ദുരന്തങ്ങള്‍ ഇനിയും മാറിയിട്ടില്ല. ഒന്നിനെ പുറകേ ഒന്നായി മാറി മാറി വരുന്ന ദുരിതങ്ങള്‍. മഹാമാരി ഏല്പിച്ച ആഘാതത്തില്‍ നിന്നും കരകയറും മുമ്പേ മഴ ദുരിതമായി പെയ്തിറങ്ങി. കേരളത്തിന്റെ മിക്ക സ്ഥലങ്ങളിലും ആര്‍ത്തലച്ച പേമാരി വരുത്തിവച്ച നാശനഷ്ടങ്ങള്‍ അനവധിയാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി, ഡാമുകള്‍ തുറന്നു, മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും മൂലം വ്യാപകമായ നാശനഷ്ടങ്ങളും കേരളത്തെ സങ്കട കടലിലാക്കി. രൂക്ഷമായ മഴക്കെടുതികളില്‍ എത്രയെത്ര ജീവിതങ്ങളാണ് പൊലിഞ്ഞത്. 2018 -ലെ പ്രളയവും പിന്നാലെ എത്തിയ കോവിഡും മാസങ്ങളായുള്ള ഇപ്പോഴത്തെ മഴയും ജനജീവിതത്തെ ദുസഹമാക്കുകയാണ്.

മഴ പ്രകൃതിയുടെ വരദാനമാണെന്നു പാഠപുസ്തകങ്ങളില്‍ പഠിച്ചിരുന്നു, ഇന്നു മഴ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഭയമാണ്. ക്രിസ്തീയസോദരിയുടെ എഴുത്തുപുരയില്‍ മഴക്കാല ഓര്‍മ്മകള്‍ പങ്കുവെച്ച കുട്ടികളിലൊരാള്‍ പ്രതികരിച്ചതിങ്ങനെയാണ്. മഴക്കെടുതികളെ നേരിടുവാന്‍ നമ്മുടെ നാട് സജ്ജമാണ്. നാടു മുഴുവനും പ്രളയഭീതിയില്‍ കഴിയുമ്പോള്‍ കാലം തെറ്റി എത്തുന്ന മഴയെയും കാലാവസ്ഥാ വ്യതിയാനങ്ങളെയും തിരിച്ചറിഞ്ഞു വേണ്ട മുന്‍കരുതലുകള്‍ നടത്തുവാന്‍ നമ്മുടെ ദുരന്തനിവാരണ സമിതികള്‍ക്കു കഴിയണം.

കേരളത്തിലെ ജനങ്ങള്‍ മഴയോടൊപ്പം നേരിടുന്ന മറ്റൊരു പ്രതിസന്ധി മുല്ലപ്പെരിയാര്‍ ഡാമിന്റെ ബലക്ഷയമാണ്. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ കേരളത്തിലെ ചില ജില്ലകള്‍ ഇല്ലാതാകും. കേരളവും തമിഴ്‌നാടും ചേര്‍ന്നു സമാധാനപരമായ ഒരു തീരുമാനമെടുക്കേണ്ടതിനായി നമുക്കു പ്രാര്‍ത്ഥിക്കാം.

Iniyum Maratha Duranthangal / Lovely George(Editorial)

Written by

Lovely George

Writer, Editor of Kristheeya Sodari Bi-Monthly