നെല്ലിക്കുന്നില്‍ നെല്ലിമരങ്ങളൊന്നുമില്ലെങ്കിലും ആദ്യം കായ്ച്ചതും പിന്നീട് മധുരിക്കുന്നതുമായ ഒട്ടേറെ ജീവിതാനുഭവങ്ങളുണ്ട്. ജീവിതത്തിന്റെ എല്ലാ രുചികളെയും നേരിട്ടറിഞ്ഞ അത്തരം അനുഭവങ്ങളിലൂടെ ഒരു യാത്ര….

Nellikkunnile Amma Maram(Veda Catherine Koshy)

കടല്‍ ശാന്തമായിരുന്നു…..

കപ്പല്‍ മുന്നോട്ടു നീങ്ങിക്കൊണ്ടേയിരുന്നു…. എന്നാല്‍ ന്യൂസിലാന്‍ഡില്‍ നിന്ന് മുംബൈ തുറമുഖത്തെ ലക്ഷ്യമാക്കി സഞ്ചരിച്ച ആ കപ്പലിലെ യാത്രക്കാരി മിസ്. ഫിലിസ് നയോമി ട്രഷറുടെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു.

”എങ്ങനെയാവും കേരളം? എനിക്കവിടുത്തെ ഭാഷ മനസ്സിലാകുമോ? ആഹാരം ശരിയാകുമോ?” ഇന്നേവരെ കണ്ടിട്ടില്ലാത്ത പുതിയ ദേശത്തേക്കുള്ള യാത്ര ആ ഇരുപത്തിമൂന്നുകാരിയുടെ മനസ്സില്‍ ഭയാശങ്കകളുടെ വമ്പന്‍ തിരമാലകള്‍ സൃഷ്ട്ടിച്ചു. എങ്കിലും അവര്‍ അധീര ആയില്ല. കാരണം ഈ യാത്രയുടെ ലക്ഷ്യം നയോമിക്ക് വ്യക്തം ആയിരുന്നു.

കഷ്ടപ്പെടുന്ന മനുഷ്യര്‍ക്ക് താങ്ങാവണമെന്ന താല്പര്യം ബാല്യം മുതല്‍ക്കേ ഉള്ളില്‍ അങ്കുരിച്ചിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ചൈനയില്‍ പ്രവര്‍ത്തിച്ച ഒരു വ്യക്തിയുടെ കഥ വായിക്കാനിടയാവുന്നത്.

ചൈനയിലെ പ്രാണികളെയും ചെറു ജീവികളെയും പറ്റി അദ്ദേഹം പറഞ്ഞത് കുഞ്ഞു നയോമിയെ വല്ലാതെ ഭയപ്പെടുത്തി. ‘ദൈവമേ ഇത്തരം പ്രാണികളില്ലാത്ത എവിടെയെങ്കിലും ഞാന്‍ പൊയ്ക്കൊള്ളാമേ…..’ ആ പെണ്‍കുട്ടി പ്രാര്‍ത്ഥിച്ചു.

”നിനക്കെന്നോടുള്ള സ്നേഹത്തേക്കാളും വലുതാണോ ഈ ചെറു ജീവികളും പ്രാണികളും.?” ദൈവത്തിന്റെ ആ ചോദ്യത്തെ പ്രതിരോധിക്കാന്‍ പക്ഷെ അവള്‍ക്കു വാക്കുകളില്ലായിരുന്നു.

വീണ്ടും വര്‍ഷങ്ങള്‍ പിന്നിട്ടു. ഹോം സയന്‍സ് പഠനത്തിന് ശേഷം നയോമി ന്യൂസീലന്‍ഡില്‍ അദ്ധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. അപ്പോഴാണ് തൃശൂര്‍ രെഹോബോത്ത് ഹോമിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന മിസ് വാലസ്, നയോമിയുടെ നാട്ടില്‍ എത്തുന്നത്. രെഹബോത്തില്‍ ഒരു സഹായിയുടെ ആവശ്യം ഉണ്ടെണ്ടന്ന് പറഞ്ഞപ്പോള്‍ താന്‍ കാതോര്‍ത്തിരുന്ന ഒരു വിളി കേട്ടപോലെ നയോമിക്കു തോന്നി. ആ വിളിയോടുള്ള പ്രതികരണം ആയിരുന്നു ഇന്ത്യയിലേക്കുള്ള യാത്ര.

