മാതൃദിനത്തോട് അനുബന്ധിച്ച് എഴുതിയ കവിത

ആദ്യമായെന്‍ മിഴികള്‍ ദര്‍ശിച്ച വദനം…
ആദ്യമായെന്‍ നാവ് രുചിച്ചൊരാ പാനീയം.
ആദ്യമായെന്‍ മേനി പുണര്‍ന്നൊരാ കൈകള്‍
ആദ്യമായെന്‍ നാവുരുവിട്ട മന്ത്രം..
അമ്മ…. അമ്മ… അമ്മ
അമ്മ തന് അലിവാര്ന്നോരക്ഷി കടാക്ഷവും
അമ്മ തന് അമ്മിഞ്ഞപ്പാലിന് മധുരവും
അമ്മ തന് മൃദു വാര്ന്നൊരൻപിന് കരങ്ങളും
അമ്മയെന്നോതിയ രണ്ടക്ഷരവും.
അമ്മ…. അമ്മ… അമ്മ
ശൈശവം പിന്നിട്ടു ബാല്യം.. കടന്നു പോയ്
യൗവനം തന്നിലും നിഴലായിരുന്നമ്മ
ഞാനിന്നൊരു അമ്മയായ്..
അമ്മതന്‍ യാതന
നേരിട്ടറിഞ്ഞപ്പോള്‍ നയനം നിറഞ്ഞുപോയി..
ഇല്ല തുല്യമായി, അമ്മയ്ക്ക് മറ്റൊരാള്‍..
ഇല്ല ഇത്രമേല്‍ കരുതുവാനവനിയില്
ഇല്ല നാളുകള്‍ ഏറെയീ ധരണിയില്‍
ഇല്ല മറ്റൊരു അമ്മയാം സാന്ത്വനം…
യാതനയില്ലാത്ത.. വേദനയില്ലാത്ത
താതന്റെ സന്നിധേ ഇന്നെന്റെ അമ്മ..
എത്തിടും ഞാനുമാകൂട്ടത്തിലൊരുനാള്
കര്‍ത്തനെ നേരില്‍ കണ്ടാനന്ദിപ്പാന്‍..
ഒരു നേരമെങ്കിലും ഓര്‍മ്മയില്‍ ഒളിയായി
ഓടിയണഞ്ഞിടുമമ്മതന് പൊന്മുഖം
ഒരു വട്ടം കൂടിയെന്നമ്മതന്.. നെഞ്ചോട്
ഒട്ടിയുറങ്ങുവാന് വാഞ്ചയായെന്മനം
അമ്മ മാഹാത്മ്യം അറിഞ്ഞിടാന്‍
അണയുവിന് സത്യ വചനത്തിന് ആഴങ്ങളില്‍
ആശ ഇല്ലാത്തിടത്താശയോടാശിച്ച
അമ്മയാം സാറായിന് വിശ്വാസവും…
അരുമക്കിടാവിനായ് അകതാരിന് ആമയം
അധരത്താല്‍ ഉരുവിടാന്‍ വഹിയാതെ
അകം നൊന്തു കേണോരാ
അമ്മയാം ഹന്നയിന് പ്രാര്‍ത്ഥനയും…
അതിക്രൂരമായിടും ഭാവിയെന്നോര്ക്കാതെ
അഖിലാണ്ട നാഥന്റെ ജനനിയാവാന്
അര്‍പ്പിച്ചു സാദരം താതന്റെ സന്നിധേ
അമ്മയാം മറിയയിന് താഴ്മയതും…
അമ്മമാര്‍ തെളിയിച്ച പാതയില്‍ മുന്നേറാം
അലകള്‍ ഉയരുമീ ഉലകമിതില്‍
അര്‍പ്പിച്ചിടാം നമുക്കാ പൊന്നു പാദത്തില്‍
അമ്മമാരെ നമുക്കാദരവായ്
അമ്മമാരാം നമുക്കാദരവായ്