ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട ദൈവമക്കൾ ഒന്നാണ്. അതിൽ സഹോദരിമാരുടെ പങ്ക് വിലപ്പെട്ടതാണ്. ഈ സത്യം മുറുകെപ്പിടിച്ച് എല്ലാ അർത്ഥത്തിലും പ്രായോഗികതലത്തിൽ അത് പ്രകടമാക്കുന്ന ഒരു ശുശ്രൂഷയാണ് ക്രിസ്തീയ സോദരി.

അകതാരിൽ നിന്ന് അനുഭവത്തിലേക്ക്

2017 ഏപ്രിൽ പത്താം തീയതി സഹോദരി ലൗലി ജോർജ്ജിന്റെ അകതാരിൽ അനാദിയായവൻ കനിഞ്ഞു നൽകിയ ആശയമാണ് സ്നേഹ സന്ദേശം എന്ന വാട്സാപ്പ് കൂട്ടായ്മ. സ്നേഹവും, സന്ദേശവും അനസ്യൂതം തുടർന്നപ്പോൾ വളർച്ചയും കർത്താവ് നൽകിക്കൊണ്ടിരുന്നു. ഇതിൻ്റെ ഭാഗമായി സഹോദരിമാർക്ക് വേണ്ടി സഹോദരി മാരുടെ വിവിധ കഴിവുകൾ തൂലികയിലൂടെ രചനകളായി, അവ അച്ചടിച്ച് സഹോദരിമാരുടെ വായനയ്ക്ക്കും വളർച്ചയ്ക്ക്കുമായി പ്രയോജന പ്പെടുത്തണമെന്ന കാഴ്ചപ്പാടിൻ്റെ അനന്തരഫലമാണ് 2018 സെപ്തംബറിൽ പുറത്തിറങ്ങിയ ക്രിസ്തീയ സോദരി മാഗസിൻ. മാഗസിൻ്റെ തുടക്കം വാട്സാപ്പ് ഗ്രൂപ്പിൻ്റെ പുതിയ പേരിന് കാരണമായി. അങ്ങനെ സ്നേഹ സന്ദേശം എന്ന ആത്മീയ വാട്സാപ്പ് കൂട്ടായ്മ ക്രിസ്തീയ സോദരി എന്ന് നാമകരണം ചെയ്യപ്പെട്ടു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള സഹോദരിമാർ ക്രിസ്തീയ സോദരിയിലെ അംഗങ്ങളായി.

ക്രിസ്തീയ സോദരിയുടെ ശുശ്രൂഷകൾ

ക്രിസ്തീയ സോദരിയുടെ ആപ്തവാക്യം സാദ്ധ്യതകളെ അവസരങ്ങളാക്കി മാറ്റുക എന്നതാണ് (Turn Possibilities into Opportunities) സഹോദരിമാരിൽ അന്തർലീനമായിരിക്കുന്ന ആത്മീക താലന്തുകളെ/ കൃപാവരങ്ങളെ തിരിച്ചറിഞ്ഞ് അവയെ ദൈവനാമമഹത്വത്തിനായി പ്രയോജനപ്പെടുത്തേണ്ടതിന് വേണ്ടി സഹോദരിമാരെ ഒരുക്കിയെടുക്കുക എന്ന ഉദ്ദേശ്യമാണ് ഇതിനു പിന്നിൽ ഉള്ളത്.

പ്രഭാതം മുതൽ പ്രദോഷം വരെ വൈവിദ്ധ്യമാർന്ന ശുശ്രൂഷകളാൽ ഗ്രൂപ്പ് സജീവമാണ്. പുലർകാല ഗീതം, സായാഹ്ന ഗീതം, പ്രഭാത പ്രാർത്ഥന, നമുക്ക് പ്രാർത്ഥിക്കാം, ചെയിൻ പ്രയർ, ഗ്രൂപ്പ് പ്രെയർ, ഗുരുമൊഴി, ഗുരുചരണം, ഗുരുഭാഷ്യം, സോംഗ്സ് & വേഴ്സസ്, ബൈബിൾ ക്വിസ്സ്, തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ക്യാരക്ടർ സ്റ്റഡി, ബൈബിൾ സ്റ്റഡി, എന്നിവയും ശനിയാഴ്ച്ച ദിവസങ്ങളിൽ വചന സന്ദേശവും നടന്നു വരുന്നു. ബൈബിൾ കോളേജുകളിൽ വചനപഠനം പൂർത്തീകരിച്ച സഹോദരിമാരാൽ വളരെ ക്രമീകൃതമായി നടക്കുന്ന ബൈബിൾ സ്റ്റഡിയുടെ ഓരോ വിഷയത്തിന്റെയും പഠനാനന്തരം പരീക്ഷയും നടത്തി വരുന്നു.

