സോനാ സാബു (ബി. എസ്. സി നേഴ്സിംഗ് സ്റ്റുഡന്റ്, സി. എം. സി, വെല്ലൂർ)

ഒരു പുതിയ അദ്ധ്യയന വർഷം കൂടെ വന്നു ചേർന്നിരിക്കുകയാണ്. വൈവിധ്യങ്ങളായ അനുഭവങ്ങൾ നമുക്ക് സമ്മാനിച്ചു കൊണ്ടാണ് ഒരു വർഷം നമ്മെ വിട്ടു പോയത്. പലവിധമായ വികാരവിചാരങ്ങളോടെ ആയിരിക്കും പല കുട്ടികളും തങ്ങളുടെ വിദ്യാകേന്ദ്രങ്ങളിലേക്ക് പോകുന്നത്. ചിലർക്ക് അവധി തീർന്നതിൻ്റെ വിഷമം. വേറെ ചിലർക്ക് പോയ വർഷം തൃപ്തിയാകും വിധം നിർവ്വഹിപ്പാൻ കഴിയാഞ്ഞതിൻ്റെ ആകുലത. മറ്റു ചിലർക്ക് പുതിയ അദ്ധ്യയനത്തെക്കുറിച്ചുള്ള ആശങ്കകൾ. ഇനിയും ചിലർ കഴിഞ്ഞതിനെയൊക്കെ മറന്ന് കുറെക്കൂടെ ഉത്സാഹത്തോടെ എന്ന ഉറച്ച തീരുമാനത്തോടെ ആയിരിക്കുന്നവർ. ഇനിയും മറ്റു ചിലർ എങ്ങനെ പഠനം കുറെക്കൂടെ മെച്ചപ്പെടുത്താം എന്ന ചിന്താഭാരത്തിലുമായിരിക്കാം. എന്നാൽ ഈ ചിന്താകുലങ്ങളെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് നമുക്ക് ലഭ്യമായ പുതിയ പഠന വർഷം എങ്ങനെ പ്രയോജനകരവും രസകരവും ആസ്വാദ്യകരവുമാക്കാം എന്ന ചിന്തയിലേക്ക് നമ്മുടെ മനസ്സിനെ ഒന്നു സജ്ജമാക്കാം. ഇതിനു സഹായകമായ ചില നുറുങ്ങു വിദ്യകൾ പരിചയപ്പെടാം.

  1. നാം തന്നെ നമ്മുടെ മാർഗ്ഗദർശിയോ ഉപദേഷ്ടാവോ ആയിരിക്കുക. (Let us be our own Mentors or Teachers)

നമ്മുടെ കുട്ടിക്കാലത്ത് നാം ടീച്ചറും കുട്ടിയും കളിക്കുമായിരുന്നുവല്ലോ? അതേ കാര്യം ഒരു പഠന രീതിയാക്കി മാറ്റിയാലോ? ഇത് ഏറെ ഫലവത്തായിരിക്കും എന്ന് എൻ്റെ അനുഭവത്തിൽ മനസ്സിലാക്കിയ ഒരു പഠന രീതിയാണ്. പഠിക്കുവാനുള്ള ഒരു ഭാഗം (Portion) തെരെഞ്ഞെടുക്കുക. ആദ്യം അതൊന്നു മനസ്സിരുത്തി വായിച്ചു നോക്കുക. അതിൽ നിന്നും മനസ്സിലാക്കിയ കാര്യം നാം നമ്മെ തന്നെ പറഞ്ഞു പഠിപ്പിക്കുക. പരീക്ഷയ്ക്ക് മുമ്പ് നാം അറിയാത്ത ചില വിഷയങ്ങൾ (Topics) കൂട്ടുകാർ നമുക്കു പറഞ്ഞു തരാറില്ലേ? അതുപോലെ തന്നെ, നമ്മുടെ അദ്ധ്യാപകർ പഠിപ്പിക്കുന്ന രീതികളും നമുക്ക് ഇതിലേക്ക് കൊണ്ടുവരാവുന്നതാണ്. ഉദാഹരണത്തിന്, ദഹന വ്യവസ്ഥ (Digestive System) പഠിപ്പിക്കുവാനായി നമ്മുടെ ടീച്ചർ അതിൻ്റെ ചിത്രം ബോർഡിൽ വരച്ച് ഓരോ ഭാഗങ്ങളും അടയാളപ്പെടുത്തി അതിൻ്റെ പേര് പറഞ്ഞു തന്നാണ് നമ്മെ പഠിപ്പിക്കുന്നത്. ഇതേ ഭാഗം പഠിക്കുവാൻ ഇരിക്കുമ്പോൾ ആ ചിത്രം ഒരു ബോർഡിലോ പേപ്പറിലോ ശബ്ദം ഉയർത്തിത്തന്നെ നമ്മുടെ മനസ്സിന് പറഞ്ഞു കൊടുക്കുക. അത് ഒരിക്കലും മറക്കാത്ത വിധത്തിൽ നമ്മുടെ തലച്ചോറിൽ കോഡ് (Code) ചെയ്യപ്പെടുന്നത് നമുക്ക് അനുഭവിച്ചറിയുവാൻ കഴിയും. ഇതേ വിധത്തിൽ എല്ലാ വിഷയങ്ങളും പഠിക്കുവാൻ ശ്രമിക്കുക. അപ്പോൾ ഏതു വിഷയവും ആയാസരഹിതമായി നമുക്ക് അനുഭവപ്പെടും.

