വീണ്ടും ഒരു പുതിയവര്‍ഷത്തിലേക്കു നമ്മള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ‘കൊറോണ’ എന്ന മാരക വൈറസ് നിമിത്തം ലോകം സ്തംഭിച്ച ദിവസങ്ങളാണ് നമ്മെ വിട്ടുപോയത്. കഴിഞ്ഞ വര്‍ഷം ലക്ഷക്കണക്കിന് മനുഷ്യജീവിതങ്ങള്‍ മണ്‍മറഞ്ഞു. 2020-ാം ആണ്ടിന്റെ ആരംഭത്തില്‍ എന്തെല്ലാം തീരുമാനങ്ങളായിരുന്നു നാമോരോരുത്തരും എടുത്തിരുന്നത്?. ലോക്ഡൗണും കോവിഡും അവയെല്ലാം നമ്മുടെ ഓര്‍മ്മയില്‍ നിന്ന് മായിച്ചുകളഞ്ഞുവോ? എടുത്ത തീരുമാനങ്ങളെന്തെങ്കിലും പ്രവൃത്തിയില്‍ കൊണ്ടുവരാന്‍ നമുക്കു സാധിച്ചിട്ടുണ്ടോ?. ഓരോ വര്‍ഷവും നമ്മള്‍ ഓരോ പുതിയ തീരുമാനങ്ങളെടുക്കും ഏതാനും ആഴ്ചകള്‍ കഴിയുമ്പോള്‍ അതെല്ലാം വിസ്മൃതിയിലാവുയും ചെയ്യും. ഇതൊരു സ്ഥിരം സംഭവമാണല്ലേ.. എന്നാൽ നാം എടുക്കുന്ന ഓരോ തീരുമാനങ്ങളിലും നാം വിശ്വസ്തരായിരിക്കണം എന്നാണു ദൈവം ആഗ്രഹിക്കുന്നത്.

വിശ്വസ്തത
സഹോദരിമാരായ നമ്മിൽ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതും അനുദിനം അനുവര്‍ത്തിക്കേണ്ടതുമായ ഗുണമാണ് വിശ്വസ്തത. “സ്ത്രീകളും ഘനശാലികളായി ഏഷണി പറയാതെ നിര്‍മ്മദമാരും എല്ലാറ്റിലും വിശ്വസ്തമാരുമായിരിക്കേണം” (1 തിമൊ: 3:11).
നമ്മൾ ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിശ്വസ്തരായിരിക്കണം.
നമ്മള്‍ ഓരോ സ്ത്രീകളും ഒരു ദിവസം ചെയ്യുന്നതും സംസാരിക്കുന്നതും ചിന്തിക്കുന്നതും വ്യത്യസ്തമായ കാര്യങ്ങളാണ്. ഭക്ഷണം പാകം ചെയ്യുക, വീട് വൃത്തിയാക്കുക, തുണി കഴുകുക തുടങ്ങി ചെയ്യുന്ന കാര്യങ്ങളിലെല്ലാം നാം വിശ്വസ്തരായിരിക്കണം. എനിക്കൊരു ജോലി ഉണ്ടായിരുന്നെങ്കില്‍ എന്തു നന്നായിരുന്നു. എന്റെ ജീവിതം ഈ അടുക്കളയില്‍ എരിഞ്ഞടങ്ങുകയാണല്ലോ, വേറെ ജോലിക്കു പോയിരുന്നെങ്കില്‍ ശമ്പളം എങ്കിലും കിട്ടിയേനേ? ഇത്തരം പരിവേദനങ്ങളാണ് നമ്മില്‍ നിന്നും മിക്കപ്പോഴും പുറത്തു വരുന്നത്. ഞാന്‍ ചെയ്യുന്നത് ദൈവഹിതത്താലാണ് എന്ന ബോദ്ധ്യം ഉണ്ടായാല്‍ ഇത്തരം ചിന്തകളില്‍ നിന്നും നമുക്ക് മുക്തരാകുവാന്‍ കഴിയും.
