മഴത്തുള്ളികൾ മണ്ണിനു കുളിരായി പെയ്യും പോലെ, മനസ്സിൽ സ്നേഹത്തിന്റെ കുളിരായി പെയ്തിറങ്ങിയ ക്രിസ്തീയ സോദരി, പുത്തൻ പ്രതീക്ഷകളും ഭാരിച്ച ഉത്തരവാദിത്വങ്ങളും വഹിച്ച് പുതുവർഷത്തിലേക്ക് പദമൂന്നിയിരിക്കുന്ന ഈ വേളയിൽ എന്റെ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും അർപ്പിക്കുന്നതിനോടൊപ്പം ക്രിസ്തീയ സോദരി എപ്രകാരം എന്റെ ജീവിതത്തെ സ്വാധീനിച്ചു അഥവാ എന്നിൽ എന്തെല്ലാം മാറ്റങ്ങൾക്ക് വഴിയൊരുക്കി എന്ന് ഇത്തരുണത്തിൽ അനുസ്മരിക്കുന്നത് തികച്ചും അനുയോജ്യം എന്നു തോന്നുന്നു.

പാപത്തിന്റെ ശിക്ഷയായ മരണത്തിൽ നിന്നും അഥവാ നരകത്തിൽ നിന്നും മനുഷ്യകുലത്തെ രക്ഷിക്കുവാൻ മനുഷ്യന്റെ പാപം സ്വയം ഏറ്റെടുക്കുന്നതിനായി, മനുഷ്യനായി സ്വർഗ്ഗം വിട്ട് ഈ താണ ഭൂമിയിൽ താണവരിൽ താണവനായി ജനിച്ച്, മരിച്ച് ഉയർത്തെഴുന്നേറ്റു ഇന്നും ജീവിക്കുന്ന കർത്താവായ യേശുക്രിസ്തുവിനെ, രക്ഷകനും കർത്താവുമായി സ്വീകരിച്ച്, ക്രിസ്തുവിനായി സമർപ്പിക്കപ്പെട്ട ഒരു പറ്റം സഹോദരിമാരുടെ കൂട്ടായ്മയായ ക്രിസ്തീയ സോദരി കൂട്ടായ്മയുടെ ഭാഗമായിത്തീരുവാൻ എനിക്കും സാധിച്ചതിൽ ഞാൻ ദൈവത്തെ സ്തുതിക്കുന്നു.

നാലു വർഷങ്ങൾക്കപ്പുറം ഞാൻ ക്രിസ്തീയ സോദരിയിൽ അംഗമാകുമ്പോൾ അന്ന് സോദരിയിൽ ചുരുക്കം ചില അംഗങ്ങൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ സർവ്വശക്തനായ ദൈവത്തിന്റെ കരുണയാൽ പടിപടിയായുള്ള സോദരിയുടെ വളർച്ച തികച്ചും പ്രശംസനീയമായിരുന്നു.

ഇന്ന് നമുക്കു ചുറ്റും ധാരാളം വാട്സാപ്പ് കൂട്ടായ്മകൾ ഉണ്ട്. എന്നാൽ ഇവയിൽ നിന്നും ക്രിസ്തീയ സോദരിയെ വ്യത്യസ്തമാക്കുന്നത് സോദരിയിലെ അംഗങ്ങളായ സഹോദരിമാരുടെ ശുശ്രൂഷകൾ മാത്രമാണ് ഇവിടെ നിർവ്വഹിക്കപ്പെടുന്നത് എന്നുള്ളതാണ്. മാത്രമല്ല ഈ ഗ്രൂപ്പിൽ ഒരു ഫോർവേഡഡ് മെസ്സേജുകളും അനുവദിക്കുന്നില്ല.

ഇനി എന്റെ ജീവിതത്തിൽ സോദരി ഗ്രൂപ്പ് എന്തു ചലനം ഉണ്ടാക്കി എന്ന് ഞാൻ പങ്കുവെക്കാം.
യേശു കർത്താവിനെ വ്യക്തിപരമായി അറിഞ്ഞ നാളുകളിൽ ഞാൻ വളരെ ഉത്സാഹത്തോടെ ആത്മീയ കാര്യങ്ങളിലും ശുശ്രൂഷകളും പങ്കെടുത്തിരുന്നു. പിന്നീട് ജോലി, വിവാഹം, കുഞ്ഞുങ്ങൾ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ ഇവയെല്ലാം ജീവിതത്തിൽ വന്നതിനു ശേഷം മുമ്പുണ്ടായിരുന്ന ആത്മീയ തീഷ്ണത എല്ലാം നാമമാത്രമായി ഭവിച്ചു. എങ്കിലും കർത്താവിനായി ഓടണം എന്നുള്ള വാഞ്ച അപ്പോഴും എന്റെ ഉള്ളിൽ കെടാത്ത ഒരു തിരിനാളം പോലെ മങ്ങി കിടപ്പുണ്ടായിരുന്നു.

