
ആർത്തുല്ലസിച്ചുകഴിഞ്ഞ അവധി ദിവസങ്ങളോട് വിട നൽകി പുതിയ അദ്ധ്യയനവർഷത്തിലേക്ക് പ്രവേശിച്ചതോടെ ഗൗരവമുള്ള പഠനം തുടങ്ങാൻ സമയമായി. വീണ്ടും പഠനവും പരീക്ഷയും. കുട്ടികളെ മിടുക്കരാക്കാനുള്ള പെടാപാടുകൾക്കിടയിൽ ശ്രദ്ധിക്കേണ്ട ധരാളം കാര്യങ്ങളുണ്ട്.
പഠനം ഒരു കലയാണ്. എന്നാൽ ഈ കലയെ വിജയകരമാക്കാൻ ബുദ്ധിശക്തി മാത്രം പോരാ, ഇതിൽ വിജയം നേടാൻ ചില നിയമങ്ങളും തന്ത്രങ്ങളുമുണ്ട്. അവയെല്ലാം വ്യക്തമായ പ്ലാനിങ്ങിന്റെ അടിസ്ഥാനത്തിൽ പ്രയോഗിക്കുമ്പോൾ മാത്രമേ വിജയം നേടാൻ കഴിയൂ. എല്ലാ കുട്ടികൾക്കും പഠനകാര്യങ്ങളിൽ അവരവരുടേതായ രീതികളും അഭിരുചികളുമുണ്ട്. മക്കളുടെ പഠനകാര്യത്തിൽ അമ്മതന്നെ സഹായിക്കണം. ഇത് അമ്മയ്ക്ക് കുട്ടികളുടെ പഠന സ്വഭാവത്തെ ശരിയായി രൂപീകരിക്കാനും ഭാവിയിൽ പഠനത്തിൽ അവരെ സ്വയം പര്യാപ്തരാക്കാനും സാധിക്കും. ചിട്ടയായി പഠിക്കുന്ന സമ്പ്രദായമാണ് പലരെയും വിജയ സോപാനത്തിൽ എത്തിച്ചത്. മറ്റ് കാര്യങ്ങളിലെന്നപോലെ പഠനകാര്യത്തിലും ഒരു ചിട്ട അത്യാവശ്യമാണ്. ഈ അദ്ധ്യായന വർഷാരംഭത്തിൽ തന്നെ നമുക്ക് പഠനം തുടങ്ങാം. കുട്ടികളുടെ പഠനത്തിൽ അമ്മമാർ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ എന്തെല്ലാമെന്നു നമുക്കൊന്നു വിശകലനം ചെയ്യാം.
ടൈംടേബിൾ
ദൈനംദിന ടൈംടേബിൾ തയ്യാറാക്കാൻ സഹായിക്കാം. ഉറങ്ങാനും ഉണരാനും പ്രഭാത കർമങ്ങൾ നിർവ്വഹിക്കാനും പ്രാർത്ഥിക്കാനും കുളിക്കാനും പഠിക്കാനും സ്‌കൂളിൽ പോകാനും എല്ലാം പ്രത്യേക ടൈംടേബിൾ വേണം. എല്ലാ ദിവസങ്ങൾക്കും ഒരേ ടൈംടേബിൾ ഉചിതമല്ല. ഓരോ ദിവസവും ചെയ്തു തീർക്കേണ്ട പ്രവർത്തികളുടെ പ്രാധാന്യത്തിന്റെ അടിസ്ഥാനത്തിൽ ടൈംടേബിൾ തയ്യാറാക്കണം. ഓരോ വിഷയത്തിനും കൃത്യമായ സമയം ടൈംടേബിളിൽ രേഖപ്പെടുത്തി പഠിച്ചു ശീലമാക്കുക.
ലക്ഷ്യബോധവും ശുഭാപ്തി വിശ്വാസവും
ലക്ഷ്യബോധവും ശുഭാപ്തി വിശ്വാസവും കൊടുത്ത് പ്രോത്സാഹിപ്പിക്കാം. ലക്ഷ്യങ്ങൾ റോഡ് മാപ്പുകൾ പോലെയാണ്. എത്തേണ്ടിടത്ത് എത്താനുള്ള വഴികാട്ടിയാണ്. വ്യക്തമായ ലക്ഷ്യബോധത്തോടെ വേണം പഠനം തുടങ്ങേണ്ടത്. ദൃഢനിശ്ചയവും ഉത്തരവാദിത്തബോധവുമാണ് ലക്ഷ്യത്തിലേക്കുള്ള പാതസുഗമമാകുന്നത്. ആകാശത്തോളം സ്വപ്നം കാണുക. കുന്നോളം സ്വന്തമാക്കാം. സ്വപ്നങ്ങളെ ലക്ഷ്യങ്ങളാക്കുക. ലക്ഷ്യങ്ങളെ യാഥാർത്ഥ്യങ്ങളാക്കുക.
