ഹന്ന ഷിബു ജോസ് (1994-2021) – അനുസ്മരണം

ക്രൈസ്തവ ഗായികയും ക്രിസ്തീയസോദരി മാഗസിനിലെ എഴുത്തുകാരിയുമായിരുന്ന ഹന്ന ഷിബു ജോസ് കര്‍ത്തൃസവിധമണഞ്ഞു. സോദരി എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവും യുവസഹോദരിമാര്‍ക്കു വേണ്ടിയുള്ള യൂത്ത് സ്‌പെഷ്യല്‍ എന്ന പംക്തിയിലെ സ്ഥിരം എഴുത്തുകാരിയും ആയിരുന്ന ഹന്നയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ സഹോദരിമാര്‍ വായനക്കാരുമായി പങ്കുവെക്കുന്നു.

സ്നേഹഗായിക

ജോയ്‌സ് സ്റ്റാൻലി

ഹന്നമോള്‍ വളരെ ചെറിയപ്രായത്തില്‍ തന്നെ പാടി തുടങ്ങിയിരുന്നു. കണ്‍വന്‍ഷനുകള്‍, വിവാഹ ചടങ്ങുകള്‍ തുടങ്ങി അനേക വേദികളില്‍ മുഴങ്ങികേട്ട അവളുടെ ശ്രുതിമധുരമായ ശബ്ദത്തിലൂടെ അനേക ഹൃദയങ്ങളെ ദൈവസ്‌നേഹത്തിന്റെ പാരമ്യത്തിലേക്കു എത്തിക്കുവാന്‍ കഴിഞ്ഞു. അവസാന നിമിഷം വരെയും ഉഡുമല്‍പേട്ട ബഥേസ്ദ ചാപ്പല്‍ ബ്രദറണ്‍ സഭയോട് ചേര്‍ന്ന് കര്‍ത്താവിനെ ആരാധിച്ചും സണ്ടേസ്‌ക്കൂള്‍ അധ്യാപികയായും പ്രവര്‍ത്തിച്ചു. യുവജനങ്ങളെ ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ ഉറപ്പിക്കുവാനും ഉത്സാഹിപ്പിക്കുവാനും ഹന്നമോള്‍ കാണിച്ച ശുഷ്‌കാന്തി പ്രശംസനീയമാണ്. എപ്പോഴും പാട്ടും സന്തോഷവും നിറഞ്ഞു നില്‍ക്കുന്ന ഒരു ക്രിസ്തീയ ഭവനമാണ് പ്രിയ മകളുടേത്. ആ കുടുംബവുമായി ഏറെ അടുത്ത ബന്ധമാണ് ഞങ്ങള്‍ക്കുള്ളത്. സ്‌നേഹനിധികളായ മാതാപിതാക്കളും, സ്‌നേഹം കൊണ്ട് പൊതിയുന്ന സഹോദരങ്ങളുമാണ് ഹന്നയുടെ സന്തോഷം. അവള്‍ തന്റെ മാതാപിതാക്കള്‍ക്കു അനുസരണമുള്ള മകളും, സഹോദരങ്ങള്‍ക്കു നല്ല സഹോദരിയും സഭാ വിശ്വാസികള്‍ക്ക് അനുകരിക്കത്തക്ക സാക്ഷ്യം ഉള്ളവളും ആയിരുന്നു. വളരെ ചുരുങ്ങിയ കാലം കോളേജ് അധ്യാപികയായി സേവനം അനുഷ്ഠിച്ച ഹന്ന മോള്‍ക്ക് സഹപ്രവര്‍ത്തകരുടെയും ശിഷ്യഗണങ്ങളുടെയും ഹൃദയം കവരുവാന്‍ സാധിച്ചിരുന്നു. ഹന്ന നല്ല സൗഹൃദത്തിനും സാഹോദര്യത്തിനും ഉടമയായിരുന്നു.

26 വര്‍ഷങ്ങള്‍ കൊണ്ട് ഒരുപാട് നല്ല ഓര്‍മ്മകള്‍ നല്‍കിയിട്ടു, യാത്ര ചോദിക്കാതെ മൗനമായി, ആ പൊന്‍പുലരിയില്‍ വീണ്ടും കാണാം എന്ന പ്രത്യാശയോടെ ഹന്ന എന്ന ഷിനുമോള്‍ യാത്രയായി… സ്‌നേഹഗായിക തീരമണഞ്ഞു.

