സഹോദരി സാലി ബിജു രചിച്ച കവിത.

ചോരവാർന്ന കുരിശിൽ നിന്നുയർന്നു വന്ന ഗദ്ഗദം
വേദനയാൽ പാപികളെ ഓർത്തു ലോകരക്ഷകൻ
ഓർക്കുവിൻ മനിതരെ നിങ്ങൾക്കായി രക്ഷകൻ
ആണി മൂന്നിൽ കാരിരുമ്പിൽ തൂങ്ങുന്നേശു രക്ഷകൻ
ആയിരങ്ങൾ ആയിരങ്ങൾ ഏറ്റു ചൊല്ലിയീവിധം
ക്രൂശിക്കേണം ക്രൂശിക്കേണം ക്രൂശിക്കേണം യേശുവേ
ആടുകളെപ്പോലെ തെറ്റിപ്പോയ മനിതനായിതാ
ആടുപോൽ കുഞ്ഞാടുപോൽ ക്രൂശിലേറി ചാകുന്നേ
ആരിതിൻ വിലകൊടുത്തു തീർക്കുവാൻ കഴിഞ്ഞിടാ
സ്വർഗ്ഗമോ? ഭൂമിയോ? ഇതിനു തുല്യമായിടാ (ചോരവാർന്ന)

സ്വർഗ്ഗമഹിമ വിട്ടുഭൂവിലവതരിച്ച യേശുവേ
ദുഷ്ടലോകം ക്രൂശിലേറ്റി കൊന്നതോ കൊടും ക്രൂരത
ക്രൂരത.. കൊടും ക്രൂരത ഇതു മനുഷ്യകുലത്തിൻ ക്രൂരത.. (ചോരവാർന്ന)

ചങ്കുപൊട്ടി… ചങ്കുതിർത്തു… ചാട്ടവാറടികളാൽ
ചുടുചോര ചിന്തി ചോരവാർന്നുക്രൂശിലേറി ചാകുന്നേ
ചുവന്നൊരങ്കി ധരിച്ചു യേശു മുൾക്കീരിടധാരിയായി
അടികളേറ്റും തുപ്പലേറ്റും നിൽക്കുന്നേ കുഞ്ഞാടുപോൽ
ഏലി.. ഏലി.. ലമ്മാ.. ശബക്താനി എന്നത്യുച്ചത്തിൽ
യേശു കേണിടുന്നു ക്രൂശിൽ പാപികളെ ഓർത്തുപോൽ
വേദനയാൽ പാപികളെ ഓർത്തു ലോകരക്ഷകൻ
ആണിമേൽ മൂന്നാണിമേൽ തൂങ്ങുന്നേശുരക്ഷകൻ
ആറാം മണി നേരത്തിങ്കൽ ഭൂമി മൗനം ഭജിച്ചിതോ
സൂര്യചന്ദ്രതാരങ്ങളും കൈകൾ കൂപ്പിനില്ക്കയോ
പാറകൾ പിളർന്നതും കല്ലറകൾ തുറന്നതും
ജീവനെ വെടിഞ്ഞവർ പുതുജീവനിൽ കടന്നതും
മുദ്രവെച്ച കല്ലറയെ തകർത്തു യേശു മൂന്നാം നാൾ
കോട്ടയെ തകർക്കുവാൻ കല്ലറയെ വെടിയുവാൻ
മൃത്യുവെ ജയിപ്പാനവൻ ഇന്നുമെന്നും ശക്തനാം… (ചോരവാർന്ന)

വേഗം വരാമെന്നുരച്ചു സ്വർഗ്ഗം പൂണ്ട രക്ഷകൻ
രക്ഷയേകി സ്വർഗ്ഗമേകി പാപിയെ ക്ഷണിക്കയായി
ഗോത്ര വർഗ്ഗ വർണ്ണ ഭാഷ ഭേദമെന്യേ വിളിക്കയായി
രക്തമേകി ജീവനേകി പാപിയെ ക്ഷണിക്കയായി… (ചോരവാർന്ന)

ആയിരങ്ങൾ ആയിരങ്ങൾ ഏറ്റുചൊല്ലിയീവിധം
ആയിരങ്ങൾ ഏറ്റുചൊല്ലി രക്ഷിതാവേ വന്ദനം
ലോകരക്ഷിതാവേ നിനക്കു വന്ദനം നമസ്തുതേ
വന്ദനം വന്ദനം വന്ദനം നമസ്തുതേ
വന്ദനം വന്ദനം വന്ദനം നമസ്തുതേ… (ചോരവാർന്ന)

[സാലി ബിജു ആലടി]