ഓഡിയോ കേൾക്കാം:

Lahariyil Mungunna Kerala / Editorial(Lovely George)

Download Audio

കേരളത്തിലെ യുവജനങ്ങളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം വർദ്ധിച്ചു വരുന്നതായിട്ടാണ് വാർത്താമാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന റിപ്പോർട്ടുകൾ. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ലഹരിക്ക് അടിമപ്പെടുന്ന യുവതികളുടെ എണ്ണം കൂടിവരുന്നത് ഏറെ ആശങ്കാജനകമാണ്. വിദേശമദ്യത്തിന്റെയും ലഹരി ഉല്പന്നങ്ങളുടെയും വലിയ തോതിലുള്ള ഉപയോഗമാണു യുവതിയുവാക്കളിൽ കണ്ടുവരുന്നതെന്നാണ് വിദഗ്ദരുടെ അഭിപ്രായങ്ങൾ. ലഹരി വിമോചനകേന്ദ്രങ്ങളിൽ ചികിത്സക്കായി എത്തുന്നവരിൽ ഭൂരിഭാഗവും സ്‌കൂൾ-കോളേജ് തലങ്ങളിൽ പഠിക്കുന്ന കുട്ടികളാണ്. മക്കളെ സ്നേഹിക്കാനോ അവരെ കേൾക്കാനോ അവർക്കു വേണ്ടി സമയം മാറ്റിവെയ്ക്കാനോ കഴിയാതെ പോകുന്നത് അവർ ലഹരിവസ്തുക്കൾ തേടി പോകുവാൻ പ്രേരിപ്പിക്കുന്നു എന്നാണ് മനശ്സ്ത്രജ്ഞർ വിലയിരുത്തുന്നത്. പല യുവാക്കളും ബോറടി മാറ്റുന്നതിനും പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടുന്നതിനും പ്രശ്നങ്ങളെ നേരിടാനുമാണ് ലഹരിയിൽ ആശ്രയിക്കുന്നത്.

പെൺകുട്ടികൾ ലഹരി ഉപയോഗിക്കുകയില്ലെന്നാണ് പൊതുവെ കരുതുന്നത്. എന്നാൽ ഒട്ടേറെ പെൺകുട്ടികൾ ലഹരിക്കു അടിമകളാണെന്ന ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തു വരുന്നത്. പൊതു സ്ഥലങ്ങളിൽപ്പോലും ലഹരി ഉപയോഗിക്കുന്നതിൽ പെൺകുട്ടികൾക്കും മടിയില്ലാതായി. അമ്മമാർ കുട്ടികളുടെ ഓരോ ചലനങ്ങളും ശ്രദ്ധിക്കണം. അവരെക്കുറിച്ചുള്ള വ്യക്തമായ അറിവ് അമ്മമാർക്കുണ്ടായിരിക്കണം. മാതാപിതാക്കളറിയാത്ത സൂഹൃദ്ബന്ധങ്ങൾ അവർക്കുണ്ടാകരുത്. സൗഹൃദവലയത്തിന്റെ ചതിക്കുഴികളിലൂടെ ലഹരിക്കടിമപ്പെടുന്നവരാണ് അധികവും.

സ്‌കൂളുകൾക്കു സമീപം ലഹരിക്കച്ചവടം നടത്തുന്നവർ കുട്ടികളെ ലഹരിയുടെ വലയിൽ കുടുക്കുകയാണ്. സ്‌കൂൾ കുട്ടികളിലേറെയും തങ്ങൾ ചെയ്യുന്നതെന്തെന്നറിയാതെയാണ് ലഹരിയുടെ പിടിയിൽ വീഴുന്നത്. ലഹരിക്കടിമപ്പെടുന്ന കുട്ടികളിൽ മാനസികവൈകല്യങ്ങളും കുറ്റകൃത്യം ചെയ്യാനുള്ള വാസനകളും കണ്ടുവരുന്നു. ലഹരി ഉപയോഗിച്ച കുട്ടിയെ സ്‌കൂളിന്റെ പേരിനു വേണ്ടി പുറത്താക്കുവാൻ ശ്രമിക്കാതെ വ്യക്തമായ ദിശാബോധം കൊടുത്ത് കുട്ടിയെ നേർവഴിക്കു നടത്തുകയാണു വേണ്ടത്.

ജീവിതമൂല്ല്യങ്ങൾക്കു വില കല്പിക്കാത്ത പുതുതലമുറയുടെ ലോകമാണിത്. അതുകൊണ്ട് മാതാപിതാക്കളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വളരെ ഗൗരവമായി ഈ വിഷയത്തെ കാണണം. തകർന്നുപോകുന്ന യുവതലമുറയെ രക്ഷിക്കണമെങ്കിൽ ലഹരിയുടെ ഉപയോഗം തടയണം. ലഹരിമുക്ത കേരളം ലക്ഷ്യമാക്കി വിവിധ കർമ്മപദ്ധതികളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. ലഹരിയുടെ നീരാളിപിടുത്തത്തിൽ നിന്നും നമ്മുടെ യുവതയെ പുനരുദ്ധരിക്കുവാൻ നമുക്കും ഉണർന്നു പ്രവർത്തിക്കാം.

[ലൗലി ജോർജ്]

Written by

Lovely George

Writer, Editor of Kristheeya Sodari Bi-Monthly