ഓരോ പുലരിയും ഒരോ പ്രതീക്ഷകളാണ്, പ്രതീക്ഷയുടെ കിരണങ്ങള്‍ മനുഷ്യനെ ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്നു. കോവിഡ് മഹാമാരിയില്‍ ലോകം വിറങ്ങലിച്ചു നില്‍ക്കുമ്പോഴാണ് ഈ സമയവും കടന്നുപോകുമെന്ന പ്രതീക്ഷയോടെ നമ്മള്‍ 2021 – നെ വരവേറ്റത്. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഓര്‍മ്മകള്‍ തന്നിട്ടാണ് 2020 പടിയിറങ്ങിയത്. പോയവര്‍ഷം ഏല്പിച്ച ആഘാതം ചെറുതല്ല. നഷ്ടങ്ങള്‍ സംഭവിച്ചവരാണേറെയും. ആശങ്കകള്‍ തുടരുന്നുണ്ടെങ്കിലും കോവിഡ് വാക്‌സിന്റെ വരവ് പുതിയ വര്‍ഷത്തില്‍ പുത്തന്‍ പ്രതീക്ഷകള്‍ നല്കുന്നു.

എല്ലാ വര്‍ഷാരംഭത്തിലും പുതിയ ചുവടുവെയ്പ്പുകള്‍ നാം നടത്താറുണ്ട്. ആത്മീയകാര്യങ്ങളിലും മറ്റെല്ലാ മേഖലകളിലും സമൂലമായ മാറ്റത്തിനു വിധേയരാകുന്ന നമ്മുടെ തീരുമാനങ്ങള്‍ക്ക് ചില ആഴ്ചകള്‍ മാത്രമേ ആയുസ്സ് ഉണ്ടാകാറുള്ളൂ. തീരുമാനങ്ങളില്‍ നിലനില്‍ക്കണമെങ്കില്‍ കഴിഞ്ഞ വര്‍ഷത്തിലെ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കണം. പഠിച്ച പാഠങ്ങള്‍ മറക്കാതിരിക്കണം. നല്ല ഓര്‍മ്മകളെ കൂടെ കൂട്ടണം, ഓര്‍ക്കുവാന്‍ ആഗ്രഹമില്ലാത്തവ സ്മൃതിപഥത്തില്‍ നിന്നും പൂര്‍ണ്ണമായും മായിച്ചുകളയണം, തിരുത്തലുകള്‍ക്കു വിധേയമാകുന്ന ഒരു സമൂഹമാണ് ഇന്നിന്റെ ആവശ്യം.

2021 നന്മയുടെ വര്‍ഷമായി മാറട്ടെ. മാറിവരുന്ന ജീവിതസാഹചര്യങ്ങള്‍ എന്തു തന്നെയായാലും അത് നേരിടുവാനാവശ്യമായ ദൈവകൃപയ്ക്കു വേണ്ടി, ദൈവസന്നിധിയില്‍ നിന്നും നാം കൂടുതല്‍ കരുത്ത് ആര്‍ജിക്കേണ്ടതുണ്ട്. ആത്മീകവളര്‍ച്ചയോടൊപ്പം ശാരീരികവും മാനസികവുമായ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധാലുക്കളാകാം. എല്ലാവരോടും സ്‌നേഹവും കരുതലും കാണിക്കുന്നതില്‍ ഉത്സാഹമുള്ളവരാകാം. കുടുംബ, സാഹോദര്യ ബന്ധങ്ങള്‍ ഭദ്രമായി സൂക്ഷിക്കാം. ദിവസവും വായനയ്ക്കായി അല്പസമയം കണ്ടെത്താം. എല്ലാ സാഹചര്യങ്ങളോടും ക്രിയാത്മകസമീപനം പുലര്‍ത്താം. ഈ പുതുവര്‍ഷത്തില്‍ ക്രിസ്തു പഠിപ്പിച്ച സ്‌നേഹത്തിന്റെ വക്താക്കളായി മാറാം. ബഹുമാന്യ വായനക്കാര്‍ക്ക്, ക്രിസ്തീയസോദരിയുടെ പുതുവത്സരാശംസകള്‍…

Written by

Lovely George

Writer, Editor of Kristheeya Sodari Bi-Monthly