ആകുലതകളും വ്യാകുലങ്ങളും മൂലം ആ യുവതിയുടെ മനസ്സ് മുങ്ങി താണിരുന്നെങ്കിലും ദൈവാശ്രയത്തില്‍ അവള്‍ തന്റെ ചിന്തകള്‍ക്ക് നങ്കൂരമിട്ടു. നല്‍ നീരുറവ പോല്‍ ദൈവിക സമാധാനം ഉള്ളത്തില്‍ വന്നു നിറയുന്നത് നയോമി അറിഞ്ഞു. യാത്രകള്‍ക്കിടയില്‍ ഓരോ തുറമുഖങ്ങളിലും കപ്പല്‍ അടുപ്പിക്കുമ്പോഴും അവരെ കാണാനായി ആളുകള്‍ എത്തുമായിരുന്നു. കൂടെയുള്ളവരെല്ലാം അത്ഭുതത്തോടെയാണ് അത് വീക്ഷിച്ചത്. ”താങ്കളാരാണ്? ഇത്രയധികം ആളുകള്‍ താങ്കളെ കാണാന്‍ എന്തുകൊണ്ടാണ് എത്തുന്നത്?” സഹയാത്രികര്‍ അന്വേഷിച്ചു. നയോമി പുഞ്ചിരിയോടെ അവരെ നോക്കി പറഞ്ഞു, ”ഇവരെല്ലാം എന്റെ കുടുംബാംഗങ്ങളാണ്. ദൈവ കുടുംബത്തിലെ അംഗങ്ങള്‍”. സഹയാത്രികരുടെ മുന്‍പില്‍ തന്റെ ദൈവത്തെ സാക്ഷ്യപ്പെടുത്താനുള്ള ഒരവസരവും അവര്‍ കളഞ്ഞില്ല. കപ്പല്‍ മുംബൈ തുറമുഖത്തു അടുത്തു. അവിടെ നിന്നും കുന്നംകുളത്തേക്ക്. 1957 മാര്‍ച്ച് 13 – ന് ഇന്ത്യയിലെത്തിയെ മിസ്. ഫിലിസ് നയോമി ട്രഷര്‍, അഞ്ചു വര്‍ഷം കഴിഞ്ഞു തൃശ്ശൂരിലെ രെഹബോത്തിലേക്കു വന്നു.

മിസ് വാലസ് ആയിരുന്നു അന്ന് രെഹോബോത്ത് ഹോമിന്റെ ചുമതലക്കാരി. ആദ്യ വര്‍ഷങ്ങള്‍ ഒട്ടേറെ കടമ്പകളുടെ നാളുകള്‍ ആയിരുന്നു. കേരളത്തിലെ എരിവു നിറഞ്ഞ ആഹാര രീതി വയറിനു തെല്ലും പിടിക്കുന്നില്ല. കൂടെക്കൂടെ ഉദരരോഗം. കുഞ്ഞുങ്ങളെ ശുശ്രൂഷിക്കേണ്ടണ്ട വാലസ് മദാമ്മ മിസ് നയോമിയെ നോക്കേണ്ട അവസ്ഥയിലെത്തി. ഒടുവില്‍ മടങ്ങി പോകുവാന്‍ പിതാവ് ടിക്കറ്റ് വരെ ക്രമീകരിച്ചു. പക്ഷെ ഇതിനോടകം നയോമിയുടെ മനസ് രെഹോബോത്തിലെ കുഞ്ഞുങ്ങളുടെ തടവില്‍ ആയി കഴിഞ്ഞിരുന്നു. ഏറെ വൈകാതെ, ക്ഷീണിതയായ വാലസ് മദാമ്മക്ക് ജന്മനാട്ടിലേക്കു മടങ്ങേണ്ടണ്ടിയും വന്നു. അങ്ങനെ മിസ്. നയോമി രെഹബോത്തിലെ ഒരുഭാഗം ആയി മാറി.

ജര്‍മ്മന്‍ സ്വദേശിയായിരുന്ന വോല്‍ബ്രീട് നാഗലിന്റെ ദര്‍ശനമാണ് തൃശൂരിലെ രെഹോബോത്ത് അനാഥശാല. നാരായണന്‍ മൂസ്സത് എന്ന ആയുര്‍വേദ വൈദ്യനില്‍ നിന്നും വാങ്ങിയ സ്ഥലത്ത് കുറെയധികം കിണറുകള്‍ കുഴിച്ചതിനു ശേഷമാണു വെള്ളം കണ്ടത്. അങ്ങനെയാണ് രെഹബോത്ത് എന്ന പേരിട്ടത്. 1905ല്‍ രണ്ട് സഹായികളും 25 അനാഥരും ആയി ശാല തുടങ്ങി. ഇപ്പോള്‍ 115 വര്‍ഷങ്ങള്‍ പിന്നിടുകയാണ്.

