കണ്ണൂരിൽ കാണാതായ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാറുകാരനായ സുഹൃത്തിനൊപ്പം തിയറ്ററിൽ നിന്നുമാണ് തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. പതിവുപോലെ രാവിലെ സ്കൂൾ വാനിൽ സ്കൂളിലെത്തിയ കുട്ടി, തന്നെ കാത്തു നിന്ന സുഹൃത്തിനൊപ്പം പോകുകയായിരുന്നു. തലേദിവസം അമ്മയുടെ ഫോണിൽ നിന്നും പനിയായതിനാൽ നാളെ വരില്ല എന്നു ടീച്ചർക്കു മെസേജ് അയച്ച കുട്ടി ടീച്ചർ മറുപടി അയച്ച മെസേജ് ഡിലീറ്റ് ചെയ്തിരുന്നു. കൂട്ടുകാർക്കൊപ്പം വിനോദയാത്രക്കു പോവുകയാണെന്നും പറഞ്ഞ് വീട്ടിൽ നിന്നും പല സമയങ്ങളിൽ കിട്ടിയ രൂപയും തനിക്കുണ്ടായിരുന്ന മുയലിനെയും വിറ്റ് മൂവായിരം രൂപയുമായാണ് പതിനാറുകാരൻ തിരുവനന്തപുരത്തു നിന്നും കണ്ണൂരെത്തിയത്.

എങ്ങോട്ടാണീ സമൂഹം സഞ്ചരിക്കുന്നത്. വളർന്നു വരുന്ന തലമുറയെക്കുറിച്ച് എത്ര മാത്രം നാം ബോധവതി കളാകേണ്ടതുണ്ട്. സ്കൂളിലേക്ക് പോകുന്ന കുഞ്ഞുങ്ങളുടെ ബാഗിൽ എന്തൊക്കെയുണ്ടെന്ന് രക്ഷിതാക്കൾ അറിയേണ്ടതല്ലേ? പത്ത് വയസു തികയുന്നതിനു മുമ്പ് ലോകത്തിലേക്ക് ലയിച്ചു ചേരാൻ നിൽക്കുന്ന ഒരു തലമുറ. ഒരു പക്ഷേ, ഇത് ഒരു കോവിഡാനന്തര ലോകത്തിന്റെ പ്രത്യേകത ആയിരിക്കാം. കുറ്റിയും കോലും കളിച്ച് നടക്കേണ്ട പ്രായത്തിൽ കുട്ടികളുടെ കയ്യിൽ കോവിഡ് വെച്ചു കൊടുത്തത് വിശാലമായ ഒരു നെറ്റ് വർക്കിങ് ശൃഖലാ ലോകമാണ്. ഈ മേഖലയിൽ ആഗ്രഗണ്യരായി വളരുന്ന കുട്ടികളും അവർക്ക് മുമ്പിൽ പാടത്തു കുത്തിയിരിക്കുന്ന കോലം കണക്കെയുള്ള മാതാപിതാക്കളും. എനിക്കു ഈ മൊബൈൽ ഒന്നും അത്ര വശമില്ലെന്നു പറയുന്ന നിസഹായരായ മാതാപിതാക്കൾ. പണം സമ്പാദിക്കാനുള്ള പരക്കം പാച്ചിലിനിടയിൽ നമ്മുടെ മക്കളെ കേൾക്കുവാൻ ചെവികൾ തുറന്നു കൊടുത്തില്ലെങ്കിൽ ധാരാളം മറുചെവികൾ ഒരു സ്ക്രീൻ ലോക്കിന്‌ അപ്പുറം ഉണ്ടെന്നുള്ളത് മറക്കാതിരിക്കുക.

