“ഞാനും എന്റെ കുടുംബവുമോ ഞങ്ങൾ യഹോവയെ സേവിക്കും…”

“ഞാൻ ക്രിസ്തുവിനോട് കൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു. ഇനി ജീവിക്കുന്നത് ഞാനല്ല ക്രിസ്തു അത്രേ എന്നിൽ ജീവിക്കുന്നു. ഇപ്പോൾ ഞാൻ ജഡത്തിൽ ജീവിക്കുന്നത് എന്നെ സ്നേഹിച്ചു എനിക്കുവേണ്ടി തന്നെത്താൻ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നത് (ഗലാത്യർ 2:20)”. എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ട വേദവാക്യം. മാത്രവുമല്ല എന്റെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും ഞാൻ ധ്യാനിക്കുകയും ഉരുവിടുകയും ചെയ്യുന്ന ഒരു വചനഭാഗം. കാരണം എന്റെ പഴയ മനുഷ്യനെ ക്രുശിച്ചു കൊണ്ട്‌ ഇന്ന് കർത്താവിന്റെ ഒരു പുതിയ സൃഷ്‌ടി ആയി ജീവിക്കുവാൻ ഈ പ്രവാസ ലോകത്തിൽ ദൈവം എന്നെയും തിരഞ്ഞെടുത്തു.

എന്റെ അമ്മയുടെ ഗർഭത്തിൽ ഞാൻ ഉരുവാകുന്നതിനു മുമ്പേ എന്റെ കർത്താവു എന്നെയും കണ്ടിരുന്നതിനാലാണല്ലോ ഈ ലോക ജീവിതത്തിന്റെ വൈകിയ വേളയിൽ എങ്കിലും എന്നെയും വിളിച്ചു വേർതിരിക്കുവാൻ കർത്താവിനു ഇഷ്ടം തോന്നിയത്.
ഒരു സാധാരണ യാക്കോബായ കുടുംബ പശ്ചാത്തലത്തിൽ ജനിച്ച മാതാപിതാക്കളുടെ മൂന്നു മക്കളിൽ രണ്ടാമത്തെ പെൺകുട്ടി ആണ് ഞാൻ. മൂത്ത സഹോദരിയും ഇളയ ഒരു സഹോദരനും അടങ്ങുന്ന ഒരു ചെറിയ കുടുംബം ആയിരുന്നു ഞങ്ങളുടേത്. എന്റെ സഹോദരി മിനി തന്റെ പതിനേഴാമത്തെ വയസ്സിൽ യേശു കർത്താവിനെ രക്ഷിതാവായി സ്വീകരിച്ചു. രക്ഷയെക്കുറിച്ചും, യേശു കർത്താവിനെ ഹൃദയത്തിൽ സ്വീകരിച്ചവർ മാത്രമേ സ്വർഗ്ഗരാജ്യം അവകാശമാക്കൂ എന്നെല്ലാം എന്റെ സഹോദരിയിൽ നിന്നും നിരന്തരം ഞാൻ എന്റെ ചെറിയ പ്രായത്തിൽ കേട്ടു എങ്കിലും, സഭയോടും പള്ളിയോടും ഉള്ള എന്റെ അതിരുവിട്ട സ്നേഹം അതൊന്നും ഉൾക്കൊള്ളാൻ കൂട്ടാക്കിയില്ല. ജനിച്ചത് ഈ സഭയിൽ എങ്കിൽ മരിക്കുന്നതും ഇവിടെ തന്നെ എന്ന് വാശിയോടെ അവളോട് പറഞ്ഞ ഞാൻ എന്റെ ജീവിതത്തിന്റെ പകുതിയോളം ഈ യേശുകർത്താവിന്റെ സ്നേഹം അറിയാതെ ജീവിച്ചല്ലോ എന്ന് ഇന്ന് ദുഖത്തോടെ ഓർക്കുന്നു.

