അസാധാരണമായ ജീവിതാനുഭവങ്ങളുടെ കഥ പറയുകയാണ് സിസ്റ്റര്‍. ടെഫില്ല മാത്യു. ദൈവം നല്കിയ അനുഗ്രഹങ്ങളില്‍ തൃപ്തരല്ലാത്തവരും ഇല്ലാത്തതിനെ ചൊല്ലി പരിഭവിക്കുകയും ചെയ്യുന്നവരാണ് നാമോരുരുത്തരും. ജീവിതത്തിന്റെ പരുപരുത്ത സാഹചര്യങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും അത് ദൈവനിയോഗമായി തിരിച്ചറിയുകയും അവയെ പ്രവര്‍ത്തിപഥത്തിലെത്തിക്കുവാന്‍ കര്‍മ്മോത്സുകയായി നില്ക്കുന്ന സഹോദരി, സോദരിയോടു സംസാരിക്കുന്നു….

ടെഫില്ല മാത്യു, ടെഫില്ല എന്നത് ഒരു എബ്രായപദമാണ്. പേരിനു പിന്നില്‍ ഒരു ചരിത്രമുണ്ടെന്നു കേട്ടിട്ടുണ്ട്. ഒന്നു വിശദീകരിക്കാമോ?

എനിക്കു ഒന്നര മാസം പ്രായമുള്ളപ്പോഴാണ് എന്റെ പപ്പയും മമ്മിയും ബൈബിള്‍ ട്രാന്‍സലേഷന്‍ പഠിക്കുവാന്‍ ലണ്ടനിലേക്ക് പോയത്. അവിടെ ചെന്ന് ചില ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍, വീടുകള്‍ തോറും വന്ന് കുഞ്ഞുങ്ങളെ ചെക്കപ്പ് ചെയ്യുന്ന നേഴ്സ് എന്റെ ഡയപ്പറില്‍ ഒരു ചെറിയ ബ്ലെഡ് സ്റ്റൈന്‍ കണ്ട് കുഞ്ഞിനെ ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ പറഞ്ഞു. ഡോക്ടേഴ്സ് എന്റെ യൂട്രസ്സില്‍ വളരെ വേഗത്തില്‍ വളരുന്ന ഒരു ട്യൂമര്‍ കണ്ടുപിടിച്ചു. എന്റെ പപ്പായോട് പറഞ്ഞു, ‘ഇത്രയും ചെറിയ കുഞ്ഞിന് ഇങ്ങനെയൊരു ട്യൂമര്‍ ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല, ട്രീറ്റ്മെന്റ് ഉടനെ തന്നെ ചെയ്തില്ലെങ്കില്‍ പ്രശ്നം ആകും. ട്രീറ്റ്മെന്റ് ചെയ്താലും ഗ്യാരണ്ടി പറയാന്‍ പറ്റില്ല’. ‘എന്റെ കുഞ്ഞിന് നിങ്ങളുടെ ട്രീറ്റ്മെന്റ് പരീക്ഷിക്കാന്‍ എനിക്ക് സമ്മതമാണെന്നു പപ്പയില്‍ നിന്നും അവര്‍ സമ്മത പത്രത്തില്‍ ഒപ്പിട്ടു വാങ്ങി ട്രീറ്റ്മെന്റ് തുടങ്ങി. 44 വര്‍ഷം മുമ്പുള്ള കാര്യമാണിത്. ഒരു വശത്തു ചികിത്സ പുരോഗമിക്കവേ മറുവശത്തു എന്റെ മാതാപിതാക്കളുടെ കൂടെ പഠിക്കുന്നവര്‍, 140 രാജ്യങ്ങളില്‍ നിന്നുള്ള 400 പേര്‍ എനിക്ക് വേണ്ടി കണ്ണുനീരോടെ പ്രാര്‍ത്ഥിച്ചു. യാക്കോബ്: 5:14 – ല്‍ പറയുന്നപോലെ കര്‍ത്താവിന്റെ നാമത്തില്‍ എണ്ണ പൂശി സഭയിലുള്ളവര്‍ എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചു. 40 ദിവസം റേഡിയേഷനും ഒരു വര്‍ഷത്തോളം കീമോയും കഴിഞ്ഞു ഡോക്ടേഴ്സ് എന്നെ എന്റെ മാതാപിതാക്കളെ ഏല്‍പിച്ചപ്പോള്‍ പറഞ്ഞത് ഇത് തീര്‍ച്ചയായും അത്ഭുതം തന്നെയാണ് എന്ന്. പ്രാര്‍ത്ഥനയുടെ ഫലമായി എന്നെ തിരികെ ലഭിച്ചതു നിമിത്തം എന്റെ മാതാപിതാക്കള്‍ എനിക്ക് ടെഫില്ല എന്ന് പേരിട്ടു. അതിനു മുമ്പ് എന്റെ പേര് നൊവോമി എന്നായിരുന്നു. ടെഫില്ല എന്ന എബ്രായപദത്തിനു പ്രാര്‍ത്ഥന എന്നര്‍ത്ഥം.

