ഹായ് കൂട്ടുകാരേ, എല്ലാവര്‍ക്കും സുഖമല്ലേ? അല്ല, എന്തുപറ്റി മുഖത്തൊരു സന്തോഷക്കുറവ്? ഉം… ആന്റിക്കു മനസ്സിലായി, ആ കുഞ്ഞന്‍ വൈറസ്സു തന്നെ.
വീട്ടില്‍ നിന്നും ഒന്നു പുറത്തിറങ്ങിയിട്ട് എത്ര കാലമായി അല്ലേ? കൂട്ടുകാരെ കാണാന്‍ പറ്റുന്നില്ല, സ്‌ക്കൂളില്‍ പോയി ഓടി കളിക്കാന്‍ പറ്റുന്നില്ല, ഒരു വിധത്തിലും കറങ്ങാന്‍ പറ്റാത്ത അവസ്ഥ!
ആകട്ടെ! ബോറടി മാറ്റാന്‍ ആന്റി ഒരു ചെറിയ കഥ പറയട്ടെ, കേള്‍ക്കാന്‍ തയ്യാറാണല്ലോ? തുടങ്ങാം..

ഇതു വെറും കഥയല്ല കേട്ടോ! ബാല്യകാലത്തിലെ എന്റെ ഓര്‍മ്മകളും കൂടിയാണിത്…
ഇപ്പോള്‍ ഇവിടെ നല്ലൊരു മഴ കഴിഞ്ഞതേ ഉള്ളൂ, ആ മഴ സമ്മാനിച്ച പഴയ ഒരോര്‍മ്മ.
ആന്റി താമസ്സിച്ചിരുന്ന വീടിന്റെ മുന്‍വശത്തും പിന്‍വശത്തും ചെറിയ ചെറിയ തോടുകള്‍ ഉണ്ടായിരുന്നു. തോടുകള്‍ എന്നു പറഞ്ഞാല്‍ അറിയാമല്ലോ? ആറ്റില്‍ നിന്നും വെള്ളം കറിയിറങ്ങുന്ന തോടുകള്‍, കനാലു കള്‍. അവിടെയുള്ള തോട്ടിലെ വെള്ളം വറ്റില്ല കേട്ടോ.. നദിയില്‍ വെള്ളം കൂടുമ്പോള്‍ അവിടെ നിന്നും ജലമൊഴുകി ഈ തോടുകളില്‍ വന്ന് അവിടെ നിന്നും അത് പൊങ്ങി പൊങ്ങി കരയിലേക്കു കയറും. മഴയുടെ ശക്തി കൂടുന്നതിനനുസരിച്ച് കരയിലേക്കു വെള്ളം കൂടുന്നതിന്റെ വേഗതയും കൂടും. അപ്പോള്‍ അപ്പച്ചന്മാരും അമ്മച്ചിമാരും ഇങ്ങനെ പറയും വെള്ളം നല്ല വരവാ.. പൊങ്ങാന്‍ സാദ്ധ്യതയുണ്ട്.
അങ്ങനെ വെള്ളപ്പൊക്കം വന്നു, ഇനി വീട്ടില്‍ നിന്നും പുറത്തിറങ്ങണമെങ്കില്‍ വെള്ളം ടാറ്റാ പറഞ്ഞു പോകണം, കൊറോണ വൈറസ്സ് ടാറ്റാ പറഞ്ഞു പോകാനിരിക്കുവാ നമ്മളും പുറത്തു ചാടാന്‍ അല്ലേ?
വെള്ളപ്പൊക്കത്തിന്റെ സമയങ്ങളില്‍ വലിയ സന്തോഷമാ, സ്‌കൂളില്‍ പോകണ്ട…ആരും കാണാതെ മുറ്റത്തെ വെള്ളത്തില്‍ കാലിട്ടുകളിക്കാം. കൂടാതെ ചൂണ്ടയിടാം. സിറ്റൗട്ടിലിരുന്നു.. കാരി, കൂരി, പരല്‍, പള്ളത്തി അങ്ങനെ പലതരം പുഴമീനുകള്‍. ചില ദിവസങ്ങള്‍ ഈ വെള്ളം ഇറങ്ങിപ്പോകാതെ അവിടെത്തന്നെ കാണും.
അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ എഴുന്നേറ്റ് മുറ്റത്തെ വെള്ളത്തിലേക്കു നോക്കിയപ്പോള്‍ ഒരു കുടം വെള്ളത്തിന്‍ മീതേ തുള്ളിക്കളിക്കുന്നു. ആഹാ! കൊള്ളാല്ലോ! ആദ്യം കൗതുകം തോന്നി. കുറച്ചു നേരം നോക്കിയിരുന്നു, പിന്നീട് ജിജ്ഞാസയായി. ഈ കുടം എന്താ ഇങ്ങനെ കൊഞ്ചിക്കുഴയുന്നത്? ഇതിനുള്ളില്‍ എന്തെങ്കിലുമുണ്ടോ? ഹോ! കാണാനും പറ്റുന്നില്ല. കുടമാണെങ്കില്‍ വെള്ളത്തിന്‍ മീതേ തലകുത്തി നില്‍ക്കുവാ. എന്തു ചെയ്യും? നീളമുള്ള കമ്പ് ഉപയോഗിച്ച് കുടത്തെ അടുപ്പിക്കാനും നേരെയാക്കാനും പറ്റുന്നില്ല.
അനക്കം കേട്ട് ഓടി വന്ന അമ്മ ചോദിച്ചു: ”എന്റെ കുടം ഇതാരാ വെള്ളത്തിലൊഴുക്കി കളഞ്ഞത്?” ആരും ഒഴുക്കികളഞ്ഞതല്ല. എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ടെന്ന് താമസിക്കാ തെ അമ്മയ്ക്കു മനസ്സിലായി.
