നീക്കുപോക്കു കാണാന്‍ കഴിയാത്ത പ്രതിസന്ധിയില്‍ കൂടിയാണ് ലോകം മുമ്പോട്ട് പോകുന്നത്. കഷ്ടതയും പ്രതികൂല സാഹചര്യങ്ങളും എങ്ങനെ അനുകൂലമാക്കാം എന്നതാണ് നമ്മുടെ വിജയം. നമ്മുടെ ജീവിതത്തില്‍ എന്തു സംഭവിക്കുന്നു എന്നല്ല, അതിനെ എങ്ങനെ പ്രയോജനമാക്കാം എന്നതാണ് പ്രധാനം.

ജീവിതത്തില്‍ നേരിടുന്നതെല്ലാം സഹിക്കുക എന്ന തത്വത്തില്‍ വിശ്വസിക്കുന്നവരല്ല മനുഷ്യര്‍. ദൈവം നമുക്ക് നല്‍കിയിട്ടുളള ഇച്ഛാശക്തി ഉപയോഗിച്ച് എല്ലാ വേദനകളും മറികടക്കാന്‍ സാധിക്കുമെന്ന് ദൃഢവിശ്വാസമുള്ളവരാണ് നാം. ഒരു വ്യക്തിയുടെ യോഗ്യത എന്ന് പറയുന്നത് ബിരുദാനന്തര ബിരുദങ്ങളോ കോടികളുടെ ആസ്തിയോ ആരെയും മയക്കുന്ന സൗന്ദര്യമോ അല്ല. മറിച്ച് ആ വ്യക്തിയുടെ നല്ല മനസ്സും, നല്ല ചിന്തയും, നല്ല പ്രവൃത്തികളുമാണ്.
ഇന്ന് യാതൊരു പരപ്രേരണയും കൂടാതെ സാമൂഹ്യ സേവനം ചെയ്യുന്ന പല പ്രസ്ഥാനങ്ങളും ഉണ്ട്. ആവശ്യങ്ങളുടെ നടുവിലാണ് നാം ഇന്നു ജീവിക്കുന്നത്. നാം ചെയ്യുന്ന എല്ലാ പ്രവൃത്തികളും നമുക്ക് വേണ്ടി മാത്രമല്ല മറ്റുള്ളവരുടെ നന്മയ്ക്കും കൂടിയാണ് ചെയ്യുന്നത് എന്ന് നാം മറക്കരുത്. ‘എനിക്ക് എന്ത് കിട്ടും’ എന്നതാണ് മിക്കവാറും എല്ലാ മനുഷ്യരും ചിന്തിക്കുന്നത്. നമ്മുടെ കച്ചവടമനോഭാവത്തില്‍ നിന്നത്രേ ഇങ്ങനെയുള്ള പ്രേരണ ഉണ്ടാകാറുള്ളത്. ‘എനിക്ക് എന്ത് കൊടുക്കാന്‍ കഴിയും’ എന്നുള്ളത് നമ്മുടെ എല്ലാ പ്രവൃത്തികളുടെയും പിന്നിലുള്ള പ്രേരണയായി തീരുമ്പോള്‍ മാത്രമേ നമ്മുടെ ജീവിതം ധന്യമായി തീരുകയുള്ളു. പലപ്പോഴും മറ്റുള്ളവരുടെ ചിന്തയില്‍ ഇത് അപ്രായോഗികമാണ് എന്നുള്ള നിലപാടാണ് ഉള്ളത്. അതുകൊണ്ട് തന്നെ അധ്യാപക പ്രവൃത്തിയും ഓഫീസ് പണിയുമെല്ലാം തന്നെ ഇന്നു കച്ചവടമായി തീരുന്നത്.
രാഷ്ട്രീയമായും സാമുദായികമായും മതപരവുമായ രംഗങ്ങളില്‍ ഉന്നതന്മാരായി ജീവിച്ചിരുന്ന പലരും അന്തരിക്കുമ്പോള്‍ അവരുടെ മരണ വാര്‍ത്ത വലിയ തലക്കെട്ടോടുകൂടി ഒന്നാം പേജില്‍ തന്നെ വരുന്നത് നമുക്ക് കാണാം. അവരുടെ ജീവചരിത്രം, അനുശോചന സന്ദേശങ്ങള്‍ മുതലായവ അവരുടെ മരണവാര്‍ത്തയോടൊപ്പം ചേര്‍ക്കാന്‍ മറക്കാറില്ല. എന്നാല്‍ ഇങ്ങനെയുള്ള പലരെയും ലോകം എത്ര വേഗമാണ് മറന്നു പോകുക.! അത് എന്ത് കൊണ്ട് എന്നത് നമ്മുടെ മുമ്പില്‍ ഒരു ചോദ്യ ചിഹ്നമായി നില്ക്കുന്നു.
