മനുഷ്യജീവിതത്തിലെ ഓരോ നിമിഷവും അമൂല്യമാണ്. സമയത്തെക്കുറിച്ചുള്ള ബോധം ജീവിതത്തെ സംബന്ധിച്ചുള്ള ജാഗ്രതയാണ്…. ജീവിതത്തില്‍ വിജയം കൈവരിച്ചവരില്‍ ഭൂരിപക്ഷവും സമയനിഷ്ഠയുള്ളവരായിരുന്നു. സമയത്തിന്റെ വില അറിഞ്ഞവരാണ് മഹാന്‍മാരും നേതാക്കന്‍മാരും. അവര്‍ സമയത്തെ നന്നായി വിനിയോഗിച്ചു…. സമയബോധമുള്ളവര്‍ക്ക് ഒരിക്കലും നഷ്ടബോധം ഉണ്ടാവുകയില്ല…

Amoolya Nimishangal / Dr. Grace Johnson(Amma Ariyan)

ഓരോ പ്രഭാതവും നമ്മോട് വിളിച്ചുപറയുന്നു: “ഞാനൊരു പുതിയ സൃഷ്ടിയാണ്.”

ജീവിതത്തില്‍ സമയം തികയുന്നില്ല എന്ന പരാതി നിരന്തരം കേട്ടുകൊണ്ടിരിക്കുന്നു. എന്തുകൊണ്ടാണിത്?

അസംഖ്യ നിമിഷങ്ങളും മണിക്കൂറുകളും ചേർന്നതാണല്ലോ മനുഷ്യജീവിതം. നമ്മുടെ ആയുസ്സിലെ ഒരു നിമിഷം പോലും നിസാരം എന്ന് വെച്ച് തള്ളാവുന്നതല്ല.

നിസ്സാര നിമിഷത്തില്‍ നിസ്സാര വസ്തുവില്‍ നിസ്സാരം എന്ന് കരുതപ്പെടുന്ന മനുഷ്യരില്‍ വിപുലമായ ശക്തി സാധ്യതകള്‍ അടങ്ങിയിട്ടുണ്ടെന്നുള്ളത് പലരും ഓർക്കാറില്ല. നമുക്ക് തന്നെ അറിയാം മൂന്നാം ക്ലാസ്സ്‌ മാത്രം പഠിച്ച ഒറീസ്സയില്‍ നിന്നുള്ള സാധാരണക്കാരനായ കവി ഹെല്‍ഡാര്‍ നാഗിന്റെ ജിവിതത്തെ മാറ്റിമറിച്ച കഥ.. ജീവിത സാഹചര്യം മൂലം അദ്ധേഹത്തിനു തുടർന്ന് പഠിക്കുവാന്‍ സാധിച്ചില്ല.. പാചകക്കാരന്‍ ആയിരുന്ന അദ്ധേഹം ഇരുപതോളം കഥകളും ഇതിഹാസങ്ങളും രചിച്ചിട്ടുണ്ട്.. സംബൽപൂർ സർവ്വകലാശാല അദ്ധേഹത്തിന്റെ രചനകള്‍ പാഠ്യവിഷയങ്ങള്‍ ആയി സിലബസില്‍ ഉൾപ്പെടുത്തിയിട്ടിട്ടുണ്ട്. 5 പണ്ഡിതര്‍ ഇദ്ദേഹത്തെ ആധാരമാക്കി പി എച്ച് ഡി ചെയ്തിട്ടുണ്ട്.. അദ്ധേഹത്തിന്റെ കഴിവിനെ രാജ്യത്തിനു കണ്ടില്ലെന്നു നടിക്കാന്‍ കഴിഞ്ഞില്ല.. രാജ്യം അദ്ധേഹത്തിനു പദ്മശ്രീ നല്കി അഭിനന്ദിച്ചു.. ഈ സംഭവത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്‌ ആരും നിസ്സാരക്കാരല്ല.. എങ്ങനെ നമ്മുടെ മുന്നിലുള്ള നിമിഷങ്ങളേയും അവസരങ്ങളെയും പ്രയോജനപ്പെടുത്തുന്നു എന്നതാണ് കാര്യം.