1997 – ആയിരുന്നു എന്റെ വിവാഹം. അന്ന് ഞാൻ സൗദി അറേബ്യയിൽ നേഴ്സായി ജോലി ചെയ്യുകയായിരുന്നു. യാക്കോബായ സമുദായത്തിൽ തന്നെ ഉള്ള ഒരു വ്യക്തി ആയിരുന്നു എന്റെ ഭർത്താവ്. അദ്ദേഹം ജോലി ചെയ്തിരുന്നതും സൗദിയിൽ തന്നെ ആയിരുന്നു. വളരെ സന്തോഷമുള്ള ജീവിതം തന്നെ ആയിരുന്നു ഞങ്ങളുടേത്. അവിടെ വച്ചു രണ്ടു കുഞ്ഞുങ്ങളെ ദൈവം ഞങ്ങൾക്ക് തന്നു. മൂത്ത മകൻ എഡ്വിൻ 2000 ജനുവരിയിലും ഇളയ മോൻ എൽവിൻ 2003 നവംബറിലും ആണ് ജനിച്ചത്.
വളരെ തിരക്കിട്ട ഒരു ജീവിതം ആയിരുന്നു ഞങ്ങളുടേത്. ഞങ്ങൾ ജോലിക്കു പോകുമ്പോൾ കുഞ്ഞുങ്ങൾ ഭവനത്തിൽ തനിച്ചായിരിക്കും. പ്രാർത്ഥന ഞങ്ങളുടെ ജീവിതത്തിൽ പേരിനു മാത്രം ആയിരുന്നു. ജോലിത്തിരക്കിനിടയിൽ പ്രാർത്ഥനക്കു സമയം ഉണ്ടായില്ല എന്ന് തന്നെ പറയാം. എന്നാൽ ഇത് എന്നെ ഏറെ ഭാരപ്പെടുത്തിക്കൊണ്ടിരുന്നു. കുഞ്ഞുങ്ങളെ ചില വേദവാക്യങ്ങൾ ഒക്കെ പഠിപ്പിക്കാൻ ഞാൻ ശ്രമിച്ചു. കുഞ്ഞുങ്ങളെ ആത്മീയമായി വളർത്തുവാൻ കഴിയുന്നില്ല എന്ന ചിന്ത എന്നെ വല്ലാതെ തളർത്തി.

2010 ഓഗസ്റ്റ് മുതൽ എന്റെ ജീവിതത്തിൽ എന്ത് സംഭവിച്ചു എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. എന്നാൽ ഒന്ന് ഞാൻ മനസിലാക്കുന്നു എന്റെ കർത്താവു ഞാൻ എന്ന വ്യക്തിയെ തേടി വന്നതാണ് എന്ന്. രക്ഷിക്കപ്പെടാത്ത ഏതൊരു വ്യക്തിയെയും പോലെ മരണത്തെ എനിക്കും ഭയമായിരുന്നു. എന്നാൽ മരണ ശേഷം എന്ത് ? എന്ന ചോദ്യം എന്നെ അലട്ടിക്കൊണ്ടേയിരുന്നു. ഇതു എന്റെ മാനസികനില തെറ്റിക്കുന്നതായിരുന്നു. ഉറക്കമില്ലാത്ത രാത്രികൾ, ഒറ്റക്കിരിക്കാൻ ഭയം, സമാധാനം നഷ്ട്ടപ്പെട്ട ദിനരാത്രികൾ, ഇന്നു ഞാൻ മരിച്ചാൽ നിത്യ നരകത്തിലേക്കാണല്ലോ പോകുക ഇത്തരം ചിന്തകൾ എന്നിൽ ഭയം ഉളവാക്കി. രാത്രികാലങ്ങളിൽ ഉറങ്ങാതെ ബൈബിൾ വായിച്ചിരിക്കുന്ന എന്നെ കണ്ടിട്ട് നിനക്കെന്തുപറ്റി എന്ന് എന്റെ ഭർത്താവ് എന്നോട് കൂടെക്കൂടെ ചോദിക്കുമായിരുന്നു. എന്റെ ഉറക്കമില്ലായ്മയും അസ്വസ്ഥതകളും ജോണിയേട്ടനേയും പ്രയാസപ്പെടുത്തി. എന്നെ ഏതു വിധേനയും സമാധാനിപ്പിക്കാൻ എന്റെ ജോണിയേട്ടൻ ശ്രമിച്ചു. എന്നാൽ അതൊന്നും എനിക്ക് സമാധാനം തന്നില്ല. എനിക്ക് എവിടെ എങ്കിലും പ്രാർത്ഥനക്ക് പോകണം എന്ന് ഞാൻ ജോണിയേട്ടനോട് പറഞ്ഞു . ഞങ്ങൾക്ക് നീണ്ട പത്ത് വർഷങ്ങൾ സൗദിയിൽ യാതൊരു പ്രാർത്ഥന സൗകര്യവും ഉണ്ടായിരുന്നില്ല. പള്ളി ഇല്ലാതിരുന്നതിനാൽ കൂടിവരവുകൾക്കു പോകാൻ അത്ര താല്പര്യവും ഇല്ലായിരുന്നു.