വളര്‍ന്നസാഹചര്യങ്ങളെക്കുറിച്ച് വ്യക്തമാക്കാമോ?

ഒരു സുവിശേഷ കുടുംബമാണു ഞങ്ങളുടേത്. എന്റെ പപ്പായുടെ പേര് മാത്യു പോള്‍ എന്നാണ്. മമ്മിയുടെ പേര് ജോയ്‌സ് പോള്‍ (എം. ഇ. ചെറിയാന്‍ സാറിന്റെ മകള്‍) പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പപ്പ 12 ബൈബിള്‍ കോളേജുകളില്‍ പഠിച്ചു. Lingstuic course കഴിഞ്ഞ് നാട്ടിലെത്തിയപ്പോള്‍ സി.എസ്.ഐ സെമിനാരിയിലും ബൈബിള്‍ സൊസൈറ്റിയിലും പപ്പയെ ജോലിക്കു വിളിച്ചിരുന്നു. എന്നാല്‍ ദൈവം വിളിച്ചത് ബൈബിള്‍ ട്രാന്‍സലേഷനായതുകൊണ്ട് നീലഗിരിയിലുള്ള ആലു കുറുമ്പാസ് എന്ന ട്രൈബ്സിനു വേണ്ടി ബൈബിള്‍ ട്രാന്‍സ്ലേഷന്‍ ചെയ്യുവാന്‍ തയ്യാറായി. അങ്ങനെ ഞങ്ങള്‍ നീലഗിരിയിലെത്തി. എനിക്കു താഴെയുള്ള എന്റെ സഹോദരനും സഹോദരിമാരുമെല്ലാം ജനിച്ചത് അവിടെ വെച്ചാണ്. ഞങ്ങള്‍ അഞ്ചു മക്കളും അവിടെയാണ് വളര്‍ന്നത്. പപ്പ അവരുടെ ഭാഷ പഠിച്ചു. 12 വര്‍ഷങ്ങള്‍ അവരോടൊപ്പമായിരുന്നു. അങ്ങനെയിരിക്കെ പപ്പയുടെ കാലുകള്‍ സ്തംഭിച്ചു തുടങ്ങി. മൂത്ത സഹോദരന്‍ പത്താം ക്ലാസ്സിലും ഇളയ സഹോദരി ഒന്നാം ക്ലാസ്സിലും പഠിച്ചു കൊണ്ടിരുന്ന സമയമായിരുന്നു അത്. പപ്പയുടെ ചികിത്സക്കുവേണ്ടി മമ്മി കേരളത്തില്‍ പോയപ്പോള്‍ മമ്മി നടത്തിക്കൊണ്ടിരുന്ന സ്‌കൂളിന്റെയും ഞങ്ങളുടെ വീട്ടില്‍ വളര്‍ന്നു കൊണ്ടിരുന്ന കുട്ടികളുടെയും ഉത്തരവാദിത്തം എനിക്കായിരുന്നു. അങ്ങനെ ആ വര്‍ഷം എനിക്ക് പഠനം തുടരുവാന്‍ സാധിച്ചില്ല. ഒരു അങ്കിളും ആന്റിയും എന്റെ സഹായത്തിനുണ്ടായിരുന്നു. എന്നാലും LKG മുതല്‍ അഞ്ചാം ക്ലാസ്സ് വരെ പഠിക്കുന്ന എല്ലാ കുട്ടികളെയും പഠിപ്പിച്ചതും പരീക്ഷ നടത്തിയതും ഞാനായിരുന്നു. നിലഗിരിയിലെ കാലാവസ്ഥ പപ്പയുടെ ശാരീരിക സ്ഥിതിക്കു അനുകൂലമല്ലാതിരുന്നതിനാല്‍ അടുത്ത വര്‍ഷം ഞങ്ങള്‍ കോയമ്പത്തൂരിലേക്കു താമസം മാറി. എന്റെ പഠനവും തുടര്‍ന്നു. ഞങ്ങളോടൊപ്പം ഞങ്ങളുടെ വീട്ടില്‍ വളര്‍ന്ന കുട്ടികളും ഉണ്ടായിരുന്നു. അവിടെ വാടക വീടുകളില്‍ മാറി മാറി താമസിച്ചിരുന്ന ഞങ്ങള്‍ക്ക് ദൈവം സ്വന്തമായി ഒരു വീട് തന്നു. ആ വീട്ടില്‍ വെച്ചായിരുന്നു എന്റെ സഹോദരങ്ങളുടെ വിവാഹം നടന്നത്. എന്റെ പന്ത്രണ്ടാമത്തെ വയസ്സില്‍ കര്‍ത്താവിനെ സ്വന്തം രക്ഷിതാവായി സ്വീകരിച്ചു. പതിനാലാമത്തെ വയസ്സില്‍ ഞാന്‍ സ്നാനപ്പെട്ടു.

