എന്റെ പേര് മേഴ്സി രാജു. എന്റെ കൊല്ലം ജില്ലയിൽ കൊട്ടാരക്കരയാണ് സ്വദേശം. എനിക്കു രണ്ടു കുട്ടികൾ ഉണ്ട്. 10 വയസ്സുള്ള പെൺകുട്ടിയും അഞ്ചു വയസ്സുള്ള ഒരു മകനും. ഇപ്പോൾ ഭർത്താവിന്റെ സ്ഥലമായ പത്തനംതിട്ട ജില്ലയിൽ അടൂർ, മണക്കാല എന്ന സ്ഥലത്ത് താമസിക്കുന്നു. എന്റെ അനുഭവസാക്ഷ്യം ഞാൻ നിങ്ങളുമായി പങ്കുവെക്കട്ടെ.

ഓഡിയോ കേൾക്കാം:

Download Audio

ഒരു ക്രൈസ്തവകുടുംബത്തിലാണ് ഞാൻ ജനിച്ചത്. മൂന്നു പെൺമക്കളിൽ മൂത്തവളായിരുന്നു ഞാൻ. എനിക്കു മൂന്നര വയസ്സായപ്പോൾ പോളിയോ ബാധിച്ച് വലതുകാലിന്റെ സ്വാധീനം പൂർണ്ണമായും നഷ്ടപ്പെട്ടു. ഓടിനടന്നിരുന്ന എനിക്കു പരസഹായം കൂടാതെ ഒന്നും ചെയ്യുവാൻ സാധിച്ചിരുന്നില്ല. അനേകം വൈദ്യന്മാരാൽ ചികിത്സ നടത്തി, എങ്കിലും ഫലമുണ്ടായില്ല. എന്റെ മാതാപിതാക്കൾ കണ്ണുനീരോടെ ദൈവത്തോട് പ്രാർത്ഥിച്ചപേക്ഷിച്ചതിന്റെ ഫലമായി പൂർണ്ണമായി തളർന്നുപോയ കാല് ഊന്നി പതിയെ നടക്കുവാൻ കർത്താവ് സഹായിച്ചു. മാതാപിതാക്കൾ എന്നെ സ്‌കൂളിൽ ചേർത്തു. നാലാം ക്ലാസ്സു വരെ എന്നെ അവർ എടുത്തുകൊണ്ടുപോയി പഠിപ്പിച്ചു. എന്നാൽ അവരുടെ ആഗ്രഹം മാനിച്ച കർത്താവ് എന്റെ കാലുകളെ ബലപ്പെടുത്തിക്കൊണ്ടേയിരുന്നു. പത്താം ക്ലാസ്സ് പാസായശേഷം കൊട്ടാരക്കര കോളേജിൽ പ്രിഡിഗ്രി പഠനം നടത്തി. അതിനുശേഷം രാജസ്ഥാനിലെ കോട്ട ഇമ്മാനുവേൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ദൈവവചനം പഠിച്ച് ബി.റ്റി.എച്ച് കരസ്ഥമാക്കി. എന്റെ രണ്ടു സഹോദരിമാരും മാതാപിതാക്കളും കുടുംബമായി ഇപ്പോൾ കർത്താവിന്റെ വേലയിലായിരിക്കുന്നു.

2008 സെപ്റ്റംബറിൽ ഞാൻ വിവാഹിതയായി. എന്റെ ഭർത്താവ് രാജു ജോർജ് കുടുംബത്തിൽ നിന്നും ഏകനായി വിശ്വാസത്തിൽ വന്ന വ്യക്തിയായിരുന്നു. പത്തനംതിട്ടയിലെ വിവിധ സ്ഥലങ്ങളിൽ ഞങ്ങൾ വാടകയ്ക്കു താമസിച്ച് കർത്താവിന്റെ സാക്ഷ്യം വഹിച്ചു. ഓരോ വീടികളിൽ നിന്നും മാറുന്നതിനു മുമ്പ് ആ ഭവനാങ്കണത്തിൽ സുവിശേഷയോഗം ക്രമീകരിച്ച് ആ ദേശത്തോട് ഞങ്ങൾ സുവിശേഷം അറിയിച്ചിരുന്നു. ഞങ്ങളുടെ ഇല്ലായ്മകളിലും കർത്താവിനെ ഉയർത്തുവാൻ എല്ലാ സാഹചര്യങ്ങളും ദൈവം അനുകൂലമാക്കി തന്നു. അനേകം സഹോദരങ്ങൾ ഞങ്ങളുടെ താല്പര്യം കണ്ട് കൈത്താങ്ങൽ തന്നിട്ടുണ്ട്.

