തേൻ കാണുകയോ രുചിക്കുകയോ ചെയ്യാത്ത ഒരാൾക്ക് തേനിനെപ്പറ്റിയുള്ള പ്രസംഗങ്ങളും ലേഖനങ്ങളും വിരസമായി തോന്നാം. തേനിന്റെ മാധുര്യമേറിയ സ്വാദ് അറിയണമെങ്കിൽ രുചിച്ച് തന്നെ അറിയണം. അപ്രകാരം രുചിച്ചറിയേണ്ട ഒന്നാണ് പ്രാർത്ഥന. വിശ്വാസമില്ലാത്ത പ്രാർത്ഥന ആത്മാർത്ഥതയില്ലാത്ത സ്നേഹം പോലെയാണ്.

യേശുകർത്താവ് പ്രാർത്ഥനയെക്കുറിച്ചു പറഞ്ഞിരിക്കുന്നത് “പ്രാർത്ഥിക്കുമ്പോൾ നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുത്, അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്കു തോന്നുന്നത്, അവരോടു തുല്യരാകരുത്” എന്നാണ് (മത്തായി 6:7,8).

നമുക്ക് ചുറ്റും കേൾക്കുന്ന പ്രാർത്ഥനകൾ പലപ്പോഴും ഇത്തരത്തിലുള്ളവയാണ്. മനുഷ്യരുടെ മുമ്പിൽ മാന്യരാകാനായി വാക്ചാതുര്യത്തോടും ബൈബിൾ വാക്യങ്ങൾ ഉച്ചരിച്ചും പ്രാർത്ഥിക്കുന്നവരുണ്ട്. നമ്മുടെ ഹൃദയനിരൂപണങ്ങൾ പോലും ദൂരത്തു നിന്നു ഗ്രഹിക്കുന്ന സർവ്വശക്തന്റെ മുമ്പിൽ ഇത്തരം ഭാവപ്രകടനങ്ങൾ വെറും ജല്പനങ്ങൾ മാത്രമാണ് (സങ്കീ:139:2).

നമ്മെ മുഴുവനായി അറിയുന്ന ദൈവത്തിന്റെ മുമ്പിലേക്കാണ് നാം പ്രാർത്ഥനക്കായി ചെല്ലുന്നത്. അവിടുത്തേക്ക് മറഞ്ഞിരിക്കുന്നതായി ഒന്നുമില്ല സകലവും അവന്റെ മുമ്പിൽ നഗ്നവും മലർന്നതുമായിരിക്കുന്നു. പൂർണ്ണ വിശ്വാസത്തോടെ കാപട്യമില്ലാതെ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം. മാധൂര്യമേറുന്ന തേൻ പോലെ പ്രാർത്ഥനയെ രുചിച്ചറിയാം.