അധികം വൈകാതെ ഇന്ത്യ ജനസംഖ്യയിൽ ചൈനയെ മറികടക്കും എന്നാണ് പത്ര റിപ്പോർട്ട്. അണുകുടുംബത്തിൽ നിന്നു ആറ്റം ബോംബുകൾ പോലെ ഭൂമിയെ കാർന്നു തിന്നുന്ന തലമുറയെ സൃഷ്ടിക്കുന്നിടത്തു തീരുന്നതാണോ ഉത്തരവാദിത്വം. ഇരുപത്തിയഞ്ച് വർഷത്തിനിപ്പുറം സ്കൂളിലേക്കു പോകുമ്പോഴും വരുമ്പോഴും അപ്പനോ അമ്മയോ വല്യച്ഛനോ വലിയമ്മയോ കാണും കുട്ടികളുടെ കൂട്ടിന്. അന്ന് പണം കുറവായിരുന്നു, പക്ഷെ സമയം ഉണ്ടായിരുന്നു, ഇന്ന് സ്ഥിതി അതല്ല. കുട്ടികളെ കേൾക്കുവാൻ അവരുടെ ഹീറോയ്ക്ക് കഥകൾ കേൾക്കാൻ ആളുകളില്ല. ഇന്ന് ശാരീരിക ആരോഗ്യക്കുറവ് കൊണ്ടുള്ള മരണങ്ങൾ കേൾക്കാനില്ല, എന്നാൽ മാനസീകരോഗ്യക്കുറവ് കൊണ്ടുള്ള ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

പുതിയ തലമുറയെ വാർത്തെടുക്കുന്നതിൽ മാതാപിതാക്കൾ എവിടെ നിൽക്കുന്നു. ഒരു തലമുറയെ വാർത്തെടുക്കാൻ ചുരുക്കം ചില വർഷങ്ങൾ എങ്കിലും അപ്പനോ അമ്മയോ മാറ്റി വെച്ചാൽ തീർക്കാവുന്ന ആത്മഹത്യകളെയുള്ളൂ. അല്പം സ്നേഹവും കരുതലും കൊടുത്താൽ തീർക്കാവുന്ന ക്രിമിനലിസമേ ഇവിടെയുള്ളൂ. ശാരീരീകരോഗ്യം മാത്രമല്ല, മാനസിക ആരോഗ്യമുള്ളവരായും ഈ തലമുറയെ വാർത്തെടുക്കാം. എന്തൊക്കെയാണ് മാതാപിതാക്കൾ കുട്ടികൾക്ക് പകർന്നു കൊടുക്കേണ്ടത്. സത്യസന്ധതയോടെ ജീവിക്കാൻ, എളിയവരോട് കരുണ കാണിക്കാൻ, എല്ലാവരെയും ഒരുപോലെ സ്നേഹിക്കാൻ പഠിപ്പിക്കാം. എനിക്കോ എന്റെ കുട്ടിക്കാലത്തു ഇതൊന്നും കിട്ടിയില്ല, ഞാൻ അനുഭവിച്ചത് പോലെ ഒന്നും എന്റെ മക്കൾ അനുഭവിക്കേണ്ട എന്നുള്ള സ്ഥിരം പല്ലവികൾ ഉരുവിടുമ്പോൾ നാം അതിൽ നിന്നും ഒരു പാഠം പഠിച്ചിരുന്നു എന്നുള്ളത് വസ്തുതയാണ്.

സോഷ്യൽ മീഡിയയുടെ അതിപ്രസരത്തിൽ നിന്നു കുഞ്ഞുങ്ങളെ വിടുവിക്കുക. അവർ നമ്മുടെ രാജ്യത്തിന്റെ സമ്പത്താണ് ആരോഗ്യമുള്ള ഒരു തലമുറയെ ആണ് ദേശത്തിനു ആവശ്യം. നമ്മുടെ കുഞ്ഞുങ്ങളുടെ ഏറ്റവും നല്ല സുഹൃത്ത് നമ്മൾ തന്നെ ആയിരിക്കണം

ദിവസത്തിൽ ഒരു നേരമെങ്കിലും ഭവനത്തിൽ ഉള്ളവർ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കണം.

കുട്ടികൾ സ്കൂൾ വിട്ടു വീട്ടിൽ വരുമ്പോൾ അവർ പറയുന്ന കാര്യങ്ങൾ കേൾക്കണം, അവരെ നിരുത്സാഹ പ്പെടുത്തരുത്. ദൈവാശ്രയബോധമുള്ളവരാക്കി വളർത്തുക, കുടുംബ പ്രാർത്ഥനയ്ക്കും വ്യക്തിപരമായ ദൈവീക ബന്ധത്തിനും പ്രാധാന്യം കൊടുക്കുക.

കുഞ്ഞുങ്ങൾ ഒരു വെള്ളക്കടലാസു പോലെയാണ് അതിൽ നമ്മൾ എന്തു വരച്ചു ചേർക്കുന്നുവോ അവർ അതുപോലെ മനോഹരമായ ഒരു ചിത്രമായി മാറും.