ചേച്ചിക്കു ഒന്നര വയസ്സുള്ളപ്പോഴാണല്ലോ ക്യാന്‍സര്‍ ഉണ്ടെന്നു സ്ഥിരീകരിച്ചത്. ഈ 44- വര്‍ഷത്തിനുള്ളില്‍ പിന്നീട് എപ്പോഴെങ്കിലും ചികിത്സ തേടേണ്ടി വന്നിട്ടുണ്ടോ?

എനിക്കു 5, 10 വയസ്സുള്ളപ്പോള്‍ ടെസ്റ്റുകള്‍ നടത്തിയിരുന്നു, അപ്പോഴൊന്നും ക്യാന്‍സര്‍ എനിക്കു ഉണ്ടായിരുന്നില്ല. എനിക്കു 16 വയസ്സുള്ളപ്പോള്‍ ഞങ്ങള്‍ വീണ്ടും ആശുപത്രിയില്‍ പോയിരുന്നു. അതുവരെയും എനിക്കു പ്രായപൂര്‍ത്തി (Menstruation) ആയിരുന്നില്ല. ഹോര്‍മോണ്‍, സ്റ്റിറോയ്ഡ് തുടങ്ങിയ ചികിത്സാരീതികള്‍ തുടര്‍ച്ചയായി വേണമെന്നു ഡോക്ടര്‍ പറഞ്ഞതനുസരിച്ച് ചികിത്സ തുടങ്ങി എങ്കിലും ചില ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ അതു നിര്‍ത്തി. ദൈവം എന്നെക്കുറിച്ച് ഇങ്ങനെയാണ് ആഗ്രഹിക്കുന്നത് എങ്കില്‍ അത് മതിയെന്ന് ഞാന്‍ ദൈവസന്നിധിയില്‍ തീരുമാനിച്ചു. ആ വര്‍ഷം ഞാന്‍ സുവിശേഷവേലയ്ക്കായി സമര്‍പ്പിച്ചു.

എല്ലാവരെയും പോലെ എനിക്കു ജീവിക്കാന്‍ കഴിയില്ലെന്നോ അല്ലെങ്കില്‍ എന്റെ മുന്നോട്ടുള്ള ജീവിതം എങ്ങനെയാകും ? അങ്ങനെ ചിന്തിച്ചിട്ടുണ്ടാവില്ലേ?

യൂട്രസ്സിനു വളര്‍ച്ചയില്ലാത്ത ഒരു വ്യക്തിയാണു ഞാന്‍. എന്റെ ജീവിതം ഇങ്ങനെയായിപ്പോയല്ലോ എന്നൊന്നും ഞാന്‍ ചിന്തിക്കാറില്ല. എന്നാല്‍ ഒരിക്കല്‍ എനിക്കു അല്പം ദുഃഖം ഉളവാക്കുന്ന സാഹചര്യം ഉണ്ടായി. ഞാന്‍ സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്റെ അദ്ധ്യാപകന്‍ നിനക്കു ഭര്‍ത്താവും മക്കളും ഉണ്ടാവുകയില്ല എന്നു തമാശയായി പറയുകയുണ്ടായി. തമാശയാണെങ്കിലും അത് എന്നെ ഏറെ വേദനിപ്പിച്ചു. ഞാന്‍ മുമ്പേ ഒരു തീരുമാനമെടുത്തിരുന്നു, എനിക്കു അമ്മയില്ലാത്ത കുഞ്ഞുങ്ങളുടെ അമ്മയായി തീരണമെന്ന്. ക്ലാസ്സിലെ ഈ സംഭവം എന്നെ കുറേക്കൂടി ധൈര്യശാലിയാക്കി.