അപ്പോഴാണ് ഞാൻ സോദരി ഗ്രൂപ്പിനെ കുറിച്ച് അറിയുന്നത്. വെയിലേറ്റു വാടിത്തളർന്ന ഇളം പുല്ലിൽ നീർകണങ്ങൾ പതിക്കും പോലെ. എന്നിലെ തിരിനാളം മെല്ലെ ജ്വലിക്കുവാൻ തുടങ്ങി. ആത്മീയ മയക്കം പിടിച്ച എന്നെ സോദരി തൊട്ടുണർത്തി.

ഇനി സോദരിയുടെ ശുശ്രൂഷകളെ കുറിച്ച് പറഞ്ഞാൽ…

“ഉഷ:ക്കാലം നാം എഴുന്നേൽക്കുക.. പരനേശുവെ സ്തുതിപ്പാൻ
ഉഷ:കാലം എന്താനന്ദം നമ്മൾ
പ്രിയനോടടുത്തിടുകിൽ”..

ഇരുട്ടിന്റെ കരിമ്പടം വകഞ്ഞു മാറ്റി പകലോൻ അങ്ങ് കിഴക്കേ ചക്രവാളത്തിൽ ഉദിച്ചുയരുന്നതിനുമുമ്പേ സോദരിയുടെ “പുലർകാല ഗീതം” മുഴങ്ങുകയായി. ഒരു വേള എനിക്കും പുലർകാല ഗീതം പാടുവാൻ അവസരം ഒരുക്കിത്തന്ന സോദരി ഗ്രൂപ്പിന്റെ അഡ്മിൻസിനെ നന്ദിയോടെ ഓർക്കുന്നു…

സോദരി ഗ്രൂപ്പിന്റെ ആദ്യ അവസാനം വരെ ഏതുഭാഗം എടുത്താലും അവയെല്ലാം ഒന്നിനൊന്നു മികവുറ്റതാണ്. ഒരു വ്യക്തിക്ക് ആത്മീയമായി വളരുവാൻ ആവശ്യമായ എല്ലാം ഇതിലുണ്ട്. അതിൽ എന്നെ ഏറ്റവും ആകർഷിച്ചത് .

ഒന്നാമതായി..

അനേക വിഷയങ്ങൾക്കായി ദൈവസന്നിധിയിൽ മുട്ടു മടക്കി ഇടിവിൽ നിന്ന് കരയുന്ന സഹോദരിമാരുടെ പ്രാർത്ഥനാ കൂട്ടായ്മയാണ്. എന്നും രാവിലെയും വൈകിട്ടും ഉള്ള പ്രാർത്ഥന, ചൊവ്വാഴ്ച ചെയിൻ പ്രെയർ, ബുധനാഴ്ച ഉപവാസപ്രാർത്ഥന, വ്യാഴാഴ്ച ഗ്രൂപ്പ് പ്രെയർ കൂടാതെ പ്രാർത്ഥനയ്ക്കായി അറിയിക്കുന്ന ഏതാവശ്യവും സഹോദരിമാർ ഓരോരുത്തരും ഏറ്റെടുത്തു പ്രാർത്ഥിക്കുന്നു. ഈ പ്രാർത്ഥനയാണ് സോദരി ഗ്രൂപ്പിനെ നാളിതുവരെയും നിലനിർത്തിയത് എന്ന് നിസ്സംശയം പറയാം.

രണ്ടാമതായി..

സോദരിയുടെ ബൈബിൾ സ്റ്റഡി ആണ്. കർത്താവിനെ അറിഞ്ഞ അന്നു മുതൽ ദൈവവചനം ക്രമമായി പഠിക്കുക എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. പക്ഷേ അതിന് അവസരം ലഭിച്ചിരുന്നില്ല. എന്നാൽ ദൈവവചനം ആധികാരികമായി പഠിച്ച ഗ്രൂപ്പിലെ സഹോദരിമാർ, തങ്ങൾക്ക് ലഭിച്ച ദൈവകൃപയും ദൈവവചന പരിജ്ഞാനവും തങ്ങളിൽ തന്നെ അടക്കി വയ്ക്കാതെ, അത് ഗ്രൂപ്പിലെ എല്ലാ സഹോദരിമാരും ദൈവവചനത്തിൽ വളരുവാൻ തക്കവിധം ക്ലാസ്സുകൾ നയിക്കുകയും ഓരോ ക്ലാസ്സിന്റേയും ഒടുവിൽ പരീക്ഷകൾ തയ്യാറാക്കുകയും ചെയ്യുന്നു. പോയ വർഷം (2020- 2021) വിവിധ വിഷയങ്ങളിലുള്ള ഏഴ് ബൈബിൾ സ്റ്റഡീസ് പൂർത്തിയാക്കുവാൻ കർത്താവ് സഹായിച്ചു. എനിക്ക് ആ ക്ലാസ്സുകളിൽ പങ്കെടുക്കുവാനും കൃപയാൽ നല്ല വിജയം കരസ്ഥമാക്കുവാൻ വലിയവനായ ദൈവം ഇടയാക്കി.