ആദ്യനാളുകളില്‍ അനാഥരായ കുഞ്ഞുങ്ങളെ നാഗല്‍ സായിപ്പും മദാമ്മയും കൂടി സ്വന്തം വീട്ടില്‍ കൊണ്ടുവരികയും സ്നേഹവും അന്നവും നല്‍കി വളര്‍ത്തുകയും ചെയ്തു. എന്നാല്‍ സായിപ്പിന് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഉണ്ടണ്ടായിരുന്നതിനാല്‍, കുഞ്ഞുങ്ങളുടെ പരിചരണം ബുദ്ധിമുട്ടായതോടെയാണ് 1906ല്‍ രഹബോത്ത് തുടങ്ങുന്നത്. അവിടുത്തെ കുട്ടികളുടെ വിദ്യാഭാസത്തിനായി 1907ല്‍ നാഗല്‍ ഒരു സ്‌കൂളും ആരംഭിച്ചു. ക്രിസ്തീയ പ്രവര്‍ത്തകരുടെ അശ്രാന്തവും സമര്‍പ്പിതവുമായ പരിശ്രമങ്ങള്‍ സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങളുടെ തെളിവുകളി ലൊന്നാണ് രെഹബോത്ത്. നാഗലിനു ശേഷം മിസ് സംഗ്രാന്‍, മിസ് വാലസ്, മിസ്റ്റര്‍ ഡേവിസ് എന്നിവര്‍ പല കാലങ്ങളില്‍ ശാലയുടെ നേതൃത്വം വഹിച്ചു. ഇപ്പോള്‍ 86 കാരിയായ മിസ്. ഫിലിസ് നയോമി ട്രഷറും. വിവിധ കുടുംബങ്ങളില്‍ ജനിച്ച കുഞ്ഞുങ്ങള്‍ ദൈവസ്നേഹത്താല്‍ ഒരു കുടുംബമായി മാറുന്ന ജാലവിദ്യ രെഹബോത്തിന്റെ മനോഹാരിതയാണ്. അവരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റപ്പെടുന്നുണ്ടെന്നു ഉറപ്പു വരുത്തിക്കൊണ്ട് പൂര്‍ണ്ണ സമയം മമ്മി കുട്ടികളുടെ കൂടെ തന്നെ ഉണ്ട്. 2002 ലാണ് മമ്മിയുടെ സഹായത്തിനായി, രെഹോബോത്തിന്റെ മുന്‍ ചുമതലക്കാരിലൊരാളായ സംഗ്രാന്‍ മിസിയുടെ സഹോദരപുത്രി സാറാ സിംസണ്‍ രെഹബോത്തില്‍ എത്തിയത്. മമ്മിയെ പോലെ തന്നെ മറ്റുള്ളവര്‍ക്ക് സഹായ ഹസ്തമാകണമെന്ന പ്രാര്‍ത്ഥനയ്ക്ക് മറുപടിയായാണ് സാറയ്ക്കു രെഹബോത്തിലേക്കുള്ള വാതില്‍ ദൈവം തുറക്കുന്നത്.

”2002 ഒക്ടോബറില്‍ ആറു മാസത്തെ സന്ദര്‍ശനത്തിനായി ആണ് ഞാന്‍ രെഹബോത്തില്‍ എത്തുന്നത്,” സാറ തന്റെ കേരളത്തിലേക്കുള്ള വരവിനെപ്പറ്റി ക്രിസ്തീയ സോദരിയോട് സംസാരിച്ചു. ”ന്യൂസിലാന്‍ഡില്‍ മൂന്നു വര്‍ഷം സിവില്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്തു. അവിടെ നിന്നും മറ്റേതെങ്കിലും രാജ്യത്തു പോകണമെന്നും അവിടെയുള്ളവര്‍ക്കു സഹായകരമായ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവും ഉണ്ടണ്ടായിരുന്നു. അങ്ങനെ ഞാന്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ഒടുവില്‍ ഇന്ത്യയില്‍ എത്തുകയും ചെയ്തു. രെഹബോത്തില്‍ എത്തി അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ വീക്ഷിച്ചു. മാനുഷിക കരുതല്‍ നല്‍കുവാനുള്ള മനോഹരമായ ഒരു വയലാണിതെന്നു എനിക്ക് മനസ്സിലായി. ഇവിടെ ഒരു വോളന്റീയറായി പ്രവര്‍ത്തിക്കാന്‍ എന്റെ മനസ്സില്‍ ശക്തമായ പ്രേരണയുണ്ടണ്ടായി. അങ്ങനെയാണ് ഞാന്‍ ഇവിടെ തുടരാന്‍ തീരുമാനിച്ചത്,” സാറ പറയുന്നു.

