
അന്നു സന്ധ്യയായപ്പോള്‍ അവര്‍ അക്കരക്കു പോയി. ഏറെ വിഷമകരമായ ഒരു യാത്ര. ഗുരുവിനൊപ്പമുള്ള ഓരോ യാത്രകളും അവര്‍ക്ക് സന്തോഷകരമാണ്. പക്ഷേ ഈ പ്രാവശ്യം ചില അപ്രതീക്ഷിത സാഹചര്യങ്ങള്‍ അവര്‍ക്ക് നേരിടേണ്ടി വന്നു. ഗലീലക്കടലില്‍ കൊടുങ്കാറ്റുണ്ടാകുന്നത് സാധാരണമാണ്. അവരില്‍ മിക്കപേരും മീന്‍പിടുത്തക്കാരായതുകൊണ്ട് അവര്‍ക്ക് അത് അറിവുള്ളതുമാണ്. കടലിനപ്പുറം മറ്റൊരു ലോകത്തെക്കുറിച്ച് അവര്‍ ചിന്തിച്ചിട്ടുപോലുമുണ്ടാവില്ല….. ശക്തമായ ചുഴലിക്കാറ്റ് ആഞ്ഞടിച്ച് പടകില്‍ തിരതള്ളിക്കയറി, പടകു മുങ്ങുമാറായി, അവര്‍ നശിക്കാറായി…. ഗുരുവാകട്ടെ അമരത്ത് തലയണ വെച്ച് ഉറക്കവും. വീശിയടിച്ച കാറ്റിന്റെ വേഗത അവരെ പരിഭ്രാന്തരാക്കി.
ഗുരു കുടെയുള്ളപ്പോഴൊന്നും അവര്‍ അസ്വസ്ഥരായിട്ടില്ല, മറ്റുള്ളവരുടെ വേദനകള്‍ അവര്‍ പറയുന്നതിനു മുമ്പേ മനസ്സിലാക്കുന്ന ഗുരു, തന്റെ അടുക്കല്‍ വരുന്നവരെയൊക്കെ സമാധാനത്തോടെ പറഞ്ഞയയ്ക്കുന്ന ഗുരു, വീശിയടിക്കുന്ന കാറ്റില്‍ ശിഷ്യഗണങ്ങള്‍ ആടിയുലയുമ്പോള്‍ നല്ല ഉറക്കത്തിലാണ്. ഗുരുവിന്റെ ഉറക്കം ഒരു നിസ്സഹകരണ മനോഭാവമായി തോന്നിയതുകൊണ്ടാവണം അവര്‍ ചോദിക്കുന്നുണ്ട് ‘ഞങ്ങള്‍ നശിച്ചുപോകുന്നതില്‍ നിനക്കു വിചാരമില്ലയോ’ എന്ന്. ഒരു കടലോളം വികാരവിക്ഷോഭങ്ങളുമായി ആഴക്കടലിലേക്ക് വീഴുമോ എന്ന ചിന്ത കുറച്ചൊന്നുമല്ല അവരെ ഭയപ്പെടുത്തിയത്…….
ഭയചകിതരായ ശിഷ്യഗണത്തിന്റെ ചോദ്യത്തിനു മുമ്പില്‍ ക്രിസ്തു എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, കടലിനെ ശാന്തമാക്കി, പടകിനെ സൂക്ഷിച്ചു. ശേഷം അവിടുന്ന് ശിഷ്യഗണങ്ങളോട് ചോദിക്കുന്നുണ്ട് ‘നിങ്ങള്‍ ഇങ്ങനെ ഭീരുക്കള്‍ ആകുവാന്‍ എന്തു? നിങ്ങള്‍ക്കു ഇപ്പോഴും വിശ്വാസമില്ലയോ?..നാം ഇപ്പോഴും ഭീരുക്കള്‍ ആകുന്നുണ്ടോ? കാലങ്ങള്‍ അധികം ആയിട്ടുണ്ട് അവിടുന്ന് നമ്മുടെ നാഥനും കര്‍ത്താവുമായി നില്ക്കുന്നു, ഇന്നും നമ്മുടെ ഭീരുത്വം മാറിയിട്ടില്ല, വിശ്വാസം കൂടിയിട്ടുമില്ല. നമുക്കൊരു മാറ്റം ആവശ്യമില്ലേ. ഗുരു പടകിന്റെ അമരത്ത് തന്നെയുണ്ടായിരുന്നു. ഇത്രയും കാലം കൂടെ നടന്നിട്ടും ഗുരുവിനെ മനസ്സിലാക്കാതെ പോയത് ഭീരുത്വമെന്നല്ലാതെ മറ്റെന്തു പറയാന്‍.
