ഓരോ നോട്ടവും ഓരോ തുറന്നു പറച്ചിലുകളാണ്. ഒരു നോട്ടം മാത്രം മതിയാകും ചില ഓർമ്മപ്പെടുത്തലു കൾക്കും തിരിച്ചറിവുകൾക്കും. ഒരു നേരത്തെ ആഹാരത്തിനായി മറ്റുള്ള വരിലേക്കു നീളുന്ന ദൈന്യതയാർന്ന നോട്ടം, കരിനിഴൽ വീഴ്ത്തിയ ജീവിതസാഹചര്യങ്ങളുടെ മുമ്പിൽ ഇനിയെന്ത്? എന്ന ചോദ്യവുമായി നി ല്ക്കുന്ന അസന്തുഷ്ടിയുടെ നോട്ടം. നിരാശയുടെ, നിസ്സഹായതയുടെ, അപമാനഭാരത്തിന്റെ എത്രയെത്ര നോട്ടങ്ങൾ.

ഓഡിയോ കേൾക്കാം:

Download Audio

ക്രിസ്തു ശിഷ്യനായ പത്രോസ് അതിതീവ്രമായ ഒരു നോട്ടം നേരി ടേണ്ടി വന്നു. ഗുരുവിന്റെ നോട്ടം. ഹൃദയാന്തർഭാഗങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ നോട്ടത്തിന്റെ മുമ്പിൽ പത്രോസ് ആടിയുലഞ്ഞു.

ഗുരു കടലിൻ മീതേ നടക്കുന്നതു കണ്ടപ്പോൾ കൂടെ നടക്കാൻ പത്രോ സിനും ഒരാഗ്രഹം. ആഗ്രഹം തുറന്നു പറഞ്ഞ് ഗുരുവിനൊപ്പം ചുവടുകൾ വെച്ച പത്രോസ് ഇടയ്ക്കെപ്പെഴോ ഗുരുമുഖത്ത് നിന്നും നോട്ടം മാറ്റിയപ്പോൾ വെള്ളത്തി ലേക്ക് താഴാൻ തുടങ്ങിയിരുന്നു (മത്താ:14:30). താഴ്ന്നു തുടങ്ങിയപത്രോസിനെ താങ്ങി നിർത്തിയ ഗുരുവിനെ പാടേ മറന്നുപോയ പത്രോസിലേക്കാണ് ഗുരുവിന്റെ നോട്ടം പതിച്ചത്.

തങ്ങളുടെ കൂട്ടത്തിൽ ആരാണ് വലിയവൻ എന്നതിനെ ചൊല്ലി ശിഷ്യന്മാരുടെ കൂട്ടത്തിൽ ഒരു തർക്കം നടന്നിരുന്നു. അപ്പോഴും ഗുരു പത്രോസിനോടായി പ്രത്യേകം പറഞ്ഞിരുന്നു. സാത്താൻ നിന്നെ ഗോതമ്പു പോലെ പാറ്റേണ്ടതിനു എന്നോട് അനുവാദം ചോദിച്ചിരുന്നു, പക്ഷേ ഞാൻ നിന്നെ വിട്ടുകൊടുത്തില്ല എന്ന് (ലൂക്കോ:22:31). എത്രമാത്രം ആഴമുള്ള സ്നേഹമായിരുന്നു അവിടുന്നു പത്രോസിനോട് ഉണ്ടായിരുന്നത്. ചിലപ്പോഴെങ്കിലും പത്രോസിനെയാണോ കർത്താവ് ഏറ്റവും കൂടുതൽ സ്നേഹിച്ചതെന്ന് തോന്നിപ്പോകും.

എന്നാൽ പത്രോസ് പലതും മറന്നു പോയി. യേശുവിനെ മഹാപുരോഹിതന്റെ വീട്ടിൽ കൊണ്ടു ചെല്ലുമ്പോൾ പത്രോസും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. തീ കത്തിച്ചിരുന്നവരുടെ കൂടെ പത്രോസും ചേർന്നു. ചില സ്ത്രീകളടക്കം അവനോട് ചോദിച്ചു തുടങ്ങി നീ യേശുവിന്റെ ശിഷ്യനല്ലേ? മറ്റൊന്നും ചിന്തിക്കാതെ പത്രോസ് പ്രതികരിച്ചു അല്ല, ഞാൻ ആ കൂട്ടത്തിൽ ഉള്ളവനല്ല (മത്താ:26:72).

നിഷ്‌ക്കരുണം ഗുരുവിനെ തള്ളി പ്പറഞ്ഞ പത്രോസിലേക്കാണ് ഗുരുവിന്റെ നോട്ടം എത്തിയത്. കർത്താവു തിരിഞ്ഞു പത്രോസിനെ ഒന്നു നോക്കി, അപ്പോഴാണ് പത്രോസിന് അതോർമ്മ വന്നത് (ലൂക്കോ: 22:61). ഇന്നു കോഴി കൂകും മുമ്പെ നീ എന്നെ മൂന്നു വട്ടം തള്ളിപ്പറയുമെന്ന ഗുരുവിന്റെ വാക്ക്. ഹൃദയഭേദകമായ ആ നോട്ടം ചിലതൊക്കെ ഓർത്തെടുക്കുവാൻ പത്രോസിനെ സഹായിച്ചു. ആ നോട്ടം സ്നേഹമായിരുന്നു, അതിൽ മടങ്ങിവരാനുള്ള ആഹ്വാനവുമുണ്ടായിരുന്നു. പത്രോസ് പൊട്ടിക്കരഞ്ഞു. ഹൃദയം തകർന്നുള്ള നിലവിളി. തിരിച്ചറിവുകളുടെ, പുനർവിചിന്തനത്തിന്റെ ഉള്ള് പിടഞ്ഞുള്ള നിലവിളി. ആ നിലവിളി കേൾക്കാതിരിക്കുവാൻ മാത്രം കരുണയില്ലാത്തവനല്ലല്ലോ നമ്മുടെ കർത്താവ്. ഗുരു പത്രോസിനെ ചേർത്തു നിർത്തി. ക്രിസ്തുവിന്റെ മഹിമ കണ്ട സാക്ഷിയായി അവിടുന്ന്പത്രോസിനെ ഉപയോഗിച്ചു.

നോട്ടം, അത് ഹൃദയത്തിന്റെ ഭാഷയാണ്. ഹൃദയങ്ങൾ തമ്മിൽ നട ത്തുന്ന ആശയവിനിമയം. ഹൃദയത്തെ വരിഞ്ഞുമുറുകുന്ന ആത്മ സംഘർഷങ്ങൾക്കും പിരിമുറുക്കങ്ങൾക്കും ആശ്വാസം ലഭിക്കുന്ന നിമിഷങ്ങൾ. വാക്കുകൾ മിക്കപ്പോഴും നിയന്ത്രണാതീതമാകാറുണ്ട്. അവിടെയൊക്കെ ഒരു നോട്ടം മതി ചില പ്രശ്നങ്ങളുടെ പരിസമാപ്തിക്കും പുനർവിചിന്തനത്തിനും.

[ലൗലി ജോർജ്]