ഒരു ദിവസം രാത്രി ഏറെ വൈകി ഉറങ്ങാതിരുന്ന ഞാൻ എന്റെ സഹോദരിയെ വിളിച്ചുണർത്തി എന്റെ സങ്കടം അറിയിച്ചു. അവൾ കരഞ്ഞു പ്രാർത്ഥിച്ചു, പിന്നെ ചേച്ചിയുടെ ഭർത്താവിന്റെ സഹോദരി ബിന്ദു മുഖാന്തിരം ജിദ്ദ ബ്രെത്‌റൻ അസംബ്ലിയിലെ സഹോദരങ്ങൾക്ക് ഞങ്ങളുടെ നമ്പർ കൊടുത്തു. അതിൻപ്രകാരം അവിടെ നിന്നും രണ്ടു സഹോദരങ്ങൾ ഞങ്ങളുടെ വീട്ടിൽ വന്നു. അവർ ഞങ്ങളെ പ്രാർത്ഥനക്ക് ക്ഷണിച്ചു. എന്റെ നിർബന്ധത്തിനു വഴങ്ങി ജോണിയേട്ടൻ പോരാം എന്ന് സമ്മതിച്ചു.
2011 ജനുവരിയിൽ അന്ന് ആദ്യമായി ഞങ്ങൾ ഒരു വ്യത്യസ്തമായ പ്രാർത്ഥന കൂട്ടായ്മയിലേക്ക് ചെന്നു. ഇതുവരെ അനുഭവിക്കാത്ത രീതിയിൽ കരുതലും സ്നേഹവും ഉള്ള ഒരു കൂട്ടം വിശ്വാസികളായ സഹോദരീ സഹോദരങ്ങൾ. പുസ്തകത്തിൽ എഴുതിയിരുന്ന പ്രാർത്ഥന വായിച്ചിരുന്ന എനിക്ക് ഒരു പുതിയ അനുഭവം ആയിരുന്നു അവിടുത്തെ പ്രാർത്ഥനാ രീതി. വ്യത്യസ്തങ്ങളായ പാട്ടും, യേശുകർത്താവിനോട് നേരിട്ടു പ്രാർത്ഥിക്കുന്നതും ഒക്കെ ഒരു സ്വർഗ്ഗീയ അനുഭൂതി തന്നെ ഉളവാക്കി. അന്നു ഞാൻ അവിടെ കേട്ട ഒരു സാക്ഷ്യം എന്നെ ഏറെ ചിന്തിപ്പിച്ചു. ഇപ്പോൾ പാലാരിവട്ടം സഭയിൽ ആരാധിച്ചു പോരുന്ന ഗോഡ്‍ലി വർഗീസ് അങ്കിളിന്റെ ഭാര്യ, ഇന്ന് നിത്യതയിൽ വിശ്രമിക്കുന്ന ഗ്ലോറി ആന്റിയുടെ സാക്ഷ്യം ആയിരുന്നു അത്. ആന്റിക്ക് കാൻസർ നാലാമത്തെ സ്റ്റേജിൽ എത്തിയിരിക്കുന്നു എന്ന് അറിഞ്ഞ സമയം. ഡോക്ടേഴ്സ് ആറു മാസം മാത്രമേ താൻ ജീവിച്ചിരിക്കു എന്ന് വിധിഎഴുതിയപ്പോൾ, പ്രിയ ആന്റി എഴുന്നേറ്റു നിന്ന് വായിച്ച വചനഭാഗം ഇന്നും എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നു. “ഞാൻ മരിക്കയില്ല ജീവനോടെ ഇരുന്നു യഹോവയുടെ പ്രവർത്തികളെ വർണ്ണിക്കും”. ഞാൻ അന്ന് അത്ഭുതത്തോടെ ആന്റിയെ നോക്കി, എന്തൊരു സന്തോഷമാണ് ആന്റിയുടെ മുഖത്ത്, എങ്ങനെ ഇത്ര വിശ്വാസത്തോടും ധൈര്യത്തോടും പറയാൻ കഴിയുന്നു എന്നു ഞാൻ മനസ്സിൽ ചിന്തിച്ചു. എന്നാൽ ആറു മാസം മാത്രം വൈദ്യശാസ്ത്രം ആയുസ്സ് പറഞ്ഞ ആൻറി ആറു വർഷം ജീവിച്ചിരുന്നു യഹോവയുടെ പ്രവർത്തിയെ വർണ്ണിക്കുന്നത് കാണുവാൻ എനിക്ക് സാധിച്ചു.