എമ്മേഴ്സന്‍ പറഞ്ഞിട്ടുണ്ട് “ഓക്ക് മരത്തിന്റെ ഒരു വിത്തില്‍ ആയിരം വനങ്ങളുടെ സൃഷ്ട്ടി സാധ്യത ഉറങ്ങി കിടപ്പുണ്ട്…..” അതുപോലെ തന്നെ ചൈനീസ് ദാർശനികൻ പറഞ്ഞൊരു ആശയമാണ് “ആയിരം മൈല്‍ ദൈർഘ്യം ഉള്ള ഒരു യാത്ര ആരംഭിക്കുന്നത് ഒരു ചുവടു വെച്ചാണ്..” ഒരു ചുവടു വെക്കാതെ അത്രയും ദൂരം മുന്നോട്ട് പോകാന്‍ ആകില്ലല്ലോ? പക്ഷേ ഈ ചുവടു വെയ്പ്പിനുള്ള വില ആരും മനസ്സിലാക്കുന്നില്ല.. ചെറിയ കാര്യങ്ങള്‍ വലിയ കണ്ടുപിടിത്തങ്ങളിലേക്ക് നയിച്ചിട്ടുള്ള നിരവധി സംഭവങ്ങള്‍ നമുക്കൊക്കെ അറിയാമല്ലോ. ചായ ഉണ്ടാക്കാന്‍ അടുപ്പില്‍ പച്ചവെള്ളം തിളപ്പിച്ചപ്പോള്‍ കെറ്റിലിന്റെ അടപ്പ് ഇളകി തുള്ളിയത് ആവിയന്ത്രത്തിന്റെ കണ്ടുപിടിത്തത്തിലേക്ക് നയിച്ചു എന്ന് കേട്ടിട്ടില്ലേ? ഇങ്ങനെ നോക്കുമ്പോള്‍ ഏതു നിസ്സാര കാര്യവും നമ്മുടെ ജീവിതം ധന്യമാക്കി തീർക്കുവാൻ സഹായിക്കുന്നതായി കാണാം.

നമ്മുടെ ജീവിതത്തിലെ ഒരു നിമിഷവും നിസ്സാരം എന്ന് വെച്ച് തള്ളിക്കളയാവുന്നതല്ല.. നാം പടുത്തുയർത്തുന്ന ജീവിതമാകുന്ന ദുർഗ്ഗം ഇടിഞ്ഞു വീഴാന്‍ കാരണമായിത്തീരുന്നത് ചില നിമിഷങ്ങളുടെ ദുരുപയോഗം ആണ്. മനുഷ്യ ജീവിതം ആകുന്ന മഹാദുർഗ്ഗം വലിയ കല്ലുകൊണ്ട് മാത്രമല്ല നിസ്സാരമായി കരുതുന്ന ഓരോ നിമിഷം ആകുന്ന ചീള് കൊണ്ട് പോലും ബലപ്പെടുത്തേണ്ടതാണ്. പലരും ഈ യാഥാർത്ഥ്യം മറന്ന് കളയുന്നു. ജീവിതത്തെ ബലപ്പെടുത്തുവാന്‍ ഉപയോഗിക്കേണ്ട നിമിഷങ്ങളെ നിസ്സാരമായി കരുതി പാഴാക്കിക്കളയുന്നു. അതിന്റെ ഫലമായി പരാജയങ്ങളും വീഴ്ചകളും തകർച്ചകളും ഇടയ്ക്കിടെ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാറുണ്ടല്ലോ.

മനുഷ്യജീവിതത്തിലെ ഓരോ നിമിഷങ്ങളും അമൂല്യമാണ്. ഓരോ ദിവസവും ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങളെപറ്റിയും അതിന് വേണ്ടതായ സമയത്തെക്കുറിച്ചും നാം ബോധവാന്‍മാരായിരിക്കണം… ജീവിതത്തെ ക്രിയാത്മകമാക്കുന്നതില്‍ സമയത്തിനുള്ള പ്രാധാന്യം നാം ചിന്തിക്കുന്നതിലും വളരെ വലുതാണ്…. അതുകൊണ്ട് നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷത്തെയും സർവ്വശക്തനായ ദൈവത്തില്‍ ആശ്രയിച്ചു ധന്യമാക്കുവാന്‍ ശ്രമിക്കുക…..

Written by

Dr. Grace Johnson

Dr. Grace Johnson is a writer, counselor & speaker.

More writings by Grace Johnson