രണ്ടു പെണ്‍മക്കളില്‍ മൂത്തവളായിരുന്നു ലേയ. വീട്ടിലെ ആദ്യത്തെ വിവാഹം നടക്കുകയാണ്. സ്ഥലത്തെ ജനങ്ങളെയെല്ലാം ഒന്നിച്ചുകൂട്ടി വിരുന്നു നല്കി ആര്‍ഭാടമായിട്ടായിരുന്നു വിവാഹം.

Leya / Bible Charector(Juli Kunjumon)

എന്നാല്‍ അന്നത്തെ യഥാര്‍ത്ഥ വധുവിന് വിവാഹദിനം സന്തോഷത്തിന്റെ ദിവസം ആയിരുന്നില്ല. കാരണം, ഇത് അനുജത്തിയുടെ വിവാഹമാണെന്നല്ലേ എല്ലാവരോടും പറഞ്ഞിരിക്കുന്നത്. മാത്രമല്ല, സുന്ദരിയും മനോഹരരൂപി ണിയുമായ അനുജത്തിയോട് വരനുള്ള തീവ്രമായ സ്നേഹത്തെപ്പറ്റി ആരും പറഞ്ഞറിയിക്കേണ്ട കാര്യമില്ല, ചില വര്‍ഷങ്ങളായി അയാള്‍ ഇവിടെ ഉണ്ടല്ലോ. ഈ വര്‍ഷമത്രയും ഇവിടെ താമസിച്ച് അപ്പന്റെ ആടുകളെ മേയ്ച്ച് കഷ്ടപ്പെട്ടത് തന്റെ സുന്ദരിയായ അനുജത്തിയെ സ്വന്തമാക്കാനാണെന്ന് നാട്ടാര്‍ക്കെല്ലാം അറിവുള്ളതാണ്. അനുജത്തിയുടെ വിവാഹമാണെന്നു വരുത്തിത്തീര്‍ത്ത് അപ്പന്‍ വിരുന്നു നടത്തി സന്തോഷിച്ചിട്ട് ഒരിക്കലും തന്നെ സ്നേഹിച്ചിട്ടില്ലാത്ത വരന്റെ ഏകാന്തതയിലേക്ക് ഇരുട്ടിന്റെ മറവില്‍ പ്രവേശിക്കാന്‍ ഒരിക്കലും ലേയ ആഗ്രഹിച്ചിട്ടുണ്ടാവില്ല. അവളുടെ കണ്ണിനു ശോഭ കുറവല്ലേ? സൗന്ദര്യവും രൂപസൗകുമാര്യവും ഉള്ളവരെ സ്നേഹിക്കാന്‍ ആളുകള്‍ ഉണ്ടെങ്കിലും സൗന്ദര്യം കുറഞ്ഞതിന്റെ പേരില്‍ അവഗണനയുടെ കൈപ്പുനീര്‍ ഇതിനോടകം രുചിച്ചിട്ടുള്ളതാണല്ലോ.

എങ്കിലും വിവാഹാഘോഷത്തിരക്ക് ഒഴിഞ്ഞപ്പോള്‍ അവള്‍ മണവറയിലേക്ക് പ്രച്ഛന്നവേഷത്തില്‍ കാലെടുത്തു വച്ചത് ഒരിക്കലും തന്നെ സ്നേഹിച്ചിട്ടില്ലാത്ത പുരുഷന്റെ സമീപത്തേക്കാണ് പോകുന്നതെന്ന വ്യക്തമായ ബോധ്യത്തോടെ ആയിരുന്നു. കര്‍ക്കശക്കാരനും കൗശലക്കാരനുമായ അപ്പന്റെ ആജ്ഞയ്ക്കു വഴങ്ങുകയേ നിവൃത്തി ഉണ്ടായിരുന്നുള്ളൂ. സ്നേഹം തുളുമ്പുന്ന ഹൃദയത്തിന്റെ കൈമാറ്റമല്ല അന്നുണ്ടായത്. അവളുടെ മനസ് മരവിച്ചു പോയിട്ടുണ്ടാവണം. ആ രാത്രിയില്‍ ഒരക്ഷരം അവള്‍ ഉരിയാടിയിട്ടുണ്ടാവില്ല; അതല്ലേ അവള്‍ ലേയ ആയിരുന്നുവെന്ന് യാക്കോബിനു മനസിലാക്കാന്‍ നേരം പുലരേണ്ടി വന്നത്.

ആ രാത്രി കടന്നുപോയി. നേരം പുലര്‍ന്നപ്പോള്‍ ചതി മനസിലാക്കിയ യാക്കോബ് കയര്‍ത്തുകൊണ്ട് അപ്പനോടു പറഞ്ഞ വാക്കുകള്‍ ലേയയുടെ ഹൃദയത്തെ പിച്ചിച്ചീന്തിയിട്ടുണ്ടാവണം.