പടകിന്റെ പ്രധാന ഭാഗമാണ് അമരം. കടലിന്റെ ഗതി വിഗതികളറിഞ്ഞ് പടകിനെ നിയന്ത്രിക്കുന്ന ഭാഗം (പിന്നണിയം). ആ ഭാഗത്ത് തന്നെ ക്രിസ്തു ഉണ്ടായിരുന്നു. കാരണം നമ്മുടെ വിചാരങ്ങളെക്കാള്‍ അവിടുന്ന് നമ്മെക്കുറിച്ച് വിചാരം ഉണ്ട്. പടകിന്റെ അമരത്ത് തലയണ വെച്ചുറങ്ങുമ്പോള്‍ പടകിന്റെ പൂര്‍ണ്ണ നിയന്ത്രണം അവിടുന്ന് ഏറ്റെടുക്കുകയായിരുന്നു. പടകിനെയും, പടകിലുള്ളവരെയും സംരക്ഷിക്കുവാന്‍… പടകിനെ മാത്രമല്ല ഈ പ്രപഞ്ചത്തെ മുഴുവന്‍ നിയന്ത്രിക്കുവാന്‍ കഴിവുള്ളവനാണ് തങ്ങളോടൊപ്പം ഉള്ളതെന്ന് തിരിച്ചറിയുവാന്‍ കഴിയാതെ പോയതുകൊണ്ടാവണം ശിഷ്യന്മാര്‍ ഭയപ്പെട്ടത്. അവിടുന്ന് നമ്മുടെ അമരക്കാരനായി ഉണ്ടെങ്കില്‍ നാം ഭയക്കേണ്ടതില്ല.
നമ്മുടെ ജീവിതത്തില്‍ ഏറെ പ്രാധാന്യം കൊടുക്കേണ്ടത് ക്രിസ്തുവിനാണ്. ക്രിസ്തുവിനുള്ള പ്രാധാന്യം നമ്മില്‍ നിന്നും അന്യമാകുമ്പോഴാണ് നാം ഭീരുക്കളായ് മാറുന്നത്. ഈ അമരക്കാരന്റെ മക്കളാകുവാന്‍ നമുക്ക് ലഭിച്ച അവസരം എത്ര ശ്രേഷ്ഠമാണ്. അവിടുന്ന് നമ്മെ കൈവിടുകയില്ല, പ്രിയപ്പെട്ടവരെല്ലാം നമ്മെ ഉപേക്ഷിച്ചാലും അവിടുന്ന് സ്‌നേഹത്തോടെ ചേര്‍ത്തു നിര്‍ത്തും. ഗുരു ദോഷമായി ഒന്നും ചെയ്കയില്ല. ഈ ജീവിതയാത്രയില്‍ നേരിടുന്ന കഷ്ടങ്ങളില്‍ തളര്‍ന്നു പോകാതെ നിലനില്‌ക്കേണ്ടതിന് എന്നും എപ്പോഴും ഈ അമരക്കാരന്‍ നമ്മോടൊപ്പമുണ്ട്. നമുക്ക് അനുകരിക്കുവാന്‍ കഴിയുന്ന ഒരേയൊരു ഗുരു. ഇത്ര ശ്രേഷ്ഠനായ നാഥന്റെ അനുഗാമികളാകുവന്‍ അവിടുന്ന് നമ്മെ തെരെഞ്ഞെടുത്ത മഹാസ്‌നേഹത്തിന് നന്ദി പുരസരം ആ പാദങ്ങളില്‍ നമുക്ക് വീഴാം…. ആമേന്‍.!!!!!