അങ്ങനെ എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച ആ കൂട്ടായ്മയിൽ ഞങ്ങൾ പങ്കെടുത്തു, കുഞ്ഞുങ്ങൾക്ക് സൺ‌ഡേ സ്കൂൾ പഠനവും.
വെറുതെ എന്റെ സന്തോഷത്തിനു പ്രാർത്ഥനക്ക് പോകണം എന്ന് മാത്രമേ എന്റെ ഭർത്താവു കരുതിയുള്ളൂ. എന്നാൽ 2011ഫെബ്രുവരി 25 – ന് ജിദ്ദ സഭ ക്രമീകരിച്ച ഒരു സ്തോത്ര ശുശ്രൂഷ മീറ്റിംഗിൽ കുടുംബമായി പങ്കെടുക്കുവാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു. അന്നു അവിടെ ദൈവവചനം സംസാരിച്ചത് ദമാമിൽ നിന്ന് വന്ന ഒരു കർത്തൃദാസൻ ആയിരുന്നു. അന്നത്തെ സന്ദേശം എന്റെ ഹൃദയത്തെ രൂപാന്തരപ്പെടുത്തു ന്നതായിരുന്നു. മരണത്തെ ഭയപ്പെടുകയും മരണശേഷം എന്ത് ? എന്ന പരിഭ്രാന്തിയിലും ആയിരുന്ന എനിക്ക് അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ ഉണ്ട് എന്ന വാക്യം ഉത്തരം തരികയായിരുന്നു. “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യ ജീവൻ പ്രാപിക്കേണ്ടതിനു ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു”. കർത്താവിന്റെ ദാസൻ സംസാരിച്ചു കൊണ്ടേയിരുന്നു. അതേ, പാപിയായ എന്നെയും രക്ഷിച്ചു നിത്യജീവന് അവകാശി ആക്കേണ്ടതിനു സ്വന്ത പുത്രനെ യാഗമാക്കിയ ദൈവസ്നേഹം. ആ സ്നേഹത്തിനു മുൻപിൽ ഒരിക്കലും മുഖം തിരിക്കാൻ എനിക്കായില്ല. ഞാൻ ചെയ്യേണ്ടത് ഒന്ന് മാത്രം, യേശുവിനെ കർത്താവു എന്ന് വായ്കൊണ്ടു ഏറ്റു പറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയർത്തെഴുന്നേല്പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും മാത്രം.

