‘യഹൂദിയായിലെ ഒരു ഗ്രാമത്തില്‍ ഒരു ധനുമാസത്തില്‍ കുളിരും രാവില്‍….’ ദേവദാരു മരങ്ങളിലെല്ലാം തൂക്കുവിളക്കുകള്‍ കണ്ണുചിമ്മുന്നു, മാനത്തെ നക്ഷത്രങ്ങള്‍ക്കൊപ്പം. വീടുകളെല്ലാം നക്ഷത്രവിളക്കുകളും പല വര്‍ണ്ണ ലൈറ്റുകളും കൊണ്ട് അലംകൃതമായി. പലഹാര കടകളിലെല്ലാം കേക്കുകള്‍ നിറഞ്ഞിരിക്കുന്നു. തെരുവിലെ കടകളില്‍ പല വര്‍ണ്ണത്തിലും രൂപത്തിലുമുള്ള നക്ഷത്രങ്ങള്‍, കാര്‍ഡുകള്‍. അതെ വീണ്ടും ഒരു ക്രിസ്തുമസ് കാലം കൂടി വരവായി. മഞ്ഞുപെയ്യുന്ന ധനുമാസ കുളിരില്‍ രാവേറെ വൈകി മുറ്റത്തൊരുക്കിയ കുഞ്ഞു കാലിത്തൊഴുത്തില്‍ പിറക്കുന്ന ഉണ്ണിയേശു. ആഘോഷമായി, ആര്‍ഭാടമായി നാം ക്രിസ്തുമസ് കൊണ്ടാടുമ്പോള്‍ ക്രിസ്തുമസിനു ഉള്ളിലെ യഥാര്‍ത്ഥ സത്യം നാം മനസ്സിലാക്കേണ്ടതുണ്ട്.
ക്രിസ്റ്റെസ് മാസെ എന്നീ രണ്ടു പദങ്ങളില്‍ നിന്നാണ് ക്രിസ്തുമസ് എന്ന വാക്കുണ്ടായത്. ”കൃപ ലഭിച്ചവളെ നിനക്ക് വന്ദനം” എന്ന ഗബ്രിയേല്‍ ദൂതന്റെ വന്ദന സ്വരത്തോടെ തുടങ്ങുന്ന ക്രിസ്തുമസ് ചരിത്രം ”അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ ദൈവപ്രസാദം ഉള്ള മനുഷ്യര്‍ക്ക് സമാധാനം” എന്ന ദൂതന്മാരുടെ പുകഴ്ച്ചയോടെ അവസാനിക്കുമ്പോള്‍ ക്രിസ്തുവിന്റെ മഹത്വം അവിടെ നിന്നും തുടങ്ങുകയായി.

ഗലീല പട്ടണത്തില്‍ നസ്രേത്തില്‍ ഉരുവായി, യഹൂദിയായിലെ ബെത്ലഹേം എന്ന ദാവീദിന്റെ പട്ടണത്തില്‍ ജനിച്ചു, കാല്‍വരിയിലെ ക്രൂശില്‍ ജീവന്‍വെടിഞ്ഞു, അരിമത്യയിലെ യോസേഫിന്റെ കല്ലറയില്‍ അടക്കപ്പെട്ടു, മൂന്നാം നാള് ഉയര്‍ത്തെഴുന്നേറ്റു ഇന്നും ജീവിക്കുന്ന യേശു ക്രിസ്തു നമ്മുടെ ഉള്ളില്‍ വസിക്കുന്നതാണ് ക്രിസ്തുമസിനെക്കാള്‍ നാം പ്രാധാന്യം കൊടുക്കേണ്ടത്.
ക്രിസ്തുവിന്റെ ജനനം ആഘോഷമാക്കുമ്പോള്‍ ക്രിസ്തു ജനിച്ചത് എന്തിന്? മരിച്ചത് എന്തിന്? സ്വര്‍ഗ്ഗത്തില്‍ ജീവനോടെ ആയിരിക്കുന്നത് എന്തിന്? എന്ന് നാം മനസ്സിലാക്കണം. ക്രിസ്തു കേവലമൊരു മനുഷ്യനല്ല ബൈബിള്‍ ചരിത്രത്തിലേക്ക് നോക്കുമ്പോള്‍ ക്രിസ്തു സാക്ഷാല്‍ ദൈവപുത്രനാണെന്ന് നമുക്ക് മനസ്സിലാക്കാം.
ക്രിസ്തുവിന്റെ ജനനദിവസത്തെക്കുറിച്ച് യാതൊരു അറിവുകളും ക്രിസ്തുചരിത്രം അവതരിപ്പിച്ചിരിക്കുന്ന വിശുദ്ധ ബൈബി ളില്‍ പറഞ്ഞിട്ടില്ല എന്നതുകൊണ്ട് തന്നെ ജനനദിവസത്തേക്കാള്‍ ക്രിസ്തു എന്തിനു ദൈവപുത്രനായി ഭൂമിയിലേക്ക് ആഗതനായി എന്നതിനാണ് നാം പ്രാധാന്യം കൊടുക്കേണ്ടത്.
ഈ ക്രിസ്തുമസ് നാളുകളെ ക്രിസ്തുവിനെ നമ്മുടെ ഹൃദയത്തിലേക്ക് ക്ഷണിക്കാനുള്ള അവസരമാക്കി നമുക്ക് മാറ്റാം.
ക്രിസ്തു ജനിച്ചത് ആര്‍ക്ക് വേണ്ടിയാണ്? എനിക്ക് വേണ്ടി.. ഈ ഭൂമിയില്‍ ജീവിച്ചത് ആര്‍ക്ക് വേണ്ടി? എനിക്ക് വേണ്ടി.. ക്രൂശില്‍ തകര്‍ക്കപ്പെട്ടത് ആര്‍ക്ക് വേണ്ടി? എനിക്ക് വേണ്ടി… കാല്‍വരിയില്‍ ക്രൂശില്‍ മരിച്ചു, അടക്കപ്പെട്ടു, ഉയര്‍ത്തെഴുന്നേറ്റത് ആര്‍ക്ക് വേണ്ടി? എനിക്ക് വേണ്ടി… എന്റെ പാപങ്ങള്‍ക്കു വേണ്ടി. ഈ ഭൂമിയില്‍ വെച്ചു ജീവിതം അവസാനിച്ചു നിത്യനരകത്തി ലേക്ക് പോകേണ്ടിയിരുന്ന എനിക്ക് ഈ ലോകവാസത്തിനു ശേഷം നിത്യമായ പുതുവാസസ്ഥലം ഒരുക്കുവാന്‍ ഇന്നും സ്വര്‍ഗത്തില്‍ വസിക്കുന്ന അങ്ങേക്ക് നന്ദി. എന്റെ ഉള്ളത്തിലേക്ക് അങ്ങയെ സ്വീകരിക്കുന്നു. നമ്മുടെ മനസ് തുറന്നു, ക്രിസ്തുവിന്റെ മഹത്വം മനസിലാക്കി ആ നാഥനെ ഇപ്രകാരം ഹൃദയത്തിലേക്ക് സ്വീകരിക്കാം.
ഈ ക്രിസ്തുമസ് ദിനങ്ങള്‍ യഥാര്‍ത്ഥമായി ക്രിസ്തു നമ്മുടെ ഉള്ളങ്ങളില്‍ ജനിക്കുന്ന ദിനങ്ങളായി തീരട്ടെ.