വാർത്താ മാധ്യമങ്ങളിലുടനീളം ലഹരി വാർത്തകൾ നിറഞ്ഞാടുകയാണ്. പണ്ട് ആരും കാണാതെ ഒരു മുറി ബീഡി വലിക്കാൻ ശ്രമിച്ചിരുന്ന കൗമാരക്കാരനിൽ നിന്നു ബസ് സ്റ്റാന്റുകൾ പോലെയുള്ള പൊതു സ്ഥലങ്ങളിൽ കഞ്ചാവ് തെറുത്തു വലിക്കുന്ന പെൺകുട്ടികളിലേക്ക് കാലം എത്തി നിൽക്കുന്നു. ലഹരി നമ്മുടെ തലമുറയെ കാർന്നു തിന്നുകയാണ്. എവിടെയാണ് പിഴച്ചത്?. ലോകം പുരോഗമിച്ചതോ അതോ അല്ലലും അലച്ചിലും ഇല്ലാതെ അപ്പനും അമ്മയും മക്കളെ വളർത്തിയിടത്തോ?. പഴയ കാലത്തിൽ ലഹരി എന്നു പറഞ്ഞാൽ കഞ്ചാവ്, മദ്യം, കറുപ്പ്, ഹാശിഷ്, ഹെറോയിൻ, കൊക്കെയ്‌ൻ എന്നിങ്ങനെ ആയിരുന്നു എങ്കിൽ പുരോഗമനപാതയിലെ ലഹരിക്കാർ ആംഫിറ്റാമിൻ അഥവാ ATS, ന്യൂ സൈക്കോട്രോപിക് സബ്സ്റ്റാൻസ് അഥവാ NPS, LSD, MDMA ഇങ്ങനെ നീളുന്നു ലിസ്റ്റ്. പ്സ്യൂഡോ എഫിഡറിൻ പോലെയുള്ളവ ഉപയോഗിക്കുന്നവർ സാധാരണ ആളുകളെ പോലെ മാത്രം തോന്നുകയുള്ളൂ. യാതൊരു ഭാവവ്യത്യാസങ്ങളും ഉണ്ടായിരിക്കുകയില്ല.

കേരളം ഒട്ടാകെ ലഹരിക്കെതിരെ ഒരുമിച്ചു നില്ക്കുന്ന ഈ ഘട്ടത്തിൽ എന്താണ് എന്റെയും നിങ്ങളുടെയും പങ്ക്‌. ലഹരി ശൃഖല ഏറ്റവും കൂടുതൽ നോട്ടമിട്ടിരിക്കുന്നത് കുട്ടികളെയാണ്. നമ്മുടെ തലമുറയെ നശിപ്പിക്കുക എന്നതാണ് അവയുടെ ലക്ഷ്യം. നമ്മുടെ കുഞ്ഞുങ്ങളെ നമുക്ക് സസൂക്ഷ്മം നിരീക്ഷിക്കാം, സ്കൂളിൽ പോയി മടങ്ങി വരുമ്പോൾ അവരുടെ ബാഗുകളിൽ എന്തെങ്കിലും സ്റ്റിക്കർ, അവരുടെ ശരീരത്തിൽ പോറൽ പോലെയുള്ള പാടുകൾ എന്നിവ ഉണ്ടോ എന്ന് പരിശോധിക്കാം. ലഹരി ഉപയോഗം കൊണ്ടു ഉണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ച് അവരെ നമുക്ക് ബോധവത്ക്കരിക്കാം. വിഷലിപ്തമായ ലഹരി ശരീരത്തിലേക്കു പ്രവേശിക്കുന്നതിനെ തടഞ്ഞു നിർത്തി ജീവിതത്തിന്റെ ലഹരിയെ കണ്ടെത്തുവാൻ അവരെ സഹായിക്കാം.

ഈ കൊച്ചു ജീവിതത്തിൽ കരുണയും ദയയും സ്നേഹവും പങ്കിടലിനും പകരം വെക്കാൻ കഴിയുന്ന എന്തു ലഹരിയാണ് വേറെ ഉള്ളത്. തീരത്തണയുന്ന ഓരോ തിരയിലും നിറയെ മണൽത്തരികൾ ഉണ്ടാകും. എന്നാൽ ആഴക്കടലിൽ മണൽത്തരികളല്ല പവിഴമുത്തുകളാണുള്ളത്. പവിഴമുത്തുകൾ നിറഞ്ഞ ജീവിതത്തിന്റെ ആഴങ്ങൾ തേടാം. എത്ര സുന്ദരമായ ജീവിതമാണ് ദൈവം നമുക്ക് ദാനമായി നൽകിയിരിക്കുന്നത്. ചിലർ അതിനെ ആഴമായി സ്നേഹിക്കും. മറ്റു ചിലർക്കു അതിനു ആകുന്നുമില്ല. ജീവിതത്തെ സ്നേഹിക്കുന്നവർ അതിന്റെ ലഹരി അതിൽ തന്നെ കണ്ടെത്തും. ഭൗതീകമായി ലഹരി ശരീരത്തിലേക്ക് കടത്തുന്നവർ സത്യത്തിൽ ഭീരുക്കളാണ്. നേർക്കുനേരെ ജീവിതത്തെ സമീപിക്കാൻ കഴിയാത്തവരാണ് ലഹരിക്കടിമപ്പെടുന്നവർ.