അങ്ങനെ ചേച്ചി ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്തു അല്ലേ? വിവാഹിതരല്ലാത്തവര്‍ക്കു കുഞ്ഞുങ്ങളെ അഡോപ്റ്റു ചെയ്യുവാന്‍ സാധിക്കില്ലല്ലോ? പിന്നെ എങ്ങനെയാണു അഡോപ്റ്റു ചെയ്തത്? അതേക്കുറിച്ചു പറയാമോ?

എനിക്കു ഒരു അമ്മയാകാന്‍ കഴിയില്ലെന്ന കാര്യം ഒരു വലിയ വെല്ലുവിളിയായി എടുത്തു. അമ്മയും അപ്പനും ഇല്ലാത്ത മക്കള്‍ക്കു ഒരു അമ്മയായ് തീരണമെന്നു ഞാന്‍ തീരുമാനിച്ചു. പതിനെട്ട് വയസ്സു മുതലേ എന്റെ ഈ താല്പര്യം ഞാന്‍ പലരോടും പറഞ്ഞിരുന്നു. വീട്ടിലുള്ളവരും എന്നെ അനുകൂലിച്ചിരുന്നു. അങ്ങനെ ഷിബു ജോസ് അങ്കിള്‍ (Gospel Singer) ഇവിടെ ഒരു ആശ്രമത്തില്‍ ഒരു കുഞ്ഞുണ്ട്, അതിനെ വളര്‍ത്തുവാന്‍ മോള്‍ക്ക് സമ്മതമാണോ എന്നു ചോദിച്ചു. അങ്ങനെ ഞങ്ങള്‍ ആ കുഞ്ഞിനെ വീട്ടിലേക്കു കൊണ്ടുവന്നു. അഞ്ചുമാസം മാത്രം പ്രായമുള്ള ഒരു ആണ്‍കുട്ടിയായിരുന്നു അത്. ജനിച്ച ദിവസം തന്നെ അമ്മ ഹോസ്പിറ്റലില്‍ ഉപേക്ഷിച്ചു പോയ കുഞ്ഞായിരുന്നു അവന്‍. പെണ്‍കുട്ടികളുടെ ആശ്രമത്തില്‍ അഞ്ചു മാസം വളര്‍ന്ന ഈ കുഞ്ഞിനെ ആര്‍ക്കെങ്കിലും കൊടുക്കുവാനിരിക്കുകയായിരുന്നു. അപ്പോഴാണ് ഞങ്ങള്‍ അവിടെ ചെന്നതും അവനെ ഞങ്ങള്‍ക്കു കിട്ടിയതും. അവന് ഞങ്ങള്‍ ബെസലേല്‍ രൂഫസ് എന്നു പേരിട്ടു. ഇപ്പോള്‍ അവന് 19 വയസ്സുണ്ട്. ഞാന്‍ കല്ല്യാണം കഴിച്ചിട്ടില്ലാത്തതുകൊണ്ട് ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്യുവാന്‍ സാധിക്കില്ല. അതുകൊണ്ട് ഒരു ട്രെസ്റ്റ് രൂപീകരിച്ചു അതുവഴിയാണ് മോനെ ഞാന്‍ അഡോപ്റ്റ് ചെയ്തത്.

ഇതിനോടകം ധാരാളം പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടതായി വന്നു?