സ്വാര്‍ത്ഥ താല്പര്യത്തിനുവേണ്ടിയും സ്വന്തം പേരിനും പ്രശസ്തിക്കും വേണ്ടിയും എന്തെല്ലാം നല്ല കാര്യങ്ങള്‍ ചെയ്താലും നമ്മുടെ ജീവിതം മറ്റുള്ളവരില്‍ സ്വാധീനം ചെലുത്തിയില്ലെങ്കില്‍ നാം വളരെ വേഗം മറന്ന് പോകും. മറ്റുള്ളവരെ നന്മയിലേക്ക് നയിക്കാത്ത ജീവിതം എത്ര തന്നെ ശോഭയോട് കൂടി എരിഞ്ഞു പ്രകാശിച്ചാലും അങ്ങനെയുള്ളവര്‍ അന്തരിക്കുന്നതോട് കൂടി അവര്‍ പരത്തിയ പ്രകാശം അണഞ്ഞുപോകും..
നമ്മുടെ എല്ലാ പ്രവര്‍ത്തികളും, ഒരു പുഞ്ചിരി പോലും മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി ഉള്ളതായിരിക്കണം. കിട്ടാനുള്ളത് കണക്കു പറഞ്ഞ് വാങ്ങാത്തവര്‍ വിഡ്ഢികള്‍ ആണെന്നുള്ള തത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അര്‍പ്പണ മനോഭാവത്തോടുകൂടി, നമ്മുടെ എല്ലാ പ്രവര്‍ത്തികളും മനുഷ്യരുടെ നന്മയ്ക്ക് വേണ്ടി ചെയ്യണമെന്ന് പറയുന്നത് കേവലം അപ്രായോഗികമായി മാത്രമേ തോന്നൂ. പ്രതിഫലം ഇച്ഛിക്കാതെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും ആത്മാര്‍ത്ഥതയോടും തന്റെ ജോലി ചെയ്യാന്‍ കഴിയും. ഇങ്ങനെയുള്ളവരെ ലോകം വിഡ്ഢികള്‍ എന്ന് വിളിച്ചേക്കാം. പക്ഷെ ഈ വിഡ്ഢികളെയാണ് ദൈവം ഏറ്റവും ഇഷ്ട്ടപെടുന്നത്.
മറ്റുള്ളവരുടെ നന്മയില്‍ സന്തോഷിക്കുവാനും മറ്റുള്ളവരി ലേയ്ക്ക് നന്മ പകരുവാനുമുള്ളതാണ് നമ്മുടെ ജീവിതം. നമുക്ക് ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയുമെന്ന് നാം വിശ്വസിക്കുന്നതിനേക്കാള്‍ കൂടുതലൊന്നും നമുക്കു ചെയ്യാന്‍ കഴിയില്ല. നമ്മുടെ ശക്തിയെ ഉറപ്പിക്കുന്നത് നമ്മുടെ കഴിവിലുള്ള ഉറച്ച വിശ്വാസമാണ്. നമ്മുടെ ജീവിതത്തിലെ പ്രതിസന്ധിയില്‍ നി രാശപെടേണ്ട, എന്നാല്‍ നമ്മുടെ വിശ്വാസത്തിനും ശുഭകരമായ ചിന്തകള്‍ക്കും ജീവിതത്തിലെ പ്രതിസന്ധികള്‍ക്ക് മീതെ പറന്നുയരാന്‍ കഴിയും. പ്രതിഫലേച്ഛ കൂടാതെ നന്മ ചെയ്യാം. ഈ പ്രതിസന്ധിയല്ലാം മറികടക്കും. നമുക്കും നന്മയുടെ നിറകുടമായി ലോകത്തിനു ഒരു മാതൃകയായിത്തീരാം.
[ഡോ. ഗ്രെയ്സ് ജോൺസൺ]