ഏകദേശം 200ൽ പരം ജനങ്ങൾ ഉണ്ടായിരുന്ന ആ സദസ്സിൽ ഞാൻ എന്റെ യേശുവിന്റെ ശബ്ദം കേട്ടു. എന്നെ സ്വർഗ്ഗത്തിനു അവകാശി ആക്കുവാൻ കാൽവറിയിലെ ക്രൂശിൽ യാഗമായി തീർന്ന് മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു ഇന്നും സ്വർഗ്ഗത്തിൽ വസിക്കുന്ന എന്റെ കർത്താവിന്റെ ശബ്ദം. നിനക്ക് രക്ഷിക്കപ്പെടുവാൻ മനസ്സുണ്ടോ? ഞാൻ ഇത്രയും നാൾ തേടിയ ദൈവീക സമാധാനത്തിന്റെ വാക്കുകൾ. ആ സദസ്സിൽ ഇരുന്ന എന്റെ കാതുകളിൽ, യേശുകർത്താവിന്റെ ശബ്ദവും എന്റെ കണ്ണുകളിൽ, എനിക്കായി മരിച്ച ആ ക്രൂശിതനും മാത്രമേ ഉണ്ടായിരുന്നുള്ളു. ഞാൻ അറിയാതെ തന്നെ എന്റെ കൈകൾ ഉയർത്തിക്കൊണ്ടു എന്റെ കർത്താവിനെ ഹൃദയത്തിൽ സ്വീകരിക്കുകയും ഇനി ജീവിക്കുന്നെങ്കിൽ എന്റെ കർത്താവിനു വേണ്ടി എന്ന് ഹൃദയത്തിൽ ഏറ്റു പറയുകയും ചെയ്തു. എന്റെ മനസ്സിനു പറഞ്ഞറിയിക്കാൻ കഴിയാത്ത സമാധാനവും, സന്തോഷവും ലഭിച്ചു. എത്രയോ രാത്രികൾ ഉറങ്ങാതിരുന്ന ഞാൻ അന്ന് രാത്രി യാതൊരു ചിന്തകളും ഇല്ലാതെ സുഖമായി ഉറങ്ങി. എന്റെ പാപങ്ങൾ മോചിച്ചു എന്നെയും നിത്യജീവന് അവകാശിയാക്കിയ യേശു കർത്താവിനെ മാത്രം ധ്യാനിച്ചുകൊണ്ടുള്ള സുഖനിദ്ര.

എന്നാൽ എന്റെ തീരുമാനം പരസ്യമായി സഭയിൽ ഏറ്റു പറഞ്ഞത് എന്റെ ഭർത്താവിനെ ഞാൻ പ്രകോപിതനാക്കി. യാക്കോബായ സഭ വിട്ടു പോരുക എന്നത് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. എന്നാൽ ദൈവം അവിടെയും അത്ഭുതകരമായി പ്രവർത്തിച്ചു. എന്നിൽ ഉണ്ടായ മാറ്റം ജോണിയേട്ടനെ ദൈവത്തോട് കൂടുതൽ അടുപ്പിച്ചു. ദൈവ വചനം കേട്ട എന്റെ ജോണിയേട്ടനെയും ദൈവം ഈ ദൈവകൃപയിലേക്കു കൊണ്ടുവന്നു. ഞങ്ങൾ കുടുംബമായി കർത്താവിനെ മഹത്വപ്പെടുത്തി. ഒത്തിരി സമാധാനവും സന്തോഷവും അനുഭവിച്ച ദിനങ്ങളായിരുന്നു അത്.