ബൈബിൾ സ്റ്റഡി

സോദരിയുടെ ബൈബിൾ സ്റ്റഡിയിൽ പഠനവിധേയമാക്കിയ വിഷയങ്ങളും അധ്യാപകരും താഴെ കൊടുക്കുന്നു.

2020 – 21:

• ഉണർന്നും സുബോധവുമായിരിക്ക
(മറിയാമ്മ അലക്സാണ്ടർ)
• ഫിലിപ്പിയർക്ക് എഴുതിയ ലേഖനം – ഒരു പഠനം (ദ്രൗപദി ജോൺസൺ),
• ദൗത്യശാസ്ത്രം, ദൗത്യം – പഴയനിയമത്തിൽ (നൈസ്സി ലിന്റോ)
• കൗൺസലിംഗ്, ക്രിസ്ത്യൻ പേരന്റിംഗ് (ഷൈനി അഭിലാഷ്)
• ശിഷ്യത്വം, ക്രിസ്തുശാസ്ത്രം (മെറീന റോബിൻ)
• എഫെസ്യലേഖനം (ജൂലി കുഞ്ഞുമോൻ)
• ദൂതശാസ്ത്രം (സുനിജാ ഗോൾഡ്)
• യാക്കോബിന്റെ ലേഖനം (സുപ്രിയ ജെയിംസ്)
• ബൈബിൾ പഠന രീതി, പൗലോസിന്റെ മിഷനറിയാത്ര (ലൗലി ജോർജ്).

2022:

• പരിശുദ്ധാത്മശാസ്ത്രം (സുനിജാ ഗോൾഡ്)
• ക്രിസ്തീയദൗത്യം (നൈസ്സി ലിന്റോ) വേദപുസ്തകശാസ്ത്രം (ടൈനി പ്രിൻസ്)
• രക്ഷാതത്വശാസ്ത്രം (ഷിബി അനിൽകുമാർ)
• യോനയുടെ പുസ്തകം (സുജോ മാത്യു)
• 1. തെസ്സലോനിക്യർ (സുപ്രിയ ജെയിംസ്)
• സങ്കീർത്തനം – ഒരു ആമുഖം ( ജൂലി കുഞ്ഞുമോൻ)
• കൗമാര പ്രശ്നങ്ങളും പരിഹാരവും (ഷൈനി അഭിലാഷ്)
• പ്രായോഗിക ക്രിസ്തീയ ജീവിതം (മെറിനാ റോബിൻ)
• സമവീക്ഷണസുവിശേഷങ്ങൾ (ലൗലി ജോർജ്).
2021 – ൽ പഠനം പൂർത്തീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് നല്കിയിട്ടുണ്ട്.

