ഏഴു ആണ്ടുകളിലെ ഋതുക്കള്‍ സമ്മാനിച്ച ഓര്‍മ്മകളില്‍ കുടുങ്ങി കിടക്കാതെ, മുന്നോട്ടുള്ള ജീവിതം വീറും വിശുദ്ധിയോടും കൂടെ തന്റെ ദൈവത്തിനായ് ഏല്പിച്ചു കൊടുത്ത ഹന്ന എന്ന സ്ത്രീയെ ഇന്നത്തെ പെണ്‍സമൂഹം കണ്ടു പഠിക്കേണ്ടിയിരിക്കുന്നു.

ഹന്ന എന്ന സ്ത്രീക്ക് വിധവ എന്ന പേര് സമൂഹം നല്കിയപ്പോഴും അവള് അതില്‍ ഒതുങ്ങി നില്‍ക്കാതെ, ആ അവസ്ഥയെ പൂര്‍ണ്ണമായും ദൈവത്തിനായ് ഉപയോഗിച്ചു. രാപ്പകല്‍ വ്യത്യാസമില്ലാതെ ദൈവാലയത്തില്‍ പ്രാര്‍ത്ഥിച്ചും ഉപവസിച്ചും ആനന്ദം കണ്ടെത്തി. അതിന്റെ പരിണിത ഫലമോ, ‘ജീവിതസാഫല്യം’. എണ്‍പത്തിനാല് സംവത്സരത്തിന്റെ പ്രതിഫലമായി ദൈവം അവള്‍ക്ക് നല്‍കിയത് അവള് അത്രയും നാള് ജീവിതം ചിലവഴിച്ച ദൈവാലയത്തില്‍ വെച്ച് തന്നെ യിസ്രായേലിന്റെ വീണ്ടെടുപ്പുകാരനെ കണ്‍കുളിര്‍ക്കെ കാണാനുള്ള സൗഭാഗ്യമായിരുന്നു.
സ്വപ്നങ്ങളെ കെടുത്തി കളയുന്ന ഏതു മഹാമാരി ജീവിതത്തില്‍ പെയ്തിറങ്ങിയാലും, അത് കണ്ടു വിറങ്ങലിച്ചു നില്‍ക്കാതെ ജീവിത നൗകയില്‍ കര്ത്തന് കൂടെയുണ്ടെന്നുള്ള ധൈര്യത്തോടെ മുന്നോട്ട് പോകാന്‍ ഹന്ന നമുക്ക് ഒരു പ്രചോദനമാണ്.
ജീവിതത്തില്‍ ഒരു പരാജയം നേരിടുമ്പോള്‍, നഷ്ട സ്വപ്നങ്ങളെ ഹൃദയത്തില്‍ താലോലിച്ച് കൊണ്ട് വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി കൂടാനാണ് നമ്മില്‍ പലര്‍ക്കും ഇഷ്ടം. പക്ഷേ ഒരു കാര്യം നാം ഓര്‍ക്കണം, നഷ്ടങ്ങളെ ഓര്‍ത്ത് വിലപിച്ച് കഴിയാന്‍ ഏതൊരു സാധാരണ സ്ത്രീക്കും സാധിക്കും. എന്നാല്‍ നഷ്ടങ്ങളെ ലാഭങ്ങളാക്കി മാറ്റാന്‍ കഴിവുള്ള സര്‍വ്വശക്തനായ ദൈവം നമ്മുടെ കൂടെ ഉള്ളപ്പോള്‍ നഷ്ടങ്ങളുടെ മുകളില്‍ ചവുട്ടി നിന്നു കൊണ്ട് പറയണം എന്റെ ദൈവം എന്റെ നഷ്ടങ്ങളെക്കാളും വലിയവനാണ്; എന്റെ അന്ത്യശ്വാസം വരെയും ഞാന്‍ ക്രിസ്തുവിന്നായ് ജീവിക്കും.
ഹന്നയിലൂടെ അനേക കാര്യങ്ങള്‍ നമുക്ക് പഠിക്കാന്‍ ഉണ്ടെങ്കിലും ഒന്ന് ഊന്നി പറയാന്‍ ആഗ്രഹിക്കുന്നു. തീര്‍ന്നു എന്ന് നമ്മള് വിധി എഴുതുന്ന ഇടത്തില്‍ നിന്നുമാണ് ദൈവം പുതിയ പാത ഒരുക്കുന്നത്…. അത് ശാശ്വത പാതയായിരിക്കും. യഹോവയ്ക്കായ് കാത്തിരിക്കുന്നവര്‍ ഒരു നാളും ലജ്ജിച്ചു പോകയില്ല.
വിധവയില്‍ നിന്നും പ്രവാചകിയിലേക്കുള്ള യാത്രയില്‍ അവള് ഒറ്റക്കായിരുന്നില്ല. തന്റെ നിനവുകളെ അറിയുന്ന പ്രാണനാഥന് കൂടെയുണ്ടെന്ന ബോധ്യം ഹന്നയ്ക്ക് ഉണ്ടായിരുന്നു. ജീവിതം പൂര്‍ണ്ണമായും അവള് അവനില്‍ സമര്‍പ്പിച്ചു. നമുക്കും സമയം ഏറെയില്ല, അവന്റെ വരവ് സമീപിച്ചിരിക്കുന്നു. ഹന്നയെ പോലെ നമ്മുടെ ദിനരാത്രങ്ങള്‍ അവനായ് സമര്‍പ്പിക്കാം.