പഠിക്കാനുള്ള അന്തരീക്ഷം
പഠിക്കാനുള്ള അന്തരീക്ഷം അമ്മ തന്നെ ഒരുക്കണം. കുട്ടികൾക്ക് പഠിക്കാൻ ഒരു പ്രത്യേക സ്ഥലം വേണം, മാതാപിതാക്കളുടെ ശ്രദ്ധ ചെന്നെത്തുന്ന സ്ഥലത്തായിരിക്കണം കുട്ടികൾക്കു പഠനസൗകര്യം ഒരുക്കേണ്ടത്. മാതാപിതാക്കൾ ടിവി കണ്ടുകൊണ്ട്, നിങ്ങൾ പോയി പഠിച്ചോ എന്നു കുട്ടികളോട് പറയരുത്. കുട്ടികൾ പഠിക്കുന്ന സമയത്ത് അവരുടെ പഠനാന്തരീക്ഷത്തിനു തടസ്സമുണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുക.
ശ്രദ്ധ
ശ്രദ്ധ ക്ലാസ്സിലിരിക്കുമ്പോഴും വായിക്കുമ്പോഴും അത്യാവശ്യമായി ഉണ്ടാകേണ്ട ഗുണമാണ്. ശ്രദ്ധയോടുകൂടി കേൾക്കുമ്പോഴും വായിക്കുമ്പോഴുമാണ് തലച്ചോറിൽ ആഴത്തിൽ ആലേഖനം ചെയ്യപ്പെടുന്നത്. ഒരേ കാര്യത്തിൽ തന്നെ മനസിനെ കേന്ദ്രീകരിക്കുന്നതിനെയാണ് ശ്രദ്ധ എന്നു പറയുന്നത്. കുട്ടികൾക്കു ഉന്നതമായ പഠനനിലവാരം പുലർത്തുന്നതിന് ഏറ്റവും ആവശ്യമായ ഗുണമാണ് ശ്രദ്ധ.
വായന
വായന വളരെ പ്രധാനമാണ്. ഭാഷ, ആശയവിനിമയം, ഭാവന തുടങ്ങിയവ വർധിപ്പിക്കാൻ വായന സഹായിക്കും. എല്ലാ വീടുകളിലും വായനക്കായി പ്രത്യേകം സമയം മാറ്റിവെക്കണം.
മാതാപിതാക്കളും കുട്ടികളും ഒരുപോലെ വായന പ്രയോജനപ്പെടുത്തട്ടെ. വായന ആത്മാവിന് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണെന്നതിൽ യാതൊരു സംശയവുമില്ല. കണ്ണിന് തെളിച്ചവും ബുദ്ധിക്ക് വെളിച്ചവും ഉള്ള കാലത്തോളം എല്ലാവർക്കും പ്രയോജനകരമായി കൊണ്ടുനടക്കാൻ കഴിയുന്നതും കഴിയേണ്ടതുമായ ഒരു പ്രക്രിയയാണ് വായനാശീലം.
അവധി ബോണസാക്കാം
അപ്രതീക്ഷിതമായി ലഭിക്കുന്ന അവധിയും മറ്റു അവധി സമയവും പാഴാക്കാതെ പഠനത്തിനായി ചെലവഴിക്കാം.
റിവിഷൻ
റിവിഷൻ വളരെ പ്രധാനം. ദിവസവും, അല്ലെങ്കിൽ ആഴ്ചയിലൊരിക്കൽ പഠിച്ച മുഴുവൻ പാഠങ്ങളും ഒരാവർത്തി ഓർമിച്ചെടുക്കാനുള്ള അവസരങ്ങളുണ്ടാക്കുക. ഇത് പഠനം എളുപ്പത്തിലാക്കാനുള്ള ഒരു പ്രധാനവഴിയാണ്.