  1. ചോദ്യങ്ങൾ ചോദിക്കുക. (Asking Questions)

ചോദ്യങ്ങളുമായാണ് അദ്ധ്യാപകർ ക്ലാസ്സിൽ നമ്മെ സമീപിക്കാറുള്ളത്. എന്തുകൊണ്ട് ? (Why) എങ്ങനെ? (How) എന്നിങ്ങനെയുള്ള ചോദ്യങ്ങളാവാം മിക്കവാറും നാം അഭിമുഖീകരിക്കുന്നത്. എന്തുകൊണ്ടാണ് ഈ ചോദ്യങ്ങൾ അവർ ചോദിക്കുന്നത് ? തീർച്ചയായും നാം അതിനെക്കുറിച്ച് ചിന്തിക്കുവാനും മനസ്സിലാക്കുവാനുമാണ്. നാം പഠിക്കുമ്പോഴും നമ്മോടു തന്നെ ഈ ചോദ്യങ്ങൾ ചോദിച്ചു നോക്കിക്കേ. അതിനെക്കുറിച്ച് ചിന്തിക്കുക. വായിച്ചു പോയ ഭാഗങ്ങൾ ഒരു പ്രാവശ്യം കൂടെ വായിക്കുക. ചോദ്യങ്ങൾ നമ്മോടു തന്നെ ചോദിക്കുക. ഉത്തരങ്ങൾ നമ്മൾ തന്നെ കണ്ടെത്തുവാൻ ശ്രമിക്കുക. അങ്ങനെ അതും നമ്മുടെ ഓർമ്മ പഥത്തിൽ നിൽക്കും. ഇതാണ് മനസ്സിലാക്കി പഠിക്കുക എന്നതിൻ്റെ അർത്ഥം.

ഉത്തരങ്ങൾ കിട്ടാത്ത ചോദ്യങ്ങൾ കുറിച്ച് വെച്ച് അദ്ധ്യാപകരോട് സംശയ നിവാരണം. അതിനു ശേഷം വീണ്ടും വായിച്ചു പഠിക്കുക. ഈ ഒരു രീതിയിലൂടെ നമ്മുടെ പഠനം ഏറെ സുഗമമാക്കുവാൻ നമുക്കു സാധിക്കും. എഴുത്തും വരയും വായനയും പഠനവുമെല്ലാം ഇതിലൂടെ സാധ്യമാകും. തീർച്ചയായും ഇത് നമ്മുടെ പഠനത്തെ ആസ്വാദ്യകരമാക്കും.

  1. കോഡുകളും മൈൻഡ് മാപ്പുകളും ഉണ്ടാക്കുക. (Make your own codes and mind maps)

പഠിക്കുമ്പോൾ എളുപ്പത്തിൽ ഓർത്തിരിക്കുവാൻ കഴിയുന്ന തരത്തിലുള്ള കോഡുകളും മൈൻഡ് മാപ്പുകളും സ്വയം ഉണ്ടാക്കുന്നത് പഠനം ഏറ്റവും സുഗമവും രസകരവും ആക്കുവാൻ സാധിക്കും. ഇങ്ങനെ ചെയ്താൽ പഠിക്കുന്ന കാര്യങ്ങൾ എപ്പോഴും ഓർത്തിരിക്കുവാനും നമ്മെ സഹായിക്കും. ഉദാഹരണത്തിന് മഴവില്ലിൻ്റെ (Rainbow) സപ്തവർണ്ണങ്ങളെ (VIBGYOR) എന്ന ഒരു പദത്തിലൂടെ നാം എന്നും ഓർത്തിരിക്കും പോലെ നമ്മുടേതായ പദങ്ങൾ, കോഡുകൾ സ്വയം സൃഷ്ടിച്ച് ഓർമ്മയിൽ സൂക്ഷിക്കുവാൻ നമുക്കു സാധിക്കും.

