സൂര്യന്‍ അത്യുജ്ജ്വല പ്രഭയോടെ കത്തിജ്വലിച്ചു നില്‍ക്കുന്നു. വെള്ളി മേഘങ്ങള്‍ മെനഞ്ഞെടുത്ത വിവിധ രൂപങ്ങളാല്‍ നീലാകാശം അലംകൃതമായിരിക്കുന്നു. വയലേലകളില്‍ വേല ചെയ്യുന്നവര്‍ സൂര്യതാപത്തില്‍ നിന്നും രക്ഷനേടുവാന്‍ വൃക്ഷത്തണലുകള്‍ തേടി പലായനം ചെയ്യുന്നു.

പച്ചപ്പരവതാനി വിരിച്ച കുന്നിന്‍പുറവും. കുണുങ്ങി ഒഴുകുന്ന കാട്ടരരുവിയും. വരമ്പുകളാല്‍ കളങ്ങള്‍ തീര്‍ത്ത വയലുകളും. കുഞ്ഞിളം കാറ്റില്‍ ആനന്ദ നൃത്തമാടുന്ന യവക്കതിരുകളും നെല്‍ക്കതിരുകളും കൊണ്ട് നിറഞ്ഞ ആ ഭൂപ്രദേശം പ്രപഞ്ച സൃഷ്ടാവായ ദൈവത്തിന്റെ കരവിരുതിന്റെ ഒരു സാക്ഷ്യപത്രം തന്നെ.

അകലെ ഒരു മരച്ചുവട്ടില്‍ ഒരു ചെറു ബാലന്‍ ഇരിക്കുന്നു. അതി കോമളനായ അവന്റെ മുഖം വെയിലേറ്റ് പവിഴ നിറമാ യിരിക്കുന്നു. അഭൗമികമായ ഒരു ദിവ്യ ചൈതന്യം അവന്റെ മുഖത്ത് മിന്നിവിളങ്ങുന്നുണ്ട്. കയ്യില്‍ ഇരിക്കുന്ന കിന്നരത്തിന്റെ തന്ത്രികളില്‍ അവന്‍ മൃദുവായി വിരലുകള്‍ ഓടിക്കുന്നു. ആ കിന്നരം അവന്റെ ജീവന്റെ ജീവനാണ്. കിന്നര വായനയില്‍ അവനോളം മിടുക്കന്‍ അവന്റെ ഗ്രാമത്തില്‍ ആരും ഇല്ല. അവന്റെ കിന്നരത്തിന്റെ തന്ത്രികളില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന സ്വര്‍ഗീയ സംഗീതം. വേനലില്‍ ഒരു കുളിര്‍ തെന്നലായും മരം കോച്ചും തണുപ്പില്‍ സിരകളില്‍ നീരാവിയായും താളം തെറ്റുന്ന മനസ്സുകള്‍ക്ക് സാന്ത്വനമായും പരിണമിക്കുന്നു. അരികില്‍ വളഞ്ഞ ഒരു ദണ്ടും ഒരു കോലും ചാരി വെച്ചിരിക്കുന്നു…

