ആളില്ല..ആരവം ഇല്ല.. അശാന്തി നിറഞ്ഞ തലയോട്ടിക്കുന്ന്.. ഭൂകമ്പത്താല്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ഭൂപ്രദേശം.. അസ്തമന സൂര്യന്റെ അല്പ വെളിച്ചവും അപ്രത്യക്ഷമായി.. ഇരുള്‍ മൂടി നില്ക്കുന്ന കാല്‍വരി… ഭൂമിക്കും ആകാശത്തിനും മദ്ധ്യേ നാട്ടിയ മൂന്ന് മരക്കുരിശുകള്‍ മാത്രം…മൂക സാക്ഷികളായ് നില്ക്കുന്നു… ചീറ്റി തെറിച്ച രക്തത്താല്‍ പാറകഷണങ്ങള്‍ ശോണിത വര്‍ണ്ണം ആയിരിക്കുന്നു… രക്തം കട്ടപിടിച്ച മുള്‍മുടി അലക്ഷ്യമായി കുറച്ചു മാറി കിടക്കുന്നു..

ഒരു തേങ്ങല്‍ കേള്‍ക്കുന്നില്ലേ?.. ഞാന്‍ ചുറ്റും നോക്കി ആരെയും കാണുന്നില്ല.. കുരിശുകളുടെ അടുത്തുനിന്ന് ആണല്ലോ ആ കരച്ചില്‍.. അതെ ‘നസ്രായനായ യേശു യഹൂദന്മാരുടെ രാജാവ്’ എന്ന മേലെഴുത്തുള്ള കുരിശാണല്ലോ കരയുന്നത്.. ഞാന്‍ മുകളിലോട്ട് നോക്കി.. ചോദിച്ചു.. നീ എന്തിനാണ് ഇങ്ങനെ കരയുന്നത്? ഇടറിയ ശബ്ദത്തോടെ അവന്‍ പറഞ്ഞു തുടങ്ങി.. ആ വനത്തിലെ ഏറ്റവും നല്ല വൃക്ഷമായിരുന്നു ഞാന്‍.. മരം വെട്ടുകാര്‍ എന്റെ കൂട്ടുകാരെ ഓരോരുത്തരെയും വെട്ടി വീഴ്ത്തുമ്പോള്‍ ഒരു നെഞ്ചിടിപ്പോടെ ഞാന്‍ ഓര്‍ക്കും.. ഒരുനാള്‍ ഞാനും ഇങ്ങനെ വീഴും എന്ന്.

എന്നാല്‍ അതിലും ഒരു ആശ്വാസം ഞാന്‍ കണ്ടെത്തിയിരുന്നു.. എത്രയെത്ര മനോഹരങ്ങളായ ഉപകരണങ്ങളാണ് ഞങ്ങളില്‍ നിന്നും കടഞ്ഞെടുക്കുന്നത്… മാത്രമല്ല ദുഷ്പ്രവൃത്തികാരായ ആളുകളെ തൂക്കി കൊല്ലുവാന്‍ റോമാക്കാര്‍ കുരിശുകള്‍ ഉണ്ടാക്കുന്നതും ഞങ്ങളെ ഉപയോഗിച്ചാണ്..

പതിവുപോലെ.. ഇന്നലെ മരം വെട്ടുകാര്‍ വന്നു ഞങ്ങളെ മൂന്നു പേരെ വെട്ടി എടുത്തു കൊണ്ടുപോയി… അതുകൊണ്ട് അവര്‍ മൂന്ന് കുരിശുകള്‍ ഉണ്ടാക്കി….രണ്ടു ക്രൂശില്‍ ദുഷ്ടന്മാരായ രണ്ടുപേരെയാണ് ക്രൂശിച്ചത്…എന്നാല്‍ എന്റെ മേല്‍ ..എന്റെ സൃഷ്ടാവിനെ ആയിരുന്നു ക്രൂശിച്ചത്? മഴയും മഞ്ഞും വെയിലും കാറ്റും സമയാ സമയങ്ങളില്‍ എനിക്ക് നല്‍കി…ഇന്നു വരേയും എന്നെ പോറ്റിയതിന് പകരം ഞാന്‍ കൊടുത്ത പ്രത്യുപകാരം…. അവന്‍.. പൊട്ടിക്കരഞ്ഞു.. ആ നാഥന്റെ മൃദുവാര്‍ന്ന കരങ്ങളും ആ പാവന പാദങ്ങളും ആണികള്‍ ചേര്‍ത്ത് എന്നിലേക്ക് അടിച്ചിറക്കിയപ്പോള്‍ എന്റെ നെഞ്ചകം പൊട്ടിത്തകര്‍ന്നുപോയി…? മനുഷ്യന്റെ പാപത്തിന്റെ കാഠിന്യം എത്രമാത്രമുണ്ടെന്ന് ഞാന്‍ അനുഭവിച്ചറിഞ്ഞു..

ഉലകത്തെ ഒരു വാക്കാല്‍ ഉരുവാക്കിയ ദൈവപുത്രന് ഈ ലോകം കൊടുത്ത സമ്മാനം… എന്നെപ്പോലെ ഒരു മരക്കുരിശ്..
നമ്രശിരസ്സോടെ. മെല്ലെ ഞാന്‍ ആ കുന്നിറങ്ങി… പിന്നില്‍ ആ മരക്കുരിശിന്റെ വിലാപം നേര്‍ത്തു. നേര്‍ത്തു വന്നു. അപ്പോള്‍ രാത്രി ആയിരുന്നു…

Written by

Mary Abraham

Writer, mentor, from Kottayam