അന്നൊരു അവധി ദിവസമായിരുന്നു…

പപ്പായും മമ്മിയും ചേച്ചിയും ഷോപ്പിങ്ങിനു പോവാനുള്ള തത്രപ്പാടിലാണ്..

“ജിജോ മോനെ നീ ഒരുങ്ങിയില്ലേ”? ചേച്ചി ജിജിമോൾ അപ്പുറത്തെ മുറിയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നതിനിടയിൽ വിളിച്ചു ചോദിച്ചു .. “ഞാൻ വരുന്നില്ല.. നിങ്ങൾ പൊയ്ക്കോ” അവന്റെ നിസ്സംഗമായ മറുപടി കേട്ട് ജിജിമോൾ മുറിയിൽ നിന്നും പുറത്തു വന്നു.. അലസനായിരിക്കുന്ന ജിജോയെ കണ്ടു അവൾ അതിശയിച്ചു.. കാരണം സാധാരണ എല്ലാവരെക്കാൾ മുമ്പ് അവനാണ് ഒരുങ്ങി ചാടി പുറപ്പെടുക.. ഇന്ന് ഈ ചെക്കന് എന്താണ് പറ്റിയത്.. ആവോ.? അപ്പോഴാണ് രാവിലത്തെ വഴക്കിന്റെ കാര്യം ഓർമ്മവന്നത്.. രാവിലെ എഴുന്നേറ്റ ഉടനെ അവന് ഗെയിം കളിക്കണം.. താൻ സമ്മതിച്ചില്ല.. അപ്പൊ അതാണ്.. കാര്യം.. “ടാ മോനേ.. നീ വാശിയൊക്കെ കളഞ്ഞ് വേഗം ഒരുങ്ങ്. ഇന്ന് ബീച്ചിലും പോകാമെന്ന് പപ്പ പറഞ്ഞിട്ടുണ്ട്”.. ജിജിമോൾ അവന്റെ തോളിൽ തട്ടി പറഞ്ഞു… “ഞാൻ വരുന്നില്ലാന്ന് പറഞ്ഞില്ലേ”.. “എങ്കിൽ വേണ്ട” ഇതു പറഞ്ഞിട്ട് ജിജിമോൾ താഴേക്ക് പോയി .. “
മമ്മി ഡ്രസ്സ് മാറി വന്നു… “ജിജോ കുട്ടാ വേഗം..വാ.. എല്ലാവരും ഒരുങ്ങി..” അനക്കമൊന്നും കേൾക്കാഞ്ഞപ്പോൾ മമ്മി കോണിപ്പടിയുടെ ചുവട്ടിൽനിന്നും നീട്ടി വിളിച്ചു .. “മമ്മീ അവൻ വരുന്നില്ലാന്ന്..” ജിജിമോൾ പറഞ്ഞു.. ഈ കുഞ്ഞിന് ഇതെന്തുപറ്റി.? മമ്മി തെല്ല് ആശങ്കയോടെ പറഞ്ഞു..

“ശരി മോനേ.. കുരുത്തക്കേട് ഒന്നും കാണിക്കാതെ ഇരുന്നോണം കേട്ടോ..” ഇതു പറഞ്ഞിട്ട് മമ്മിയും ജിജിമോളും കാറിൽ കയറി.. പപ്പ കാർ സ്റ്റാർട്ടാക്കി.. കാർ ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങി…

എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ ജിജോയ്‌ക്ക് വല്ലാത്ത ഒരു ഏകാന്തത അനുഭവപ്പെട്ടു.. വാശിപിടിക്കാതെ അവരുടെ കൂടെ പോയാൽ മതിയായിരുന്നു.. അവൻ താഴേക്കിറങ്ങി വന്നു സോഫയിൽ ഇരുന്നു.. TV ഓണാക്കി.. TV യുടെ ശബ്ദം കേട്ടപ്പോൾ വേലക്കാരി മേരിക്കുഞ്ഞ് അടുക്കളയിൽ നിന്നും എത്തിനോക്കി.. “മോനെന്താ അവരുടെ കൂടെ പോകാത്തത്?. സുഖമില്ലേ”..എനിക്ക് അസുഖമൊന്നുമില്ല.. എനിക്ക് പോകാൻ തോന്നിയില്ല അത്രതന്നെ.. അതിന് നിനക്കെന്തു വേണം?. “അയ്യോ ഞാൻ ചോദിച്ചെന്നേയുള്ളു..” അവന്റെ ഉത്തരം കേട്ടപ്പോൾ അവൾ അടുക്കളയിലേക്ക് ഉൾവലിഞ്ഞു. മേരി കുഞ്ഞ് ചെറുപ്പത്തിലേ തന്നെ വീട്ടിൽ വന്നതാണ്.. പപ്പയുടെ പരിചയത്തിലുള്ള ഒരു അങ്കിളിന്റെ വീടിനടുത്താണ് അവളുടെ വീട്.. അവരുടെ വീട്ടിലെ ദയനീയാവസ്ഥ കണ്ട് പപ്പ അവളെ ഇങ്ങോട്ട് കൊണ്ടുവന്നതാണ്.. മേരി കുഞ്ഞ് നല്ല സൂത്രശാലിയാണ്.. അവൾ ചിലപ്പോഴൊക്കെ ആരും കാണാതെ തന്ത്രപൂർവ്വം ജിജിമോളേക്കൊണ്ട് ചില ജോലിയൊക്കെ ചെയ്യിക്കാറുണ്ട്..
TV കണ്ടു മടുത്തപ്പോൾ അത് ഓഫാക്കി അവൻ അവിടെ നിന്നെഴുന്നേറ്റു.. അടുക്കളയിൽ ചെന്ന് കുറച്ച് ചിപ്സ് എടുത്ത് തിന്നുകൊണ്ട് പുറത്തേക്കിറങ്ങി..

കാർപോർച്ചിന്റെ അടുത്തായി ഒരു ചെറിയ മുറിയുണ്ട്.. തൂമ്പായും മറ്റു പണി സാധനങ്ങളും വയ്ക്കുന്ന ഒരു മുറി… അവൻ അതിന്റെ ഉള്ളിൽ കയറി.. അപ്പോൾ അവിടെ ഒരു കവണ വച്ചിരിക്കുന്നത് അവന്റെ ദൃഷ്ടിയിൽ പെട്ടു. ഹായ്!!! കവണ.. പെട്ടെന്ന് അവന് സൺഡേ സ്കൂളിൽ പഠിച്ച ദാവീദിന്റേയും ഗോലിയാത്തിന്റേയും കഥ ഓർമ്മ വന്നു… അവനത് കയ്യിലെടുത്ത് മുറ്റത്ത് നിരത്തി യിട്ടിരിക്കുന്ന വെള്ളാരം കല്ലിൽ ഏറ്റവും മിനുസമുള്ള ഒരു കല്ല് കവണയിൽ വെച്ച് വാഴയിൽ വന്നിരുന്ന കാക്കയെ ഉന്നം വച്ച് ഒരു കല്ലെറിഞ്ഞു.. കാക്ക പറന്നുപോയി.. അവൻ നിരാശനായില്ല വീണ്ടും കവണയിൽ കല്ലു വെച്ച് ഉന്നം പിടിച്ചു നടക്കുന്നതിനിടയിൽ വീട്ടിലെ പൂവൻ കോഴി ചിക്കിയും ചികഞ്ഞും വരുന്നു… ഹായ്!!! നല്ല പൂവ്.. കിരീടം വെച്ചത് പോലെ ഇരിക്കുന്നു.. ചുമന്ന് തുടുത്തു വളഞ്ഞ പൂവ്.. പൂവൻ തലയുയർത്തി ഇടയ്ക്കിടെ നോക്കുന്നുണ്ട്.. ഹായ് ആ പൂവിനിട്ട് ഒന്ന് കൊടുത്താലോ… ചുമ്മാ.. പൂവൻ തല ഉയർത്തുന്നതും കാത്ത് ഉന്നം പിടിച്ചു അവൻ നിന്നു.. അല്പം കഴിഞ്ഞപ്പോൾ പൂവൻ തല ഉയർത്തി.. ഇതു തന്നെ പറ്റിയ അവസരം. അവൻ കല്ല് പൂവിനെ ലക്ഷ്യമാക്കി എറിഞ്ഞു.. ഏറു കൊണ്ട് പൂവൻ കോഴി നിലത്തുവീണു..