കഥാപാത്ര പഠനം

2022 മാർച്ച് വരെ കഥാപാത്ര പഠനത്തിൽ 30 – ൽ അധികം കഥാപാത്രങ്ങളെയാണ് പഠനവിധേയമാക്കിയത്.
• എലിയാസർ, യെഹൂദാ (ടൈനി പ്രിൻസ്)
• ധൂർത്തപുത്രന്റെ സഹോദരൻ, ബൈബിളിൽ പേര് പറഞ്ഞിട്ടില്ലാത്ത സ്ത്രീകൾ (വൈശാലി തോമസ്)
• ഹവ്വ (അനിതാ ജോൺസൺ)
• നോഹ (പ്രിയ അനിൽ)
• എസ്ഥേർ, തബീഥാ (റേച്ചൽ ബോവസ് )
• നെഹെമ്യാവു (സിമി സൈറസ്സ്),
• രൂത്ത്, യോശുവ (ജിൻസി ജിമ്മി)
• എലിസബേത്ത് (സുനിജാ ഗോൾഡ്)
• ഇയ്യോബിന്റെ ഭാര്യ (എലിസബത്ത് ദാനിയേൽ)
• യോഹന്നാൻ (മിനി ബൈജു)
• ഇയ്യോബ് (സുപ്രിയ ജെയിംസ്)
• ആദിമ സഭയിലെ സ്ത്രീകൾ (മറിയാമ്മ അലക്സാണ്ടർ)
• പത്രോസ് (ലൈലാ സാമു)
• സ്തെഫാനോസ് (മായാ ജോഷി)
• ബെർന്നബാസ് (മഞ്ജു ജോൺ)
• എലീശ (സാറാമ്മ തോമസ്)
• മിര്യാം (ലിജി ബാബു)
• യേശുവിന്റെ അമ്മ മറിയ (ഡെൻസി പ്രമോദ്)
• ദാനിയേൽ (ക്രിസ്റ്റീന ഹെൻട്രി)
• ഏലിയാവ് (ലൗലി ജോർജ്)
• അബീഗയിൽ, സിപ്പോറ, ശിപ്രാ & പൂവാ, ദെബോരാ, നെഹെമ്യാവു (സാറാ അശോക്).

ശനിയാഴ്ച ദിവസങ്ങളിലെ വചന സന്ദേശം നൽകി സഹായിച്ച സഹോദരിമാരെ നന്ദിപൂർവ്വം സ്മരിക്കുന്നു. പല ഘട്ടത്തിലും റീ – റിക്കോർഡിംഗ് ആവശ്യമായി വന്നപ്പോൾ സന്തോഷത്തോടെ സഹോദരിമാർ അത് ചെയ്തു തന്നു.

പ്രാർത്ഥന

ക്രിസ്തീയ സോദരി മിനിസ്ട്രിയുടെ വിജയത്തിനു പിന്നിൽ പ്രാർത്ഥിക്കുന്ന ധാരാളം സഹോദരിമാരുണ്ടെന്ന വസ്തുത വിസ്മരിക്കാവുന്നതല്ല. പ്രാർത്ഥനക്ക് സോദരി വളരെ അധികം പ്രാധാന്യം നല്കുന്നുണ്ട്. പ്രാർത്ഥനയ്ക്ക്കു വേണ്ടി ഒരു ഗ്രൂപ്പ് തന്നെ ക്രമീകരിച്ചിട്ടുണ്ട്. പ്രാർത്ഥനാ ഗ്രൂപ്പിൽ പ്രാർത്ഥനാ വിഷയങ്ങൾ തയ്യാറാക്കുകയും അത് വിവിധ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്യുന്നു. ജെമി റോസ് അലക്സ്, ക്രിസ്റ്റീന ഹെൻട്രി, മേഴ്സി ഷൈബു, റീനാ സാം, ജിൻസി ജിമ്മി, ലൗലി ജോർജ് എന്നിവരാണ് ഈ ശുശ്രൂഷ നിർവ്വഹിക്കുന്നത്. കൂടാതെ കഴിഞ്ഞ രണ്ടു വർഷമായി നടക്കുന്ന ചെയിൻ പ്രെയർ ഈ വർഷവും ചൊവ്വാ രാവിലെ നാലു മണി മുതൽ ആരംഭിച്ച് വ്യാഴം രാവിലെ നാലു മണിക്ക് അവസാനിക്കുന്നു. ചെയിൻ പ്രയർ ദൈവകൃപയാൽ ഗ്രൂപ്പിൽ മുടങ്ങാതെ തുടരുന്നു. വ്യാഴാഴ്ച നടക്കുന്ന ഗ്രൂപ്പ് പ്രെയറിനു സഹോദരിമാരായ മിനി ബൈജുവും ജിൻസി ജിമ്മിയും നേതൃത്വം നല്കുന്നു.

വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ

ക്രിസ്തീയ സോദരി വളരുന്നതനുസരിച്ച് അംഗങ്ങളും വർദ്ധിച്ചു. തന്മൂലം വിവിധ ഗ്രൂപ്പുകൾ ആരംഭിച്ചു. ക്രിസ്തിയ സോദരി ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി, യുവസഹോദരിമാർക്കായി സോദരി യൂത്ത് ഗ്രൂപ്പ്, സഹോദരിമാരുടെ താലന്തുകൾ പ്രകടിപ്പിക്കുവാൻ സോദരി ടാലന്റ്സ് ഗ്രൂപ്പ്, എഴുതുന്നവർക്കും എഴുതുവാനാഗ്രഹിക്കുന്നവർക്കുമായി സോദരി റൈറ്റേഴ്സ് ഗ്രൂപ്പ്.

ഇതര ഭാഷകളിൽ

മലയാളത്തനിമയിൽ ആരംഭിച്ച് മലയാളത്തിൽ നിന്ന് മറ്റു ഭാഷകളിലേക്കും ക്രിസ്തീയ സോദരി വളർന്നു. തമിഴ് ഭാഷയിൽ ക്രിസ്തവ സഹോദരികൾ, ഹിന്ദിയിൽ മസിഹി ബഹനേം എന്നീ ഗ്രൂപ്പുകളും ആരംഭിച്ച് വിവിധ നിലകളിൽ ഉള്ള ആത്മീക ശുശ്രൂഷകൾ നടന്നു വരുന്നു.

ഗദ്യം, പദ്യം, ഗാനം ഇവ രചിക്കുവാൻ കഴിവുള്ള സഹോദരിമാരെ പ്രോത്സാഹിപ്പിക്കുവാനും പാടാൻ കഴിവുള്ള സഹോദരിമാരെ അതിനായി ഉത്സാഹിപ്പിക്കുവാനും സോദരിക്ക് കഴിയുന്നു. 41 ഗായകർ ഒരുമിച്ച് നമ്മൾ ഒന്നാണ് ക്രിസ്തുവിൽ എന്നും ഒന്നാണ് എന്ന ഗാനത്തിൻ്റെ കോളാബും, മറ്റു പാട്ടുകളും ക്രിസ്തീയ സോദരി പുറത്തിറക്കി. 2021 ഡിസംബറിൽ നടന്ന ക്രൈസ്റ്റ് മസ്റ്റ് എന്ന ക്രിസ്തുമസ്സ് പ്രോഗ്രാമിനോട് അനുബന്ധിച്ച് വിണ്ണിൽ താരം മിന്നി മിന്നി എന്ന ഗാനവും പുറത്തിറക്കി.

ഓൺലൈൻ പ്രസിദ്ധീകരണം

സഹോദരിമാരുടെ കഴിവുകൾ വാമൊഴിയായി മാത്രമല്ല, വരമൊഴിയായും പ്രകടമാക്കുവാൻ സോദരിയിലൂടെ സാധിക്കുന്നു. ക്രിസ്തീയ സോദരി ദ്വൈമാസിക (Bi – monthly) തുടർച്ചയായി അനേകരിൽ എത്തിക്കുവാൻ സാധിച്ചു. മാസികയുടെയും ഇ-ബുക്കുകളുടെയും പി ഡി എഫ് സോദരിയുടെ വെബ് സൈറ്റിൽ ലഭ്യമാണ്. പ്രിന്റ് മാസികയിൽ കൊടുത്തിട്ടുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്‌താൽ ലഭിക്കുന്ന ലിങ്ക് വഴി ഓൺലൈൻ സൈറ്റിൽ എത്താം. ഒപ്പം ഓഡിയോ വേർഷനും പുറ‍ത്തിറക്കുന്നുണ്ട്. www.sodari.in എന്ന വിലാസത്തിൽ സോദരിയുടെ വെബ്സൈറ്റ് ലഭ്യമാണ്.

യൂട്യൂബ് ചാനൽ

സോദരി നടത്തുന്ന മീറ്റിങ്ങുകളുടെയും മാസികയിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളുടെയും കവിതകളുടെയും ഗാനങ്ങളുടെയും വീഡിയോ സോദരിയുടെ യു ട്യൂബ് ചാനലിൽ ലഭ്യമാണ്.