”നീ എന്നോടു ചെയ്തതു എന്തു? റാഹേലിന്നു വേണ്ടി അല്ലയോ ഞാന്‍ നിന്നെ സേവിച്ചതു? നീ എന്തിന്നു എന്നെ ചതിച്ചു.” കോപാക്രാന്തനായി യാക്കോബ് എല്ലാവരും കേള്‍ക്കെ അലറി വിളിച്ച വാക്കുകള്‍ കുപ്പിച്ചില്ലുകള്‍ പോലെയാണ് ഹൃദയത്തില്‍ തറഞ്ഞു കയറിയത്. വെറും ചണ്ടി മാത്രമാണ് താന്‍ എന്നു തോന്നിപ്പോയ സന്ദര്‍ഭം!. സ്ത്രീ എന്ന നിലയില്‍ തന്റെ അഭിമാനത്തെ ചവിട്ടിയരച്ച നിമിഷം! അനുജത്തി യായ റാഹേലിനെ സ്വന്തമാക്കാന്‍ വീണ്ടും ഏഴു വര്‍ഷം ദാസ്യവേല ചെയ്യാന്‍ മുതിര്‍ന്നിരിക്കുകയാണ് ‘തന്റെ’ ഭര്‍ത്താവ്. തുടര്‍ന്നങ്ങോട്ട് അവഗണയുടെ നാളുകളായിരുന്നു. എല്ലാം നിശബ്ദം സഹിച്ചു ലേയ ദിനരാത്രങ്ങള്‍ തള്ളിനീക്കി; എല്ലാം സഹിച്ചു. യാക്കോബ് ”റാഹേലിനെ ലേയയെക്കാള്‍ അധികം സ്നേഹിച്ചു.” (ഉല്‍പ്പ. 29:30).

”ലേയാ അനിഷ്ടയെന്നു യഹോവ കണ്ടപ്പോള്‍ അവളുടെ ഗര്‍ഭത്തെ തുറന്നു;” (ഉല്‍പ്പ. 29:31), സ്വന്തം കുടുംബത്തില്‍ ലേയ അനുഭവിച്ച അവഗണനയ്ക്ക് ഒരളവോളം അറുതി വന്നത് ദൈവം കനിഞ്ഞു നല്‍കിയ മക്കളെ പ്രസവിച്ചപ്പോഴാണ്. അതൊരു വലിയ വിജയമായിരുന്നു! അവള്‍ പ്രസവിച്ച ആറു പുത്രന്മാരും എല്ലാവരുടെയും സ്നേഹഭാജനമായ കുടുംബത്തിലെ ഏക പെണ്‍തരി ദീനയും വീടും പരിസരവും കൈയ്യടക്കിയപ്പോള്‍ ലേയ അവിടെ റാണിയായി മാറുകയായിരുന്നു. അവരുടെ ലോകം അവള്‍ക്കു ചുറ്റും ഭ്രമണം ചെയ്യുന്നതുപോലെ! ദെവം ദാനമായി നല്‍കിയ മക്കളെ ദൈവകൃപയില്‍ വളര്‍ത്തിയെടുക്കുകയായിരുന്നു ലേയയുടെ ജീവിത ദൗത്യം. സ്വന്ത കുടുംബത്തില്‍ത്തന്നെ അവഗണന ഏറ്റുവാങ്ങേണ്ടി വന്നപ്പോള്‍ മനം മടുത്ത് കുടുംബബന്ധങ്ങളെ തകര്‍ത്തെറിയാതെ ലേയ പുലര്‍ത്തിയ സംയമനവും ദൈവാശ്രയവും അവഗണനയെ അതിജീവിക്കുവാന്‍ അവളെ സഹായിച്ചു.

യിസ്രയേല്‍ ജനതയുടെ രാജവംശമായ യഹൂദാഗോത്രവും പുരോഹിതവംശമായ ലേവിഗോത്രവും ലേയയില്‍നിന്നാണ് ഉത്ഭവിച്ചത്. യിസ്രയേല്‍ഗൃഹം പണിതവരില്‍ ഒരുവള്‍ എന്ന നിലയില്‍ പില്‍ക്കാലത്ത് ലേയയയുടെ പേരെടുത്തു പറഞ്ഞ് ആശീര്‍വദിക്കുന്ന രീതിയുണ്ടായത്, ദൈവത്തില്‍ ആശ്രയിച്ച് അവഗണനയെ അതിജീവിച്ച ലേയ എന്ന മഹതിയുടെ വ്യക്തിവൈശിഷ്ഠ്യംകൊണ്ടു മാത്രമാണ്.

[ജൂലി കുഞ്ഞുമോൻ]