ആലോചിച്ചു നിന്നാല്‍ കുടം കുണുങ്ങി കുണുങ്ങി അടുത്ത വീട്ടിലേക്കു പോകുമെന്നു മനസ്സിലായ അമ്മ വേഗം നീന്തി കുടത്തിന്റെ അരികിലെത്തി. അതിനെ നേരെയാക്കി, പേടിച്ചു പോയ അമ്മ, പുറമേ പേടി കാണിക്കാതെ ധൈര്യശാലിയായി കുടത്തെ കരയിലേക്കു അടുപ്പിച്ചു. ആകാംക്ഷാഭരിതരായി നിന്ന ഞങ്ങള്‍ക്കരികില്‍ വന്നു കുടത്തി നുള്ളിലേക്കു തല നീട്ടി നോക്കി: ”ഹമ്പടാ.. നീയായിരുന്നോ? ശൗര്യമെല്ലാം എവിടെപ്പോയി? ഇങ്ങനെയായിരുന്നല്ലോ നീ ഇന്നലെ വരെ”.
കൂട്ടുകാര്‍ക്കു മനസ്സിലായോ? കുടത്തിനുള്ളില്‍ ആരായിരുന്നെന്ന്? കണ്ടന്‍… കണ്ടന്‍ പൂച്ച പെരുത്ത കള്ളനാ. എന്തെല്ലാം കുസൃതികളും നാശങ്ങളുമാണെന്നോ ഇവനൊപ്പി ച്ചിരിക്കുന്നത്. ആദ്യമൊക്കെ പമ്മി പമ്മി വന്നു കറിച്ചട്ടിയിലെ മീനൊക്കെ തട്ടിയിട്ടു പോകുമായിരുന്നു. ഓരോ ദിവസം കഴിയുന്തോറും അവന്റെ കുസൃതിയുടെ കണക്കും വളര്‍ന്നു കൊണ്ടിരുന്നു. മോഷണം തുടങ്ങി ഉണ്ടാക്കിവെക്കുന്ന സ്വാദിഷ്ഠമായ ആഹാരം മുഴുവന്‍ കട്ടു തിന്നാന്‍ തുടങ്ങി. ശബ്ദം കേട്ട് ഓടിച്ചെല്ലുമ്പോള്‍ അവന്‍ മുക്കാലും അകത്താക്കിയിട്ടുണ്ടാവും. ഓടിക്കാന്‍ വടിയുമായി അടുത്തേക്കു ചെന്നാലോ ഓടി അല്പം ദൂരെ മാറി നിന്ന് ശൗര്യത്തോടെ രോമവും വാലും പൊക്കി തിളങ്ങുന്ന കണ്ണുകള്‍ കോപത്തോടെ നോക്കി നില്ക്കും. അവന്റെ ശബ്ദം മുരട്ടും. ശാസിക്കാന്‍ പോകുന്നവര്‍ അവന്റെ ശാസനയും മുരട്ടലും കണ്ട് തിരികെ പോരും. ഇങ്ങനെ ഉശിരു കാണിച്ചു കിടന്നവനാ… കിടപ്പു കണ്ടോ? ഇപ്പോള്‍ ശൗര്യമില്ല കണ്ണിന്റെ തിളക്കവും ഇല്ല. മോഷണം നടത്തി രക്ഷപ്പെടുന്ന പൂച്ചക്കു ഇപ്പോള്‍ രക്ഷപ്പെടാനാകുന്നില്ല. തല കുടത്തിലായി. രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗവും ഇല്ല.
ഇങ്ങനെയാണ് കൂട്ടുകാരേ, നാം കാണിക്കുന്ന വലിയ വലിയ കുസൃതികള്‍ വലിയ തെറ്റിലേക്കു ചെന്നെത്തിക്കും. അതിന്റെ അവസാനമോ? സൂത്രക്കാരനായ സാത്താന്‍ പല സൂത്രങ്ങളും നിങ്ങളെ കുടുക്കുവാന്‍ വേണ്ടി മുന്നില്‍ കൊണ്ടുവരും. ചില സൂത്രങ്ങളില്‍ നിങ്ങള്‍ വീഴുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കാന്‍ കൂട്ടുകാരെയും ചുറ്റും നിര്‍ത്തിയെന്നു വരാം. ഉദാഹരണത്തിന് മോഷണം തന്നെ എടുക്കാം. ആരുമറിയാതെ കൂട്ടുകാരന്റെ എന്തെങ്കിലുമൊരു വസ്തു മോഷ്ടിക്കാന്‍ മറ്റൊരുത്തന്‍ ആവശ്യപ്പെട്ടതു അനുസരിച്ച് ചെയ്തു കഴിയുമ്പോള്‍ അവന്‍ പറയും. കൊള്ളാം, നീ ഒരു പുലിയാ, നീ ഒരു സംഭവം തന്നെ. ഈ വാക്കുകള്‍ കേട്ട് മോഷ്ടിച്ചവന്‍ എന്തൊക്കെയോ ആയി എന്ന് തോന്നും.. പിന്നീട് അതൊരു ഊരാന്‍ പറ്റാത്ത കെണിയായി മാറും.
അതേ കൂട്ടുകാരേ സാത്താന്‍ കൊണ്ടു വരുന്ന ഇങ്ങനെയുള്ള കെണിയില്‍ നിങ്ങള്‍ വീഴരുതേ…..ചെറിയ തന്ത്രങ്ങള്‍ മുന്നില്‍ വരുമ്പോള്‍ തന്നെ അതു മനസ്സിലാക്കി ഒഴിഞ്ഞുമാറുക….