കർത്താവിനായി ജീവിച്ചവൾ

ഗോഡ്‌സി എബി

വളരെ ഞെട്ടലോടെയും വിഷമത്തോടെയുമാണ് ഹന്നയുടെ വേര്‍പാട് അറിഞ്ഞത്. ഞാന്‍ വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ കേള്‍ക്കുന്നതാണ് ഹന്നയെക്കുറിച്ച്. അന്നു മുതല്‍ കാണാനും പരിചയപ്പെടാനും വളരെ ആഗ്രഹം ഉണ്ടായിരുന്നു. തമിഴ് ഢആട -മായി ബന്ധപ്പെട്ടാണ് ഞാന്‍ ആദ്യമായി ഹന്നയോട് സംസാരിക്കുന്നത്. ആ സൗഹൃദം അവള്‍ നമ്മെ വിട്ടു പോകുന്നവരെ കാത്തു സൂക്ഷിച്ചു. നല്ലൊരു motivator ആയിരുന്നു പ്രിയ ഹന്ന മോള്‍. ക്രിസ്തീയ സോദരി തമിഴ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഒത്തിരി ആശയങ്ങള്‍ പറഞ്ഞു തന്നിട്ടുണ്ട് പ്രിയ മകള്‍. ഓരോ തവണ സംസാരിക്കുമ്പോഴും വളരെ ഉത്സാഹത്തോടെ എല്ലാ കാര്യങ്ങളും ചെയ്യുവാനും അവളുടേതായ ആശയങ്ങള്‍ പങ്കുവെയ്ക്കാനും ശ്രമിച്ചിരുന്നു. നേരിട്ട് കാണണം എന്ന് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ആഗ്രഹം ഉണ്ടായിരുന്നു ദൈവം അതിനുള്ള അവസരം നല്‍കിയില്ല. വളരെ വേദനയുണ്ട് അവള്‍ ഇനിയില്ല എന്നോര്‍ക്കുമ്പോള്‍. ഞങ്ങള്‍ തമിഴ് ഗ്രൂപ്പിലെ അഡ്മിന്‍സ് എല്ലാവരും ഒരുമിച്ച് ഒരു ആലോചന മീറ്റിംഗ് നടക്കുന്നതിനിടയിലാണ് പ്രിയ ഹന്ന മോളുടെ വേര്‍പാട് ഞങ്ങള്‍ കേട്ടത്. അന്ന് അവളും ആ മീറ്റിംഗില്‍ ഉണ്ടാകേണ്ടതായിരുന്നു. ക്രിസ്തീയ സോദരി തമിഴ്ഗ്രൂപ്പിന്റെ വിവിധ ശുശ്രൂഷകളിലേക്കു അവള്‍ ചെയ്യേണ്ടണ്ട കര്‍ത്തവ്യങ്ങള്‍ എല്ലാം ഞങ്ങള്‍ എഴുതിവെച്ചിരുന്നു. പിന്നീട് അവയെല്ലാം ഹന്നയെ വിളിച്ചു പറയാം എന്നു കരുതിയിരിക്കുമ്പോഴാണ്, ഹൃദയത്തെ കീറിമുറിക്കുന്ന ആ വാര്‍ത്ത ഞങ്ങളുടെ കാതുകളിലെത്തിയത്. അവള്‍ നമുക്കെല്ലാം ഒരു മാതൃക ആയിട്ടാണ് ഈ ലോകം വിട്ട് പോയത്. തന്റെ ജീവിതത്തിന്റെ പരമാവധി സമയവും അവള്‍ ചിലവഴിച്ചത് കര്‍ത്താവിന് വേണ്ടിയാണ്. ആ മാതൃക നമുക്ക് ഓരോരുത്തര്‍ക്കും പിന്തുടരാന്‍ കഴിയട്ടെ.