രെഹബോത്തിലെ ദിനചര്യ?

കുട്ടികള്‍ രാവിലെ എഴുന്നേറ്റാലുടനെ പ്രാര്‍ത്ഥനയും മെഡിറ്റേഷനുമാണ്. പിന്നെ പതിവ് ദിനകൃത്യങ്ങളും ചായയും, തുടര്‍ന്ന് പഠനവും ആഹാരവും. കോവിഡ് കാലത്ത് രാവിലെ എട്ടുമണി മുതല്‍ അവര്‍ക്കു ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും.

ഇപ്പോഴത്തെ രെഹബോത്ത്?

ഇവിടെ ഇരുനൂറിലധികം കുട്ടികളുണ്ടണ്ടായിരുന്നെങ്കിലും ഗവണ്‍മെന്റിന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം അന്യസംസ്ഥാനങ്ങളിലെ കുട്ടികളെ തിരികെ വിടേണ്ടണ്ടി വന്നു. ഇപ്പോള്‍ 70 പേര്‍ മാത്രമാണുള്ളത്.

ആര്‍ക്കും സമയഭേദമന്യേ ഞങ്ങളുടെ സമീപത്തെത്താം. അവര്‍ക്കു വേണ്ടത് ഒരു ആശ്വാസവാക്കായിരിക്കും, ചിലപ്പോള്‍ ഒരു തലോടല്‍. മമ്മിയുടെ ചിരിയും ‘ഷുഗമാനോ’ എന്ന ചോദ്യവും കേള്‍ക്കാനായി ഇവര്‍ കാതോര്‍ത്തിരിക്കും. കുട്ടികളുടെ വിവാഹശേഷവും അവരുമായുള്ള ബന്ധം തുടര്‍ന്ന് പോകാന്‍ ശ്രമിക്കാറുണ്ടണ്ട്. ചില മാസങ്ങള്‍ക്കു മുന്‍പ് ഒരു മകള്‍ പ്രസവത്തിനായി ഇവിടെ വന്നു, ഇപ്പോള്‍ കുഞ്ഞുമായി സന്തോഷമായി കഴിയുന്നു. മക്കളുടെ തിരികെ വരവ് ഇവിടെ ഒരു ആഘോഷമാണ്. പഠനവും വിവാഹവും ഒക്കെ കഴിഞ്ഞ് ഇന്ത്യയിലും വിദേശങ്ങളിലുമായി അനേകം പേര്‍ നല്ല നിലയില്‍ കഴിയുന്നു. നിയമജ്ഞരും ഡോക്ടര്‍മാരും ബി. എസ്. സി നഴ്സുമാരുമൊക്കെ അക്കൂട്ടത്തിലുണ്ട്.

മറക്കാനാവാത്ത രെഹബോത്ത് അനുഭവങ്ങള്‍?

വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഞങ്ങളെല്ലാവരും കൂടെ ആലപ്പുഴയ്ക്ക് ഉല്ലാസയാത്ര പോയി, കുട്ടികളെല്ലാവരുമൊന്നിച്ചുള്ള ആ യാത്ര ഏറെ സന്തോഷം നല്‍കുന്നതായിരുന്നു. എന്നാല്‍ ബോട്ട് സവാരിക്കിടയില്‍ പെട്ടന്ന് ശക്തമായ കാറ്റുണ്ടായി. ബോട്ട് മുങ്ങുമെന്നും ഞങ്ങളുടെ ജീവന്‍ അപകടത്തിലാകുമെന്നും ഉറപ്പായി. 75 കുട്ടികള്‍, മമ്മിയും പിന്നെ ഞാനും. എങ്ങനെ രക്ഷപ്പെടുമെന്ന് ആര്‍ക്കും ഒരു അറിവുമില്ലായിരുന്നു. ദൈവത്തോട് അപേക്ഷിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ല. കുട്ടികളെല്ലാവരും ഒരേ സ്വരത്തില്‍ ഉച്ചത്തില്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു. വേമ്പനാട്ടു കായലില്‍ ഉയര്‍ന്ന പ്രാര്‍ത്ഥന സ്വരം ആകാശത്തേക്കുയര്‍ന്നു പൊന്തി. ദൈവം അവരുടെ പ്രാര്‍ത്ഥന കേട്ടു. ഗലീലകടലിലെ സംഭവം ആവര്‍ത്തിച്ചു. അല്പനിമിഷങ്ങള്‍ക്കിടയില്‍ കാറ്റു ശാന്തമായി. തിരയടങ്ങി. ആര്‍ക്കും ഒരു പരിക്കും പറ്റാതെ രക്ഷപെട്ടു. പിറ്റേന്ന് രെഹബോത്തില്‍ ഞങ്ങളെ സന്ദര്‍ശിക്കാനെത്തിയ ബോട്ടിന്റെ ഡ്രൈവര്‍ ഞങ്ങളോട് പറഞ്ഞതിങ്ങനെ, ”നിങ്ങളുടെ ദൈവം പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവമാണ്.” ദൈവത്തിന്റെ കരുതലിന്‍ കരങ്ങളാല്‍ ഞങ്ങള്‍ എപ്പോഴും ചുറ്റപ്പെട്ടിരിക്കുകയാണെന്ന ബോധ്യം ഉറപ്പിക്കുന്നതായിരുന്നു ആ സന്ദര്‍ഭം.

സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ നേരിടാറുണ്ടോ?

‘ദൈവം കരുതികൊള്ളും’ എന്ന വാക്കുകള്‍ അര്‍ത്ഥവത്താക്കുന്നതാണ് രെഹബോത്തിലെ ഓരോ ദിനവും. ഇല്ലായ്മയുടെ മധ്യത്തിലും രെഹോബോത്തിലെ ആവശ്യങ്ങള്‍ കൃത്യമായി നടക്കാറുണ്ട്. വരവ് ചെലവ് കണക്കുകള്‍ എഴുതിക്കൊണ്ടിരുന്ന ഗബ്രിയേല്‍ ഒരിക്കല്‍ പറഞ്ഞു; ഓരോ ദിവസവും ഇവിടെ അനേകായിരം രൂപയുടെ ആവശ്യമുണ്ട്. എന്നാല്‍ തലേന്ന് വൈകിട്ട് കണക്ക് ക്ലോസ് ചെയ്യുമ്പോള്‍ മിക്കപ്പോഴും ബാലന്‍സ് പൂജ്യം ആയിരിക്കും. എന്നാല്‍ പിറ്റേന്ന് ആവശ്യങ്ങള്‍ക്ക് കൃത്യമായി എവിടെ നിന്നെന്നു അറിയാതെവണ്ണം കാര്യങ്ങളെല്ലാം സാധിക്കും.

ന്യൂസിലാന്‍ഡില്‍ നിന്ന് കേരളത്തിലേക്കുള്ള പറിച്ചുനടല്‍ എത്രത്തോളം ബുദ്ധിമുട്ടുളവാക്കുന്നതായിരുന്നു?

മമ്മി നേരിട്ട ബുദ്ധിമുട്ടുകളുടെ അംശത്തിലൊന്നു പോലും ഞാന്‍ അനുഭവിച്ചിട്ടില്ല, സംസ്‌കാരം മുതല്‍ ആഹാരം വരെ എല്ലാം മമ്മിക്ക് വലിയ വെല്ലുവിളികളായിരുന്നു. സ്പൂണും ഫോര്‍ക്കും മാത്രം ഉപയോഗിച്ച് ആഹാരം കഴിച്ച് ശീലിച്ച അവര്‍ക്കു ഇവിടുത്തെ ആളുകള്‍ കൈകൊണ്ട് ആഹാരം കഴിക്കുന്നത് ആദ്യമൊക്കെ പിന്‍തുടരുവാന്‍ ബുദ്ധിമുട്ടായിരുന്നു. അന്നത്തെ കാലത്തു സൗകര്യങ്ങളും കുറവായിരുന്നല്ലോ. കറന്റു കണക്ഷന്‍ ഇല്ല, ടാപ്പ് ഇല്ല, പമ്പ് ഇല്ല, ടോയ്ലറ്റ് എന്ന് പറയുന്നത് പുറം പറമ്പിലെ വലിയ കുഴികള്‍ ആയിരുന്നു. എല്ലാ ആവശ്യങ്ങള്‍ക്കും കൈകൊണ്ട് വെള്ളം കോരണം, ന്യൂസിലാന്റിലേക്കു ഒന്ന് ഫോണ്‍ വിളിക്കുവാന്‍ 200 കിലോമീറ്ററുകള്‍ താണ്ടി ഊട്ടി വരെ പോകേണ്ടി വന്നു. എന്നാല്‍ ഞാന്‍ വന്നപ്പോഴേക്കും സൗകര്യങ്ങള്‍ വര്‍ദ്ധിച്ചു. സാധനങ്ങള്‍ എല്ലാം ലഭ്യമായിത്തുടങ്ങി.