ആത്മീയജീവിതത്തില്‍
നമ്മുടെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും നാം വിശ്വസ്തരായിരിക്കണം. തിരക്കേറിയ ജീവിതത്തിനിടയില്‍ വ്യക്തിപരമായ ആത്മീയജീവിതത്തിനു പ്രാധാന്യം കൊടുക്കുന്നതില്‍ നാം മറന്നുപോകുന്നു. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ രാത്രി കിടക്കാന്‍ പോകുന്നത് വരെ ചെയ്താലും തീരാത്ത ജോലികള്‍ക്കിടയില്‍ സ്വന്തം ആത്മാവിന്റെ കാര്യം മറന്നുപോകുന്നു അഥവാ ഇനി ഓര്‍ത്താലും അതിനു വേണ്ടി സമയം മാറ്റി വയ്ക്കുവാന്‍ താല്പര്യമില്ല. എത്ര തിരക്കുണ്ടെങ്കിലും ഈ ലോകത്തിലെ കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ എല്ലാദിവസവും ദൈവസന്നിധിയില്‍ ഇരിക്കുവാനും ദൈവത്തിന് കൊടുക്കേണ്ട പ്രാമുഖ്യം കൊടുക്കുവാനും നമുക്ക് കഴിയണം. “ദിവസംപ്രതി എന്റെ പടിവാതില്‍ക്കല്‍ ജാഗരിച്ചും എന്റെ വാതില്‍കട്ടളയ്ക്കല്‍ കാത്തുകൊണ്ട് എന്റെ വാക്ക് കേട്ടനുസരിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍” (സദൃ:8:34). ദാനിയേല്‍ ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് രാജ്യത്തിന്റെ ഗവര്‍ണറായിരുന്ന അദ്ദേഹത്തിന് ദൈവവുമായുള്ള ബന്ധം ദൃഢമായിരുന്നു, ദിവസം മൂന്ന് നേരം പ്രാര്‍ത്ഥിക്കുവാന്‍ ദാനിയേലിന് കഴിഞ്ഞിരുന്നു. ആത്മീയ ജീവിതത്തില്‍ പുലര്‍ത്തിയിരുന്ന വിശ്വസ്തത തന്റെ ഔദ്യോഗികമേഖലയിലും പ്രകടമായിരുന്നു.
സമയം
ലോകത്തുള്ള എല്ലാ മനുഷ്യര്‍ക്കും 24 മണിക്കൂറാണ് ദൈവം കൊടുത്തിരിക്കുന്നത്. സമയമില്ല, സമയമില്ല എന്ന പരാതിയാണ് നാം എപ്പോഴും പറയുന്നത്. സമയത്തിനു വിലയുണ്ട്, പക്ഷേ അതിന്റ വില നാം മനസ്സിലാക്കുന്നില്ല. അതുകൊണ്ട് തന്നെ ഒരുപാട് സമയം നമ്മള്‍ പാഴാക്കുന്നു. നമ്മള്‍ ഇന്നത്തെ ടിവി സീരിയലുകളിലും ഫെയ്‌സ്ബുക്കിലും വാട്ട്‌സാപ്പിലുമൊക്കെ അധികം സമയം ചെലവഴിക്കുന്നു. സോഷ്യല്‍ മീഡിയയുടെ ഉപയോഗം അധികമാകുന്നത് ദുഷ്‌കരമാണ്. ഇവയുടെയൊക്കെ ഉപയോഗം പരിമിതപ്പെടുത്തിയാല്‍ നമുക്ക് അത്രയും സമയം കൂടെ ദൈവസന്നിധിയില്‍ ചെലവഴിക്കാനാകും.
പണം
വളരെ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യേണ്ട ഒരു വസ്തുവാണ് പണം. “ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ, ഇതു ചിലര്‍ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങള്‍ക്കു അധീനരായിത്തീര്‍ന്നിരിക്കുന്നു” (1 തിമൊ: 6:10). നമ്മുടെ കണ്ണിന് ആകര്‍ഷണം തോന്നുന്നതെല്ലാം പരിധിയില്ലാതെ വാങ്ങിക്കൂട്ടുമ്പോള്‍ പണം ഇല്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന സഹവിശ്വാസികളെക്കുറിച്ച് നാം ചിന്തിക്കാറുണ്ടോ? വിവാഹം നടക്കാതെ നിൽക്കുന്ന പെണ്‍കുഞ്ഞുങ്ങളെ, തെരുവില്‍ അലയുന്ന കുഞ്ഞുങ്ങളെ നമ്മള്‍ ഓര്‍ക്കാറുണ്ടോ?
സഹോദരിമാരായ നാം പ്രധാനമായും ഈ മൂന്നു കാര്യങ്ങളില്‍ വിശ്വസ്തരായിരിക്കണം. ഈ ഹൃസ്വജീവിതത്തിന്റെ ഓഡിറ്റിംഗ് നടക്കുമ്പോള്‍ ലജ്ജിതരാകാതെ നില്‍ക്കേണ്ടതിനായി നമ്മുടെ ജീവിതം ദൈവസന്നിധിയില്‍ വിശ്വസ്തതയോടെ കാത്തു സൂക്ഷിക്കാം.