സമകാലിക ലോകം കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ ദുരന്തമാണ് കോവിഡ് – 19 എന്ന മഹാവ്യാധി. സമസ്തമേഖലയെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയ മഹാവിപത്ത്. ബുദ്ധിവൈഭവത്തിലും നൂതന സാങ്കേതികരംഗങ്ങളിലും മികച്ച വിജയം കൈവരിച്ച മനുഷ്യന്‍ എത്ര നിസ്സാരനാണെന്ന് സമ്മതിക്കേണ്ട ഒരു സമയം. സ്ഥിതിഗതികള്‍ ഇപ്പോഴും ആശങ്കാജനകമായി തന്നെ തുടരുകയാണ്. കോവിഡ് മൂലം വേദനാജനകമായ പല സാഹചര്യങ്ങളെയും നഷ്ടങ്ങളെയും അഭിമുഖീകരിക്കേണ്ടി വന്നവര്‍ ധാരാളമാണ്. എങ്കിലും ഈ പ്രതിസന്ധിയുടെ മദ്ധ്യത്തിലും നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്നും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ വളര്‍ത്തിയെടുക്കാനാകുമെന്ന് തെളിയിച്ചവരും വിരളമല്ല.

അതിജീവനത്തിന്റെ പാതയിലാണ് ഇന്ന് നാമെല്ലാവരും. മാനവികതയു ടെ പാഠങ്ങള്‍ ഒരോന്നായി പഠിക്കേണ്ട ഒരു കാലം കൂടിയാണിത് എല്ലാ വിഭാഗീയ ചിന്തകളും മറന്നു ഒരുമിക്കാനാകുക എന്നത് പ്രധാനമാണ്. അന്യോന്യം സ്‌നേഹിക്കാനും മനസ്സിലാക്കാനും കരുതുവാനും ചേര്‍ത്തു നിര്‍ത്തുവാനും മനുഷ്യന്‍ മുന്നോട്ടു വന്നു. മനുഷ്യത്വത്തിന്റെ ചില ഉദാത്ത മാതൃകകള്‍ ഈ മഹാമാരിയുടെ മദ്ധ്യത്തില്‍ നാം കണ്ടു. ആ പാഠങ്ങള്‍ അതിജീവനത്തിനുള്ള ആത്മധൈര്യം നല്‍കുന്നവയാണ്.
ഇതൊക്കെയാണെങ്കിലും മാനവികതക്ക് പ്രാധാന്യം കൊടുക്കുന്നതില്‍ ആത്മീകരായ നാം എത്രത്തോളം വിജയിച്ചു എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. കൊറോണയുടെ വരവോടെ നമ്മില്‍ കുടിയേറിയ ആത്മീക ഉണര്‍വ്വ് വളര്‍ത്തിയെടുക്കുന്നതില്‍ നമുക്കു വിജയിക്കുവാന്‍ സാധിച്ചിട്ടുണ്ടോ? നമ്മെത്തന്നെ കാണുവാനും വിലയിരുത്തുവാനും ദിവസവും അല്പസമയം നമുക്കു മാറ്റിവെക്കാം.
ഈ സമയവും കടന്നുപോകും എന്ന പ്രതീക്ഷയോടെ..