
ബാല്യം, യൗവനം, വാര്‍ദ്ധക്യം എന്നീ അവസ്ഥകളില്‍ കൂടെ മനുഷ്യര്‍ സഞ്ചരിക്കുന്നു ബാല്യകാലം മാതാപിതാക്കളുടെ പരിചരണത്തിലും വാത്സല്യത്തിലും കഴിയുന്നതുകൊണ്ട് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ട ആവശ്യം വരുന്നില്ല. യൗവ്വനത്തില്‍ പ്രശ്‌നങ്ങള്‍ തരണം ചെയ്യാനുള്ള ധൈര്യവും ബലവും ഉണ്ട്. എന്നാല്‍ വാര്‍ദ്ധക്യത്തെ വരവേല്‍ക്കുവാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. ചോരയും നീരും വറ്റി ശാരീരികവും മാനസികവുമായ ബലം ക്ഷയിച്ച് മറ്റുള്ളവരുടെ സഹായം കൂടുതലായി ആവശ്യമായി വരുന്ന കാലഘട്ടമാണ് വാര്‍ദ്ധക്യം. വാര്‍ദ്ധക്യത്തില്‍ പല സമ്മര്‍ദ്ദങ്ങള്‍ക്കും ഇരയായി തീരാറുണ്ട്. മുമ്പേ മക്കള്‍ക്കായി സ്വരൂപിച്ചു കൂട്ടിയ വസ്തുവകകള്‍ ജീവിതസായാഹ്നത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്ന കാര്യമായിത്തീരുന്നത് കണ്ടുവരുന്നു. ‘ഉള്ളതുകൊണ്ട് തൃപ്തിപ്പെടുവീന്‍’ ദൈവവചനം മറന്ന് സ്വത്തിനുവേണ്ടി കടിപിടി കൂടുന്ന മക്കളുടെ പെരുമാറ്റം വയോധികരെ സമ്മര്‍ദ്ദത്തിലാക്കുന്നു. ഇനിയും സ്വത്ത് മുഴുവന്‍ ഉള്ള ഒരു മകന് എഴുതിക്കൊടുത്ത് വേണ്ട സംരക്ഷണം ലഭിക്കാതെ വീട് വിട്ടിറങ്ങേണ്ടി വരുന്നവരും വിരളമല്ല.
ദൈവം എഴുതി നല്കിയ വാഗ്ദത്തോടുകൂടിയ ആദ്യകല്പനയാണ് ”നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നത് (എഫെ: 6:3 . എന്നാല്‍ ജനങ്ങള്‍ ദൈവകല്പന നിരസിച്ചുകളഞ്ഞിട്ട് മാനുഷകല്പനകളായ ഉപദേശങ്ങളെ പിന്‍പറ്റി മാതാപിതാക്കള്‍ക്ക് ‘തങ്ങളാല്‍ ഉപകാരമായി വരേണ്ടതു’ ‘വഴിപാട്’ എന്നു പറഞ്ഞാല്‍ അവരെ ബഹുമാനിക്കേണ്ട എന്ന് പഠിപ്പിച്ചു വന്നു. യേശുകര്‍ത്താവ് ഈ അനീതിക്കാരെ നോക്കി, കപടഭക്തിക്കാരെന്നും ദൈവവചനത്തെ ദുര്‍ബലമാക്കിയിരിക്കുന്നവരെന്നുമാണ് പറയുന്നത്. മാത്രമല്ല, ഇക്കൂട്ടര്‍ ദൈവത്തെ ആരാധിക്കുന്നത് വ്യര്‍ത്ഥമെന്നും പറഞ്ഞിരിക്കുന്നു. ദൈവത്തെ ആരാധിക്കുന്ന ദൈവമക്കളെന്നു പറയുന്നവരില്‍ ഈ അനീതി ഇന്നും കണ്ടുവരുന്നു.
