ഒരു അമ്മയുടെ കർത്തവ്യം വളരെ വിലപ്പെട്ടതാണ്. ഒരു കുട്ടിക്കു ജന്മം കൊടുക്കുന്നതു കൊണ്ട് മാത്രം അമ്മയുടെ മൂല്യം പൂർണ്ണമായി മനസ്സിലാക്കാൻ കഴിയില്ല. സൃഷ്ടാവായ ദൈവത്തിന്റെ വീക്ഷണകോണിൽ നിന്നു നോക്കുമ്പോഴാണ് അമ്മയുടെ മൂല്യം കൂടുതൽ മനസ്സിലാകുന്നത്. ഒരു മനുഷ്യാത്മാവിനെ രൂപപ്പെടുത്തുന്നതിനുള്ള ദൈവത്തിന്റെ ഉപകരണമാണ് അമ്മ. അമ്മമാരുടെ പെരുമാറ്റങ്ങൾ കുഞ്ഞുങ്ങളുടെ ജീവിതത്തെ നേരിട്ട് സ്വാധീനം ചെലുത്തുന്നതാണ്. അതുകൊണ്ടു തന്നെ കുഞ്ഞുങ്ങളോട് നാം ദൈവകൃപയോടെ പെരുമാറണം.  നാം ദൈവത്തിന്റെ മക്കൾ ആയതിനാൽ നമ്മുടെ അമ്മ എന്ന റോൾ കൂടുതൽ കാഴ്ചപ്പാടോടെയും ശ്രദ്ധയോടെയും ചെയ്യാൻ കഴിയണം.  നമ്മുടെ മാതൃത്വത്തെ ദൈവവിളിയായി നാം മനസ്സിലാക്കണം. നമ്മുടെ മക്കൾ തെറ്റായ വഴിയിലൂടെ നടക്കുമ്പോൾ നാം അവർക്ക് നേർവഴി പറഞ്ഞു കൊടുക്കുന്നതിലൂടെ നമുക്ക് ദൈവത്തിൽ നിന്ന് ലഭിച്ചിട്ടുള്ള സ്‌നേഹം അവരിലേക്ക് പകർന്നു കൊടുക്കുവാൻ സാധിക്കും. അത് നമ്മെക്കുറിച്ചുള്ള ദൈവീക വിളിയോടുള്ള പ്രതികരണം കൂടിയാണ്.

മാതാപിതാക്കളുടെ നിർദ്ദേശങ്ങൾ കുട്ടികൾ ലംഘിക്കുമ്പോൾ, അവരെ കേൾക്കാതെ അവരോട് അക്രമാസക്തരാകുകയും ആക്രോശിക്കുകയും   ചെയ്യുന്ന മാതാപിതാക്കളുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ തിരക്കിട്ട് പലതും അന്വേഷിച്ചു കൊണ്ടിരിക്കുമ്പോൾ മക്കളുടെ വിളി വരുന്നത് മിക്ക മാതാപിതാക്കളെയും ഏറെ അസ്വസ്ഥരാക്കുന്നുണ്ട്. അപ്പോഴൊക്കെ നിഷ്ക്കരുണം അവരെ തിരസ്ക്കരിക്കുന്ന അമ്മമാർ വിരളമല്ല.   അനിയന്ത്രിതമായി അവരോട് കോപിക്കുകയും  ക്രൂരമായി അവരെ ശിക്ഷിക്കുകയും ചെയ്യുമ്പോൾ നമ്മിലെ ദൈവകൃപയെക്കുറിച്ച് നാം ചിന്തിക്കാറില്ല.

നമ്മുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും സത്യസന്ധത പുലർത്തുവാൻ നമ്മെത്തന്നെ  പരിശീലിപ്പിക്കുവാനുള്ള ഏറ്റവും നല്ല സ്ഥലമാണ് നമ്മുടെ ഭവനം. നമ്മുടെ കുടുംബത്തെ നാം അഗാധമായി സ്‌നേഹിക്കുന്നുണ്ടെങ്കിലും ഓരോ ദിവസവും നമ്മുടെ ക്ഷമ നഷ്ടപ്പെടുകയാണ്.  ‘എനിക്ക് വയ്യ’  ‘ഇനി സാധിക്കില്ല’ എന്ന ചിന്ത വരുമ്പോൾ ദൈവത്തിന്റെ സഹായം തേടുക. നാം പരാജയപ്പെടുന്ന സ്ഥലത്ത് കർത്താവ് സഹായകനായി നമ്മോടു കൂടെയുണ്ട്.

ദൈവകൃപയുടെ അർത്ഥം എന്താണെന്ന് അമ്മമാരായ നമ്മിൽ നിന്നും നമ്മുടെ കുട്ടികൾക്കു മനസ്സിലാക്കുവാൻ സാധിക്കണം. നമ്മുടെ കുട്ടികളോട് ആദരവോടെ ഇടപെടുവാൻ ലഭിക്കുന്ന അവസരം നമ്മൾ പാഴാക്കരുത്. കുടുംബത്തിൽ ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രാർത്ഥനാപൂർവ്വം വേണം നമ്മുടെ  ഓരോ ദിവസവും ആരംഭിക്കുവാൻ. കർത്താവിൽ നിന്നും നമുക്ക് ലഭിച്ച  കൃപ പ്രതിഫലിപ്പിക്കുന്നതിനും നമ്മുടെ മക്കളുടെ സ്വഭാവരൂപികരണത്തിനുള്ള ഇടമായും നമ്മുടെ ഭവനങ്ങൾ മാറേണം.

Marriage - Blessed relationship(Teny Vinu)