അതേ, ഞാന്‍ പറഞ്ഞല്ലോ പപ്പയുടെ കാലുകള്‍ സ്തംഭിച്ചുപോയതിനെക്കുറിച്ച്, അതുകൂടാതെ അപ്രതീക്ഷിതമായി കുടുംബത്തില്‍ മൂന്നു മരണങ്ങള്‍ ഉണ്ടായി. ഞങ്ങള്‍ നീലഗിരിയിലായിരുന്ന സമയം, ക്യാന്‍സറില്‍ നിന്നും രക്ഷപ്പെട്ട ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ ഞങ്ങളുടെ ഒരു അനുജത്തി, അവള്‍ക്കു രണ്ടു വയസ്സുള്ളപ്പോള്‍ പനി വന്നു മരിച്ചു. 2010 ല്‍ മമ്മി നിത്യതയില്‍ ചേര്‍ന്നു. വീട്ടിലെ കാര്യങ്ങളിലും പപ്പയോടൊപ്പമുള്ള ആത്മീയ ശുശ്രൂഷാ രംഗങ്ങളിലും മമ്മി സജീവമായിരുന്നു. പപ്പക്ക് ശാരീരിക ക്ഷീണം ഉള്ളതുകൊണ്ട് എല്ലാ കാര്യങ്ങളിലും മമ്മിയുടെ ശ്രദ്ധ ഉണ്ടായിരുന്നു. അമ്മയുടെ മരണശേഷം എന്റെ അനിയത്തിമാര്‍ക്കു ഞാനായിരുന്നു എല്ലാം. എന്റെ അനിയത്തിമാരുടെ പ്രസവസംബന്ധമായ കാര്യങ്ങള്‍ക്കു അമ്മയുടെ സ്ഥാനത്തു നിന്ന് എല്ലാ കാര്യങ്ങളും ചെയ്യുവാന്‍ ദൈവം എന്നെ സഹായിച്ചു. പിന്നെ 2018 – ല്‍ ഞങ്ങളുടെ ഏറ്റവും ഇളയ അനിയത്തി റ്റിജിയുടെ മരണം. അവള്‍ക്ക് ബ്രെസ്റ്റ് ക്യാന്‍സറായിരുന്നു, ക്യാന്‍സറില്‍ നിന്നും അവള്‍ സുഖം പ്രാപിച്ചു വരികയായിരുന്നു. അപ്പോള്‍ ഒരു അറ്റാക്ക് ഉണ്ടാവുകയും അതേ തുടര്‍ന്ന് അവള്‍ ഞങ്ങളെ വിട്ടു പോയി. ഞങ്ങളുടെ പെറ്റ് ആയി വളര്‍ന്ന, ഞങ്ങളുടെ വീട്ടിലെ ഏറ്റവും ഇളയകുട്ടിയുടെ വേര്‍പാട് ഞങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു.

ഇപ്പോള്‍ അക്ക്യൂപഞ്ചര്‍ ഡോക്ടറായി പ്രവൃത്തിക്കുകയാണല്ലോ. ആ മേഖലയിലേക്കു എത്തിയതു എങ്ങനെയാണ്?

ഞങ്ങള്‍ കോയമ്പത്തൂരിലായിരുന്നപ്പോഴാണ് ഞാന്‍ കമ്പ്യൂട്ടര്‍ കോഴ്‌സിനു ചേര്‍ന്നത്. അവിടെ വെച്ച് എനിക്കു ബൈക്ക് അപകടം ഉണ്ടായി. അവിടെയും ദൈവം എന്നെ അത്ഭുതകരമായി വിടുവിച്ചു. ബൈക്ക് അപകടത്തിനു ശേഷം ഒരു വര്‍ഷമായപ്പോള്‍ എനിക്കു ശരീരത്തില്‍ കഠിനമായ വേദന തുടങ്ങി. അപ്പോള്‍ ചങ്ങനാശ്ശേരി പെരുന്നയിലെ ഒരു ആയുര്‍വ്വേദ ഹോസ്പിറ്റലില്‍ ആയിരുന്നു പപ്പയുടെ ചികിത്സ. അവിടേക്ക് എന്നെയും കൊണ്ടുപോയി. എന്നിട്ടും വേദന കുറയാതിരുന്നതുകൊണ്ട്് എന്നെ തിരുവല്ല, ടി.എം.എം ഹോസ്പിറ്റലിലേക്കു കൊണ്ടു വന്നു, പല ടെസ്റ്റുകള്‍ നടത്തി. ഈ വേദനകള്‍ക്കിടയിലും പുഞ്ചിരിക്കുവാന്‍ ദൈവം എനിക്കു കൃപ നല്കി. ഡോ. ഉമേഷിന്റെ നിര്‍ദ്ദേശപ്രകാരം ചില ടെസ്റ്റുകള്‍ നടത്തി. ബോംബെയില്‍ നടത്തിയ ടെസ്റ്റുകളുടെ റിസല്‍ട്ട് വന്നു, എനിക്കു ബോണ്‍ ടിബിയാണെന്നറിഞ്ഞു. കീമോയും റേഡിയേഷനും എടുത്തിട്ടുള്ളവര്‍ക്കു അപൂര്‍വ്വമായി സംഭവിക്കുന്ന ഒരു രോഗമാണിത്. കീമോയും റേഡിയേഷനും എടുത്തിട്ടുള്ളവര്‍ നാല്പതു വയസ്സു വരെ ജീവിച്ചത് ഒരു അത്ഭുതം തന്നെയാണ്. ആറുമാസത്തെ ട്രീറ്റ്‌മെന്റായിരുന്നു. ഒരു ദിവസം പോലും മുടങ്ങാതെ ഒരു മാസം മുഴുവനും ഇഞ്ചക്ഷന്‍ ഉണ്ടായിരുന്നു. ആ മെഡിസിന്‍ കിട്ടുവാന്‍ വളരെ പ്രയാസമായിരുന്നു. എന്നാല്‍ കൃത്യസമയത്ത് ആ മരുന്നും എനിക്കു ലഭിച്ചു.

