തങ്ങളുടെ ജീവിതം മറ്റുള്ളവർക്ക് അനുഗ്രഹമായിത്തീർന്ന അനേകം വിശ്വാസവീരന്മാരുണ്ട്. അബ്രാഹാം, ദാവീദ്, യെഹസ്ക്കിയാവ് ഇവരെല്ലാം തന്നെ അതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ്.

അബ്രാഹാമിനോട് ദൈവം പറയുന്നത് “നിന്നെ അനുഗ്രഹിച്ച് നിന്റെ പേർ വലുതാക്കും. നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും. നിന്നിൽ ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും” (ഉല്പ:12:2,3). ഒരു ദൈവപൈതലിന്റെ ശ്രേഷ്ഠത!.

ഇക്കാലത്ത് ദൈവമക്കൾ എന്ന് അഭിമാനിക്കുന്നവർ പോലും അനുഗ്രഹം എന്ന വിഷയത്തെ വിലയിരുത്തുന്നത് ഭൗമീകനന്മകളെ അടിസ്ഥാനപ്പെടുത്തിയാണ്. ഇത് ലോകത്തിന്റെ അളവുകോലാണ്. ഹിത്യർ അബ്രാഹാമിനെ “ദൈവത്തിന്റെ ഒരു പ്രഭു” എന്ന് വിശേഷിപ്പിക്കുന്നു. ലോകത്തിന്റെ പ്രഭുവായിട്ടല്ല, മറിച്ച് ദൈവത്തിന്റെ പ്രഭുവായി അവർ അബ്രാഹാമിനെ മനസ്സിലാക്കി. ഭൗമീകമായല്ല, ആത്മീകമൂല്യങ്ങളുടെ അനുഗ്രഹപാത്രങ്ങളാകാൻ നമുക്കു സാധിക്കണം. അങ്ങനെ അനുഗ്രഹിക്കപ്പെടുന്ന നാം മറ്റുള്ളവർക്ക് അനുഗ്രഹമാകും. നമ്മുടെ സാന്നിദ്ധ്യം, വാക്കുകൾ, പ്രവർത്തികൾ മറ്റുള്ളവരിൽ ആശ്വാസവും ചൈതന്യവും ഉത്സാഹവും ഉളവാക്കേണം. സ്വന്തം ബുദ്ധികൊണ്ടും കൗശലം കൊണ്ടും ധാരാളം സമ്പാദിച്ച യാക്കോബിന് തന്റെ ഭൗമീക നേട്ടമൊന്നും അനുഗ്രഹമല്ല എന്ന തിരിച്ചറിവ് ഉണ്ടായി. വീണ്ടും ദൈവസന്നിധിയിൽ ചെന്ന് “അനുഗ്രഹിക്കേണമേ” എന്ന് നിർബന്ധപൂർവ്വം പറയുന്ന യാക്കോബിനെയാണ് നാം കാണുന്നത്.

നമ്മുടെ പൂർവ്വപിതാക്കന്മാർക്കു ലഭിച്ച ഭൗമീക നന്മകളുടെ മാത്രം അടിസ്ഥാനത്തിൽ ദൈവം അവരെ അനുഗ്രഹിച്ചു എന്ന് നാം വാചാലരാകാറുണ്ട്. നമ്മുടെ ഭൗതീകനന്മകൾ ദൈവനാമമഹത്വത്തിലായി തീരുന്നില്ലെങ്കിൽ ലോകമക്കളും ദൈവമക്കളും തമ്മിൽ വ്യത്യാസം ഒന്നും ഇല്ല. ധനവാൻ തന്റെ എളിമയിൽ പ്രശംസിക്കണം (യാക്കോ:1:10). അവന്റെ ധനമല്ല (ഭൗമീകനന്മ), പകരം സ്നേഹം, ദയ, താഴ്മ, കരുണ, വിശ്വസ്തത, സൗമ്യത എന്നിങ്ങനെയുള്ള ക്രിസ്തുവിൻ ഭാവമാണ് അവന്റെ മുഖമുദ്രയാകേണ്ടത്. അപ്പോഴാണ് നാം മറ്റുള്ളവർക്ക് അനുഗ്രഹമായിത്തീരുന്നത്. അബ്രാഹാം തന്റെ ജനത്തിന് ഒരു അനുഗ്രഹമായിത്തീർന്നതുപോലെ നമുക്കും അനുഗ്രഹപാത്രങ്ങളാകാം.

ഇത്തരത്തിൽ നാം മറ്റുള്ളവർക്ക് അനുഗ്രഹമാകുന്നില്ലെങ്കിൽ നമ്മുടെ ജീവിതം ശാപം (നാശം) ആയിത്തീരും. ദൈവത്തോട് അനുസരണക്കേട് കാണിച്ച് കപ്പലിൽ ശാന്തമായി ഉറങ്ങി യാത്ര ചെയ്യുന്ന യോനാ തന്റെ സഹയാത്രികരുടെ ഭയത്തിനും നിലവിളിക്കും കാരണക്കാരനായിത്തീർ ന്നു. മറ്റു യാത്രക്കാരെല്ലാം ഭയന്ന് ദൈവത്തോടു നിലവിളിക്കുമ്പോൾ യോനാ, നല്ല സുഖനിദ്രയിലായിരുന്നു. യോനാ താൻ മുഖാന്തിരം ഇത്ര വലിയ കോളിളക്കം ഉണ്ടാകുന്നു എന്നു മനസ്സിലാക്കിയിട്ടും യാതൊരു സങ്കോചവും ഇല്ലാതെ “കടലും കരയും ഉണ്ടാക്കിയ സ്വർഗ്ഗീയ ദൈവമായ യഹോവയെ ഭജിച്ചുവരുന്നു” എന്ന് അഭിമാനത്തോടെ പറയുകയാണ്.

ദൈവമക്കളായ നാം ദൈവത്തെ ഭയപ്പെടണം. നമ്മുടെ രഹസ്യപാപം മറ്റുള്ളവരുടെ നാശത്തിന് കാരണമായിത്തീരരുത്. നമ്മുടെ വാക്കുകൾ, പ്രവർത്തികൾ മറ്റുള്ളവർക്ക് വേദന വരുത്തുന്നതു മൂലം തലമുറയ്ക്ക് നാശം കരുതിവയ്ക്കരുത്. സ്വന്തം കുറവുകൾ കാണാതെ മറ്റുള്ളവരെ വിധിക്കുന്നതിനു മുമ്പ് ആയിരിക്കുന്ന സമൂഹത്തിൽ സമാധാനമാണോ കലഹമാണോ വിതയ്ക്കുന്നതെന്ന് നാം ചിന്തിക്കേണം.

നാം അബ്രാഹാമിനെപ്പോലെ അനുഗ്രഹമാണോ അതോ യോനയെപ്പോലെ ശാപമാണോ എന്ന് നമുക്കു നമ്മെ തന്നെ ശോധന ചെയ്യാം.