പ്രത്യാശയോടെ വിട

ജെമി റോസ് അലക്‌സ്

ചില സൗഹൃദങ്ങള്‍ അങ്ങനെയാണ്. മനസ്സില്‍ വേഗം ഇടം പിടിക്കും. അക്ഷരങ്ങളിലൂടെയും ശബ്ദത്തിലൂടെയും മാത്രമുള്ള സൗഹൃദമായിരുന്നു ഞങ്ങളുടേത്. പക്ഷേ ക്രിസ്തുയേശുവിലുള്ള ആത്മബന്ധത്താല്‍ ഈ സൗഹൃദം ഹൃദയത്തില്‍ വേഗം സ്ഥാനം പിടിച്ചു. അവളുടെ 26-ാം പിറന്നാളില്‍ അപ്രതീക്ഷിത സമ്മാനങ്ങള്‍ കിട്ടിയ സന്തോഷം പങ്കുവെച്ച ദിവസം ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു. ക്രിസ്തീയ സോദരി യൂത്ത് വാട്‌സാപ്പ് ഗ്രൂപ്പിലൂടെയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. ഏത് ആത്മീയ ശുശ്രൂഷകള്‍ ഏല്പിച്ചാലും മടികൂടാതെ ‘ ഞാന്‍ ചെയ്യാം ചേച്ചി’ എന്ന് പറഞ്ഞ് ഏറ്റെടുക്കുന്ന അവളെ അങ്ങനെ പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. മാര്‍ച്ച് മാസം എല്ലാ പ്രഭാതവും അവളുടെ ഇമ്പ സ്വരത്തിലുള്ള പുലര്‍കാല ഗീതം കേട്ടാണ് സോദരി യൂത്ത് ഗ്രൂപ്പ് ഉണര്‍ന്നത്. ഇടയ്ക്ക് ചില ശാരീരിക പ്രയാസങ്ങള്‍ പറഞ്ഞെങ്കിലും താന്‍ ഏറ്റെടുത്ത ശ്രൂശൂഷ അവള്‍ ഭംഗിയായി നിറവേറ്റി. അവള്‍ പാടിയ ഓരോ ഗാനത്തിലും അവളും ദൈവവുമായുള്ള ആത്മബന്ധം ശ്രോതാക്കള്‍ക്ക് കൂടി അനുഭവിക്കുവാന്‍ സാധിച്ചിരുന്നു. മെയ് 3-ാം തീയതി സോദരി സൂം പ്ലാറ്റ്‌ഫോമില്‍ ഞങ്ങള്‍ ഒന്നിച്ച് ആത്മീയ ശ്രുശൂഷ ചെയ്യാനിരിക്കുന്ന സന്തോഷവാര്‍ത്ത അവളുമായി പങ്കിടാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ദൈവഹിതം മറ്റൊന്നായിരുന്നു. ആ സന്തോഷം പങ്കിടുന്നതിനു മുമ്പ് അവള്‍ താന്‍ പ്രിയം വെച്ച നാഥന്റെ അടുക്കല്‍ എത്തി ചേര്‍ന്നു. എന്നാല്‍, ഞാന്‍ പ്രത്യാശയോടെ കാത്തിരിക്കുന്നു നമ്മള്‍ ഒന്നിച്ച് നിത്യതയില്‍ ദൈവത്തെ ആരാധിച്ചും സേവിക്കുകയും ചെയ്യുന്ന ദിനത്തിനായ്. അതു വരെ വിട!

ദൈവത്തെ സ്നേഹിച്ച ഹന്ന

ഷൈനി അഭിലാഷ്

അവള്‍ ആരെന്നു എനിക്കറിയില്ല. എന്നാലും അവളുടെ സംഗീതത്തിലൂടെ അവള്‍ ആരെന്നു പറഞ്ഞു തന്നു. ഓരോരുത്തര്‍ക്കും അവരവരുടേതായ ഇടങ്ങളുണ്ട്. ആ ഇടങ്ങളില്‍ അവര്‍ സമര്‍പ്പിതരുമാണ്. ഇതിനുദാഹരണമായിരുന്നു ഹന്ന മോള്‍. തനിക്കു കടന്നു ചെല്ലാന്‍ കഴിയാത്ത ഇടങ്ങളില്‍ പോലും അവളുടെ സാന്നിധ്യം ഒരു സംഗീതമായ് എത്തിക്കാന്‍ അവള്‍ നന്നേ ശ്രമിച്ചിരുന്നു. ഭൗതീകമായ ഒരുപാട് പരിമിതികള്‍ക്കു മീതെയും അവളുടെ ശബ്ദം എത്തി. അവള്‍ സ്‌നേഹിച്ചിരുന്നവന്‍ അവളെ അതിലേറെ സ്‌നേഹിച്ചിരുന്നു. അതു കൊണ്ടാവുമോ അവന്‍ അവളെ വേഗം തന്റെ അരികില്‍ ചേര്‍ത്തത്. ദൈവത്തിലേക്കു അടുക്കാന്‍ യാതൊരു സാധ്യതതയുമില്ലാത്തവരെപോലും അവള്‍ പിടിച്ചു വലിച്ചു കൊണ്ടുവരും. കുഞ്ഞുങ്ങളുമായി അഭേദ്യമായ ഒരു ബന്ധം അവള്‍ക്കുണ്ടായിരുന്നു. അവളുടെ പ്രിയന്‍ സ്‌നേഹിച്ചിരുന്നതുപോലെ. പലതും അവളുടെ ശബ്ദത്തില്‍ അലിഞ്ഞു പോയി. അതേ അവള്‍ എപ്പോഴും പറയാന്‍ ശ്രമിച്ചതും അതു തന്നെയായിരുന്നു. അങ്ങയെ ഞാന്‍ സ്‌നേഹിക്കും…

