കുട്ടികളെ ദൈവവചനം അഭ്യസിപ്പിക്കുന്നതിനും സുവിശേഷം പങ്കുവക്കുന്നതിനും ഏറ്റവും അനുയോജ്യമായ അവസരമാണ് വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ (വി.ബി.എസ്) എന്നറിയപ്പെടുന്ന അവധിക്കാല ക്ലാസുകള്‍. കുട്ടികള്‍ക്ക് ഇണങ്ങുന്ന വിധത്തില്‍ നിരവധി പ്രോഗ്രാമുകളിലൂടെ വചനസത്യങ്ങള്‍ പഠിപ്പിക്കുന്ന അനേകം വി.ബി.എസുകളാണ് മധ്യവേനല്‍ അവധിക്കാലത്ത് നടക്കാറുള്ളത്. കോവിഡ് – 19 – ന്റെ സാഹചര്യത്തില്‍ ഇത്തവണ മിക്കവയും ഇന്റര്‍നെറ്റിലൂടെ അവതരിപ്പിക്കപ്പെട്ടു. അത്തരത്തില്‍ ശ്രദ്ധേയമായ ഒരു തമിഴ് വി.ബി.എസ് പ്രോഗ്രാമിന്റെ സംഘാടകരായ സഹോദരി ഗോഡ്‌സി എബനേസറും കുടുംബവും ക്രിസ്തീയ സോദരിയുമായി അനുഭവങ്ങള്‍ പങ്കുവക്കുന്നു.

കോവിഡ് – 19, ലോക്ക്ഡൗണ്‍ ഇവയൊക്കെ എല്ലാവര്‍ക്കും ഒരു പോലെയല്ല. ലോകം മുഴുവന്‍ കൊറോണ ഭീതി പടര്‍ത്തുന്നു. കോവിഡ് രോഗികളുടെ എണ്ണം ഇപ്പോഴും കൂടിവരുന്നു. എന്നാല്‍ ദൈവമക്കളായ നമുക്ക് ഈ അവസരം ഏറെ പ്രയോജനപ്പെടുന്നുണ്ട്. ശരിയല്ലേ? സിസ്റ്റര്‍. ഗോഡ്‌സി എന്തു പറയുന്നു ലോക്ക്ഡൗണ്‍ സമയങ്ങളെക്കുറിച്ച്?
തികച്ചും ശരിയാണ്. ഞങ്ങള്‍ കുടുംബജീവിതം തുടങ്ങിയിട്ട് 7 വര്‍ഷം കഴിഞ്ഞു. എന്നാല്‍ ഇതാദ്യമായാണ് ഇത്രയധികം ദിവസങ്ങള്‍ ഒരുമിച്ച് കുടുംബമായി ചിലവഴിക്കാന്‍ ഒരവസരം ലഭിച്ചത്. അത് പരസ്പരം കൂടുതല്‍ മനസ്സിലാക്കുവാനും കുഞ്ഞുങ്ങളെ കൂടുതല്‍ ശ്രദ്ധിക്കുവാനും ദൈവവചനം കൂടുതല്‍ പഠിക്കുവാനും ധ്യാനിക്കുവാനും പ്രാര്‍ത്ഥിക്കുവാനും, ഓണ്‍ലൈനില്‍ അനേകം മീറ്റിംഗുകളില്‍ പങ്കെടുക്കുവാനും ദൈവം സഹായിച്ചു. എന്നാല്‍ ഈ ലോക്ക്ഡൗണ്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷം തന്നത് തമിഴ്നാട്ടിലെ കുട്ടികള്‍ക്കുവേണ്ടി ഒരു വി.ബി.എസ് സംഘടിപ്പിക്കുവാനായി എന്നതാണ്. അത്തരത്തില്‍ കുടുംബമായി ആത്മീകശുശ്രൂഷയുടെ ഭാഗമാകുവാന്‍ സാധിച്ചതില്‍ ഞങ്ങള്‍ ദൈവത്തെ സ്തുതിക്കുന്നു.