നമ്മൾ പഠിക്കുന്ന ഓരോ വിഷയങ്ങളും നമ്മുടെ ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെപ്പറ്റിയാണ്. പ്രത്യേകിച്ച് ഫിസിക്സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയ വിഷയങ്ങളിലെ ഓരോ കാര്യങ്ങളും നമുക്കു ചുറ്റുമായി നടക്കുന്ന ചില രാസപ്രവർത്തനങ്ങൾ, പ്രതിഭാസങ്ങൾ ഒക്കെയാണ്. ഉദാഹരണമായി നമ്മുടെ ഡ്രസ്സിൽ മഞ്ഞൾ പുരണ്ടു എന്നു കരുതുക. അത് സോപ്പ് ഉപയോഗിച്ച് കഴുകിയാൽ മഞ്ഞ നിറം ചുവപ്പായി മാറും. ഇത് കെമിസ്ട്രിയിൽ പഠിക്കുന്ന ആസിഡ് (Acid), ബേസ് (Base), ന്യൂട്രൽ (Neutral) എന്ന പാഠത്തിലെ ഒരു രാസപ്രവർത്തനമാണ് ഇവിടെ സംഭവിക്കുന്നത് എന്ന് നമുക്കു മനസ്സിലാക്കാം. ഇങ്ങനെ ചുറ്റുപാടുമുള്ള കാര്യങ്ങളെ നിരീക്ഷിച്ച് അതിനെ നമ്മുടെ പാഠ്യവിഷയവുമായി ബന്ധപ്പെടുത്തി പഠിക്കുമ്പോൾ അതു ഏറെ രസകരം ആയിരിക്കും. അതുപോലെ പഠിക്കുന്ന കാര്യങ്ങൾ ഭാവനയിലൂടെയും (Imagine) ചിത്രീകരിച്ച് (Picturise) കാണാൻ ശ്രമിക്കുന്നതിലൂടെയും പഠനം ആയാസ രഹിതമാക്കുവാൻ സഹായിക്കും. ഹിസ്റ്ററി, ജ്യോഗ്രഫി പോലെയുള്ള വിഷയങ്ങൾ എളുപ്പം മനസ്സിലാക്കുവാൻ ഇത് സഹായകമാകും.

  1. പ്രാർത്ഥനയോടെ പഠിക്കുക. (Study with prayer)

എല്ലാറ്റിലും ഉപരി പഠനത്തിനു ആവശ്യമായി വരുന്നത് ദൈവാശ്രയമാണ്. വിശുദ്ധ വചനം ഇങ്ങനെ പറയുന്നു, “യഹോവാഭക്തി ജ്ഞാനത്തിൻ്റെ ആരംഭമാകുന്നു; അവയെ ആചരിക്കുന്ന എല്ലാവർക്കും നല്ല ബുദ്ധിയുണ്ട്” (സങ്കീ: 112:10). ദൈവഭക്തി ആചരിക്കുന്നതിലൂടെ നല്ല ബുദ്ധിയും വിവേകവും പ്രാപിക്കുവാൻ സാധിക്കും. അങ്ങനെയെങ്കിൽ ദൈവത്തിൽ ആശ്രയിച്ചു പഠിക്കുവാൻ ശ്രമിച്ചാൽ അത് എത്രയോ സുഗമവും ആസ്വാദ്യകരവും ആകും.

എന്ത് പഠിച്ചാലും അതെല്ലാം ഇഷ്ടപ്പെട്ടും രസിച്ചും ആസ്വദിച്ചും പഠിക്കുവാൻ ശ്രമിക്കുക. നമ്മുടെ മനസ്സിനെ നിയന്ത്രിച്ച് അതിനായി സജ്ജമാക്കുക. തീർച്ചയായും അത് വലിയ മാറ്റങ്ങൾ നമ്മിൽ കൊണ്ടുവരും. പഠനം നമ്മുടെ ദിനചര്യയായി (Daily Routine) മാറണം.

ഒരു വാചകം ഇവിടെ ഉദ്ധരിക്കട്ടെ.

നിങ്ങൾക്ക് നിങ്ങളുടെ ഭാവിയെ മാറ്റി മറിക്കുവാൻ സാധിക്കുകയില്ല. എന്നാൽ നിങ്ങളുടെ ശീലങ്ങളെ മാറ്റുവാൻ കഴിയും. തീർച്ചയായും ശീലങ്ങൾ നിങ്ങളുടെ ഭാവിയെ മാറ്റി മറിക്കും (“You cannot change your future, but, you can change your habits, and surely your habits will change your future”). ഡോ. എ. പി. ജെ അബ്ദുൾ കലാമിൻ്റെ ഈ വാക്കുകൾ ഏറെ ശ്രദ്ധേയമാണ്.

നമ്മുടെ പുതിയ അദ്ധ്യയന വർഷം, പഠനം എന്ന നല്ല ശീലത്തിലൂടെ നമ്മുടെ ഭാവിയും ഭാഗധേയവും നമുക്കു മാറ്റിയെടുക്കാം.