യുവ തലമുറയിൽ ലഹരി മരുന്നുകളുടെ ഉപയോഗം വൻ തോതിൽ വർധിച്ചുവരുന്നതായി കാണപ്പെടുന്നു. ലഹരിക്കെതിരെയുള്ള വലിയ പോരാട്ടത്തിലാണ് കേരളം. മയക്കുമരുന്ന് വ്യക്തിയേയും കുടുംബ ത്തേയും സാമൂഹ്യ ബന്ധങ്ങളേയും അതുവഴി നാടിനെയും തകർക്കുന്നു. മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നു. മനുഷ്യനു സങ്കൽപ്പിക്കാൻപോലും കഴിയാത്ത ഹീനമായ കുറ്റകൃത്യങ്ങൾ ഇതിന്റെ ഫലമായി സമൂഹത്തിൽ നടക്കുന്നു.
സുബോധാവസ്ഥയിൽ ഒരാളും ചെയ്യാത്ത അതിക്രൂരകൃത്യങ്ങൾ മയക്കുമരുന്നുണ്ടാക്കുന്ന മനോവിഭ്രാന്തിയിൽ ചെയ്യുന്നു. ഒരു വ്യക്തിയുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥയെ മാറ്റുന്ന പദാർത്ഥങ്ങളാണ് മയക്കുമരുന്ന്. മയക്കുമരുന്ന് കഴിക്കുന്ന വ്യക്തി തികച്ചും വ്യത്യസ്തമായി പ്രവർത്തിക്കാം, വ്യത്യസ്തമായി ചിന്തിക്കാം. അതോടൊപ്പം തന്നെ സ്വന്തം പ്രവർത്തനങ്ങളെയും ചിന്തകളെയും നിയന്ത്രിക്കാൻ ആ വ്യക്തിക്ക് ബുദ്ധിമുട്ടനുഭവിക്കേണ്ടതായി വരുന്നു.
സാക്ഷര കേരളത്തിന്റെ വിദ്യാലയങ്ങളും കലാലയങ്ങളും ഇന്ന് ലഹരിയുടെ നീരാളിപ്പിടുത്തത്തിലാണ്.
ജീവിതത്തിൽ ഏറ്റവും മനോഹരമായതും എന്നാൽ ഏറ്റവുമധികം പ്രയാസങ്ങൾ നേരിടുന്നതുമായ ഘട്ടമാണ് കൗമാരം.
ഒരിക്കൽ വീണുകഴിഞ്ഞാൽ പിന്നീടൊരിക്കലും തിരിച്ചുകയറാനാവാത്ത കുഴിയാണ് ലഹരി. ആകാംക്ഷയോടെ ലഹരി പരീക്ഷിച്ചു തുടങ്ങുകയും പിന്നീട് ക്രമേണ അതിന് കിഴ്പ്പെടുന്ന അവസ്ഥയിലേക്ക് ചെല്ലുന്നു. ലഹരി ഈ ആധുനിക സമൂഹത്തിൽ വളരെ സ്വാധീനം ചെലുത്തിയിരിക്കുന്നു. ആദ്യ കാലഘട്ടങ്ങളിൽ മരുന്നിനായാണ് ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചിരുന്നത് എന്നാൽ ഇന്ന് ലഹരി ഉപയോഗം വഴി ഉണ്ടാകുന്ന രോഗങ്ങൾ ഏറെയാണ്. ലഹരി ഉപയോഗിക്കുന്നവരിൽ മാത്രമല്ല ഇതുമായി ചുറ്റപ്പെട്ടു നിൽക്കുന്നവർക്കും പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു.
നരകത്തിലേക്കാണു ലഹരി വാതിൽ തുറന്നുകൊടുക്കുന്നത്. മുന്നിലുള്ള ശോഭനജീവിതത്തെ മറന്ന് കേരളത്തിലെ എത്രയോ കുട്ടികളും ചെറുപ്പക്കാരും ആ വാതിൽതുറന്ന് ഇരുട്ടിന്റെ ലോകത്തിലേക്കു പ്രവേശിക്കുന്നു. അവരിൽ പലർക്കും പിന്നീടു തിരിച്ചുവരാൻ കഴിയുന്നില്ല. അത്രമാത്രം മയക്കുമരുന്നിന്റെ ഉപയോഗം മാരകമായ ഒരു വിപത്തായി മാറികൊണ്ടിരിക്കയാണ്.