പുതിയൊരു സംസ്‌കാരത്തെ മനസ്സിലാക്കുകയും അതുമായി ഇഴുകി ചേരുകയുമായിരുന്നു എന്റെ മുന്‍പില്‍ ഉണ്ടണ്ടായിരുന്ന ആദ്യത്തെ പ്രതിബന്ധം. ഒപ്പം മലയാളം എന്ന ഭാഷ പരിചിതമാക്കലും. കുട്ടികളുടെ തലയാട്ടലുകള്‍ ‘യെസ്’ ആണോ ‘നോ’ എന്നാണോ അര്‍ത്ഥമാക്കുന്നതെന്നു എനിക്കെന്നും സംശയമായിരുന്നു. എന്നാല്‍ മമ്മിയുടെ സഹായവും മാര്‍ഗ്ഗനിര്‍ദേശങ്ങളുമുണ്ടായിരുന്നതിനാല്‍ അതിനെയൊക്കെ ഒരു പരിധിവരെ അതിജീവിക്കാന്‍ എനിക്ക് സാധിച്ചു. ഒപ്പം കുഞ്ഞുങ്ങളോടൊപ്പമുള്ള സഹവാസം ഇത്തരം പ്രശ്നങ്ങളെ തരണം ചെയ്യുവാന്‍ സഹായിച്ചു. പ്രശ്നങ്ങളെ അതിജീവിക്കാനുള്ള കൃപയും അവിടുന്ന് ദൈവം നല്‍കും എന്നെനിക്കുറപ്പുണ്ട്. സാറയുടെ വാക്കുകളില്‍ തികഞ്ഞ ദൈവാശ്രയം നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. രെഹബോത്തില്‍ ഞാന്‍ ഇരുന്ന മുറിയില്‍ ഇടിവെട്ടി എന്റെ കമ്പ്യൂട്ടറും ഫോണുമെല്ലാം കേടായപ്പോഴും എനിക്ക് പരിക്കൊന്നും പറ്റാതിരുന്നതും ദൈവിക പരിപാലനത്തിന്റെ മറ്റൊരു അനുഭവമായിരുന്നു.

മമ്മിയില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ എന്തൊക്കെയാണ്?

മഹത്തായ കാഴ്ചപ്പാടുള്ള വനിതയാണ് മമ്മി. ദൈവത്തിന്റെ കരുതലില്‍ അടിയുറച്ച വിശ്വാസം മമ്മിക്കുണ്ട്. ഒരു പ്രശ്നം വന്നാല്‍ അത് വളരെ നിസ്സാരമാണെങ്കില്‍ പോലും ദൈവത്തില്‍ ആശ്രയിച്ച് മുന്നോട്ടു പോകാനും പരിഹാരം കണ്ടെത്താനും ഞങ്ങളെ എല്ലാവരെയും പഠിപ്പിച്ചിട്ടുണ്ട്. ദൈവം നടത്തിക്കൊള്ളും എന്ന ജീവിത പാഠത്തില്‍ അടിയുറച്ചാണ് ഞങ്ങള്‍ മുന്നോട്ടു പോകുന്നത്.

എന്താണ് സാറയുടെ ഭാവി പരിപാടികള്‍?

ഞാനിവിടെ 5 വര്‍ഷത്തിനായാണ് വന്നത്. അതിങ്ങനെ നീണ്ടു നീണ്ടു ഇത്രയും വര്‍ഷങ്ങളായി…. എന്നെ പറ്റിയുള്ള ദൈവത്തിന്റെ ഉദ്ദേശം എന്താണോ അത് പോലെ മുന്നോട്ടു നടത്താനായി ഞാനും പ്രാര്‍ത്ഥിക്കുകയാണ്.