ദൂരെ കുന്നിന്‍ ചെരുവില്‍ ഒരു പറ്റം ആടുകള്‍ മേഞ്ഞു കൊണ്ടിരിക്കുന്നു. പല നിറത്തിലും വലിപ്പത്തിലുമുള്ള അവ ആ കുന്നിന്‍ പുറത്തിന് ഒരു അലങ്കാരം തന്നെ ആയിരിക്കുന്നു. ഇടയ്ക്കിടെ ഓരോരുത്തരായി തലയുയര്‍ത്തി തങ്ങളുടെ ഇടയന്റെ സാന്നിധ്യം ഉറപ്പു വരുത്തുന്നുമുണ്ട്. ബാലന്‍ തന്റെ കൈയ്യിലിരുന്ന കിന്നരത്തില്‍ ഒരു ശ്രുതിമീട്ടി. പൊടുന്നനെ ആടുകള്‍ ഒന്നടങ്കം തീറ്റ നിര്‍ത്തി, വീചികള്‍ കേട്ട ഇടത്തേക്ക് ഓടി വന്നു. എല്ലാവരും വന്നു എന്നുറപ്പായപ്പോള്‍ അവന്‍ തന്റെ പൊന്നോമനകളെ അടുത്തുള്ള അരുവിലേക്ക് ആനയിച്ചു. ദാഹാര്‍ത്തരായ അവന്റെ അജഗണങ്ങള്‍ ആര്‍ത്തിയോടെ അരുവിയില്‍ ഇറങ്ങി വെള്ളം കുടിക്കുന്നത് കണ്ട് അവന്‍ ഒരു പാറയുടെ മുകളില്‍ കയറി ഇരുന്നു. തന്റെ കിന്നരമെടുത്ത് ശ്രുതിമധുരമായ ഒരു ഗാനമാലപിച്ചു. ‘യഹോവ എന്റെ ഇടയനാകുന്നു.. എനിക്ക് മുട്ടുണ്ടാകില്ല… പച്ചയായ പുല്‍പ്പുറങ്ങളില്‍ അവനെന്നെ കിടത്തുന്നു സ്വസ്ഥതയുള്ള വെള്ളത്തിനരികിലേക്ക് എന്നെ നടത്തുന്നു’ അവന്റെ കിന്നരത്തില്‍നിന്നും ഉതിര്‍ന്നു വീണ ശബ്ദവീചികള്‍ ആ വന പ്രദേശത്തെ പുളകമണിയിച്ചു. തെന്നിളം കാറ്റില്‍ ഇല്ലി മുളം കാടുകള്‍ ചില്ലകള്‍ ആട്ടി ഏറ്റുപാടി. പറവകള്‍ കളകളാരവം മുഴക്കി. ആ കുന്നിന്‍പുറം ദൈവ തേജസ്സാല്‍ നിറഞ്ഞു.. അവന്റെ ആട്ടിന്‍കൂട്ടം ദാഹം തീര്‍ത്തു കയറിവന്നു.. കുസൃതിക്കുട്ടന്മാര്‍ തുള്ളിച്ചാടി തള്ള യാടുകളുടെ പുറകെ തിമിര്‍ത്തു നടന്നു. അവന്‍ അവയെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒരു വൃക്ഷ തണലിലേക്ക് ആനയിച്ചു. ഇനി വിശ്രമമാണ്…ആടുകള്‍ അങ്ങിങ്ങായി കൂട്ടം കൂടി കിടന്നു അയവിറക്കാന്‍ തുടങ്ങി… കുഞ്ഞാടുകള്‍ അവന്റെ മടിയില്‍ കയറി കിടക്കുവാന്‍ മത്സരിക്കുന്നു.. അവന്‍ അവകളെ രണ്ടു വശങ്ങളിലുമായി കിടത്തി മൃദുവായി അവയുടെ പുറത്ത് മെല്ലെ തലോടി.. കുഞ്ഞാടുകള്‍ പതിയെ കണ്ണുകള്‍ പൂട്ടി അവന്റെ മേനിയോട് ചാഞ്ഞു കിടന്നു..
ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞു, വെയിലിന്റെ തീവ്രത അല്പം താണു, അവന്‍ തന്റെ കിന്നരത്തില്‍ ഒരു ശ്രുതിമീട്ടി ആടുകള്‍ ചാടിയെഴുന്നേറ്റു തീറ്റ തേടുവാന്‍ പുല്‍മേട്ടിലേക്കിറങ്ങി മടിയില്‍ മയങ്ങിക്കിടന്ന കുഞ്ഞാടുകളെ അവന്‍ തള്ളയാടുകളുടെ അടുത്തേക്ക് വിട്ടു അവന്‍ തനിയെ ശേഷിച്ചു.

തണുത്ത ഒരു ഇളം തെന്നല്‍ അവനെ തഴുകി കടന്നുപോയി.. ആ വൃക്ഷത്തിന്മല്‍ അവന്‍ ചാരിയിരുന്നു.. അത്യുഷ്ണത്താല്‍ ക്ഷീണിച്ച അവന്റെ നേത്രങ്ങള്‍ താനേ അടഞ്ഞുപോയി….

മേ.. മേ.. തന്റെ അരുമയായ കുഞ്ഞാടുകളില്‍ ഒന്നിന്റെ ദയനീമായ നിലവിളികേട്ട് അവന്‍ ഞെട്ടി ഉണര്‍ന്നു. നോക്കുമ്പോള്‍ ഭീമാകാരനായ ഒരു കരടിയുടെ കയ്യില്‍ കിടന്ന് തന്റെ കുഞ്ഞാട് പിടയുന്നു. ഒരു നിമിഷം അവന്‍ കണ്ണുകളടച്ച് പ്രാര്‍ത്ഥിച്ചു. എന്നിട്ട് തന്റെ ഇടയ ദണ്ടുമായി കരടിയുടെ നേര്‍ക്ക് ചാടിവീണു. കരടി ആട്ടിന്‍കുട്ടിയേയും കൊണ്ട് മുന്നോട്ടു കുതിച്ചു. കരടിയുടെ വായില്‍ കുടുങ്ങിയ കുഞ്ഞാട് പ്രാണ വേദനയോടെ നില വിളിച്ചുകൊണ്ടിരുന്നു. ആട്ടിന്‍കൂട്ടം ഭയത്തോടെ ദൂരെ മാറി നിന്നു. തള്ളയാടുകളുടെ അലമുറ കുന്നിന്‍ ചെരുവില്‍ തട്ടി പ്രതിധ്വനിച്ചു..

