല്ലോ