ഒരു വാതില്‍ അടയ്ക്കുകയും രണ്ടു വാതില്‍ തുറക്കുകയും ചെയ്യപ്പെടുന്നതാണ് മരണം. ലോകത്തിലെ വാതില്‍ അടയുമ്പോള്‍ നിത്യതക്കുള്ള രണ്ടു വാതിലുകള്‍ തുറക്കുകയാണ്. ഒന്നു സ്വര്‍ഗം മറ്റൊന്നു നരകം. ഇതില്‍ ഏതു വേണമെന്ന് തിരഞ്ഞെടുക്കാന്‍ മാത്രമാണ് ഈ ലോകത്തിലെ ജീവിതം. വാതില്‍ അടയും മുമ്പ് ഹന്ന തിരഞ്ഞെടുത്തു സ്വര്‍ഗ്ഗത്തിന്റെ വാതില്‍. അവള്‍ അതില്‍ പ്രവേശിച്ചു. വാതില്‍ തിരഞ്ഞെടുക്കാന്‍ വേണ്ടി മാത്രം ഉള്ള ഈ ജീവിതത്തെ നിസാരമാക്കി കളയരുതേ പ്രിയരേ….

ഹന്ന നല്ല പോര്‍ പൊരുതി വിശ്വാസം കാത്തു. അവള്‍ ആയിരുന്ന ഇടത്തില്‍ അവള്‍ ഉത്തമ സാക്ഷ്യം പുലര്‍ത്തി.. ഇപ്പോള്‍ അവള്‍ ഉറങ്ങുകയത്രേ …….

