വിശുദ്ധ വേദപുസ്തകത്തില്‍ അനേക മാതൃക കുടുംബങ്ങളെക്കുറിച്ചു പറയുന്നുണ്ട്. പലരുടെയും ജീവിതത്തില്‍ നിന്നും ഈ ലോകത്തില്‍ നാം ഏതു രീതിയില്‍ ആയിരിക്കണം എന്ന സത്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. ലോകം ഇന്ന് കൊറോണ എന്ന മഹമാരിയുടെ ഭീതിയിലാണ്. വിശ്വാസികളായ നമുക്കു വീട്ടില്‍ ഇരുന്നു ദൈവത്തോട് കൂടുതല്‍ അടുക്കുവാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. ദൈവത്തെ ആരാധിച്ചും, കൂട്ടായ്മകളില്‍ പങ്കെടുത്തുമിരുന്ന നമുക്കു അത് നഷ്ടപ്പെട്ടപ്പോഴുള്ള വേദന വാക്കുകള്‍ക്ക് അതീതമാണ്. നിനവേയിലെ ജനങ്ങള്‍ തങ്ങളുടെ ഹൃദയങ്ങളെ കീറി മുറിച്ചു കൊണ്ട് പ്രാര്‍ത്ഥിച്ചപ്പോള്‍ ഉത്തരം അരുളി യവനാണ് ദൈവം, നമ്മുടെ ഓരോരുത്തരുടെയും പ്രാര്‍ത്ഥനകൊണ്ട് ആ ദിനങ്ങള്‍ നമുക്കു തിരിച്ചു പിടിക്കാം.

Oru Asadharana Kudumbam / Lekhanam(Lovely Johny)

പൗലോസ് അപ്പൊസ്തോലന്‍ തന്റെ രണ്ടാം മിഷണറി യാത്രയിലാണ് കൊരിന്തില്‍ എത്തിച്ചേരുന്നത്. താന്‍ അവിടെവെച്ച് കണ്ടുമുട്ടിയ ഒരു കുടുംബമാണ് അക്വിലാവും പ്രിസ്‌കില്ലായും. ഇവര്‍ രണ്ടുപേരും റോമില്‍ താമസിച്ചിരുന്ന യെഹൂദര്‍ ആയിരുന്നു. അന്നത്തെ റോമിലെ ഭരണാധികാരിയായിരുന്ന ക്ലോഡിയസ്, യെഹൂദന്മാര്‍ റോമാ നഗരം വിട്ടു പോകണം എന്നൊരു ആജ്ഞ പുറപ്പെടുവിക്കുമ്പോഴാണ് ഇവര്‍ തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ചു റോമില്‍നിന്നും കൊരിന്തില്‍ എത്തിച്ചേരുന്നത്. ഈ പ്രിയ ദമ്പതിമാര്‍ കൂടാരപ്പണി ചെയ്തു ജീവിക്കുന്നവര്‍ ആയിരുന്നു. അപ്പോസ്തോലനായ പൗലോസും അവരോടു കൂടെ ചേര്‍ന്ന് ഈ വേല ചെയ്തുവന്നിരുന്നു (അ.പ്ര:18:10).

വിശുദ്ധ വേദഗ്രന്ഥത്തില്‍ ആറു പ്രാവശ്യം ഈ കുടുംബത്തെക്കുറിച്ചു പരാമര്‍ശിച്ചിട്ടുണ്ട്; (അ.പ്ര:18:2), (അ.പ്ര:18:18), (അ.പ്ര:18:26), (റോമ:16:34), (1. കൊരി:16:19). സഹോദരിമാരായി, കുടുംബമായി കഴിയുന്ന ഓരോരുത്തര്‍ക്കും മാതൃക ആക്കാവുന്ന ഒരു കുടുംബം. ഒരു അസാധാരണ കുടുംബം. ഏറ്റവും അത്ഭുതകരമാകുന്നത് ഈ ദമ്പതികളുടെ പേര് പരാമര്‍ശിക്കു ന്നിടങ്ങളിലെല്ലാം അവരെ ഒരുമിച്ചാണ് കാണുന്നത്.

ദൈവീക കൂട്ടായ്മയില്‍ വളര്‍ച്ചയുള്ള കുടുംബമായിരുന്നു ഇവരുടേത്. ദൈവത്തിന്റെ ശുശ്രൂഷ ചെയ്യുന്ന അപ്പോസ്തോലനായ പൗ ലോസിനെ ഈ കുടുംബം കരുതുന്നതായി കാണുന്നു. അതിനാ ലാവണം (ഞീാ:16:4) ”അവര്‍ എന്റെ പ്രാണന് വേണ്ടി തങ്ങളുടെ കഴുത്തു വെച്ചു കൊടുത്തവരാകുന്നു, അവര്‍ക്ക് ഞാന്‍ മാത്രമല്ല ജാതികളു ടെ സകല സഭകളും കൂടെ നന്ദി പറയുന്നു എന്നു അപ്പോസ്തോലന്‍ പറഞ്ഞിരിക്കുന്നത്”. എത്രയോ അനുഗ്രഹിക്കപ്പെട്ട കുടുംബം. പില്‍ ക്കാലങ്ങളില്‍ അവരുടെ ഭവനത്തില്‍ ഒരു സഭാകൂടിവരവ് ഉണ്ടായിരുന്നു.

ചില ശുശ്രൂഷകന്‍മാര്‍ക്ക് കുറച്ചുകൂടെ ദൈവവചനം പറഞ്ഞു മനസ്സിലാക്കി കൊടുക്കുവാനും ദൈവം അവരെ ഉപയോഗിച്ചു. അ.പ്ര:18:26 ല്‍ വലിയ പ്രസംഗകന്‍ ആയ അപ്പല്ലോസിനു ദൈവത്തിന്റെ മാര്‍ഗ്ഗം സ്പഷ്ടമായി തെളിയിച്ചു കൊടുക്കുന്നു. അതിനുശേഷം അതിശക്തമായി ദൈവം അപ്പൊല്ലാസിനെ എടുത്ത് ഉപയോഗിച്ചു. ദൈവം ഈ കുടുംബത്തെ റോമില്‍ നിന്നും കൊരിന്തിലേക്ക് കൊണ്ടുവന്നതിന് ഒരു ഉദ്ദേശം ഉണ്ടായിരുന്നു. അതുപോലെ നമ്മെ ഓരോരുത്തരെയും ദൈവം ഓരോ സ്ഥാനങ്ങളില്‍ ആക്കി വെച്ചിരിക്കു ന്നതിന് പുറകില്‍ ദൈവോദ്ദേശ്യം ഉണ്ട്. അവിടുത്തെ വേലയെ നമുക്കു തികയ്ക്കാം..

[ലൗലി ജോണി]