ഞാന്‍ കഴിച്ചുകൊണ്ടിരുന്നത് ഇംഗ്ലീഷ് മരുന്നുകളാണ്. അതില്‍ നിന്നും സൈഡ് എഫക്ട് ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍, സൈഡ് എഫക്ട് ഇല്ലാത്ത ചികിത്സാരീതിയെക്കുറിച്ചുള്ള അന്വേഷണമാണ് എന്നെ അക്ക്യുപഞ്ചറില്‍ കൊണ്ടെത്തിച്ചത്. അങ്ങനെ അക്ക്യുപഞ്ചര്‍ എടുക്കാന്‍ തുടങ്ങി, അക്ക്യൂപഞ്ചര്‍ എടുക്കാന്‍ പേഷ്യന്റ് ആയി അവിടെ എത്തിയ ഞാന്‍ ഒരു സ്റ്റുഡന്റായി, പിന്നെ ഡോക്ടറായി. അക്ക്യുപഞ്ചറില്‍ ബിരുദമെടുത്ത് (Master Diploma in Acupuncture) എറണാകുളത്ത് ഒരു ആയുര്‍വേദ ഹോസ്പിറ്റലില്‍ ഡോക്ടറായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.

അസാധാരണമായ ഈ ജീവിതയാത്രക്കിടയിലെ വിദ്യാഭ്യാസജീവിതം എങ്ങനെയായിരുന്നു?

എല്ലാം ദൈവത്തിന്റെ കൃപ. 1 – 10 വരെയുള്ള ക്ലാസ്സുകളില്‍ മിക്ക ക്ലാസ്സുകളിലും സ്‌കൂളില്‍ പോകാതെയാണ് പഠിച്ചത്. BSc (Maths), PGDCA, Diploma in Indo Alopathy ഈ കോഴ്‌സുകള്‍ ഞാന്‍ ചെന്നൈയിലും കോയമ്പത്തൂരിലുമാണ് ചെയ്തത്. Master Diploma in Acupuncture കേരളത്തില്‍ വന്നതിനു ശേഷവും. പത്തനംതിട്ട ബ്രദറണ്‍ ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സഹോദരിമാര്‍ക്കായി ഡിസ്‌റ്റെന്റ് എഡ്യുക്കേഷന്‍ ക്രമീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ അവിടെ Master of Biblical Studies പഠിച്ചുകൊണ്ടിരിക്കുന്നു, ഒപ്പം വേറെ ചില ബൈബിള്‍ കോഴ്‌സുകളും ചെയ്യുന്നു. ഇതില്‍ ഇന്‍ഡോ അലോപ്പതി ഞാന്‍ പഠിച്ചത് മിനിസ്ട്രിക്കു വേണ്ടിയാണ്. ആശുപത്രി സംവിധാനങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതാണ് ഇന്‍ഡോ അലോപ്പതി.