അനേകം കുഞ്ഞുങ്ങൾ ഈ കാലഘട്ടത്തിൽ ലോകത്തിന്റെ മോഹങ്ങളിൽ പെട്ട് പോകുമ്പോൾ ദൈവവചനത്തിന്റെ അന്തഃസത്ത കലർപ്പില്ലാതെ പറഞ്ഞു കൊടുക്കാൻ ചില ദൈവ ദാസ ന്മാരെ ദൈവം കുഞ്ഞുങ്ങൾക്കായി ഒരുക്കി. അവർക്കും രക്ഷിക്കപ്പെടുവാനും കർത്താവിനുവേണ്ടി ജീവിക്കുവാനും സാധിക്കുന്നു. ഞങ്ങളുടെ ആത്മീയ വളർച്ചയിൽ കൈ പിടിച്ചു നടത്തിയ ജിദ്ദ സഭയെ ഒരുപാട് സ്നേഹത്തോടെ ഓർക്കുന്നു. ദൈവം ഇനിയും അനേക ആത്മാക്കളെ നേടുവാൻ ആ സഭയിലെ ദൈവമക്കളെ പ്രയോജനപ്പെടുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഇന്നു “ഞാനും എന്റെ കുടുംബവുമോ ഞങ്ങൾ യഹോവയെ സേവിക്കും” എന്ന് പറഞ്ഞും കൊണ്ട് കർത്താവിന്റെ സാക്ഷികളായി നിൽക്കാൻ ദൈവം ഞങ്ങളെ സഹായിക്കുന്നു. ഇപ്പോൾ കേരളത്തിൽ മൂവാറ്റുപുഴക്ക് അടുത്ത് രാമമംഗലം എന്ന സ്ഥലത്ത് താമസിച്ച്, രാമമംഗലം ബ്രെത് റൻ സഭയോട് ചേർന്ന് കർത്താവിനെ ആരാധിക്കുന്നു. ദൈവം ഞങ്ങളെ ആക്കേണ്ടിടത്തു തന്നെ ആക്കി വച്ചിരിക്കുന്നു. വേറിട്ട ദൈവസ്നേഹം അനുഭവിച്ചറിയുന്നു. ദേശത്തു പാർത്തു ഒരു അനുഗ്രഹിക്കപ്പെട്ട കുടുംബജീവിതം നയിക്കാൻ കർത്താവു സഹായിക്കുന്നു. ഇന്ന് ഞാൻ ഏറെ സന്തോഷവതിയാണ്. മരണത്തെ എനിക്ക് ഭയമില്ല. ഈ ലോകത്തിൽ ഞാൻ വെറും പ്രവാസി എന്ന് എനിക്കറിയാം. ഇന്നു ഞാൻ മരിച്ചാൽ, അല്ല എന്റെ കർത്താവ് വന്നാൽ നിത്യയുഗങ്ങൾ ഞാൻ എന്റെ കർത്താവിനൊപ്പം വാഴും എന്ന വലിയ പ്രത്യാശ എനിക്ക് ഉണ്ട് .
ഈ കർത്താവിനെ അറിയാത്ത ആരെങ്കിലും എന്റെ ഈ സാക്ഷ്യം വായിക്കുന്നു എങ്കിൽ അവരോട് എനിക്ക് ഒന്ന് മാത്രമേ പറയാനുള്ളു. ഈ ലോകത്തിൽ നമ്മെ രക്ഷിക്കുവാൻ യേശു ക്രിസ്തുവിനല്ലാതെ മറ്റാർക്കും സാധിക്കില്ല കാരണം നമ്മുടെ പാപങ്ങൾക്ക് വേണ്ടി മരിച്ചത് യേശു മാത്രമാണ്. യേശുവിനെ രക്ഷകനായി സ്വീകരിക്കുവാൻ വളരെ എളുപ്പമാണ്. നമ്മുടെ പാപങ്ങൾ ഏറ്റു പറഞ്ഞു ഹൃദയത്തിലോട്ടു ക്ഷണിച്ചാൽ മാത്രം മതി. നമ്മുടെ ഹൃദയത്തിലേക്ക് വരുവാൻ അവിടുന്ന് എപ്പോഴും ഒരുക്കമാണ്. നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിന്റെ വാതിൽക്കൽ നിന്ന് യേശു മുട്ടിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾ ആ ശബ്ദം കേൾക്കുന്നു എങ്കിൽ ആ യേശുവിനു വേണ്ടി നിങ്ങളുടെ ഹൃദയത്തിന്റെ വാതിൽ തുറക്കില്ലേ…

“താൻ വാഴ്കയാൽ ആകുലമില്ല
നാളെയെന്ന ഭീതിയില്ല
ഭാവിയെല്ലാം തൻകയ്യിലെന്നോർത്താൽ
ഹാ എത്ര ധന്യമേ ഈ ലോകജീവിതം…”