കേരളത്തില്‍ താമസിച്ചുകൊണ്ട് തമിഴ്‌നാട്ടിലുള്ള സഹോദരങ്ങള്‍ക്കു വേണ്ടി വി.ബി.എസ് പ്രോഗ്രാം ചെയ്യുവാനുണ്ടായ പ്രചോദനം എന്തായിരുന്നു?
തമിഴ്നാടിന്റെ മരുമകള്‍ കൂടിയായ എനിക്ക് തമിഴ്‌നാടിനോട് ഒരു പ്രത്യേക ഇഷ്ടം എപ്പോഴും ഉണ്ട്. ലോക്ക്ഡൗണ്‍ സമയങ്ങളില്‍ വീട്ടില്‍ കുടുംബാംഗങ്ങളുമൊത്ത് സമയം ചെലവഴിക്കുമ്പോള്‍ കര്‍ത്താവിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം എന്നൊരാഗ്രഹം മനസ്സിലുണ്ടായി. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതെങ്ങനെ ചെയ്യുവാന്‍ സാധിക്കും എന്നത് മുമ്പിലൊരു ചോദ്യചിഹ്നമായി നിന്നിരുന്നു. അങ്ങനെ ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ വന്ന ഒരു ആശയം ആണ് തമിഴ്‌നാട്ടിലെ കുഞ്ഞുങ്ങള്‍ക്കായി ഒരു ഓണ്‍ലൈന്‍ വി.ബി.എസ് ചെയ്യാം എന്നുള്ളത്.
ഗോഡ്‌സിയോടും കുടുംബത്തോടുമൊപ്പം ഈ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചവരെക്കുറിച്ച് ഒന്നു പറയാമോ?
ഓണ്‍ലൈന്‍ വഴി പ്രോഗ്രാം ചെയ്യാം എന്ന തീരുമാനം എടുത്ത ഉടനെ ഞങ്ങള്‍ ആദ്യം സമീപിച്ചത് നമ്മുടെ സഹോദരന്‍ ഫിജോ ജോസിനെയാണ് (ട്രൂ മീഡിയ). കാരണം മീഡിയയാണ് നമുക്ക് ഈ ശുശ്രൂഷയില്‍ പ്രധാനമായും വേണ്ടത്. പ്രിയ സഹോദരന്റെ ഭാഗത്തു നിന്നും നല്ല സമീപനമാണുണ്ടായത്. പിന്നെ എന്റെ ഭര്‍ത്താവിന്റെ സഹോദരനും സുവിശേഷകനുമായ ഫിലിപ്പ്കുട്ടി, സുവി.ജോണ്‍ കെന്നഡി, ഗായകന്‍ ഷിബു ജോസ് എന്നിവരോടും സംസാരിച്ചു. എല്ലാവരും വളരെ സന്തോഷത്തോടെയാണ് ഇത് അംഗീകരിച്ചത്. ഇവരെ കൂടാതെ ബ്രദ. സാംകുമാര്‍, ബ്രദ. അജോ, സഹോദരിമാരായ ശാന്തി ഇമ്മാനുവേല്‍, പെര്‍ഷിയ ഫിലിപ്പ് ഇങ്ങനെ പലരും ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഞങ്ങളോടു സഹകരിക്കുകയും ചെയ്തു.
ഇത്തരമൊരു പ്രോഗ്രാമിനെക്കുറിച്ച് പൊതുവേ പ്രതികരണം എങ്ങനെയായിരുന്നു?
ഇവരെക്കൂടാതെ മറ്റനേകരെയും ഞങ്ങള്‍ സമീപിച്ചിരുന്നു. ഇതൊക്കെ ചെയ്യാന്‍ കഴിയുമോ? ഒരു ഐഡിയയുമില്ലാത്ത നിങ്ങ ളെങ്ങനെ ഇതു ചെയ്യും? ഇങ്ങനെയുള്ള പല ചോദ്യങ്ങളും ഒഴിവാക്കലും മാത്രമാണ് ലഭിച്ചത്. പക്ഷെ ഇതെല്ലാം ഞങ്ങള്‍ക്കു വി.ബി.എസുമായി മുമ്പോട്ടു പോകുവാനുള്ള ഒരു പ്രചോദനമായിരുന്നു.
ഷൂട്ടിംഗ് അനുഭവങ്ങളെക്കുറിച്ച്?