വാര്‍ദ്ധ്യക്യത്തിലെ വേറൊരു സമ്മര്‍ദ്ദം ഏകാന്തതയാണ്. മക്കളുടെ പഠനത്തിനു ശേഷം അവരെ ഏതുവിധേനയും മറുനാടുകളിലേക്ക് അയയ്ക്കുക എന്നത് കേരളക്കരയിലെ മാതാപിതാക്കളുടെ പ്രത്യകതയാണ്. ഇത് പ്രൗഡിയുടെ ഒരു പര്യായമായി തീര്‍ന്നിരിക്കുകയാണ് എന്നും പറയാം. കാഴ്ചക്കാരും ബഹുമാനത്തോടുകൂടിയാണ് ഇക്കൂട്ടരെ വീക്ഷിക്കുന്നത്. കാലങ്ങള്‍ ചെല്ലുന്നതോടെ വലിയ വീടുകള്‍ പണിത് വയോധികരായ മാതാപിതാക്കളെ വീടു സൂക്ഷിക്കാനായി ഏല്പിക്കുന്നു. ബലം ക്ഷയിക്കുമ്പോള്‍ മക്കളുടെ സാമിപ്യം അനുഭവിക്കുവാന്‍ സാധിക്കാതെ ഏകാന്തതയുടെ കയ്പുനീരു കുടിച്ചുകൊണ്ട് മറ്റുള്ളവരുടെ കരുണയില്‍ കഴിയേണ്ടി വരുന്നത് പല മാതാപിതാക്കളെയും സമ്മര്‍ദ്ദത്തിലാക്കുന്നു. ജീവിതപങ്കാളി കടന്നുപോയാല്‍ ഏകാന്തത പിന്നെയും വര്‍ദ്ധിക്കുന്നു. തങ്ങളുടെ മൂന്നു മക്കളും USA – യിലാണെന്ന് അഭിമാനിച്ചിരുന്നവര്‍ അവരുടെ വാര്‍ദ്ധക്യത്തില്‍ പറഞ്ഞത് നിവൃത്തിയുള്ളിടത്തോളം മക്കളെ അവിടേക്കു അയയ്ക്കരുതെന്നാണ്.
ഇക്കാലത്ത് വിവാഹിതരാകുന്ന മക്കള്‍ അണുകുടുംബത്തിലേക്കു ചുരുങ്ങുവാനാണ് ആഗ്രഹിക്കുന്നത്. രൂത്ത് – നൊവോമി മാതൃകയൊന്നും അവര്‍ക്കു കാര്യമല്ല. വിവാഹകാര്‍മ്മികരും അപ്പനെയും അമ്മയെയും വിട്ട് ഭാര്യയോട് പറ്റിച്ചേരും എന്ന വചനത്തിനു മാത്രമാണ് പ്രസക്തി കൊടുക്കുന്നതും തങ്ങളുടെ വളര്‍ച്ചയില്‍ അതുവരെ കൂടെയുണ്ടായിരുന്ന മാതാപിതാ ക്കളെ വിടുവാന്‍ പറഞ്ഞിട്ടില്ല. മാതാപിതാക്കളുടെ അധികാരത്തിന്‍ കീഴില്‍ വളര്‍ന്നു വന്ന മക്കള്‍ വിവാഹിതരാകുന്നതോടു കൂടെ അതു വിട്ട് സ്വന്തമായി കുടുംബം നടത്തുവാനുള്ള അധികാരം പ്രാപിക്കുകയാണ്. ഒരേ ശരീരമായി വര്‍ത്തിക്കേണ്ടുന്ന ഇരുവരും മാതാപിതാക്കളോ ടുള്ള ദൈവകല്പനയെ മാനിക്കുവാന്‍ ബാദ്ധ്യസ്ഥരാണ്. അതേസമയം അവരുടെ സ്വാതന്ത്ര്യത്തില്‍ മാതാപിതാക്കള്‍ ഇടപെടുന്നത് സമ്മര്‍ദ്ദത്തിന് വഴിയൊരുക്കും. തങ്ങളുടെ സംരക്ഷണത്തില്‍ തന്നെ മാതാപിതാക്കള്‍ തങ്ങള്‍ക്കു പിന്നാലെ യാത്രയിലുണ്ട് എന്ന് മക്കള്‍ ഉറപ്പു വരുത്തുകയാണ് വേണ്ടത്. ജീവിത സായാഹ്നത്തില്‍ മക്കളുടെ അവഗണന മാതാ പിതാക്കളെ സമ്മര്‍ദ്ദത്തിലാഴ്ത്തും. ദൈവം കുടുംബം സ്ഥാപിച്ചത് മനുഷ്യര്‍ ഏകാന്തത അനുഭവിക്കാതിരിക്കുവാനാണ്.