കാലഘട്ടത്തിന്റെ എഴുത്തുകാരി

ലൗലി ജോർജ്

ഹന്ന ഒരു ഗായിക മാത്രമായിരുന്നില്ല, ശക്തയായ ഒരു എഴുത്തുകാരി കൂടിയായിരുന്നു. 2015-16 കാലഘട്ടങ്ങളിലാണ് ഞങ്ങള്‍ തമ്മില്‍ പരിചയപ്പെടുന്നത്. അന്നു മുതല്‍ തുടങ്ങിയ സ്‌നേഹബന്ധം തമ്മില്‍ കണ്ടിട്ടില്ലെങ്കിലും അവസാനനിമിഷം വരെയും സുദൃഢമായി നിലനിര്‍ത്തുവാന്‍ ഞങ്ങള്‍ക്കു സാധിച്ചിരുന്നു. സഹോദരിമാര്‍ക്കു വേണ്ടി ഒരു മാഗസിന്‍ ചെയ്യണമെന്നുള്ളത് ദീര്‍ഘവര്‍ഷങ്ങളായി എന്റെ മനസ്സിലെ ഒരു ആഗ്രഹമായിരുന്നു. ഇത്തരമൊരു സംരംഭം തുടങ്ങുന്നതിനെക്കുറിച്ചു ഞാന്‍ സംസാരിച്ച ചുരുക്കം ചില വ്യക്തികളിലൊരാണ് എനിക്കേറ്റവും പ്രിയപ്പെട്ട ഹന്നമോള്‍. ക്രിസ്തിയസോദരി എന്ന മാഗസിന്‍ ആരംഭിക്കുമ്പോള്‍ സോദരിക്കു വേണ്ടത്ര എഴുത്തുകാരുണ്ടായിരുന്നില്ല. മാഗസിനില്‍ യുവസഹോദരിമാര്‍ക്കായി ആംഗലേയ ഭാഷയില്‍ ഒരു പംക്തി തുടങ്ങണം എന്ന ആവശ്യം വന്നപ്പോള്‍ അതു ഹന്ന ചെയ്യണമെന്നു തീരുമാനിച്ചു. അതുവരെ ഹന്ന ഒരു ഗായികയാണെന്നു മാത്രമേ ഞാന്‍ മനസ്സിലാക്കിയിരുന്നുള്ളു. എന്നാല്‍ ആ തീരുമാനം ശരിയായിരുന്നുവെന്നും അതിലെ ദൈവീകനിയോഗവും പിന്നീട് മനസ്സിലാക്കുവാന്‍ സാധിച്ചു. അങ്ങനെ എല്ലാ ലക്കവും യൂത്ത് സ്‌പെഷ്യല്‍ എന്ന പംക്തി ഹന്ന എഴുതി തുടങ്ങി. വളരെ സന്തോഷത്തോടെ ഹന്നമോള്‍ ഏറ്റെടുത്ത ദൗത്യം ഉത്തരവാദിത്ത്വത്തോടെ നിറവേറ്റുകയാണുണ്ടായത്. ഓരോ രചനകളിലൂടെയും ഹന്ന സംസാരിച്ചതു ദൈവസ്‌നേഹത്തിന്റെ പാരമ്യത്തെക്കുറിച്ചായിരുന്നു. ചിന്തോദ്ദീപകമായ ആ വരികളിലെല്ലാം തിളങ്ങി നിന്ന ദൈവസ്‌നേഹത്തിന്റെ അഗാധത്വം വായനക്കാര്‍ക്കു ഗ്രഹിക്കാനാകും. ഹന്ന കൈമാറിയ ആശയങ്ങളിലൂടെ ജീവിതത്തിന്റെ താളം തെറ്റിയ ചിലര്‍ക്കെങ്കിലും തിരുത്തുവാനും തിരികെയെത്താനും കഴിഞ്ഞിട്ടുണ്ട്. എല്ലാ ലേഖനങ്ങളും കൃത്യസമയത്തു തന്നെ എത്തിച്ചിരുന്നു. ദൈവത്തോടുള്ള പ്രിയ മകളുടെ സമര്‍പ്പണം അത്ര തീവ്രമായിരുന്നു. അവളുടെ ജീവിതത്തിന്റെ കൂടുതല്‍ സമയവും അവള്‍ കര്‍ത്താവിനു വേണ്ടി ഉപയോഗിച്ചു. എല്ലാവരേയും സ്‌നേഹിക്കുവാനും കരുതുവാനും അവള്‍ക്കു സാധിച്ചിരുന്നു. ആശയറ്റവരെ ചേര്‍ത്തു നിര്‍ത്താനും കൂടെയുള്ളവരെ സംരക്ഷിക്കാനും അവള്‍ മറന്നില്ല. പ്രതിഫലേച്ഛ കൂടാതെയുള്ള പ്രവൃത്തനശൈലി ഹന്നയെ വ്യത്യസ്തയാക്കിയിരുന്നു. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ ചെയ്ത അതുല്ല്യപ്രതിഭ.

സോദരിയിലേക്കു തമിഴ് ഭാഷയില്‍ ഒരു ലേഖനം അയച്ചു തന്നതിനു ശേഷമാണ് അവള്‍ ഏറെ സ്‌നേഹിച്ച കര്‍ത്താവിന്റെ അടുക്കലേക്ക് തിരികെ പോയത്. ഈ ലക്കം സോദരിയില്‍ അതു ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രിസ്തീയസോദരിയുടെ തുടക്കം മുതല്‍ എന്നോടൊപ്പം സഞ്ചരിച്ച, സോദരിയുടെ ഏതു സാഹചര്യത്തിലും ക്രിയാത്മക സമീപനം പുലര്‍ത്തിയിരുന്ന, എന്റെ കൂടെ നിന്ന എന്റെ സഹോദരി ഹന്ന മോളുടെ വേര്‍പാട് ക്രിസ്തീയസോദരിക്കു തീരാനഷ്ടം തന്നെയാണ്. എങ്കിലും ദൈവോദ്ദ്യേശത്തെ ഞങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കുന്നു. ചില മാസങ്ങള്‍ക്കുമുമ്പ് എനിക്കു ചേച്ചിയെ കാണണമെന്നു ഹന്നമോള്‍ ആഗ്രഹം പറഞ്ഞിരുന്നു. ഈ ഭൂമിയില്‍ വെച്ച് ഞങ്ങള്‍ക്കതിനു അവസരം ലഭിച്ചില്ല. മറുകരയില്‍ വെച്ച് ഞങ്ങള്‍ തമ്മില്‍ കാണും. ഞാന്‍ മാത്രമല്ല ക്രിസ്തീയസോദരിയിലുള്ള എല്ലാ അംഗങ്ങളും കാത്തിരിക്കുകയാണ്; ഞങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ട ഹന്നമോളെ കാണാമെന്നുള്ള പ്രത്യാശയോടെ….

