തിരുവചനത്തിലെ ഏറെ ശ്രദ്ധേയമായ സ്ത്രീ കഥാപാത്രമാണ് യേശുക്രിസ്തുവിന്റെ അമ്മ മറിയ. മനുഷ്യവര്‍ഗ്ഗത്തിന്റെ രക്ഷയ്ക്കായി ഭൂമിയിലേക്കു വന്ന, യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തിനായി തെരെഞ്ഞെടുക്കപ്പെട്ട സ്ത്രീ. ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ സ്ത്രീ എന്ന പദവിയും മറിയയ്ക്കു മാത്രം (ലൂക്കോ: 1:48). ദൈവം പ്രത്യേക ഉദ്ദേശത്തോടെ നിയോഗിച്ചാക്കുന്നവര്‍ക്ക് അനുവദിക്കുന്ന ചില പ്രത്യേക സാഹചര്യങ്ങളിലൂടെ സഞ്ചരിക്കുന്നതിന് അസാമാന്യ ദൈവകൃപ തന്നെ വേണം. മറിയ കൃപ ലഭിച്ചവള്‍ ആയിരുന്നു (ലൂക്കോ: 1:28). അതുകൊണ്ട് പ്രതിഫലേച്ഛ കൂടാതെ മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാനുള്ള അവസരം മറിയയ്ക്കു ലഭിച്ചു.

കന്യകയായ മറിയയ്ക്കു മുമ്പില്‍ ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് ദൂതന്‍ പ്രത്യക്ഷപ്പെട്ട് സംസാരിക്കുമ്പോള്‍ ഒന്നും മനസ്സിലാകാതെയിരുന്ന മറിയ ‘ഇതെങ്ങനെ സംഭവിക്കും’ എന്നാണ് ദൂതനോട് ചോദിച്ചത്. പരിശുദ്ധാത്മാവ് അവളുടെ മേല്‍ വരികയും അത്യുന്നതന്റെ ശക്തി നിഴലിടുന്നതിനാലും അത് സാദ്ധ്യമാകുമെന്ന ദൂതന്റെ വാക്കുകള്‍ക്കു മുമ്പില്‍ ‘ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി, നിന്റെ വാക്കുപോലെ ഭവിക്കട്ടെ’ എന്നു പറഞ്ഞു അവള്‍ ദൈവഹിതത്തിനായി തന്നെത്താന്‍ സമര്‍പ്പിച്ചു.
മറിയയെ യോസേഫിന് വിവാഹനിശ്ചയം ചെയ്തിരിക്കെയാണ് യേശുവിന്റെ ജനനത്തെക്കുറിച്ച് ദൂതന്‍ അവളെ അറിയിക്കുന്നത്. ഒന്നാം നൂറ്റാണ്ടിലെ വിവാഹക്രമം അനുസരിച്ച് യഹൂദാ വിവാഹങ്ങള്‍ക്ക് മൂന്നു ഘട്ടങ്ങള്‍ ഉണ്ട്. ഒന്നാം ഘട്ടം, കുട്ടികളുടെ ശൈശവകാലത്ത് മാതാപിതാക്കള്‍ അന്യോന്യം അവരുടെ മക്കളുടെ വിവാഹം ആലോചിച്ച് പരസ്പര ധാരണയിലെത്തുന്നു. രണ്ടാം ഘട്ടം, പ്രായപൂര്‍ത്തിയായശേഷം വിവാഹിതരാകേണ്ടവര്‍ തമ്മില്‍ കാണുകയും ഉഭയസമ്മതം നടത്തുകയും അത് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇതിന് വലിയ നിയമ പ്രാബല്യമുണ്ട്. വിവാഹിതരായില്ലെങ്കിലും അവര്‍ ഭാര്യാഭര്‍ത്താക്കന്മാരാണ്. മരണത്താലോ, വിവാഹമോചനത്താലോ മാത്രമേ ഈ ബന്ധം അവസാനിക്കുകയുള്ളൂ. മൂന്നാം ഘട്ടത്തിലാണ് അവരുടെ വിവാഹവും വിരുന്നും നടക്കുന്നത്. വിവാഹക്രമത്തിലെ രണ്ടാം ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് ദൂതന്‍ മറിയയോടു സംസാരിക്കുന്നത്. ഉഭയസമ്മതം ചെയ്ത് വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് ഈ രീതി അഭിമുഖീകരിക്കുന്ന സ്ത്രീയെ സമൂഹം നിന്ദിക്കുകയും കല്ലെറിഞ്ഞു കൊല്ലുകയും ചെയ്യും. (ആവ: 22:23,24).
