ഇന്നു വായനാദിനം, 1996 മുതല്‍ കേരളസര്‍ക്കാര്‍ ജൂണ്‍ 19 വായനാദിനമായി ആചരിക്കുന്നു. വായന ഒരു സംസ്‌ക്കാരമാണ്. ഓരോ വ്യക്തിയിലും ചെറിയ പ്രായം മുതലേ വളര്‍ത്തിയെടുക്കേണ്ട ഒന്നാണ് വായന. ദൈവത്തിന്റെ സൃഷ്ടികളില്‍ ഏറ്റവും മഹത്തായ സൃഷ്ടിയാണ് മനഷ്യന്റേത്. വിവേകത്തോടെ ജീവിക്കുവാനും ബുദ്ധിപരമായി ചിന്തിക്കുവാനും ഉള്ള കഴിവ് മനുഷ്യന് മാത്രം ലഭിച്ചിട്ടുള്ളതാണ്. ആശയവനിമയം നടത്തുന്നതിന് മനുഷ്യന്‍ ഇന്നുവരെയും വ്യത്യസ്തമായ രീതികള്‍ അവലംബിച്ചിട്ടുണ്ട്. എഴുത്തും അച്ചടിയും ലിപിയും ഇല്ലാതിരുന്ന കാലത്ത് വാമൊഴിയിലൂടെയാണ് മനുഷ്യന്‍ ആശയങ്ങള്‍ കൈമാറിയിരുന്നത്. കാലക്രമേണ വളര്‍ച്ചയിലെക്കെത്തിയ മനുഷ്യന്‍ അക്ഷരങ്ങളും വാക്കുകളും ചേര്‍ത്ത് ആശയവിനിമയം നടത്തി തുടങ്ങി.

“വായിച്ചിട്ടിപ്പോ എന്തു നേടാനാ” എന്നു ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാവാം. അറിവുകള്‍ നേടുന്നതിനു മാത്രമുള്ളതല്ല വായന, പുതിയ പുതിയ അറിവുകള്‍ ലഭിക്കുന്നതിനും നല്ല തിരിച്ചറിവുകള്‍ ഉണ്ടാകുന്നതിനും വായന കൂടിയേ തീരൂ. ശുഭകരമായ ചിന്തകള്‍ ഹൃദയങ്ങളില്‍ രൂപമെടുക്കുന്നതിനും ഏതു സാഹചര്യങ്ങളുടെ മുമ്പിലും ക്രിയാത്മകമായി ചിന്തിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും വായന നമ്മെ സഹായിക്കുന്നു. നമ്മെ അറിയാനും നമുക്ക് മറ്റുള്ളവരെ അറിയാനുമുള്ള ഉപാധിയായിട്ടാണ് വായനയെ ചിന്തകന്മാരെല്ലാം വിലയിരുത്തുന്നത്.

വായന മരിക്കുന്നു എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. മനുഷ്യന് ലഭിച്ച ചിന്താശേഷിയുടെ അടിസ്ഥാനത്തിലാണ് വസ്തുതകളെ വിലയിരുത്തുവാനും പുരോഗതികള്‍ സ്വായത്തമാക്കുവാനും അവന് കഴിഞ്ഞത്. കല്ലിലും മണ്ണിലും എഴുതാനും വായിക്കാനും തുടങ്ങിയ മനുഷ്യന്‍ താളിയോലകളിലും പിന്നീട് പേപ്പറുകളിലും ഇപ്പോള്‍ ഉള്ളം കൈയ്യിലൊതുങ്ങുന്ന മൊബൈല്‍ ഫോണുകളിലും ടാബുകളിലും നിന്നും അറിവുകള്‍ ശേഖരിക്കുകയാണ്. പുസ്തകങ്ങളില്‍ നിന്നും അറിവു നേടുന്നതില്‍ നിന്നും വ്യത്യസ്തമായി ഇന്നു സാങ്കേതികവിദ്യ ഉപയോഗിച്ച് പുസ്തകത്തെ ഇലക്ട്രോണിക് കോപ്പിയായി സൂക്ഷിച്ചുവെച്ച് കമ്പ്യൂട്ടര്‍, മൊബൈല്‍ പോലുള്ള ഉപകരണങ്ങളില്‍ വായിക്കുന്ന രീതിയാണുള്ളത്. അതുകൊണ്ടുതന്നെ വായനക്കു പ്രായമില്ല, വായന മരിക്കുന്നുമില്ല.

വായനയ്ക്കുള്ള താല്പര്യം കുറയുന്നു എന്നത് നാം ഗൗരവമായി കാണേണ്ടതുണ്ട്. അതിനു പല കാരണങ്ങള്‍ ഉണ്ടാകാം. എങ്കിലും ആധുനികസൗകര്യങ്ങള്‍ ഇത്രേറെ മെച്ചമായിട്ടും വായിക്കുവാന്‍ സമയം കിട്ടുന്നില്ലെന്നാണ് മിക്കപേരുടെയും പരാതി. നമ്മുടെ ചിന്തയുടെ അടിസ്ഥാനം വായനയാണ്, വായന ഇല്ലാത്തിടത്ത് ചിന്ത ഇല്ലാതാവുകയും അതുവഴി സമൂഹം അധഃപതിക്കുകയും ചെയ്യും. നമ്മുടെ വായന നമുക്കു മാത്രമല്ല മറ്റുള്ളവര്‍ക്കും അതു പ്രയോജനകരമാകുന്നതാണെങ്കില്‍ നാം വായനയ്ക്കു വലിയ പ്രാധാന്യം കൊടുക്കണം. വായനയും ക്രിസതീയജീവിതവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ഞാന്‍ വരുവോളം വായന, പ്രബോധനം, ഉപദേശം എന്നിവയില്‍ ശ്രദ്ധിച്ചിരിക്ക എന്ന പൗലോസ് അപ്പോസ്തലന്റെ വാക്കുകളില്‍ അതു വ്യക്തമാണ്. വായന ഒരു ശീലമായി തന്നേ നമ്മില്‍ പരിണമിക്കണം. അക്ഷരങ്ങള്‍ക്കു ലോകത്തെ മാറ്റി മറിക്കാനുള്ള ശക്തിയുണ്ട്. തിരക്കുകള്‍ക്കിടയിലെപ്പോഴോ നമുക്കു നഷ്ടപ്പെട്ട പോയ വായനാശീലം തിരിച്ചു പിടിക്കാന്‍ കഴിയുന്നതാവട്ടെ ഈ ദിനം. വായനാരീതികളില്‍ കാലാനുസൃതമായ ചില മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ഇന്നത്തെ വായനക്കാരനാണ് നാളത്തെ യഥാര്‍ത്ഥ നേതാവ്.

Today a reader, tomorrow a leader

Margaret Fuller

Written by

Lovely George

Writer, Editor of Kristheeya Sodari Bi-Monthly