മമ്മിയുടെ ഓര്‍മ്മകളിലേക്ക്…….

ഇന്ത്യയില്‍ വന്നതിനുശേഷം പലപ്പോഴും രോഗബാധിതയായെന്നു കേട്ടിട്ടുണ്ട്. അതിനെ എങ്ങനെയാണു തരണം ചെയ്തത്? തിരികെ നാട്ടില്‍ പോകണമെന്ന് തോന്നിയോ?

ചിന്തിച്ചിട്ടില്ല. ദൈവമാണെന്നെ ഇന്ത്യയിലേക്ക് വിളിച്ചതെന്ന പൂര്‍ണ്ണ ബോധ്യം എനിക്കുണ്ടായിരുന്നു. അതിനാല്‍ ഞാന്‍ ഇന്ത്യയില്‍ മരിക്കാന്‍ തയ്യാറായിരുന്നു, ഒരു ഘട്ടത്തില്‍ ന്യൂസിലാന്റിലേക്ക് മടങ്ങാന്‍ ഡോക്ടര്‍മാര്‍ ഉപദേശിക്കുകയും പിതാവ് മടക്ക ടിക്കറ്റ് ക്രമീകരിക്കുകയും ചെയ്തിരുന്നു. മിസ് വാലസിനെ സഹായിക്കാന്‍ വന്നിട്ട് എന്റെ നിരന്തരമായുള്ള അസുഖങ്ങള്‍ മൂലം ഞാന്‍ അവര്‍ക്കൊരു ബുദ്ധിമുട്ടായി മാറിയല്ലോ എന്ന ചിന്ത ഉണ്ടായി. അത് ശരിയാണ്. പക്ഷെ തിരിച്ചൊരു പോക്കിനെ പറ്റി ഞാന്‍ ചിന്തിച്ചിട്ടേയില്ല.

ദൈവിക കരുതല്‍ അനുഭവിച്ച അനുഭവങ്ങള്‍?

ധാരാളമുണ്ടണ്ട്. ഒരു സംഭവം പറയാം. ഞങ്ങള്‍ക്ക് ബ്രഡ് കെണ്ടാണ്ടു വരുന്നയാള്‍ വൈകിട്ട് പണം വാങ്ങാന്‍ വന്നു. അദ്ദേഹം നടന്നു വരുന്നത് ഞങ്ങള്‍ ജനാലയിലൂടെ കണ്ടു. എന്ത് ചെയ്യാന്‍ ഒരു ചില്ലി കാശു പോലും കയ്യിലില്ല. 1500 രൂപയാണ് അദ്ദേഹത്തിന് നല്‍കേണ്ടണ്ടത്. അദ്ദേഹം നടന്നു ഓഫീസിനു സമീപം എത്താറായി. എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങളെല്ലാം പരിഭ്രാന്തരായി. സഹായം വരുന്ന പര്‍വ്വതത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്തുവാന്‍ ഞാന്‍ കുട്ടികളോട് ആവശ്യപ്പെട്ടു. അപ്പോഴതാ വാതിലില്‍ ഒരു മുട്ട്. വാതില്‍ തുറന്നപ്പോള്‍ അപരിചിതയായ ഒരു സ്ത്രീ മുന്‍പില്‍ നില്‍ക്കുന്നു. ”രെഹബോത്തിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ത്തൊട്ടു വരാന്‍ ആഗ്രഹിക്കുന്നതാണ്, നിങ്ങള്‍ സംഭാവന സ്വീകരിക്കുമോ?” അവര്‍ ചോദിച്ചു. ആ സമയത്തു ആ ചോദ്യം ഞങ്ങള്‍ക്ക് എത്ര വിലപ്പെട്ടതായിരുന്നു എന്നറിയാമോ? 2000 രൂപ നല്‍കിയാണ് അവര്‍ അവിടെ നിന്ന് പോയത്. ഞങ്ങളുടെ ഓരോ ആവശ്യവും ദൈവം ഇതുപോലെ ഓരോ അത്ഭുതങ്ങളിലൂടെ നടത്തിത്തരും. അതാണ് രെഹബോത്തിന്റെ ഇതുവരെയുള്ള ചരിത്രം.