ലഹരി മരുന്നിനോടുള്ള അടിമത്തം വ്യക്തിക്കും കുടുംബത്തിനും മാത്രമല്ല നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നത്. സമൂഹത്തിന്റെ ആരോഗ്യവും സാമ്പത്തികസാംസ്‌കാരിക നിലനില്പിനെയും അത് നശിപ്പിക്കുന്നു. മയക്കുമരുന്ന് ഉപയോഗവും ഓരോ ദിവസം കഴിയുംതോറും വളരെ ഭീഷണിയായി വളർന്നുകൊണ്ടിരിക്ക യാണ്. മയക്കുമരുന്നിന്റെ വർധിച്ചുവരുന്ന ഉപയോഗം നാടിനെ നടുക്കുന്നതും മനുഷ്യത്വരഹിതവുമായ പല കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനും കാരണമാകുന്നു. മാതാപിതാക്കളുടെ അശ്രദ്ധയും കുട്ടികളെ സംബന്ധിച്ച അവരുടെ അതിരുകവിഞ്ഞ ആത്മ വിശ്വാസവുമാണ് കുട്ടികൾ ലഹരിയിക്ക് അകപ്പെടാൻ പ്രധാന കാരണം.
മനുഷ്യനെ നന്നാക്കുന്നതിലും ചീത്തയാക്കുന്നതിലും കൂട്ടുകെട്ടുകൾക്ക് വലിയ പങ്കുണ്ട്. മാതാപിതാക്കളെക്കാളും ബന്ധുക്കളെക്കാളുമൊക്കെ കൂട്ടുകെട്ടുകൾക്ക് പ്രാധാന്യം കൊടുക്കുന്ന കാലമാണ് കൗമാരം. കുട്ടുകാരോട് നോ” പറയാനുള്ള ആത്മധൈര്യക്കുറവും കൂട്ടുകെട്ടിലൂടെയുള്ള ലഹരിയുടെ ഉപയോഗവും കുറ്റകൃത്യങ്ങളുടെ അഴുക്കുചാലിലേക്ക് എത്തിക്കുന്നു .
ലഹരി മരുന്നിന്റെ ദൂഷ്യവശങ്ങൾ പാഠ്യവിഷയങ്ങളിൽ ഉൾപ്പെടുത്തി കുട്ടികളിൽ അവബോധം സൃഷ്ടിക്കുവാൻ കഴിയണം. പൊതുജനങ്ങളും എക്‌സൈസ്, പൊലീസ് ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മാത്രമേ നമ്മുടെ സമൂഹത്തെ ലഹരിമുക്ത സമൂഹമായി മാറ്റാൻ കഴിയൂ. ലഹരി ഉപയോഗം സമൂഹ്യ വിപത്താണെന്ന ബോധ്യം സമൂഹത്തിലുണ്ടാക്കിയെടുക്കാൻ കഴിയണം.
ലഹരിക്കെതിരെ സമൂഹവും കുടുംബവും ഉണരണം ചെറുപ്രായക്കാരിലെ ലഹരി ഉപയോഗം തടയണമെങ്കിൽ കുടുംബവും വിദ്യാഭ്യാസ ഇടങ്ങളും സമൂഹവും നിയമങ്ങളും കൂടുതൽ ഉണരുകയും ഒരുമിച്ചു പ്രവർത്തികുകയും വേണം. ലഹരി നമ്മുടെ ബാല്യങ്ങളെ, കൗമാരങ്ങളെ, ചെറുപ്പക്കാരെ കവരാതിരിക്കാൻ നമ്മുക്കോരോരു ത്തർക്കും ജാഗരൂകരായിരിക്കാം.