ചേച്ചിയുമായി സംസാരിക്കുമ്പോള്‍ എനിക്കു ജോനി എറിക്സണ്‍ ടാഡയുടെ ജീവിതകഥയാണ് ഓര്‍മ്മ വരുന്നത്. ഉയരങ്ങള്‍ മാത്രം സ്വപ്നം കണ്ട ജോനിയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി നേരിട്ട ദുരന്തം ഒടുക്കം അവരെ കൊണ്ടെത്തിച്ചത് ഒരു വീല്‍ചെയറിലാണ്. അവര്‍ വിവാഹിതയായി, ജോനി & ഫ്രെണ്ട്സ് എന്ന പ്രവര്‍ത്തനവുമായി മുമ്പോട്ടു പോകുന്നു. ചേച്ചിക്കും ഒരു വിവാഹജീവിതം ആയിക്കൂടേ?

ഇല്ല, അത്തരം ചിന്തകള്‍ പോലും എനിക്കില്ല എന്നു പറയുന്നതാവും ശരി. എന്റെ എല്ലാ കാര്യങ്ങളും മനസ്സിലാക്കി എന്നെ വിവാഹം കഴിക്കുവാന്‍ തയ്യാറായിട്ടുള്ളവരുടെ ധാരാളം വിവാഹാലോചനകള്‍ എനിക്കു വന്നിട്ടുണ്ട്. പക്ഷേ വിവാഹജീവിതം വേണ്ട എന്നു ഞാന്‍ ദൈവസന്നിധിയില്‍ തീരുമാനിച്ചതാണ്. എനിക്കു ഒരു മോനുണ്ട്, അവനോടൊപ്പം ഞാന്‍ നേരത്തേ പറഞ്ഞതുപോലെ അമ്മയില്ലാത്ത അനേകം കുഞ്ഞുങ്ങള്‍ക്കു അമ്മയാകണം എന്നാണ് എന്റെ ആഗ്രഹം. അങ്ങനെയുള്ള മനസ്സോടെയാണ് ഞാന്‍ ജീവിക്കുന്നത്. ഇപ്പോള്‍ കേരളത്തില്‍ പെരുമ്പാവൂരിലാണ് ഞങ്ങള്‍ താമസിക്കുന്നത്. എനിക്കു നോര്‍ത്തിന്ത്യയില്‍ ചെന്നു കര്‍ത്താവിനു വേണ്ടി പ്രവര്‍ത്തിക്കണം. അതിനു ഞാന്‍ പഠിച്ച ഇന്‍ഡോ അലോപ്പതിയും അക്ക്യുപഞ്ചറും ബൈബിള്‍ കോഴ്‌സുകളും എനിക്കേറെ പ്രയോജനപ്പെടും.

കുഞ്ഞുങ്ങളില്ലാത്ത മാതാപിതാക്കളുടെ ഹൃദയവേദനയെക്കാള്‍ വലുതാണ് മാതാപിതാക്കളില്ലാത്ത കുട്ടികളുടെ സങ്കടം. എങ്ങോട്ടും പോകാന്‍ കഴിയാതെ, ആരും ഏറ്റെടുക്കാനില്ലാതെ ഒറ്റപ്പെടലിന്റെ ദുരനുഭവം നേരിടുന്ന കുഞ്ഞുങ്ങള്‍ തെരുവോരങ്ങളില്‍ അലഞ്ഞു തിരിഞ്ഞു നടക്കുകയും പീഢനങ്ങള്‍ ഏല്‍ക്കുകയും ചെയ്യുന്നത് ദൗര്‍ഭാഗ്യകരമാണ്. അനാഥത്വം പേറുന്ന കുരുന്നുകള്‍ കാത്തിരിക്കുന്നത് തങ്ങളെ തേടി എത്തുന്നവരെയാണ്. ഓരോ കാല്‍പെരുമാറ്റവും അവരില്‍ പ്രതീക്ഷയുളവാക്കുന്നു. ആരും കരുതാനും സ്‌നേഹിക്കാനുമില്ലാത്ത കുരുന്നുകളെ സംരക്ഷിക്കുവാനും അവരെ പുനരധിവസിപ്പിക്കാനുമുള്ള സിസ്റ്റര്‍. ടെഫില മാത്യുവിന്റെ സമര്‍പ്പണം സാക്ഷാത്ക്കരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു, ഒപ്പം സോദരിയുടെ ആശംസകളും…

Written by

Lovely George

Writer, Editor of Kristheeya Sodari Bi-Monthly