സാര്‍സ് (SARS) വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് COVID 19 എന്നറിയപ്പെടുന്ന കൊറോണ വൈറസ് രോഗം. ചൈനയിലെ വുഹാനില്‍ ആദ്യമായി തിരിച്ചറിഞ്ഞ കോവിഡ് – 19 ഒരു മഹാവ്യാധിയായി ലോകം മുഴുവന്‍ പടരുകയായിരുന്നു. രോഗവ്യാപനത്തെ തടയുന്നതിന്റെ ഭാഗമായി സാമൂഹ്യ അകലം പാലിക്കുക, ശുചിത്വം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക, ആള്‍ക്കൂട്ടം ഒഴിവാക്കുക, മാസ്‌ക് ഉപയോഗിക്കുക, സാനിടൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കുക തുടങ്ങിയ മുന്‍കരുതലുകളാണ് ഉള്ളത്. രോഗം വാരാതിരിക്കുവാനും പടരാതിരിക്കേണ്ടതിനും വേണ്ടി കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ നല്കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കുവാന്‍ നാം ബാദ്ധ്യസ്ഥരാണ്.

മനുഷ്യസാദ്ധ്യമായ എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അമ്പരിപ്പിച്ചു കൊണ്ട് കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നത് ആശങ്കാജനകമാണ്. ഏതു സാഹചര്യത്തേയും നാം നേരിട്ടേ മതിയാകൂ. അതുകൊണ്ട് ഇനി കോവിഡിനൊപ്പം എങ്ങനെ ജീവിക്കാം എന്ന നിലയില്‍ നാം ചിന്തിച്ചു തുടങ്ങണം. അതിന്, പരിഹരിക്കുവാന്‍ കഴിയാത്തവിധം സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുന്ന ഈ മഹാമാരിയുടെ മദ്ധ്യത്തിലും ഒന്നിച്ചു നില്ക്കുവാനും ഒരുമയോടെ പ്രവര്‍ത്തിക്കുവാനും നമുക്ക് സാധിക്കണം.
ദൈവമക്കളായ നമുക്കു പ്രാര്‍ത്ഥനാനിര്‍ഭരമായ ജീവിതത്തിന്റെ സമയമാണ് ഈ കൊറോണക്കാലം. ലോക്ക്ഡൗണ്‍ കാലത്ത് വ്യക്തിപരമായ ആത്മീക വളര്‍ച്ചയ്ക്കു വേണ്ടി നാം കൂടുതല്‍ സമയം മാറ്റിവെച്ചിട്ടുണ്ട് എന്നതിനു സംശയമില്ല. കൊറോണ നല്കുന്ന പാഠങ്ങള്‍ ഇതിനോടകം നാം പല ഭാഗങ്ങളായി പഠിച്ചു കഴിഞ്ഞിട്ടുണ്ട്. എങ്കിലും കൊറോണയുടെ തുടക്കത്തില്‍ നമ്മില്‍ കുടിയേറിയ ആത്മീക തീക്ഷ്ണത ഇപ്പോഴും നില നില്ക്കുന്നോണ്ടോയെന്നു നാം സ്വയം വിലയിരുത്തണം.
മൂന്നാം വര്‍ഷത്തിലേക്ക്
ക്രിസ്തീയ സോദരി മൂന്നാം വര്‍ഷത്തിലേക്കു പ്രവേശിക്കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷം നടത്തിയ ദൈവത്തിനു എല്ലാ മഹത്വവും അര്‍പ്പിക്കുന്നു. സഹോദരിമാരുടെ ആത്മീക മുന്നേറ്റത്തിനും സുവിശേഷവത്ക്കരണത്തില്‍ അവരെ സജ്ജരാക്കുന്നതിനും പ്രാര്‍ത്ഥനയില്‍ പോരാടുന്നതിനും പ്രായോഗിക ക്രിസ്തീയ ജീവിതത്തിനു വ്യക്തമായ ഒരു അവബോധം നല്കുന്നതിനും ആരംഭിച്ച ഒരു പ്രവര്‍ത്തനമാണ് ക്രിസ്തീയസോദരി. മാഗസിന്‍ പ്രവര്‍ത്തനങ്ങളോടൊപ്പം ക്രിസ്തീയ സോദരിയുടെ വാട്ട്സാപ്പ് കൂട്ടായ്മകളിലൂടെ സഹോദരിമാരുടെ ആത്മീക ഉന്നമനം ലക്ഷ്യമാക്കിയുള്ള വിവിധ പ്രോഗ്രാമുകള്‍ നടന്നു വരുന്നു. കൂടാതെ ലോക്ക്ഡൗണ്‍ കാലത്തോടനുബന്ധിച്ച് സൂമീലൂടെയും പ്രോഗ്രാമുകള്‍ നടത്തുകയുണ്ടായി. ആത്മീകമായി വളരുവാനുള്ള അനവധി സാദ്ധ്യതകളാണ് ദൈവം നമ്മുടെ മുമ്പില്‍ ഒരുക്കിവെച്ചിരിക്കുന്നത്. സാദ്ധ്യതകളെ കണ്ടെത്താം, അവയെനമുക്കു അവസരങ്ങളാക്കി മാറ്റാം.
ക്രിസ്തീയ സോദരി മാഗസിന്റെയും വാട്ട്സാപ്പ് ഗ്രൂപ്പുകളുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന സൂം മീറ്റിംഗുകളുടെ വിശേഷങ്ങളും ഒപ്പം, വ്യക്തിജീവിതത്തില്‍ ആശയവിനിമയ ത്തിന്റെ പ്രാധാന്യം എന്തെന്നു വ്യക്തമാക്കുന്ന നിര്‍ദ്ദേശങ്ങളുമായിട്ടാണ് ക്രിസ്തീയ സോദരി ഈ ലക്കം വായനക്കാരിലേക്കെത്തുന്നത്. ക്രിസ്തീയ സോദരിയുടെ പ്രവര്‍ത്തനങ്ങളെ സ്നേഹിക്കുകയും പ്രാര്‍ത്ഥിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എല്ലാ സഹോദരങ്ങളോടുമുള്ള നന്ദി ഞങ്ങള്‍ അറിയിക്കുന്നു.
രചനകള്‍ വായിച്ചു കേള്‍ക്കുന്നതിന് അതോടൊപ്പം കൊടുത്തിട്ടുള്ള ക്യൂ. ആര്‍. കോഡുകള്‍ സ്‌കാന്‍ ചെയ്യുക. കൂടാതെ, സോദരിയുടെ ഡിജിറ്റല്‍ വേര്‍ഷന്‍ നിങ്ങളുടെ സ്‌നേഹിതര്‍ക്കും ഷെയര്‍ ചെയ്യുവാന്‍ ശ്രമിക്കുമല്ലോ..
[ലൗലി ജോർജ്]