ശബ്ദം കേട്ട് മേരി കുഞ്ഞ് ഓടി വന്നു.. അപ്പോൾ പൂവൻകോഴി നിലത്ത് കിടന്ന് രണ്ടുപ്രാവശ്യം പിടച്ചു.. പിന്നെ അനക്കമില്ലാതെയായി.. ജിജോ പേടിച്ചു മരവിച്ചു നിന്നു പോയി.. മേരിക്കുഞ്ഞ് അതിനെ എടുത്തു നോക്കി.. അത് ചത്തു പോയിരുന്നു.. “അയ്യോ കുഞ്ഞ് എന്താ ഈ ചെയ്തത്? കോഴി ചത്തു പോയല്ലോ… സാർ ഇതറിഞ്ഞാൽ ശരിയാക്കും.. നാടൻ കോഴി യിറച്ചി വേണം എന്ന് പറഞ്ഞ് പ്രത്യേകം വാങ്ങിച്ചു വളർത്തിയിരു ന്നതാണ്.. മേരിക്കുഞ്ഞ് ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു.. ജിജോ മോൻ കരച്ചിലിന്റെ വക്കിലെത്തി.. പപ്പ എങ്ങാനും അറിഞ്ഞാൽ.. അവന്റെ ഉള്ളം നടുങ്ങി.. “ചേച്ചീ.. ഇത് പപ്പയോട് പറയുമോ..? അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി.. മേരിക്കുഞ്ഞു കുറച്ചുനേരം ആലോചിച്ചിരുന്നു.. “ചേച്ചി എന്താ ഒന്നും മിണ്ടാത്തത്? പറഞ്ഞു കൊടുക്കുമോ?.. കരച്ചിലടക്കി അവൻ യാചനാ സ്വരത്തിൽ ചോദിച്ചു.. “ഇല്ല ഞാൻ പറയത്തില്ല”.. അവളുടെ ദൃഢമായ ഉത്തരം കേട്ടപ്പോൾ ജിജോയ്ക് ആശ്വാസമായി.. “എന്നാൽ പിന്നെ നമുക്ക് ഇതിനെ കുഴിച്ചിടാം”.

രണ്ടു പേരുംകൂടി തെങ്ങിൻ ചുവട്ടിൽ ഒരു കുഴിയുണ്ടാക്കി അതിൽ കോഴിയെയിട്ട് മൂടി.. കുഴിയുടെ പുറത്ത് കുറെ കരിയിലയും മറ്റും വാരിയിട്ടു..

മേരി അടുക്കളയിലേക്കും ജിജോ മോൻ മുകളിൽ തന്റെ മുറിയിലേക്കും പോയി മൂടിപ്പുതച്ചു കിടന്നു..

താഴെ കാറിന്റെ ശബ്ദം കേട്ടപ്പോൾ അവൻ പുതപ്പിനകത്തേക്ക് ഒന്നുകൂടെ വലിഞ്ഞു.. മേരി ചേച്ചി പപ്പയോട് പറഞ്ഞു കൊടുക്കുമോ..? അവൻ വല്ലാതെ പരിഭ്രമിച്ചു..

എടാ.. “ജിജോ മോനെ ഇത് നോക്കിയേ.. എന്തൊക്കെയാണ് കൊണ്ടുവന്നിരിക്കുന്നതെന്ന്.. നിനക്ക് ഇഷ്ടമുള്ള കിറ്റ്കാറ്റുമുണ്ട്.” ജിജിമോൾ പറഞ്ഞുകൊണ്ട് സ്റ്റെപ്പ് കയറി മുകളിലെത്തി.. “ഈ ചെക്കൻ എവിടെപ്പോയി കിടക്കുകയാ.. ഇതുവരെ ഇവന്റെ വാശി തീർന്നില്ലേ.”. ജിജോ..” അവൾ നീട്ടിവിളിച്ചു അപ്പോഴേക്കും മമ്മിയും മുറിയിലേക്ക് വന്നു. അവൻ മൂടിപ്പുതച്ചു കിടക്കുന്നത് കണ്ടു മമ്മി ഓടി വന്നു.. “മോനേ എന്തു പറ്റി?. അവർ പുതപ്പുമാറ്റി നെറ്റിയിൽ കൈ വച്ചു നോക്കി.. “ചൂട് ഒന്നുമില്ലല്ലോ” മമ്മി അവനെ പിടിച്ചെഴുന്നേൽപ്പിച്ചു മടിയിലിരുത്തി ” ഒന്നുമില്ല മമ്മി. “എന്നാൽ മോൻ കിടന്നോ…

പിറ്റേന്ന് പതിവുപോലെ ജിജോ മോൻ സ്കൂളിൽ പോയി വൈകിട്ട് 3.30ന് തിരിച്ചെത്തി.. അവനാണ് ആദ്യം വീട്ടിലെത്തുന്നത്…
ജിജോമോൻ ബാഗ് ടേബിളിൽ വെച്ചിട്ട് നേരെ അടുക്കളയിലേക്ക് ചെന്നു.. അപ്പോൾ മേരിമേരിക്കുഞ്ഞ് അവനെ നോക്കിപ്പറഞ്ഞു..