സൂം മീറ്റിങ്ങുകൾ

എല്ലാ മാസവും ആദ്യത്തെ ബുധനാഴ്ച വൈകുന്നേരം 5.30 മുതൽ 6.45 വരെ സോദരിയുടെ മാസയോഗവും എല്ലാ ബുധനാഴ്ചയും രാവിലെ 11 മുതൽ 12.30 വരെ ഉപവാസപ്രാർത്ഥനയും, രാത്രി 12.00 മുതൽ 2.00 മണി വരെ മിഡ് നൈറ്റ് പ്രെയറും അവസരോചിതമായി സ്പെഷ്യൽ മീറ്റിംഗുകളും സൂം പ്ലാറ്റ് ഫോമിൽ നടന്നുവരുന്നു. ഇതിനോടകം 100 – ൽ അധികം സൂം മീറ്റിംഗുകൾ നടത്തുവാൻ കർത്താവ് കൃപ ചെയ്തു. കൂടാതെ ആവശ്യഘട്ടങ്ങളിലൊക്കെ പ്രാർത്ഥനയ്ക്കായി സൂമിൽ ഒത്തുകൂടുകയും ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യാറുണ്ട്. ആത്മീക ശുശ്രൂഷകളിൽ മാത്രമല്ല കർത്തൃ കല്പനയായ സൽപ്രവൃത്തികളിലും ഉത്സുകരായി ക്രിസ്തീയ സോദരി ജൈത്രയാത്ര തുടരുന്നു.

അഡ്മിൻസ്

ഈ ശുശ്രൂഷകളുടെ പിന്നിൽ ഒന്നിച്ചു പ്രാർത്ഥിച്ചും, ഒരുമിച്ച് ആലോചിച്ചും, ഗ്രൂപ്പുകളുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്ന അഡ്മിൻസ് പാനൽ ക്രിസ്തീയ സോദരിക്കുണ്ട്. ഈ ശുശ്രൂഷകളുടെ അനുഗ്രഹത്തിനായി അക്ഷീണം യത്നിക്കുന്ന ഇവർ എല്ലാ മാസവും സൂമിൽ ഒരുമിച്ച് കൂടി അഭിപ്രായങ്ങൾ പങ്ക് വയ്ക്ക്കുകയും പൊതു തീരുമാനത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു.
“നിങ്ങളിൽ നല്ല പ്രവർത്തിയെ ആരംഭിച്ചവൻ യേശു ക്രിസ്തുവിൻ്റെ നാളോളം അതിനെ തികയ്ക്ക്കും എന്ന് ഉറപ്പായി വിശ്വസിച്ചുമിരിക്കുന്നു ”. (ഫിലി 1:4). 2017 ഏപ്രിൽ മാസം ആരംഭിച്ച ഈ ശുശ്രൂഷ ഇതുവരെ നിലനിർത്തിയ കർത്താവ് നമ്മിലൂടെ തുടർന്ന് തൻ്റെ സമയത്ത് അതിനെ തികയ്ക്ക്കട്ടെ. നാളിതുവരെ സോദരിയുടെ ഈ ശുശ്രൂഷയ്ക്ക്കായി പ്രാർത്ഥനയിൽ പോരാടിയ എല്ലാ സോദരിമാരോടും കർത്തൃനാമത്തിൽ നന്ദി അറിയിക്കുന്നു. ഈ ശുശ്രൂഷയെ തുടർന്നും പ്രാർത്ഥനയിൽ വഹിച്ചാലും.

കഴിഞ്ഞ അഞ്ചു വർഷങ്ങൾ പ്രതിസന്ധികളിലും, പ്രതികൂലങ്ങളിലും, തളരാതെ, തകരാതെ കരുതലിൻ്റെ കരം തന്ന ഈ ചെറുവഞ്ചിയുടെ അമരക്കാരനും അരുമ നാഥനുമായ നമ്മുടെ കർത്താവിന് സകല സ്തുതിയും മഹത്വവും അർപ്പിക്കുന്നു.

Five years of divine care - Report(Sara Ashok)