രെഹോബോത്ത് ജീവിതത്തിന്റെ 63 സംവത്സരങ്ങള്‍… തിരിഞ്ഞുനോക്കുമ്പോള്‍ എന്ത് തോന്നുന്നു ?

ഐ ആം പ്രിവിലേജ്ഡ്. എനിക്ക് മുന്‍പ് ഈ സ്ഥാപനം നടത്തികൊണ്ട് പോയവര്‍ പണിത അടിസ്ഥാനത്തിന്മേല്‍ ആണ് ഞാന്‍ തുടങ്ങിയത്. ദൈവത്തോടൊപ്പം പ്രാര്‍ത്ഥനയില്‍ അനേകം മണിക്കൂറുകള്‍ ചിലവഴിച്ചവരായിരുന്നു അവരൊക്കെയും. ദൈവം എനിക്ക് എന്നും നല്ലവനും ക്ഷമയും സഹിഷ്ണുതയും ഉള്ളവനുമാണ്, എന്നോടുള്ള അവന്റെ കൃപ അതിശയകരമാണ്, രെഹബോത്തിനോടുള്ള അവന്റെ കരുതലും അത്ഭുതകരമാണ്! കര്‍ത്താവിന്റെ ജനത്തിന്റെ സ്നേഹവും സമൂഹത്തിന്റെ പ്രാര്‍ത്ഥനാപൂര്‍വ മായ പിന്തുണയും ഭൗതിക കൂട്ടായ്മയും ഇല്ലാതെ എനിക്ക് എന്ത് കഴിയും? ഈ കഴിഞ്ഞ കാലമത്രയും അനേകര്‍ എനിക്കായി പ്രാര്‍ത്ഥിക്കുന്നു. ചിലര്‍ ദിവസത്തില്‍ രണ്ടണ്ടു തവണ… ചിലര്‍ മൂന്ന് തവണ.. ഇതിനിടെ 60 കുട്ടികളുടെ വിവാഹം രെഹബോത്തില്‍ നടന്നു. ദൈവം ഞങ്ങളുടെ നിത്യ പിതാവായി ഉള്ളത് കൊണ്ടാണ് ഇതൊക്കെയും നടക്കുന്നത്.

നെല്ലിക്കുന്നില്‍ എത്തിയാല്‍, അവിടെ കൈപ്പില്ല, മധുരം മാത്രം, സ്നേഹത്തിന്റെ ഇരട്ടി മധുരം..

ദൈവം ഒരുക്കിയ മുറി

Nellikkunnile Amma Maram(Veda Catherine Koshy)

ദൈവം നമുക്കായി മുറി ഒരുക്കിയിരിക്കുന്നു എന്നാണ് രെഹോബോത്ത് എന്ന ഹീബ്രു പദത്തിന്റെ അര്‍ത്ഥം. ഇവിടെ ദൈവം എല്ലാവര്‍ക്കും മുറി ഒരുക്കിയിരിക്കുന്നു. എല്ലാവരും അവനു വിലപ്പെട്ടവരും ആണ്.

സര്‍പ്രൈസ്

Nellikkunnile Amma Maram(Veda Catherine Koshy)

ഇന്ത്യയില്‍ എത്തിയതിന്റെ അറുപതാം വാര്‍ഷികത്തില്‍ മമ്മി മൈലപ്രയില്‍ എത്തിയിരുന്നു. സഭയില്‍ വിശദമായി സാക്ഷ്യം പറഞ്ഞു. തുടര്‍ന്ന് വീട്ടില്‍ ഉച്ചഭക്ഷണം. അത് കഴിഞ്ഞു മമ്മിക്ക് ഒരു സര്‍പ്രൈസ്.

അറുപതാം വാര്‍ഷിക സ്മരണയ്ക്ക് വേണ്ടണ്ടി… ഒരു കേക്ക് കട്ടിങ്… മമ്മി അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അവര്‍ വല്ലാതെ വികാരാധീനയായി. ന്യൂസിലാന്‍ഡില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ച ആ ഇരുപത്തിമൂന്നുകാരിയായി അന്നത്തെ യാത്രയെപ്പറ്റി വിശദീകരിച്ചു. ഇത് താന്‍ ഒരിക്കലും മറക്കില്ല എന്ന് പറഞ്ഞിട്ടാണ് അന്ന് തിരികെ തൃശ്ശൂര്‍ക്ക് പോയത്.

Written by

Veda Catherine George

Journalist