“ദേ.. ജിജോ.. ഞാൻ പട്ടിയെ ഞാൻ അഴിച്ച് വെളിയിൽ കെട്ടിയിട്ടുണ്ട്.. അതിന്റെ കൂട് കഴുക് … “അവൾ ആജ്ഞാപിച്ചു.. “എന്നെക്കൊണ്ടാവില്ല.. പട്ടിക്കൂട് കഴുകാൻ.. .അവൻ തിരിഞ്ഞു നടക്കാൻ ഭാവിച്ചപ്പോൾ മേരിക്കുഞ്ഞ് പറഞ്ഞു ..

“കോ……” ജിജോയുടെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി.. അവൻ അനുസരണമുള്ള കുഞ്ഞിനെപ്പോലെ പട്ടി കൂട്ടിലേക്ക് നടന്നു..

മേരി ടിവി ഓൺ ചെയ്തു സീരിയൽ കാണുവാനും…

ഇങ്ങനെ ഓരോ ദിവസവും ഓരോരോ ജോലികൾ അവൾ അവനെക്കൊണ്ട് ചെയ്യിച്ചു.. അവൻ എതിർത്തു പറയുമ്പോൾ.. “കോ……” എന്ന് അവൾ നീട്ടി പറയും.. പിന്നെ അവൻ മൗനമായി അവൾ പറയുന്നതെല്ലാം അനുസരിച്ചു പോന്നു…

അങ്ങനെ ഒരാഴ്ച പിന്നിട്ടു… അവൻ ആകപ്പാടെ അസ്വസ്ഥനായി… ഇനി ഇത് സഹിക്കാൻ വയ്യ.. ഞാൻ ചെയ്ത തെറ്റ് പപ്പയോട് തുറന്നുപറയണം… പപ്പ എന്നെ എത്രവേണമെങ്കിലും അടിച്ചോട്ടെ.. അവൻ മനസ്സിലുറപ്പിച്ചു.. അന്ന് രാത്രി അവന്റെ മനസ്സിൽ പലവിധമായ ചിന്തകളുടെ ഒരു വേലിയേറ്റം തന്നെ ആയിരുന്നു..

നേരം പുലർന്നു.. അവൻ മെല്ലെ സ്റ്റെപ്പ് ഇറങ്ങി താഴെ വന്നു.. സിറ്റൗട്ടിൽ പതിവുപോലെ പപ്പ പത്ര പാരായണത്തിൽ മുഴുകിയിരിക്കുന്നു… ശബ്ദമുണ്ടാക്കാതെ.

അവൻ പപ്പയുടെ അടുത്തെത്തി.. അവൻ മെല്ലെ പപ്പയുടെ തോളിൽ കൈ വെച്ചു.. പപ്പ തിരിഞ്ഞു നോക്കി.. അവൻ ഏങ്ങി കരഞ്ഞു.. അദ്ദേഹം ന്യൂസ്പേപ്പർ താഴെ വെച്ചു.. “ജിജോ മോനേ.. നീ എന്തിനാ കുട്ടാ.. കരയുന്നേ..? നിനക്കെന്തുപറ്റി..? നിന്റെ മുഖം വല്ലാതെയിരിക്കുന്നല്ലോ.. നീ എന്തിനാ കരയുന്നെ?” പപ്പ അവനെ മടിയിൽ പിടിച്ചിരുത്തി… “ജോലിത്തിരക്കിൽ പപ്പാക്ക് മോനെ ശ്രദ്ധിക്കാൻ സമയം കിട്ടിയില്ല..” ക്ഷമാപണത്തിൽ അദ്ദേഹം പറഞ്ഞു. “മോന് പപ്പയോട് എന്തോ പറയാൻ ഉള്ളതുപോലെ തോന്നുന്നല്ലോ” പറയ്.. എന്തായാലും മോൻ തുറന്ന് പറയൂ.. “അതേ…” ജിജോ പറഞ്ഞു നിർത്തി.. പറയൂ മോനെ.. അവൻ ഉണ്ടായ സംഭവങ്ങൾ വള്ളിപുള്ളി വിടാതെ പപ്പയെ പറഞ്ഞുകേൾപ്പിച്ചു… പപ്പ അവനെ നിലത്തു നിർത്തിയിട്ട പൊട്ടിച്ചിരിച്ചു ഹ.. ഹ.. ഹ അവന് കാര്യം മനസ്സിലായില്ല.. ദേഷ്യം കൊണ്ട് ചുവന്നു കലങ്ങിയ കണ്ണും മുഖവും ആണ് അവൻ പ്രതീക്ഷിച്ചത്.. പക്ഷേ.. പപ്പ ഇപ്പോൾ ചിരിക്കുന്നു.. “ഇതാണ് കാര്യം.. അല്ലെ.. ഇത് മോന് അന്ന് പറയാമായിരുന്നില്ലേ.. ഒന്നല്ല ഒരു പത്തു കോഴിയെ നമുക്ക് വാങ്ങാല്ലൊ.. എന്നാലും രണ്ടുപേരുംകൂടി അതിനെ കുഴിച്ചിടാതെ കറി വെക്കാമായിരുന്നില്ലേ.. നല്ല ബുദ്ധി.. ഇതുപറഞ്ഞ് പപ്പ പിന്നെയും പൊട്ടിച്ചിരിച്ചു.. ജിജോമോനും ചിരി വന്നു.. അദ്ദേഹം അവനെ ചേർത്ത് പിടിച്ച് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.. സാരമില്ല.. പോട്ടെ..”

