കുട്ടികൾക്കിടയിലെ മൊബൈൽ ഫോണുകളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന അപകടങ്ങളുടെ ശൃംഖല നീളുകയാണ്. മഹാമാരിയുടെ കാലത്ത് മാറ്റി നിർത്താൻ കഴിയാത്തവയായിരുന്നു ഇന്റെർനറ്റും മൊബൈൽ ഫോണും കംപ്യൂട്ടറുമെല്ലാം. നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ ഇന്റെർനെറ്റിലൂടെ പുതിയ ലോകം കണ്ടെത്തുകയാണ് ആധുനിക തലമുറ. മൊബൈലിന്റെ ഉപയോഗം കൂടിയതിലൂടെ തങ്ങളുടെ ലക്ഷ്യത്തിൽ നിന്നും വഴി മാറി സഞ്ചരിക്കുന്ന കുട്ടികൾ ഓൺലൈൻ ഗെയിമുകൾക്കും മ്യൂസിക് ബാൻഡുകൾക്കും അടിമകളാവുകയും ഏറെ സമയം ഇന്റെർനെറ്റിൽ സമയം ചെലവഴിക്കുകയും അനാവശ്യ സൈറ്റുകൾ സന്ദർശിക്കുന്നതിൽ സമയം കണ്ടെത്തുകയും ചെയ്യുന്നു. ഓൺ ലൈൻ മാറി ഓഫ് ലൈനായതോടെ കുട്ടികളുടെ മാനസികനില തന്നെ മാറിയിരിക്കുന്നു എന്നു പറയാം. യഥാർത്ഥ ജീവിതത്തിലെ ഇടപെടലുകളിലും സന്തോഷങ്ങളിലും സമ്പർക്കങ്ങളിലും നിന്നെല്ലാം അകന്നുമാറി നടക്കുവാൻ അവർ ഇഷ്ടപ്പെടുന്നു.

Click on the image to read the full news

(വാർത്ത പൂർണരൂപത്തിൽ വായിക്കുവാൻ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക)

ഓൺലൈൻ ക്ലാസ്സുകൾ ഓഫ് ലൈനായതോടെ കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ അനിവാര്യമാണ്. എനിക്ക് പഠനത്തിൽ ശ്രദ്ധിക്കാനാകുന്നില്ല, കൂട്ടുകാരാരുമില്ല, ഞാൻ മൊബൈൽ ഫോണിന് അടിമയായിപ്പോയി… പത്താം ക്ലാസ്സിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ പ്ലെസ് വൺ വിദ്യാർത്ഥിനിയുടെ ആറു പേജുള്ള ആത്മഹത്യാക്കുറിപ്പിൽ വായിച്ചെടുത്ത വാക്കുകളാണിവ. കുട്ടികളിൽ ഒഴിച്ചു കൂടാൻ കഴിയാത്തവിധം ഡിജിറ്റൽ – അഡിക്ഷൻ കൂടിക്കൊണ്ടിരിക്കുകയാണ്.

കുട്ടികൾ അകപ്പെട്ടിരിക്കുന്ന ദുരന്തത്തിൽ നിന്നും അവരെ രക്ഷിക്കുവാൻ വേണ്ട എല്ലാ ശ്രമങ്ങളും നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാകണം. ഇല്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നാം നേരിടേണ്ടി വരും. കുട്ടികൾ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് മാതാപിതാക്കൾക്ക് തിരിച്ചറിവുണ്ടാകണം. അവർ ഉപയോഗിക്കുന്ന ഫോണുകളെക്കുറിച്ചും അവർ സെർച്ച് ചെയ്യുന്ന വൈബ്സൈറ്റുകളെക്കുറിച്ചും അവർ ചെന്നെത്താവുന്ന എല്ലാ മേഖലകളെക്കുറിച്ചും മാതാപിതാക്കൾക്ക് വ്യക്തമായ അറിവുണ്ടായിരിക്കണം.

ഇന്റെർനെറ്റ് പൂർണ്ണമായും ഒഴിവാക്കാനാവില്ല. അതുകൊണ്ട് വളരെ ശ്രദ്ധയോടെ ഈ വിഷയം കൈകാര്യം ചെയ്യേണ്ടതാണ്. ഓൺലൈൻ പൂർണ്ണമായും അപകടമല്ല, അത് അവഗണിക്കാനും കഴിയില്ല. അതിനാൽ സ്വയം നി‌യന്ത്രണത്തോടെ ഇന്റെർനെറ്റ് ഉപയോഗിക്കുവാൻ നമ്മുടെ കുട്ടികളെ ശീലിപ്പിക്കാം

Maranam Viralthumbil/Editorial(Lovely George)