രചന, ആലാപനം: സാറ അശോക്

കര്‍ത്താധി കര്‍ത്തന്റെ കല്പനയാല്‍
കാലചക്രത്തിന്റെ തേരിലേറി
കര്‍ത്തന്റെ കല്പന കാതോര്‍ത്തും
കാര്യമായങ്ങനെ ഞാനൊഴുകി
എന്നെയും എന്നിലെ ജീവജാലങ്ങളേം
ഏറ്റം കരുതി നടത്തി നാഥന്‍
ഏറുന്ന യാത്രയില്‍ താങ്ങി നടത്തി
ഏലോഹിമാം എന്റെ സൃഷ്ടിതാവ്
മുന്നോട്ട് പോകവേ ഞാനറിഞ്ഞു
മണലില്‍ പതിക്കുന്ന നീര്‍ക്കണങ്ങള്‍
മാറിവരുന്ന അലകളുയര്‍ത്തി ഞാന്‍
മാറിലൊതുക്കിയ നീര്‍ക്കണങ്ങള്‍
കേട്ടു ഞാനെന്റെ കാതില്ലാക്കാതിനാല്‍
കോട്ടം വരുത്തുന്ന വാക്കുകളും
കണ്ടു ഞാനെന്റെ കണ്ണില്ലാക്കണ്ണാല്‍
കര്‍ത്താവിന്‍ ദാസന്‍ ദൃഢ ധൈര്യവും
കാണുവിന്‍ കൂട്ടരെ കാണുവിന്‍ കൂട്ടരെ
ആണ്ടവന്‍ ചെയ്യുന്ന രക്ഷയിന്‍ വേല
ആണയിടുന്നു ആ നല്ല ഭ്യത്യന്‍
അക്ഷിക്കുമപ്പുറം ആകുമവര്‍
മിണ്ടാതിരിപ്പിന്‍ മിണ്ടാതിരിപ്പിന്‍
മന്നാധിമന്നന്‍ പൊരുതും നിനക്കായ്
മാറത്തടിച്ചതാം മോശെയോടായി പരന്‍
മുന്നോട്ട് പോകാന്‍ മൊഴി കൊടുത്തു
ഇത്ഥം പദങ്ങള്‍ കേട്ടു നടുങ്ങി ഞാന്‍
ഇക്കൂട്ടരെങ്ങനെ എന്നെ കടക്കും!
ഇരുളില്‍ പ്രകാശിപ്പോന്‍
ഇതുവരെ കരുതിയോന്‍
ഇനിയും പ്രവര്‍ത്തിക്കും നിശ്ചയമായി
മോശെയില്‍ കയ്യും കയ്യിലാ-
വടിയും മാറിന്‍ മുകളിലായി നീണ്ട നേരം
മാറു പിളര്‍ന്നു ഞാന്‍ മാറി നിന്നു
മക്കള്‍ കടന്നു മറുകരയില്‍
ദൈവത്തിന്‍ ദൂതനും സ്തംഭവും മാറി
ദൈവത്തിന്‍ മക്കള്‍ തന്‍ കാവലായി
ദേവനടിപ്പിച്ചു ശക്തിയാം കാറ്റിനെ
ദൂരെയായ് ഞാനും നിലമുണങ്ങാന്‍
മതിലായി മാറി ഞാനേറേ നേരം
മതിമറന്നീശനെ വാഴ്ത്തി നിന്നു
മക്കള്‍ തലോടലും ഞാനറിഞ്ഞു
മാറാത്തവന്‍ തന്ന മേനിയതില്‍…
നെഞ്ചകം ആഞ്ഞു ചിവിട്ടി – യവരെന്‍
നെഞ്ചകം ചെങ്കല്‍ പാത പോലെ
ചഞ്ചലമെന്യേ നടന്നു പോയി ചിന്തയോ
ചിത്തത്തില്‍ ചില്‍പുരുഷന്‍
ആ ശത്രു സൈന്യം ആക്രോശമോടെ
ആവേശം പൂണ്ടവര്‍ പാഞ്ഞടുത്തു
അഗ്‌നി മേഘ സ്തംഭം തന്നില്‍ നിന്ന്
അന്‍പുള്ളവന്‍ ആനനമുയര്‍ത്തി
മിന്നുന്ന കണ്ണാല്‍ നോക്കിയെന്‍ നാഥന്‍
മിസ്രയീം സൈന്യം താറുമാറായി
മെത്തയായി എന്റെ മണല്‍ പരപ്പ്
മൊത്തമായി ചത്തതാം ശത്രുവിന്
മുക്കി കളഞ്ഞല്ലോ മാ ശത്രു സൈന്യത്തെ
മുന്നിലായ് നിന്നു വഴി നടത്തി
മുട്ടു മടക്കുവിന്‍ നിങ്ങളും കൂട്ടരെ
മൂന്നു യാമങ്ങളും മുങ്ങിടുമ്പോള്‍
ശത്രുവിന്‍ ശക്തിയെ ശാസിച്ച നാഥന്‍
ശോകം വരും നേരം ശാന്തി തരും
ശോഭയാം തേജസ്സില്‍ മിന്നുന്ന കര്‍ത്തനായ്
ശോഭിക്കുവിന്‍ നിങ്ങള്‍ ഈ ധരയില്‍
വന്ദിപ്പിന്‍ കൂട്ടരെ വന്ദ്യനാം നാഥനെ
വിണ്ണുലകത്തിന്റെ വിണ്‍നാഥനെ
വീണ്ടെടുത്തോനവന്‍ വീും വരുന്നവന്‍
വീണു വണങ്ങിടാം തന്‍ പാദത്തില്‍
വന്ദനം വന്ദനം വാനാധി നാഥനേ
വന്ദനം വന്ദനം വിണ്‍ നാഥനേ
വന്ദനം വന്ദനം വന്ദ്യനാം നാഥനേ
വന്ദനം വന്ദനം വന്ദനമേ..