സോദരി ടാലൻറ് ഗ്രൂപ്പ് എടുത്താലോ….

ഇനി ഒരിക്കലും എനിക്ക് ആവില്ല എന്ന് കരുതി വിസ്മൃതിയുടെ കയങ്ങളിലേക്ക് ആഴ്ന്നു പോയ പല കഴിവുകളും താലന്തുകളും എന്റെ ആത്മീയ ഉണർവിനും ഉൽസാഹത്തിനും അതിലുപരിയായി കർത്താവിന്റെ നാമ മഹത്വത്തിനുമായി പ്രയോജനപ്പെടുത്തുവാൻ ഈ ഗ്രൂപ്പ് എന്നെ വളരെയേറെ സഹായിച്ചു.

അടുത്തതായി സോദരി റൈറ്റേഴ്സ് ട്രെയിനിങ് ഗ്രൂപ്പ്..

ഞാൻ ഒരു എഴുത്തുകാരി ഒന്നുമല്ല എങ്കിലും എഴുതുവാനുള്ള അഭിരുചി എന്നിൽ അന്തർലീനമായിട്ടുണ്ട് എന്ന് ബോധ്യപ്പെടുത്തിത്തന്നത് സോദരി റൈറ്റേഴ്സ് ഗ്രൂപ്പാണ്. വായനയുടെ വാതായനം തുറന്നു അക്ഷരലോകത്തേക്ക് നമ്മെ ആനയിക്കുന്ന സോദരി റൈറ്റേഴ്സ് ഗ്രൂപ്പ്, സ്തുത്യർഹമായ ഒരു കർമ്മ മേഖല തന്നെയാണ്. വാക്കുകൾ വാളുകളേക്കാൾ മൂർച്ചയേറിയതാകയാൽ നാശത്തിലേക്ക് പലായനം ചെയ്യുന്ന ചിലരെയെങ്കിലും നാകത്തിന്നവകാശികളാക്കുവാൻ, തൂലികയേന്തിയ അനുഗ്രഹീതരായ ഒരു കൂട്ടം സഹോദരിമാരോടൊത്തു കൂടുവാൻ എനിക്ക് ലഭിച്ച ഭാഗ്യത്തെ ഓർത്ത് ഞാൻ ദൈവത്തെ സ്തുതിക്കുന്നു.

കൂടാതെ.. ഞാൻ യേശു കർത്താവിനെ രക്ഷകനായി സ്വീകരിച്ചതും, വ്യർഥമായ പാരമ്പര്യത്തിന്റെ ബന്ധനങ്ങളിൽ നിന്നും മോചിതയാ‌യതുമായ എന്റെ സാക്ഷ്യം ക്രിസ്തീയസോദരിയുടെ “പിന്നിട്ട വഴികൾ” എന്ന ശുശ്രൂഷയിലൂടെ പങ്കുവയ്ക്കാൻ അവസരം നൽകിയത് ഈ സമയം നന്ദിയോടെ ഓർക്കുന്നു.

തങ്ങൾ സ്നേഹിച്ചവരും തങ്ങളെ സ്നേഹിച്ചവരും കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ. ഏകാന്തതയുടെ തീരത്ത് ഒറ്റക്കായി എന്ന ചിന്തയിൽ ദിനരാത്രങ്ങൾ തള്ളിനീക്കുന്ന സഹോദരിമാരെ, ആത്മീയ ശുശ്രൂഷകളിൽ കർമ്മനിരതരാക്കുവാൻ ക്രിസ്തീയ സോദരി വഹിക്കുന്ന പങ്ക് വളരെ വലുതാണ്..

വെല്ലുവിളികളെ അതിജീവിച്ച്..
വാശിയോടെ പ്രയത്നിച്ച്..
ഇരുളിൽ തപ്പിത്തടയുന്നവർക്ക്
വെളിച്ചമാം ക്രിസ്തുവേ കാണിച്ചുകൊടുപ്പാൻ
പുതുവർഷത്തിൽ സർവ്വശക്തനായ ദൈവം സഹായിക്കട്ടെ…
ആശംസയുടെ ഒരായിരം നറുമലർ അർപ്പിക്കുന്നു…

Written by

Mary S George

Mary S George