ഞങ്ങൾക്ക് രണ്ടു പേർക്കും പാടുവാനുള്ള കഴിവ് ദൈവം നല്കിയിട്ടുണ്ടായിരുന്നു. അത് കർത്താവിനായി ഞങ്ങൾ വിനിയോഗിച്ചു. ചില ആത്മീകഗാനങ്ങൾ ചിട്ടപ്പെടുത്തുവാൻ ദൈവം എന്റെ പ്രിയപ്പെട്ടവന് കൃപ നല്കി. വളരെ സന്തോഷകരമായ ജീവിതം നയിച്ച് മുമ്പോട്ട് വരവേ, 2017 ജൂൺ മാസം പരിശോധനകളിലൂടെ ഞങ്ങൾ സഞ്ചരിക്കേണ്ടതായി വന്നു. എന്റെ പ്രിയപ്പെട്ടവന് ക്യാൻസർ എന്ന മാരകമായ രോഗം പിടിപ്പെട്ടു. വൻകുടലിൽ ഒരു ഗ്രോത്ത് ഉണ്ടായി. ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് തിരുവല്ല മെഡിക്കൽ മിഷനിൽ വെച്ച് താൻ ഒരു ഓപ്പറേഷന് വിധേയനായി. ഒരു മാസത്തിനു ശേഷം കീമോതെറാപ്പി എടുത്തു വരവേ രോഗം മൂർച്ഛിച്ചു. മൂന്നുമാസം വേദന സഹിച്ചു ജീവിതം തള്ളി നീക്കി. കഠിനവേദനയിലായിരിക്കുമ്പോഴും അദ്ദേഹം ദൈവസന്നിധിയിൽ പിറുപിറുക്കയോ പരിഭവിക്കുകയോ ചെയ്തിരുന്നില്ല. അപ്പോഴും ദൈവത്തിന്റെ കൃപ താൻ അനുഭവിച്ചുകൊണ്ടിരുന്നു. എന്നെയും കുട്ടികളെയും വളരെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. പ്രത്യാശയോടെ 2017 ഒക്ടോബർ 19-ന് കർത്തൃസന്നിധിയിൽ അദ്ദേഹം ചേർക്കപ്പെട്ടു.

തളർന്നു പോകാമായിരുന്ന സാഹചര്യങ്ങളിൽ ദൈവം എന്നെ താങ്ങിനിർത്തി. അനേക ദൈവമക്കളുടെ പ്രാർത്ഥന അതിന് സഹായിച്ചു. എന്റെ ബലഹീനതയിൽ എന്നെ താങ്ങുവാൻ നല്കിയ തുണയെ ദൈവം വിളിച്ചു. തന്റെ ഹിതം അതായിരുന്നു എന്നു മനസ്സിലാക്കി ദൈവകൃപയിൽ ആശ്രയിച്ച് രണ്ട് വർഷമായി കുഞ്ഞുങ്ങളുമൊത്ത് സന്തോഷത്തോടെ ജീവിക്കുവാൻ കർത്താവ് സഹായിച്ചു. ഞങ്ങളുടെ ആവശ്യഭാരങ്ങളൊക്കെ അറിഞ്ഞ് ദൈവം ഇന്നയോളം നടത്തി. ഇപ്പോൾ ഭർത്തൃസഹോദരന്റെ വീട്ടിൽ താമസിക്കുന്നു. കൊല്ലം ജില്ലയിൽ ഏഴാം മൈൽ ഹെബ്രോൻ ബ്രദറൺ സഭയിൽ ആരാധിച്ച് പോകുന്നു. ഞങ്ങൾക്ക് മൂന്നര സെന്റ് സ്ഥലം ദൈവമക്കളുടെ സഹായത്താൽ ലഭിച്ചു. അതിൽ ഒരു ഭവനം പണിയേണ്ടതിന് ഫൗണ്ടേഷൻ വർക്കുകൾ നടന്നു. തുടർന്നുള്ള പണികൾ നടക്കണം. എനിക്കും എന്റെ കുഞ്ഞുങ്ങൾക്കും പാർക്കുവാൻ ഒരു പാർപ്പിടം വേണം. എല്ലാ പ്രിയസഹോദരങ്ങളും ഞങ്ങൾക്കായി പ്രാർത്ഥിക്കേണമേ.

[മേഴ്സി രാജു]