എന്നെ സംബന്ധിച്ചിടത്തോളം വളരെ രസകരമായിരുന്നു ഷൂട്ടിംഗ് അനുഭവം. കാരണം ആദ്യമായാണ് ഒരു അവതരണവുമായി ബന്ധപ്പെട്ട് ക്യാമറയുടെ മുമ്പില്‍ നില്‍ക്കുന്നത്. രണ്ടാമത് മാതൃഭാഷയില്‍ അല്ല ചെയ്യേണ്ടത്. ഭാഷാശൈലി, അവതരണം ഇവയെല്ലാം ഒത്തുവരണം. അല്പം ബുദ്ധിമുട്ടായിരുന്നു എങ്കിലും അത്യാവശ്യം നല്ല രീതിയില്‍ തന്നെ ചെയ്യുവാന്‍ ദൈവം സഹായിച്ചു. പിന്നെ തമിഴ്നാട്ടിലുള്ള സഹോദരി സഹോദരന്മാര്‍ ലോക്ക്ഡൗണിന്റെ സമയമായതിനാല്‍ വളരെ അധികം ബുദ്ധിമുട്ടിയാണ് ഓരോ പ്രോഗ്രാമും ചെയ്തു ഞങ്ങള്‍ക്ക് അയച്ചുതന്നത്. മാത്രമല്ല, ട്രൂ മീഡിയായിലെ സഹോദരങ്ങള്‍ ഒരാഴ്ചയിലധികം ഞങ്ങളുടെ ഭവനത്തില്‍ തന്നെ താമസിച്ചാണ് ഇതിന്റെ എഡിറ്റിംഗ് വര്‍ക്കുകള്‍ എല്ലാം ചെയ്തു തന്നത്.
10 ദിവസത്തെ പ്രോഗ്രാമാണല്ലോ ചെയ്തത്, എങ്ങനെയായിരുന്നു ഓരോ ദിവസത്തേക്കും ഉള്ള പ്രോഗ്രാം ക്രമീകരിച്ചത്?
ഈ മേഖലയില്‍ ഞങ്ങള്‍ക്ക് അത്ര മുന്‍പരിചയമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ ദൈവത്തോടു കൂടുതലായി പ്രാര്‍ത്ഥിക്കുകയും ഓരോ കാര്യങ്ങളും മറ്റുള്ളവരുമായി ആലോചിക്കുകയും ചെയ്തു. അങ്ങനെ ആത്മാവിന്റെ ഫലം എന്ന തീം തെരെഞ്ഞെടുത്ത് വര്‍ക്ക് തുടങ്ങി. ഓരോരുത്തരും ഓരോ കാര്യങ്ങള്‍ ഏറ്റെടുത്തു ചെയ്യാന്‍ തുടങ്ങി. ഞങ്ങള്‍ ആദ്യം ചെയ്തത് ആദ്യത്തെ അഞ്ചു ദിവസത്തേക്കുള്ള പ്രോഗ്രാമുകളായിരുന്നു. അടുത്ത നാലു ദിവസത്തേക്കുള്ള പ്രോഗ്രാം പിന്നീടു ചെയ്തു. വി.ബി.എസില്‍ പങ്കെടുത്ത കുട്ടികളുടെ പ്രോഗ്രാമുകളായിരുന്നു പത്താം ദിവസത്തേത്. കുട്ടികളും ഞങ്ങളോടു നന്നായി സഹകരിച്ചു.
വി.ബി.എസുകളുടെ വിജയം കുട്ടികളാണ്. എങ്ങനെയാണ് ഇത്രയും കുട്ടികളെ പങ്കെടുപ്പിക്കാന്‍ സാധിച്ചത്?