മത്സരം
മത്സരം കുട്ടികളിൽ സ്‌നേഹത്തോടെയായിരിക്കണം. മത്സര ബുദ്ധി മോശപ്പെട്ടതൊന്നുമല്ല. പക്ഷേ ഒപ്പം പഠിക്കുന്ന കുട്ടികളോട് ശത്രുത തോന്നിപ്പിക്കുന്ന തരത്തിലാവരുതെന്ന് മാത്രം. നല്ല മാർക്കുനേടാനാണ് മത്സരിക്കേണ്ടതെന്ന് പറഞ്ഞു കൊടുക്കാം.
ലൈംഗിക വിദ്യാഭ്യാസം
ലൈംഗികവിദ്യാഭ്യാസം മാതാപിതാക്കൾ കുട്ടികൾക്കു നൽകുന്നതിലൂടെ ലൈംഗിക ചൂഷണത്തിൽ നിന്നു സ്വയം രക്ഷനേടാനാകും. ബലാത്സംഗം മാത്രമല്ല ലൈംഗിക ചൂഷണം. അരുതാത്ത രീതിയിലുള്ള സ്പർശം പോലും തിരിച്ചറിയാൻ ലൈംഗികവിദ്യാഭ്യാസം സഹായിക്കും. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ”അരുത്” എന്നു പറയാനുള്ള കരുത്തു കുട്ടികൾക്കുണ്ടാക്കിയെടുക്കണം. അമ്മമാർക്ക് മാത്രമേ ഇതിനു കുട്ടികളെ സഹായിക്കാനാകു.
ഭക്ഷണം
കുട്ടികളുടെ പ്രഭാതഭക്ഷണം രുചികരവും പോഷകസമ്പുഷ്ടവും വൈവിധ്യപൂർണവുമാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. തലച്ചോറിനുള്ള ഭക്ഷണമായാണ് പ്രഭാതഭക്ഷണം കരുതുന്നത്. നല്ല പ്രഭാതഭക്ഷണം കഴിക്കുന്ന കുട്ടികൾക്ക് പഠനത്തിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമെന്ന് നിരവധി പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. പഠനം പോലെ പ്രധാനമാണ് ആരോഗ്യം. നല്ല ഭക്ഷണശീലങ്ങൾ വളർത്തുക. പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കുന്നുണ്ടോയന്ന് ശ്രദ്ധിക്കണം.
ശുചിത്വം
ശുചിത്വവും കൃത്യമായ ദിനചര്യയും പാലിക്കാൻ കുട്ടികളെ പഠിപ്പിക്കേണ്ടത് മാതാപിതാക്കളാണ്. ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകാൻ ശിലിപ്പിക്കുക. ഭക്ഷണ മേശയിൽ പാലിക്കേണ്ട മര്യാദകൾ കുട്ടികളെ പഠിപ്പിക്കണം. ദിവസവും രണ്ട് നേരം പല്ലുതേക്കാനും ശരീരവും വസ്ത്രവും വൃത്തിയായി സൂക്ഷിക്കാനും ശീലിപ്പിക്കുക.
കളികളും വ്യായാമങ്ങളും
കുട്ടികളിൽ ശാരീരികവും മാനസികവും വൈകാരികവും ബുദ്ധിപരവുമായ കഴിവുകളെ മെച്ചപ്പെടുത്താൻ കളികളും വ്യായാമങ്ങളും നല്ല പങ്കുവഹിക്കാറുണ്ട്. ഓർമയും ഏകാഗ്രതയും കൂട്ടുക, ഇൻസുലിൻ ഹോർമോണിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക, പൊണ്ണത്തടി കുറയ്ക്കുക, രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുക, അസ്ഥികളുടെയും പേശികളുടെയും ബലം കൂട്ടുക തുടങ്ങിയ നല്ല ഫലങ്ങൾ കളികളിലൂടെയും വ്യായാമത്തിലൂടെയും നേടാനാകും. കുട്ടികൾക്ക് എന്ത് കാര്യവും പെട്ടെന്ന് മടുക്കും. അതുകൊണ്ട് തന്നെ അവധി ദിവസങ്ങളിലും പഠനത്തിനിടയ്ക്കും അവർക്ക് ഇടവേളകൾ കൊടുക്കാം.
