സമാധാനപ്രിയനായ ഒരു ഉന്നത ഭരണാധികാരി എന്നായിരുന്നു ജവഹര്‍ലാല്‍ നെഹ്റുവിനെ വിശേഷിപ്പിച്ചിരുന്നത്. 1889 നവംബര്‍ 14-നാണ് നെഹ്റു ജനിച്ചത്. സ്വാതന്ത്യസമരനായകനും രാഷ്ട്രശില്പിയും ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയുമായിരുന്ന അദ്ദേഹത്തിന്റെ ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത്. 117 രാജ്യങ്ങളില്‍ നവംബര്‍ 20-നാണ് ഐക്യ രാഷ്‌ട്ര സംഘടനയുടെ നിര്‍ദ്ദേശപ്രകാരം ആഗോള ശിശുദിനം ആചരിക്കുന്നത്. 1964 നു മുമ്പ് വരെ ഇന്ത്യയിലും നവംബര്‍ 20 നായിരുന്നു ശിശുദിനം ആചരിച്ചിരുന്നത്. 1964 -ലെ നെഹ്റുവിന്റെ മരണശേഷം അദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ 14 ശിശുദിനമായി ആചരിക്കുകയായിരുന്നു.

പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഇംഗ്ലണ്ടിലായിരുന്നു തന്റെ തുടര്‍ പഠനം. കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജില്‍ നിന്നും ഉന്നതബിരുദവും ലണ്ടനിലെ ഇന്നര്‍ ടെമ്പിളില്‍ നിന്ന് ബാരിസ്റ്റര്‍ ബിരുദവും നേടിയ ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം അഭിഭാഷകനായി ഔദ്യോഗികജീവിതമാരംഭിച്ചു. 1916 -ല്‍ വിവാഹിതനായ നെഹ്റു ആ വര്‍ഷം തന്നെ ലക്നൗവില്‍ വെച്ച് ഗാന്ധിജിയെ കണ്ടുമുട്ടുകയും ഗാന്ധിജിക്കൊപ്പം നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ സജീവരാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും സ്വാതന്തൃസമരത്തില്‍ പങ്കെടുക്കുകയും രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയാകുകയും ചെയ്തു.

ശിശുദിനം എന്നു കേള്‍ക്കുമ്പോള്‍ തന്നെ റോസാപ്പൂ അണിഞ്ഞ നെഹ്റുവിന്റെ ചിത്രമാണ് ഓര്‍മ്മയിലെത്തുന്നത്. ഈ റോസാപ്പുവിനു പിന്നില്‍ ഒരു കഥയുണ്ട്. സ്വതന്ത്രഭാരതത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായി അധികാരമേറ്റ നെഹ്റുവിനെ കാണാനും അഭിനന്ദനമറിയിക്കുവാനും ധാരാളം പേര്‍ എത്തുമായിരുന്നു. വിലിപിടിച്ച വസ്ത്രങ്ങളും വസ്തുക്കളുമായാണ് മിക്കപേരും എത്തിയത്. അങ്ങനെ ഒരു ദിവസം ഗ്രാമവാസിയായ ഒരു സ്ത്രീ നെഹ്റുവിനെ കാണാന്‍ വന്നിരുന്നു. അവരുടെ കൈയില്‍ നെഹ്റുവിന് സമ്മാനമായി കൊടുക്കുവാന്‍ ഒരു റോസാപ്പൂ കരുതിയിരുന്നു. പക്ഷേ സുരക്ഷാ ഉദ്യോഗസ്ഥര്‍ നെഹ്റുവിനെ കാണാന്‍ അവരെ സമ്മതിച്ചിരുന്നില്ല. നെഹ്റു ഇത് അറിഞ്ഞിരുന്നുമില്ല. തന്റെ സമ്മാനം നെഹ്റുവിന് എങ്ങനെയും കൊടുക്കണമെന്ന ആഗ്രഹത്തോടെ അവര്‍ എല്ലാ ദിവസവും നെഹ്റുവിനെ കാണാന്‍ എത്തിയിരുന്നു. ഒരു ദിവസം സുരക്ഷാ ഉദ്യോഗസ്ഥരുമായി ഗ്രാമവാസിയായ സ്ത്രീ തര്‍ക്കിക്കുന്നതു കണ്ട് നെഹ്റു അവരെ കടത്തിവിടാന്‍ നിര്‍ദ്ദേശിച്ചു. അവര്‍ കൊണ്ടുവന്ന റോസാപ്പൂ വളരെ സന്തോഷത്തോടെ സ്വീകരിക്കുകയും തന്റെ കുപ്പായത്തില്‍ അണിയുകയും ചെയ്തു.
കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന നെഹ്റു ചാച്ചാജി എന്ന ഓമനപ്പേരിലാണ് ഓര്‍മ്മിക്കപ്പെടുന്നത്. സ്‌കൂളുകളിലും മറ്റും കുട്ടികളുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും വേണ്ടി വിവിധ പരിപാടികള്‍ ശിശു ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കാറുണ്ട്. കുട്ടികളോടുള്ള നെഹ്റുവിന്റെ സ്നേഹവും ആദരവുമാണ് അദ്ദേഹത്തിന്റെ ജന്മദിനം തന്നെ ശിശുദിനമായി ആഘോഷിക്കുവാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കുട്ടികളെ അവരിലെ ശാരീരികവും മാനസികവുമായ സംഘര്‍ഷങ്ങളെ അതിജീവിക്കുവാന്‍ പഠിപ്പിക്കുകയാണ് ശിശുദിനം കൊണ്ട് ഉദ്ദേശിക്കുന്നത്.

