രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ്. മനുഷ്യസാദ്ധ്യമായ എല്ലാ പ്രതിരോധപ്രവര്‍ത്തനങ്ങളെയും നിഷ്പ്രഭമാക്കികൊണ്ട് കോവിഡ് – 19 അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്നു. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണുവാന്‍ കഴിയാത്ത വൈറസ് എന്ന കുഞ്ഞുവില്ലന്‍ അനേകം കുടുംബങ്ങളെ കണ്ണീരിലാഴ്ത്തി. മക്കളെ നഷ്ടമാകുന്ന മാതാപിതാക്കളും മാതാപിതാക്കളെ നഷ്ടമാകുന്നതു വഴി അനാഥത്വം പേറുന്ന കുട്ടികളും തുടര്‍ക്കഥയാകുന്നു. സമൂഹത്തിന്റെ എല്ലാ മേഖലയിലും കോവിഡ് സംഹാരതാണ്ഡവമാടുകയാണ്. കോവിഡ് മൂലം അടിപതറിയ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചയാണ് ദൈനംദിന വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.

കോവിഡ് മഹാമാരി വിദ്യാഭ്യാസമേഖലയെ ഏറെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിലും ഡിജിറ്റല്‍ സംവിധാനങ്ങള്‍ വഴി മെച്ചപ്പെട്ട വിദ്യാഭ്യാസം നല്കുവാന്‍ എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. കുട്ടികളുടെ പഠനത്തെക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള ആശങ്കയിലാണ് മിക്ക മാതാപിതാക്കളും. പഠനത്തിനുവേണ്ടി ഇന്റെര്‍നെറ്റിനെ പൂര്‍ണ്ണമായും ആശ്രയിക്കേണ്ടി വരുന്ന കുട്ടികളുടെ മാനസികനില മാറി വരുന്നത് വലിയ ഒരു പ്രതിസന്ധിയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഡിജിറ്റല്‍ ലോകത്തെ കുട്ടികളും മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് ഈ ലക്കം ക്രിസ്തീയ സോദരിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഹാമാരിയുടെ മധ്യത്തില്‍ എല്ലാ സാദ്ധ്യതകളും അടഞ്ഞപ്പോള്‍ അവയെ അതിജീവിക്കുവാന്‍ നമ്മുടെ മുമ്പില്‍ ദൈവം തുറന്നു തന്ന ഒരു മാര്‍ഗ്ഗമാണ് ഡിജിറ്റല്‍ സംവിധാനങ്ങള്‍. അപ്പോള്‍ തന്നെ അവയുടെ ഗുണങ്ങളും ദോഷങ്ങളും നാം അറിയേണ്ടതുണ്ട്. വളരെ ശ്രദ്ധയോടെ നാം അത് ഉപയോഗിക്കേണം.