വാര്‍ദ്ധക്യത്തില്‍ കൂടെക്കൂടുന്ന ആരോഗ്യപ്രശ്‌നങ്ങളും വയോധികര്‍ക്ക് സമ്മര്‍ദ്ദമുളവാക്കുന്നു. സ്‌നേഹപൂര്‍ണമായ പരിചരണവും സമീകൃതാഹാരവുമാണ് ഇക്കൂട്ടര്‍ക്ക് ലഭിക്കേണ്ടത്. പൗലോസപ്പോസ്തലന്റെ രോഗാവസ്ഥയില്‍ നിന്ദയോ വെറുപ്പോ കൂടാതെ ദൈവദൂതനെയെന്നപോലെ ശുശ്രൂഷിച്ച ഗലാത്യരെ നമുക്ക് മാതൃകയാക്കാം.
വാര്‍ദ്ധക്യകാല സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുവാന്‍ വയോധികരും ചില കാര്യങ്ങള്‍ ശീലിക്കുന്നത് നന്നായിരിക്കും. കഴിവതും മറ്റുള്ളവരുടെ സഹായം പ്രതീക്ഷിക്കാതെ സ്വയം തങ്ങളുടെ കാര്യങ്ങള്‍ ചെയ്യുവാന്‍ ശീലിക്കുക. കരഞ്ഞും പതം പറഞ്ഞും ജീവിക്കാതെ ചേമ്പിലയിലെ വെള്ളത്തുള്ളി എന്നപോലെ സമ്മര്‍ദ്ദങ്ങള്‍ക്ക് നനയ്ക്കാനാകാത്ത മനസ്സ് സ്വായത്തമാ ക്കുവാന്‍ കൂടുതല്‍ ദൈവകൃപയില്‍ ആശ്രയിക്കുക. ജീവിതം ഒരു യാത്രയാണല്ലോ? Less luggage more comfortable എന്ന തത്വം ജീവിതയാത്രയിലും പ്രായോഗികമാക്കിയാല്‍ ജീവിതസായാഹ്നത്തില്‍ ഉണ്ടായേക്കാവുന്ന പല സമ്മര്‍ദ്ദങ്ങള്‍ക്കും വിരാമം ഉണ്ടാകും.
കര്‍ത്താവായ യേശുക്രിസ്തു തന്റെ മാതാവിന്റെ സംരക്ഷണം വിശ്വസ്തനായ യോഹന്നാനെ ഏല്പിച്ചുകൊണ്ട് നമുക്ക് മാതൃക നല്കിയിരിക്കുന്നു. നിന്റെ അമ്മയപ്പന്മാര്‍ സന്തോഷിക്കട്ടെ; നിന്നെ പ്രസവിച്ചവള്‍ ആനന്ദിക്കട്ടെ (സദൃ: 23: 25) എന്ന വചനം മറക്കാതിരിക്കാം. ദൈവഭയമുള്ളവരായി വൃദ്ധജനങ്ങളുടെ മുഖം ആദരിക്കുന്നവരായിരിക്കാം (ലേവ്യ:19:32). അവരുടെ നരയെ സന്തോഷത്തോടെ പോകുവാന്‍ അനുവദിച്ച് ദൈവകല്പന മാനിക്കുന്നവരായിരിക്കാം. പ്രതിഫലം നിശ്ചയം. ക്രിസ്തുയേശുവില്‍ നിന്നും പ്രാപിച്ച വെളിച്ചം വീട്ടിലുള്ള എല്ലാവര്‍ക്കും ലഭ്യമാകുവാന്‍ ജാഗരിക്കാം (മത്താ:5:14 -16).