അവന് എന്തെന്നില്ലാത്ത സന്തോഷം ഉണ്ടായി അവന്റെ മനസ്സിലെ ഭാരം എല്ലാം അലിഞ്ഞില്ലാതായി.. അവൻ തുള്ളിച്ചാടി മുകളിലേക്ക് പാഞ്ഞു പോയി..

പിറ്റേന്ന് അല്പം വൈകിയാണ് അവൻ സ്കൂളിൽ നിന്നും വന്നത്.. മേരി കുഞ്ഞു അവനെ കാത്തിരിക്കുകയായിരുന്നു.. കാരണം സീരിയൽ തുടങ്ങാറായിരിക്കുന്നു.. “ജിജോ വേഗം പോയി ചെടികൾക്ക് വെള്ളം ഒഴിക്ക്…” അവൻ ബാഗ് വയ്ക്കുന്നതിനു മുമ്പ് അവൾ കല്പിച്ചു.. “എനിക്ക് ഇപ്പോൾ സമയമില്ല നീ ഒഴിക്ക് .. “ഉത്തരം കേട്ട് മേരി അമ്പരന്നു.. എന്നിട്ട് “കോ… “എന്ന് നീട്ടി പറഞ്ഞു.. അപ്പോൾ ജിജോ അതേ ശബ്ദത്തിൽ “കീ…..” എന്ന് തട്ടി വിട്ടു.. “മേരി കുഞ്ഞ് ചേച്ചി ഇനി ഈ “കോ….” ഒന്നും എന്റെ അടുത്ത് ചെലവാകില്ല കേട്ടോ..” ഇപ്പോൾ മേരി ശരിക്കും നടുങ്ങി.. ഞാൻ എൻ്റെ പപ്പയോട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു.. “മേരിക്കുഞ്ഞ് ഇടിവെട്ടേറ്റതുപോലെ നിന്നുപോയി.. “സാരമില്ല.. എന്റെ പപ്പ എന്നോട് ക്ഷമിച്ചതു പോലെ ഞാൻ ചേച്ചിയോടും ക്ഷമിക്കുന്നു.. പപ്പ ചേച്ചിയെ ഒന്നും ചെയ്യത്തില്ല കേട്ടോ..” അപ്പോഴാണ് മേരിക്കുഞ്ഞിന്റെ ശ്വാസം നേരെ വീണത്.. അവൾ ജിജോ മോനെ ചേർത്ത്പിടിച്ചു…

കൂട്ടുകാരെ.. കേട്ടില്ലേ..ഒരു യഥാർത്ഥ കുറ്റസമ്മതം..

നമ്മുടെ പാപങ്ങൾ അഥവാ തെറ്റുകൾ ഏറ്റു പറയുമ്പോൾ ഒരു നല്ല പപ്പയായ യേശു കർത്താവ് നമ്മുടെ പാപങ്ങൾ ക്ഷമിക്കും.. എന്നാൽ നാം പാപങ്ങൾ മൂടിവെക്കുമ്പോൾ സാത്താന്റെ അനുവർത്തികളായിത്തീരുന്നു.. അത് നമ്മെ മാനസികമായും ശാരീരികമായും തളർത്തും.

ബൈബിൾ പറയുന്നു…. “തന്റെ ലംഘനങ്ങളെ മറയ്ക്കുന്നവന് ശുഭം വരികയില്ല.. അവയെ ഏറ്റു പറഞ്ഞുപേക്ഷിക്കുന്നവനോ കരുണ ലഭിക്കും” (.സദൃശ്യ. 28 :13)