ബാലന്‍ സര്‍വ്വ ശക്തിയുമെടുത്ത് ഇടയ ദണ്ടു കൊണ്ട് കരടിയുടെ തലയ്ക്ക് ആഞ്ഞടിച്ചു അടിയേറ്റ കരടി വായില്‍നിന്നും ആട്ടിന്‍കുട്ടിയെ താഴെയിട്ടു അത് ഓടി തള്ളയുടെ അടുത്തെത്തി. തള്ളയാട് കുട്ടിയുടെ രക്തം പുരണ്ട ശരീരം നക്കിത്തുടച്ചു..
ആട്ടിന്‍കുട്ടിയെ നഷ്ടപ്പെട്ട കരടി ബാലന്റെ നേര്‍ക്ക് തിരിഞ്ഞു.. പിന്നെ അവിടെ ഒരു ജീവന്മരണപ്പോരാട്ടമാണ് നടന്നത്. കരടിയുടെ കൂര്‍ത്തു മൂര്‍ത്ത നഖങ്ങള്‍ കൊണ്ട് അവന്റെ ഇളം മേനിയില്‍ നിന്നും നിണം വാര്‍ന്നൊഴുകി ഒടുവില്‍ അവന്‍ ആ ദുഷ്ട മൃഗത്തിന്റെ വായ് രണ്ടായി പിളര്‍ന്നു അതിനെ തറയില്‍ അടിച്ചുകൊന്നു. കരടിയുടെ അനക്കമറ്റു എന്ന് ഉറപ്പായപ്പോള്‍ ആടുകള്‍ അവന്റെ അടുക്കല്‍ ഓടിയെത്തി. അവന്‍ അരുവിയില്‍ ഇറങ്ങി രക്തം കഴുകിക്കളഞ്ഞു തന്റെ അജഗണങ്ങളുടെ അടുത്തെത്തി, മുറിവേറ്റ കുഞ്ഞാടിനെ എടുത്ത് മടിയിലിരുത്തി അതിന്റെ പുറത്ത് മെല്ലെ തലോടി, മറ്റുള്ള ആടുകള്‍ നന്ദിയോടെ തങ്ങളുടെ ഇടയനെ നോക്കിനിന്നു..

സൂര്യന്‍ അസ്തമിക്കാറായി, പറവകള്‍ തങ്ങളുടെ കൂടുകളില്‍ ചേക്കേറുന്ന സമയം, കര്‍ഷകര്‍ മുഷിഞ്ഞ വേഷവുമായി കൂരകള്‍ ലക്ഷ്യമാക്കി നടന്നു നീങ്ങുന്നു. ബാലന്‍ കിന്നരമെടുത്തു മനോഹരമായ ഒരു സ്‌തോത്ര ഗാനം ആലപിച്ചു മുമ്പോട്ടു നടന്നു. അവന്റെ അജഗണങ്ങള്‍ അഭിമാനപൂര്‍വ്വം ചാടിയും തള്ളിയും കൊണ്ട് അവനെ അനുഗമിച്ചു..

ഇനി ആലയിലേക്കാണ്…

തന്റെ അരുമയായ കുഞ്ഞാടിനെ ആ ദുഷ്ട മൃഗത്തിന്റെ വായില്‍ നിന്നും രക്ഷിച്ച ഈ നല്ലിടയനെപ്പോലെ സാത്താന്റെ അടിമത്വത്തില്‍ നിന്നും നമ്മെ രക്ഷിക്കുവാന്‍. തന്റെ സ്വന്തം ജീവന്‍ തന്നെ കാല്‍വറി ക്രൂശില്‍ ബലിയായി നല്കിയ നല്ലിടയനാണ് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു. ആ നല്ലിടയന്റെ കുഞ്ഞാടുകള്‍ ആയിരിക്കുന്നത് എത്ര ഭാഗ്യമാണ് അല്ലേ. അവിടുത്തെ വചനമായ കിന്നരത്തില്‍ നിന്നും ഒഴുകി വരുന്ന ശ്രുതിമധുരമായ സംഗീതം ശ്രവിച്ച് അവന്‍ നയിക്കുന്ന പാതയില്‍ നമുക്ക്, അവനെ അനുഗമിക്കാം….

Kinnaram / Mary S George(Kunju Chintha)

Written by

Mary S George

Mary S George