പ്രധാനമായും അനേകരുടെ പ്രാര്‍ത്ഥന ഇതിനു പിന്നില്‍ ഉണ്ടായിരുന്നു. ലോക്ക്ഡൗണ്‍ സമയമായതുകൊണ്ട് വിശ്വാസികളും അവിശ്വാസികളുമായ അനേകം കുട്ടികളെ പങ്കെടുപ്പിക്കുവാന്‍ സാധിച്ചു. എന്റ ഭര്‍ത്താവിന്റെ സഭയായ തെങ്കാശി പുളിയാന്‍ ഗുഡിയിലുള്ള യുവജനങ്ങള്‍ ഇതിന്റെ പിന്നില്‍ നിന്നു. തമിഴ്നാടിന്റെ അങ്ങോളം ഇങ്ങോളം എത്തുവാനുള്ള പ്രധാന കാരണം അവര്‍ തന്നെയാണ്. അവര്‍ ഇത് ഓരോ കുഞ്ഞുങ്ങളിലേക്കുമെത്തണം എന്ന ആഗ്രഹത്തിലും തീരുമാനത്തിലും തമിഴ്നാട്ടിലെ ഓരോ സഭയിലെ സുവിശേഷകന്മാരെ വിളിച്ചും അല്ലാതെയും ഇങ്ങനെ ഒരു പ്രോഗ്രാം നടത്തുന്നതായി അറിയിക്കുകയും കുഞ്ഞുങ്ങളെ ക്ഷണിക്കുകയും ചെയ്തു.
തമിഴ്‌നാട്ടിലുള്ള സഹോദരങ്ങളില്‍ നിന്നും നല്ല സ്വീകാര്യത കിട്ടിയിട്ടുണ്ടെന്നു ഗോഡ്‌സിയുടെ വാക്കുകളില്‍ നിന്നും വ്യക്തമാണ്, കേരളത്തിലുള്ള ദൈവമക്കളുടെ പ്രതികരണം എങ്ങനെയായിരുന്നു?
കേരളത്തില്‍ നിന്നും നല്ല പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു. ദിവസവും വിളിച്ചു പ്രോത്സാഹിപ്പിച്ചവരുണ്ട്. അതുപോലെ നെഗറ്റീവ് കമന്റ്സ് പറഞ്ഞവരുമുണ്ട്.
എന്തെങ്കിലും വ്യത്യസ്തമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ?
തീര്‍ച്ചയായിട്ടും. വി.ബി.എസിന്റെ പോസ്റ്റര്‍ പുറത്തു വന്ന ഉടനെ മാനസികമായി തളര്‍ത്തുന്ന രീതിയിലുള്ള പ്രതികരണങ്ങള്‍ ഉണ്ടായി. പെട്ടന്ന് ടെന്‍ഷനാകുന്ന സ്വഭാവം ഉള്ളതുകൊണ്ടാവാം ഞാന്‍ പലപ്പോഴും വിഷമിച്ചു, ഇത്രത്തോളം ദൈവം നമ്മെ നടത്തിയെങ്കില്‍ ഇതിലും ഊര്‍ജസ്വലതയോടെ മുമ്പോട്ടു പോകാന്‍ ദൈവം പ്രവര്‍ത്തിക്കുമെന്നു മാത്രം കരുതണമെന്നു ഇച്ചായന്‍ പറഞ്ഞുകൊണ്ടേയിരുന്നു. പിന്നീട് അതിനെക്കുറിച്ചൊന്നും ചിന്തിക്കാന്‍ പോലും സമയം കിട്ടിയിട്ടില്ല.
എബനേസര്‍ മിനിസ്ട്രീസിന്റെ ഭാവിപദ്ധതികള്‍ എന്തെല്ലാമാണ്?
വരും തലമുറക്കായി ചില പ്രോഗ്രാമുകള്‍ ചെയ്യണം. നമ്മുടെ നാട്ടില്‍ നിന്നും ഇന്ത്യയുടെ പല ഭാഗത്തേക്കും മിഷണറിമാരായിട്ട് സുവിശേഷവേലക്കായി പോയ അനേകം സഹോദരീസഹോദരന്മാരുണ്ട്. അവരുടെയെല്ലാം അനുഭവ സാക്ഷ്യങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുക എന്നത് ഞങ്ങളുടെ ആഗ്രഹമാണ്. കൂടാതെ ദൈവം എനിക്ക് തന്ന കഴിവ് ദൈവനാമമഹത്വത്തിനായി ഉപയോഗിക്കണം. ഇനിയും പാട്ടുകള്‍ ചെയ്യണം.

കുടുംബത്തെക്കുറിച്ച്?