ജീവിതത്തിന്റെ ലഹരി കണ്ടെത്തിയവരെ ലോകം ആദരിക്കും. ജീവിതത്തിന്റെ ലഹരി സത്യത്തിൽ ജീവിക്കുക എന്നുള്ളതാണെന്നു കണ്ടെത്തിയ മഹാത്മാവാണ് ഗാന്ധിജി. യുദ്ധക്കളത്തിൽ അവശരായി കിടന്ന സൈനീകരുടെ മുറിവുകൾ കെട്ടി അവരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരുന്നതിൽ ജീവിത ലഹരി കണ്ടെത്തിയിരുന്നു ഫ്ലോറൻസ് നെറ്റിംഗേൽ. സ്ഥിരോത്സാഹവും ക്ഷമയും കരുണയും സ്നേഹവും ഒരുപോലെ ജീവിതത്തിന്റെ ലഹരിയാക്കി മാറ്റിയിരുന്നു മദർ തെരേസ. നേർകാഴ്ചയുടെ ലോകം തന്നിൽ നിന്നകന്നപ്പോഴും അകക്കണ്ണുകൾ കൊണ്ടു വാക്കുകൾക്കു ഈണം നൽകി ജീവിതത്തിന്റെ ലഹരി കണ്ടെത്തിയ വ്യക്തിയാണ് ഫാനി ക്രോസ്‌ബി. എന്നും മറ്റുള്ളവരെ മുമ്പിലേക്ക് ആനയിക്കുകയും അധ്യാപനത്തിൽ ലഹരി കണ്ടെത്തുകയും ചെയ്ത മഹാനാണ് നമ്മുടെ സ്വന്തം എ.പി.ജെ അബ്ദുൾകലാം. ഓസ്ട്രേലിയൻ മണ്ണിൽ നിന്നും ഇന്ത്യൻ മണ്ണിലെത്തി കുഷ്ഠരോഗികളെ ശുശ്രൂഷിക്കുന്നതിൽ ലഹരി കണ്ടെത്തുകയും തന്റെ ജീവിതത്തിന്റെ ലഹരിയായിരുന്ന ക്രിസ്തുവിനു വേണ്ടി രക്തസാക്ഷിയാകുകയും ചെയ്ത ഗ്രഹാം സ്റ്റൈയിൻസ്. ഇനിയുമേറെ…

ഇനിയും കുറേക്കൂടി ചിന്തിച്ചാൽ, നശ്വരമാകുന്ന ഈ ജീവിതത്തിന്റെ ലഹരി എന്താണ്? മരണത്തോടെ അവസാനിക്കുന്ന ജീവിതത്തിനു എന്തു ലഹരിയാണുള്ളത് എന്ന് ചിന്തിച്ചേക്കാം. മരണത്തിനപ്പുറവും പ്രതീക്ഷയുള്ള ജീവിതത്തിലേക്ക് നടന്നു കയറുന്നതാണ് യഥാർത്ഥത്തിൽ ജീവിതത്തിന്റെ ലഹരി എന്നു പറയുന്നത്. എന്നാൽ അതു കണ്ടെത്തുന്നവർ ചുരുക്കവും. ഉപാധിയില്ലാത്ത സ്നേഹം (ക്രിസ്തുവിന്റെ സ്നേഹം) നമ്മെ പൊതിയുന്നു എന്ന ബോധം നമ്മിലേക്ക് എത്തുന്ന നിമിഷം മുതൽ നമ്മുടെ ജീവിതം ലഹരി പൂണ്ടതാകും. മനുഷ്യനെ പുതിയ ലഹരിയിലേക്ക് നയിക്കാൻ പോകുന്ന ബോധം ഇതാണ് “you are so passionately loved”.

Written by

Shiny Abhilash

Shiny and husband Evagelist Abhilash are serving Lord at Thiruvalla.

More writings by Shiny Abhilash.