അമ്മ സ്നേഹമാണ്, സഹനമാണ്, കരുണയാണ്, കരുതലാണ്, സംരക്ഷണമാണ്, ത്യാഗമാണ്. വേദനയോടെ ആദ്യകണ്മണിയെ പ്രസവിച്ച ഹവ്വ എന്ന അമ്മ, 90 വയസിൽ ചിരിച്ചു കൊണ്ട് മകനു ജന്മം നൽകിയ സാറ എന്ന അമ്മ, മകന്റെ മരണം കാണാനാകാതെ ഒരമ്പിൻ പാട് അകലം മാറി ഇരുന്നു കരഞ്ഞ ഹാഗാർ എന്ന അമ്മ, കരഞ്ഞു പ്രാർത്ഥിച്ചു ദൈവത്തോട് ചോദിച്ചു വാങ്ങിയിട്ട് മകനെ ദൈവത്തിനു സമർപ്പിച്ച ത്യാഗിയായ ഹന്ന എന്ന അമ്മ, ആരുടെയും കണ്ണിൽ പെടാതെ കരച്ചിൽ പോലും പുറത്തു കേൾക്കാതെ കുഞ്ഞിനെ വളർത്തി ഞാങ്ങണ പെട്ടിയിൽ ഒഴുക്കി വിട്ടു തിരികെ കിട്ടുവാൻ പ്രാർത്ഥനയോടെ കാത്തിരുന്ന ഈഖാബോദ് അമ്മ, അവസാനത്തെ അപ്പവും ഒരുമിച്ചു കഴിച്ചിട്ട് മകന്റെ ഒപ്പം മരിക്കാനിരിക്കുന്ന സാരേഫാത്തിലെ വിധവയായ അമ്മ, ഇനിയുമേറെ… ഇനിയുമേറെ…..

ഒരു ജന്മംകൊണ്ടു ഒരു പ്രപഞ്ചത്തിനു മുഴുവൻ രക്ഷകനായവനെ ലോകത്തിനു തന്ന കന്യകയായ അമ്മ… അവൾ എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു. അവൾ മനസിലാക്കിയിടത്തോളം അവനെ ആരും മനസിലാക്കിയിട്ടുണ്ടാവില്ല. ക്രൂശിൽ തറക്കുന്ന സ്വന്തം പുത്രനെ കണ്ടു കരളുരുകി കണ്ടു നിൽക്കേണ്ടി വരുന്ന നിസഹായയായ അമ്മ… അമ്മക്ക് എന്തു അർഥമാണ് നമ്മുടെ ജീവിതത്തിൽ… കഷ്ടപ്പാടുകളുടെ മദ്ധ്യത്തിലും ജീവിതം കെട്ടിപ്പടുക്കാൻ പാടുപെടുന്ന അമ്മമാരെ കണ്ടു വളർന്നവരാണ് നമ്മൾ. എല്ലാത്തിനും മദ്ധ്യത്തിൽ ദൈവത്തിനു മുഖ്യസ്ഥാനം പകർന്നു തരാൻ അവരുടെ അനുഭവങ്ങൾ മാത്രമേ വേണ്ടൂ….. അമ്മമാരുടെ സ്നേഹം കിട്ടാതെ എത്രയോ ജന്മങ്ങൾ ഇന്നും അമ്മത്തൊട്ടിലിൽ. ചികിത്സക്ക് വകയില്ലാത്തതിനാൽ ഉപേക്ഷിച്ച കുഞ്ഞിനെ ട്രീറ്റ് ചെയ്തു സ്വന്തം അമ്മക്ക് തന്നെ തിരിച്ചേല്പിച്ച ഒരു പത്ര വാർത്ത അടുത്തിടെ വായിക്കുകയുണ്ടായി…. അമ്മയില്ലാത്ത കുഞ്ഞിന് തൊട്ടടുത്ത കുടിലിൽ മറ്റൊരമ്മ കൊടുത്ത മുലപ്പാലിൽ ജീവൻ തിരികെ കിട്ടിയതും വായിച്ചു….

എന്താണ് ‘അമ്മ’? നാമും അമ്മമാർ ആണ് നമ്മുടെ കുഞ്ഞുങ്ങളുടെ. ഒന്നുകൂടെ ആഴത്തിൽ പറയുകയാണെങ്കിൽ സ്വാർത്ഥ മനസ്സോടെ നമ്മുടെ കുഞ്ഞുങ്ങളെ മാത്രം സ്നേഹിക്കുന്ന അമ്മമാർ. പോരാ, ഒരവസരം ലഭിച്ചാൽ മറ്റൊരാൾക്കെങ്കിലും വേണ്ടിയും കൂടെ ഒരമ്മസ്നേഹം കൊടുക്കാൻ നമുക്ക് കഴിയണം. ഈ മാതൃ ദിനത്തിൽ ദൈവം നമ്മെ അതിനായി സഹായിക്കട്ടെ. ആമേൻ…

[ഷൈനി അഭിലാഷ് ]

Written by

Shiny Abhilash

Shiny and husband Evagelist Abhilash are serving Lord at Thiruvalla.

More writings by Shiny Abhilash.