ഭര്‍ത്താവ് എബനേസര്‍, എല്ലാവരും എബി എന്ന് വിളിക്കും. പാലാരി വട്ടത്തു ബിസിനസ്സ് ചെയ്യുന്നു, അതോടൊപ്പം കിട്ടുന്ന സമയങ്ങളില്‍ ഒക്കെ തമിഴ്നാട്ടിലെ പല സ്ഥലങ്ങളിലും ദൈവവേലക്കായി പോകുന്നു. ദൈവം ഞങ്ങള്‍ക്കു രണ്ടു പെണ്‍മക്കളെ തന്നു. ജെനീറ്റ മേരി എബനേസര്‍ (6), ജെനീല ആന്‍ എബനേസര്‍ (3).
നമ്മുടെ വായനക്കാരായ യുവസഹോദരിമാരോട് ഗോഡ്‌സിക്കു എന്താണു പറയുവാനുള്ളത്?
സഹോദരിമാരായ നാം എന്ത് ചെയ്യാനാണ് എന്ന് ചിന്തിച്ചു സമയം കളയുന്ന അനേകര്‍ നമുക്കിടയിലുണ്ട്. നമ്മുടെ കഴിവുകള്‍ അത് ദൈവനാമ മഹത്വത്തിന്നായി ഉപയോഗിക്കണം. ദൈവം നമുക്ക് എത്രമാത്രം നന്മകള്‍ നല്‍കുന്നുണ്ട്. പക്ഷേ നാം എന്താണ് കര്‍ത്താവിനായി തിരികെ നല്‍കുന്നത്? ചിലപ്പോള്‍ നമ്മുടെ മുമ്പില്‍ സാഹചര്യം, സാമ്പത്തികം, പരിഹാസം, ഇവയെല്ലാം ഒരു തടസ്സമായി വന്നേക്കാം. അസാദ്ധ്യങ്ങളെ സാദ്ധ്യ മാക്കുന്ന ദൈവമാണ് നമ്മുടെ കര്‍ത്താവ്. ആ ദൈവം നമ്മെ ഒരുനാളും കൈവിടുകയില്ല. മത്താ:6:33 – ല്‍ പറയും പോലെ, ”മുമ്പേ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിന്‍ അതോടുകൂടി ഇതൊക്കെയും നിങ്ങള്‍ക്ക് കിട്ടും”. ”നാളെക്കായി വിചാരപ്പെടരുത്, നാളത്തെ ദിവസ്സം തനിക്കായി വിചാരപ്പെടുമല്ലോ”. നാളെയെ നിനക്കാതെ മുമ്പോട്ടുപോകാന്‍ സഹോദരിമാരായ നമുക്കു സാധിക്കട്ടെ. സാദ്ധ്യതകളെ അവസരങ്ങളാക്കി മാറ്റാം..
അതേ, സാദ്ധ്യതകളെ നമുക്കു അവസരങ്ങളാക്കി മാറ്റാം. ഏതു സാഹചര്യത്തിലും കര്‍ത്താവിനു വേണ്ടി പ്രയോജനപ്പെടുവാന്‍ നമ്മുടെ മുമ്പില്‍ സാദ്ധ്യതകളുണ്ടെന്നുള്ള വ്യക്തമായ തിരിച്ചറിവാണ് സോദരി ഗോഡ്സിയുടെ വാക്കുകളില്‍ നിന്നും പ്രകടമാകുന്നത്. അവസരങ്ങളില്ല, ആരും അവസരം തരുന്നില്ല തുടങ്ങിയ നിഷേധാത്മകപദങ്ങള്‍ നമുക്കു ഒഴിവാക്കാം. നമ്മുടെ കഴിവുകള്‍, സമയങ്ങള്‍, അവസരങ്ങള്‍ ദൈവനാമമഹത്വത്തിനുവേണ്ടി പ്രയോജനപ്പെടുത്തുവാന്‍ നാം എപ്പോഴും ഒരുക്കമുള്ളവരായിരിക്കണം. സാദ്ധ്യതകളെ കണ്ടെത്താം, അവയെ അവസരങ്ങളാക്കി മാറ്റാം.
[ലൗലി ജോർജ്]