தேவனுடைய நாமம் மகிமைப்படுவதாக.


Esther Shaji

சகோதரன் Shibu வுக்கும் சகோதரி Binu வுக்கும் இரண்டாவதாக பிறந்த மகள் Hannah Angeline (Shinu). பெற்றோர்களின் குணம் அவளிடம் நன்றாகவே காணப்பட்டது. சிறுவயதில் இருந்து Shinuவை எனக்கு தெரியும். தேவன் Shinu வுக்கு இனிமையான குரல் வளம் கொடுத்திருக்கிறார் அதை தேவனுக்காக சிறுவயது முதல் பயன்படுத்திய மகள், அவளுடைய பிரிவு மிகவும் வேதனையாகத்தான் இருக்கிறது. வாக்கு பண்ணினவர் மாறிடார் வாக்குத்தத்தம் நிறைவேற்றுவார் என்ற பாடலை எப்பொழுதும் பாடுவாள் கேட்கும்போது ஆறுதலாக இருக்கும். மே மாதம் 18ஆம் தேதி 2020ஆம் ஆண்டு, நான் சோர்வுற்று இருந்த நேரத்தில் Shinu கிறிஸ்தவ சகோதரிகள் வாட்ஸ்அப் குழுவில் என்னை இணைத்தாள். எனக்குள் இருக்கும் தாலந்துகளை பயன்படுத்த Shinu வை தேவன் ஒரு கருவியாகப் பயன்படுத்தினார். வாட்ஸ்அப் குரூப்பில், Bible study, character study, செய்திகளை கொடுக்கவும் தேவன் என்னை பயன்படுத்தி வருகிறார். Shinu தன்னுடைய கஷ்டங்களை மறைத்து பிறருக்கு ஆறுதல் சொல்லுவாள், மற்றவர்களை ஊக்குவிப்பாள். தன் பாட்டின் மூலம் தேவனுடைய அன்பை அநேகருக்கு வெளிப்படுத்தினால் நல்ல ஆலோசகராக இருந்தால் மற்றவர்களுக்கு உதவும் மனம் கொண்டவள். தன்னுடைய வாலிப நாட்களை தேவனுக்காக சமர்ப்பணம் செய்தவள் Shinu. நவம்பர் 22, 2020 தேவன் அவளோடு பேசிய வார்த்தைகளை என்னிடம் பகிர்ந்து கொண்டால்.

அந்த வரிகள் …….
கள்ளிச்செடியா? கனி செடியா? நீ கல்லி செடியாய் இருந்தால் உன்னை நீயே வெறுத்துவிடு! நீ கனிச் செடியாய் இருந்தால் கிறிஸ்துவை பிறரிடம் உரைத்திடு! தன்னை வெறுத்து கனி கொடுக்கும் செடியாய் கிறிஸ்துவை பிறரிடம் உரைத்து தன்னை நேசித்த ஆண்டவரிடம் சேர்க்கப்பட்டாள்(சங்கீதம் 116:15)
குடும்பத்தாரின் ஆறுதல்காக ஜெபிப்போம்.

A Tribute to Hannahmol

Jincy Jimmy

Your sweet voice,
The meaningful songs,
The dedicated mind,
The determined spirit,
The zeal for your Lord
Yes dear Hannahmol,
Your memories will linger on,
Your legacy will be cherished,
Though with a sorrowful heart
We have to bid you bye
For a short while,
But we live with the blessed Hope ,
That we will meet you on that Glory Land
Somewhere beyond the blue.
From all of us at Kristheeya Sodari
Bye dear Hannah
Meet you again on that Shore.