സൗഹൃദങ്ങൾ
സൗഹൃദങ്ങൾ ജീവിതത്തിൽ വളരെ പ്രധാനമാണെന്നു കുട്ടിയെ പറഞ്ഞു മനസ്സിലാക്കണം. കുഞ്ഞുങ്ങളുടെ മാനസികവളർച്ചയ്ക്കു സൗഹൃദങ്ങൾ വളരെ പ്രധാനമാണ്. നല്ല കൂട്ടുകാരെ തിരഞ്ഞെടുക്കാൻ കുട്ടികളെ സഹായിക്കണം. നല്ല വിദ്യാർത്ഥികൾ അധ്യാപകരുമായും സൗഹാർദപരമായ വ്യക്തിബന്ധം പുലർത്തും.
പങ്കുവയ്ക്കൽ
പങ്കുവയ്ക്കലിന്റെ ഗുണം അറിഞ്ഞു വേണം കുട്ടികൾ വളരേണ്ടത്. കരുതൽ, സ്‌നേഹം, സൗഹൃദം ഇവയെല്ലാം പ്രകടിപ്പിക്കാൻ പങ്കുവയ്ക്കലിലൂടെ കഴിയുമെന്നു പറയണം. എല്ലാ കാര്യങ്ങളെയും പോസിറ്റീവായി കാണാൻ കുട്ടികളെ പഠിപ്പിക്കണം. എപ്പോഴും മറ്റു കുട്ടികളോടും അധ്യാപകരോടും ശാന്തമായും സത്യസന്ധതയോടും മാത്രം സംസാരിക്കണം എന്ന നിർദ്ദേശവും നൽകണം.
അഭിനന്ദിക്കുക
കുട്ടികളെ അവരുടെ ചെറിയ നേട്ടങ്ങളിൽപ്പോലും അഭിനന്ദിക്കുക, നിരന്തരം ഉപദേശിക്കുന്നത് ഒഴിവാക്കി ക്രിയാത്മക നിർദേശങ്ങൾ നൽകുന്നത് ശീലമാക്കുക. പ്രശ്‌നങ്ങളുണ്ടാകുമ്പോൾ അവയെ പ്രശ്‌നങ്ങളായി കരുതാതെ വെല്ലുവിളികളായി കണ്ടുകൊണ്ട് പരാതിയില്ലാതെ നേരിടാം. എന്തുതന്നെ സംഭവിച്ചാലും തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടെ പ്രശ്‌നങ്ങളെ നേരിടാൻ പ്രചോദിപ്പിക്കുക. ഏതു പരാജയവും വഴിത്തിരിവാ യിരിക്കുമെന്ന് ഉറച്ചു വിശ്വസിപ്പിക്കുക. ഇവയൊക്കെ കുട്ടികളെ നല്ല മാനസികാരോഗ്യം ഉള്ളവരാക്കി മാറ്റാൻ വളരെയധികം സഹായിക്കും.
ഉത്തരവാദിത്വം
കുട്ടികളെ ആൺ പെൺ വ്യത്യാസമില്ലാതെ കുട്ടിക്കാലം മുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ ശീലിപ്പിക്കാം. സ്വന്തം കളിപ്പാട്ടങ്ങൾ, സ്‌കൂൾ ബാഗിൽ പുസ്തകങ്ങൾ തുടങ്ങിയവ അടുക്കി വെക്കുക, പഠനമുറിയും കിടപ്പുമുറിയും വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങൾ സ്വയം ചെയ്യാൻ ശീലിപ്പിക്കുക. കുട്ടികൾ വളരുന്നതനുസരിച്ച്് കുടുതൽ ഉത്തരവാദിത്വങ്ങൾ നൽകി സ്വയം പ്രാപ്തരാക്കുക.
എല്ലാ കുട്ടികളും ഏന്തെങ്കിലും കഴിവോടുകൂടിയാണ് ജനിക്കുന്നത്. പലപ്പോഴും അത് തിരിച്ചറിയാൻ മാതാപിതാക്കൾക്ക് കഴിയുന്നില്ല എന്നതാണ് പ്രശ്‌നം. കുട്ടികളെ പഠിപ്പിക്കുക അത്ര എളുപ്പമല്ലന്ന് മനസിലാക്കുക. കുട്ടികൾ മികച്ച വ്യക്തിത്വമുള്ളവരായി വളരണമെങ്കിൽ ജീവിതമൂല്യങ്ങളും നല്ല ശീലങ്ങളും കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. എല്ലാ ജീവിത വിജയത്തിന്റെയും അടിസ്ഥാനം ദൈവാശ്രയമാണ്. വിജയം കഠിനമായി അദ്ധ്വാനിക്കുന്നവർക്കുള്ളതാണെന്ന പാഠം മറക്കാതിരിക്കുക.