വളരെ അപമാനകരവും സ്വജീവനു തന്നെ ഭീഷണിയാകുകയും ചെയ്യുന്ന ഈ സാഹചര്യം ഏതൊരു സ്ത്രീയും സാധാരണ നിലയില്‍ അവഗണിക്കുവാനാണ് സാദ്ധ്യത. ദൂതന്‍ പറഞ്ഞ വാക്കുകളുടെ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ മറിയ ഭൂമിയില്‍ ദൈവഹിതം നിറവേറ്റുവാന്‍ അവള്‍ക്ക് ലഭിച്ചിരിക്കുന്ന ഭാഗ്യപദവി ഇതു തന്നെയാണെന്ന് മനസ്സിലാക്കി. അതുകൊണ്ട് മാതാപിതാക്കളോടോ, ഉഭയസമ്മതം ചെയ്ത പുരുഷനോടോ അവള്‍ അനുവാദം ചോദിച്ചില്ല. അവരില്‍ നിന്നും, സമൂഹത്തില്‍ നിന്നും നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങള്‍ ചെറുതല്ല. മറിയയ്ക്കുണ്ടായ ദൂതന്റെ സന്ദര്‍ശനവും ദൈവീക അരുളപ്പാടും അംഗീകരിക്കാത്ത സമൂഹം അവളെ ഏതുവിധം പരിഗണിച്ചു കാണും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ ഭൂമിയിലേക്കുള്ള രംഗപ്രവേശത്തിനായി, സാഹചര്യങ്ങളെ നോക്കാതെ പരിതസ്ഥിതികളെ ഭയപ്പെടാതെ ദൈവീക ഉദ്ദേശ്യത്തിനായി ദൈവകരങ്ങളില്‍ വിട്ടുകൊടുത്ത മറിയയുടെ ധൈര്യം പ്രശംസനീയമാണ്.
ഹവ്വ എന്ന സ്ത്രീയുടെ അനുസരണക്കേടു നിമിത്തം മനുഷ്യകുലം മുഴുവന്‍ പാപാവസ്ഥയില്‍ അടക്കപ്പെട്ടപ്പോള്‍ മറിയ എന്ന സ്ത്രീയുടെ അനുസരണത്തിന്റെയും സമര്‍പ്പണത്തിന്റെയും മുമ്പില്‍ ലോകത്തോടുള്ള ദൈവത്തിന്റെ വാഗ്ദത്തം നിറവേറുകയും രക്ഷകന്റെ വരവിനായി വഴിയൊരുങ്ങുകയും ചെയ്തു.
ക്രിസ്തുവിനെ വഹിക്കുന്നതിനാല്‍ അപമാനം സഹിക്കേണ്ടി വരുന്ന സഹോദരിമാര്‍ വിരളമല്ല. മറിയയെപ്പോലെ ദൈവശബ്ദം കേട്ടവള്‍ക്കു മാത്രമേ അപമാനം ഗണ്യമാക്കാതെ ജീവിക്കുവാന്‍ കഴിയൂ. ക്രിസ്തുവിനെ സ്വീകരിച്ച് ദൈവവചനം അനുസരിച്ച് ജീവിക്കുന്നതിനാല്‍ അപമാനം സഹിക്കേണ്ടി വരുന്ന സഹോദരിമാര്‍ക്ക് മറിയയുടെ അനുഭവം ഒരു പ്രചോദനമാണ്. ദൈവഹിതം തിരിച്ചറിഞ്ഞ് ജീവിക്കുവാനുള്ള സമര്‍പ്പണം മാത്രമാണ് നമുക്ക് വേണ്ടത്. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്‌നേഹത്തില്‍ നിന്നും നമ്മെ വേര്‍പിരിക്കുവാന്‍ ആര്‍ക്കും കഴികയില്ല എന്ന പൗലോസ് അപ്പോസ്തലന്റെ വാക്കുകള്‍ സഹോദരിമാരായ നമുക്ക് ധൈര്യം തരുന്നതാണ് (റോമ: 8:39). ക്രിസ്തുവും തന്റെ മുമ്പില്‍ വച്ചിരുന്ന സന്തോഷം ഓര്‍ത്തപ്പോള്‍ അപമാനം അലക്ഷ്യമാക്കി അവിടുന്ന് ക്രൂശിനെ സഹിച്ചു (എബ്രാ: 12:2). ദൈവീകോദ്ദേശ്യത്തിനായി നിയോഗിക്കപ്പെട്ട സഹോദരിമാര്‍ സധൈര്യം മുന്നേറണം.
ദൈവമാതാവ്, നിത്യകന്യക, പൂര്‍ണ്ണ വിശുദ്ധ, ഉപകാരിണി, മദ്ധ്യസ്ഥ, പുതിയ ഹവ്വ തുടങ്ങി മറിയയ്ക്ക് വ്യത്യസ്ത വിശേഷണങ്ങൾ നൽകി ആരാധിക്കുന്നവരുമുണ്ട്. എന്നാൽ അങ്ങനെ ഒരു ദൈവിക ഗുണവിശേഷം മറിയയ്ക്കില്ല. പക്ഷേ, ആദരിക്കുകയും അനുകരിക്കുകയും ചെയ്യേണ്ട ഒരു വനിതാരത്നമാണ് മറിയ.