കുഞ്ഞുങ്ങളെ പ്രിയപ്പെടുകയും അവര്‍ക്ക് ആവശ്യമായ പരിഗണനന നല്‍കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു യേശുക്രിസ്തു. തിരക്കേറിയ ശുശ്രൂഷകള്‍ക്കിടയില്‍ കുഞ്ഞുങ്ങളെ കാണുവാനും അവരുമായി ഇടപഴകുവാനും കര്‍ത്താവ് ശ്രദ്ധിച്ചിരുന്നു. ”ശിശുക്കളെ എന്റെ അരികില്‍ വരുവാന്‍ വിടുവിന്‍, അവരെ തടയരുത്” എന്നാണ് അവിടുന്ന് ശിഷ്യന്മാരോട് പറഞ്ഞത്. സ്വര്‍ഗ്ഗരാജ്യം ശിശുസമാനമയ ഹൃദയമുള്ളവര്‍ക്കാണ് അനുഭവഭേദ്യമാക്കുവാന്‍ സാധിക്കുക എന്നും. (മത്തായി 19:14).
ദൈവത്തിന് കുഞ്ഞുങ്ങളെ ആവശ്യമുണ്ട്. ഓരോ ആത്മാവിന്റെയും അമൂല്യമായ വിലയറിയുന്ന ദൈവം ഓരോ കുഞ്ഞുഹൃദയത്തിന്റെയും പ്രാധാന്യവും അറിയുന്നു. ശാരീരികവും മാനസികവുമായ വളര്‍ച്ചയും സുരക്ഷയും ഓരോ കുഞ്ഞിനും ആവ ശ്യമായിരിക്കുന്നതുപോലെ ആത്മീയമായ വളര്‍ച്ചയും സുരക്ഷിതത്വവും വ്യക്തികള്‍ എന്ന നിലയില്‍ കുഞ്ഞുങ്ങള്‍ക്ക് ആവശ്യമാണ്. ആ ദൗത്യവും ദൈവം നമ്മെ ഏല്‍പ്പിച്ചിരിക്കുന്നു.

കുട്ടികള്‍ സമൂഹത്തിന്റെ ഭാഗമാണ്. സുരക്ഷിത ബാല്യം കുട്ടികളുടെ അവകാശമാണ്. കുട്ടികള്‍ സംരക്ഷിക്കപ്പെടണം. കുട്ടികളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പുവരുത്തേണ്ടതിന് ധാരാളം നിയനിര്‍മ്മാണങ്ങള്‍ നിലവിലുണ്ട്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തില്‍ അവരുടെ സംരക്ഷണത്തിനാവശ്യമായ സംവിധാനങ്ങള്‍ ഉറപ്പുവരുത്തണം.
ശിശു സൗഹൃദമായ ലോകം സൃഷ്ടിക്കുന്നതിനായി നമുക്കേവര്‍ക്കും ഒരുമിക്കാം.